പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രാരംഭ പരാമർശങ്ങളുടെ പൂർണരൂപം

Posted On: 09 SEP 2023 12:00PM by PIB Thiruvananthpuram

ശ്രേഷ്ഠരേ,

ആദരണീയരേ,

നമസ്കാരം!

ഔപചാരികമായ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ്,  മൊറോക്കോയിൽ അൽപ്പം മുമ്പ് ഉണ്ടായ ഭൂകമ്പത്തിൽ  ദുരിതമനുഭവിക്കുന്ന ജനതയോട്, നമ്മുടെ എല്ലാവരുടെയും പേരിൽ, എന്റെ മനസിൽ തൊട്ടുള്ള അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഈ ദുഷ്‌കര വേളയിൽ ലോകസമൂഹമാകെ മൊറോക്കോയ്‌‌ക്കൊപ്പമുണ്ട്. അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്.

ശ്രേഷ്ഠരേ,

ആദരണീയരേ,

ജി-20യുടെ അധ്യക്ഷപദവിയിലുള്ള രാജ്യം എന്ന നിലയിൽ, ഇന്ത്യ നിങ്ങളെയേവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

ഇന്ന് നാം ഒത്തുകൂടിയ ഈ സ്ഥലത്തു നിന്ന് ഏതാനും കിലോമീറ്റർ അകലെ, ഏകദേശം 2500 വർഷം പഴക്കമുള്ള ഒരു സ്തംഭം നിലകൊള്ളുന്നുണ്ട്. ഈ സ്തംഭത്തിൽ പ്രാകൃത ഭാഷയിൽ ആലേഖനം ചെയ്തിട്ടുള്ള വാക്കുകൾ ഇതാണ്:

‘ഹേവം ലോകസാ ഹിതമുഖേ തി,

അഥ ഇയം നാതിസു ഹേവം’

അതായത്,

‘മനുഷ്യരാശിയുടെ ക്ഷേമവും സന്തോഷവും എല്ലായ്പോഴും ഉറപ്പാക്കണം’.

2500 വർഷംമുമ്പ്, ലോകത്തിനാകെ ഭാരതഭൂമി നൽകിയ സന്ദേശമാണിത്.

ഈ സന്ദേശം അനുസ്മരിച്ച് നമുക്ക് ഈ ജി-20 ഉച്ചകോടിക്കു തുടക്കമിടാം.

21-ാം നൂറ്റാണ്ട് ലോകത്തിനാകെ പുതിയ ദിശാബോധം നൽകാൻ കഴിവുള്ള കാലഘട്ടമാണ്. വർഷങ്ങൾ പഴക്കമുള്ള വെല്ലുവിളികൾ നമ്മിൽ നിന്ന് പുതിയ പരിഹാരങ്ങൾ ആവശ്യപ്പെടുന്ന സമയമാണിത്. അതിനാൽ, മാനവകേന്ദ്രീകൃത സമീപനത്തോടെ നമ്മുടെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി നാം മുന്നോട്ട് പോകണം.

സുഹൃത്തുക്കളേ,

കോവിഡ് -19നുശേഷം, വിശ്വാസത്തിന്റെ അഭാവം എന്ന വലിയ പ്രതിസന്ധിയാണ് ലോകത്ത് വന്നിട്ടുള്ളത്. സംഘർഷം വിശ്വാസരഹിതമായ ഈ അവസ്ഥയുടെ ആഴം വർധിപ്പിച്ചു.

കോവിഡിനെ മറികടക്കാൻ നമുക്കു കഴിയുന്നതുപോലെ, പരസ്പരവിശ്വാസത്തിന്റെ ഈ പ്രതിസന്ധിയെയും നമുക്ക് മറികടക്കാനാകും.

ഇന്ന്, ജി-20 അധ്യക്ഷപദം എന്ന നിലയിൽ, ആഗോളതലത്തിലെ ഈ വിശ്വാസക്കുറവിനെ ആഗോള വിശ്വാസവും ആത്മവിശ്വാസവുമാക്കി മാറ്റാൻ ഇന്ത്യ ലോകത്തെയാകെ ക്ഷണിക്കുകയാണ്.

നാമെല്ലാവരും കൂട്ടായി മുന്നോട്ടു പോകേണ്ട സമയമാണിത്. ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്ന തത്വം നമുക്കേവർക്കും വഴികാട്ടിയാകും.

പ്രക്ഷുബ്ധമായ ആഗോള സമ്പദ്‌വ്യവസ്ഥയാകട്ടെ,

അതല്ലെങ്കിൽ വടക്ക്-തെക്ക് വിഭജനമാകട്ടെ,

അല്ലെങ്കിൽ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരമാകട്ടെ,

ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ പരിപാലനമാകട്ടെ,

അല്ലെങ്കിൽ ഭീകരവാദവും സൈബർ സുരക്ഷയും കൈകാര്യം ചെയ്യലാകട്ടെ,

അതല്ലെങ്കിൽ ആരോഗ്യം, ഊർജം, ജലസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതാകട്ടെ,

വർത്തമാനകാലത്തിനായി മാത്രമല്ല, ഭാവി തലമുറയ്ക്കും വേണ്ടി, ഈ വെല്ലുവിളികൾക്കുള്ള മൂർത്തമായ പരിഹാരങ്ങളിലേക്ക് നാം നീങ്ങണം.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ജി-20 അധ്യക്ഷത രാജ്യത്തിനകത്തും പുറത്തും ഉൾപ്പെടുത്തലിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇത് ‘ഏവർക്കുമൊപ്പം’ എന്ന മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നു.

ഇത് ‘ജനങ്ങളുടെ ജി-20’ ആയി മാറി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇതിന്റെ ഭാഗമായിട്ടുണ്ട്.

രാജ്യമെമ്പാടുമുള്ള 60 ലധികം നഗരങ്ങളിലായി 200-ലധികം യോഗങ്ങൾ നടന്നിട്ടുണ്ട്.

ജി-20യിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകാൻ ഇന്ത്യ നിർദേശിച്ചത് ‘ഏവർക്കുമൊപ്പം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ നിർദേശത്തോട് നാമെല്ലാവരും യോജിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.

നിങ്ങളുടെ സമ്മതത്തോടെ, തുടർ നടപടികളുമായി നാം മുന്നോട്ടു പോകുന്നതിന് മുമ്പ്, ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനെ ജി-20 സ്ഥിരാംഗമായി അവരുടെ സ്ഥാനം ഏറ്റെടുക്കാൻ ഞാൻ ക്ഷണിക്കുന്നു.

 

NS



(Release ID: 1955772) Visitor Counter : 157