പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിക്ക് ഗ്രീസ് പ്രസിഡന്റ് ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ സമ്മാനിച്ചു

Posted On: 25 AUG 2023 3:04PM by PIB Thiruvananthpuram

ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ നൽകി ആദരിച്ചു.

1975-ലാണ് ഈ ബഹുമതി നൽകിത്തുടങ്ങിയത്. ബഹുമതിയായി സമ്മാനിക്കുന്ന നക്ഷത്രത്തിന്റെ മുൻവശത്ത് അഥീന ദേവിയുടെ ശിരസ്സ് ചിത്രീകരിച്ചിട്ടുണ്ട്. “നീതിപതികളെ മാത്രമേ ആദരിക്കാവൂ” എന്ന് അതിൽ കുറ‌ിച്ചിട്ടുണ്ട്.

ഗ്രീസിന്റെ യശസുയർത്തുന്നതിനു സംഭാവനയേകിയ പ്രധാനമന്ത്രിമാർക്കും പ്രമുഖ വ്യക്തികൾക്കുമാണ് ഗ്രീസ് പ്രസിഡന്റ് ‘ഗ്രാന്റ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ സമ്മാനിക്കുന്നത്.

“പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന വ്യക്തിയിലൂടെ, ഇന്ത്യയിലെ സൗഹൃദ് ജനതയ്ക്ക് ബഹുമതി നൽകുന്നു” – എന്ന് സമ്മാനപത്രത്തിൽ പറയുന്നു.

“ഈ സന്ദർശന വേളയിൽ, തന്റെ രാജ്യത്തിന്റെ ആഗോള വ്യാപ്തിക്ക് അശ്രാന്തമായി പ്രോത്സാഹനമേകുകയും, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ആസൂത്രിതമായി പ്രവർത്തിക്കുകയും, ധീരമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്ന രാഷ്ട്രതന്ത്രജ്ഞനായ ഇന്ത്യൻ പ്രധാനമന്ത്രിയെ ഗ്രീസ് ആദരിക്കുന്നു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും അന്താരാഷ്ട്ര പ്രവർത്തനത്തിന്റെ മുൻ‌ഗണനകളിൽ കൊണ്ടുവന്ന രാഷ്ട്രതന്ത്രജ്ഞൻ.” – സമ്മാനപത്രത്തിൽ പറയുന്നു.

പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഗ്രീക്ക്-ഇന്ത്യ സൗഹൃദം തന്ത്രപരമായി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ മോദിയുടെ നിർണായക സംഭാവനയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോയ്ക്കും ഗവണ്മെന്റിനും ജനങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തു.

 

 


***

--ND--

(Release ID: 1952080) Visitor Counter : 109