ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19ന്റെ നിലവിലെ സ്ഥിതിയും തയ്യാറെടുപ്പുകളും അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

Posted On: 21 AUG 2023 8:27PM by PIB Thiruvananthpuram

ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയെന്ന സമീപകാല റിപ്പോർട്ടുകൾ കണക്കിലെടുത്ത്, ആഗോള - ദേശീയ കോവിഡ്-19 സാഹചര്യം, വ്യാപിച്ച പുതിയ വകഭേദങ്ങൾ, അവയുടെ പൊതുജനാരോഗ്യ ആഘാതം എന്നിവ അവലോകനം ചെയ്യുന്നതിനു പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

നിതി ആയോഗ് അംഗം ഡോ. വിനോദ് പോൾ, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ഓഫീസ് ഉപദേഷ്ടാവ് ശ്രീ അമിത് ഖരെ, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ശ്രീ സുധാംശ് പന്ത്, ഡിഎച്ച്ആർ സെക്രട്ടറിയും ഐസിഎംആർ ഡിജിയുമായ ശ്രീ രാജീവ് ബഹൽ, ബയോടെക്നോളജി സെക്രട്ടറി ശ്രീ രാജേഷ് എസ് ഗോഖലെ, പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ പുതിയ വകഭേദങ്ങളായ BA.2.86 (പിറോള), EG.5 (എറിസ്) എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ, ആഗോളതലത്തിലെ കോവിഡ്-19 സാഹചര്യത്തെക്കുറിച്ചു മൊത്തത്തിലുള്ള വിവരം ആരോഗ്യ സെക്രട്ടറി നൽകി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുപ്രകാരം 50ലധികം രാജ്യങ്ങളിൽ EG.5 (എറിസ്) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. BA.2.86 (പിറോള) വകഭേദം നാലു രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 7 ദിവസത്തിനിടെ ആഗോളതലത്തിൽ പുതുതായി 2,96,219 പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള ജനസംഖ്യയുടെ ഏകദേശം 17% സംഭാവന ചെയ്യുന്ന ഇന്ത്യയിൽ 223 പേർക്കു (ആഗോളതലത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 0.075%) മാത്രമാണു കഴിഞ്ഞ ആഴ്ചയി‌ൽ രോഗം സ്ഥിരീകരിച്ചത്.  പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന ശരാശരി രാജ്യത്തുടനീളം 50ൽ താഴെ തുടരുകയാണെന്നും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.2 ശതമാനത്തിൽ താഴെയായി നിലനിർത്താൻ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ വ്യാപിച്ചിട്ടുള്ള വ്യത്യസ്ത വകഭേദങ്ങളുടെ ജനിതക ശ്രേണീകരണത്തെക്കുറിച്ചുള്ള അവലോകനവും അദ്ദേഹം നൽകി.

രാജ്യത്തു കോവിഡ്-19 സ്ഥിതി മാറ്റമില്ലാതെ തുടരുകയും രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ സജ്ജമായി തുടരുകയും ചെയ്യുമ്പോൾ, സംസ്ഥാനങ്ങൾക്ക് ILI/SARI കേസുകളുടെ പ്രവണതകൾ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന്, വിശദമായ ചർച്ചകൾക്കുശേഷം, ഡോ. പി കെ മിശ്ര പറഞ്ഞു. മൊത്തത്തിലുള്ള ജനിതക ശ്രേണീകരണം വർധിപ്പിക്കുന്നതിനൊപ്പം കോവിഡ്-19 പരിശോധനയ്ക്കായി മതിയായ സാമ്പിളുകൾ അയക്കണമെന്നും ആഗോളതലത്തിലെ പുതിയ വകഭേദങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

--NS--



(Release ID: 1950944) Visitor Counter : 127