ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

മരിച്ചതായി രേഖകളിലുള്ള എബി പിഎം-ജെഎവൈ ഗുണഭോക്താക്കൾ, ആശുപത്രികളിൽ ചികിൽസ തേടുന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ അവാസ്തവമാണ്

Posted On: 17 AUG 2023 4:18PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഓഗസ്റ്റ് 17, 2023

മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള എബി പിഎം-ജെഎവൈ ഗുണഭോക്താക്കളുടെ പേരിൽ ചികിത്സകൾ ബുക്ക് ചെയ്തതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) കണ്ടെത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരേ സമയം രണ്ട് ആശുപത്രികളിൽ ഒരേ ഗുണഭോക്താവിന് ചികിത്സ ലഭിച്ചതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റായ വിവരങ്ങൾ അടങ്ങിയതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് .

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി - ജൻ ആരോഗ്യ യോജന (AB PM-JAY) യുടെ 2018 സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിലെ പെർഫോമൻസ് ഓഡിറ്റിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്, 2023 ലെ മൺസൂൺ സെഷനിൽ പാർലമെന്റിൽ സമർപ്പിച്ചു.

എബി പിഎം-ജെഎവൈ പ്രകാരം, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന തീയതിക്ക് മൂന്ന് ദിവസം മുമ്പായി മുൻകൂർ അംഗീകാരം അഥവാ പ്രീ-ഓതറൈസേഷനുള്ള നടപടികൾ ആരംഭിക്കാൻ ആശുപത്രികൾക്ക് അനുവാദമുണ്ടെന്ന് വ്യക്തമാക്കുന്നു. പരിമിതമായ കണക്റ്റിവിറ്റി, അടിയന്തിര സാഹചര്യങ്ങൾ മുതലായവ കാരണം ചികിത്സ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.

ചില സന്ദർഭങ്ങളിൽ, രോഗികൾ അവരുടെ മുൻകൂർ അംഗീകാരം  (പ്രീ-ഓതറൈസേഷൻ) ഉന്നയിക്കുന്നതിനുമുമ്പ്, അഡ്മിറ്റാവുകയും അവർ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്യാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ, മരണ തീയതി അഡ്മിഷൻ തീയതി അല്ലെങ്കിൽ അതിനു മുമ്പുള്ള തീയതിക്ക് തുല്യമാണ്.  കൂടാതെ, മുൻകൂർ അനുമതി അഭ്യർത്ഥന ഉന്നയിച്ച അതേ ആശുപത്രി തന്നെയാണ് മരണവും റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ടിൽ എടുത്തുകാണിച്ച കേസുകളിൽ 50% ത്തിലധികം ചികിത്സ സംഭവങ്ങളും ഗവണ്മെന്റ് ആശുപത്രികളിലാണ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത്. ചികിത്സ ചെലവീനുള്ള പണം ആശുപത്രി അക്കൗണ്ടിൽ ലഭിക്കുന്നതിനാൽ തന്നെ തട്ടിപ്പ് നടത്താൻ യാതൊരു കാരണവുമില്ല. കൂടാതെ, ചികിത്സയ്ക്കിടെ മരണം സംഭവിച്ചാൽ, ആശുപത്രി മരണ റിപ്പോർട്ട് നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്.

രോഗിയെ ഒരു സ്വകാര്യ രോഗിയായി (സ്വയം പണം നൽകി) ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. എന്നാൽ പിന്നീട് പദ്ധതിയെക്കുറിച്ചും അതിൽ ചേരുന്നതിനുള്ള അവരുടെ യോഗ്യതയെക്കുറിച്ചും മനസ്സിലാക്കുമ്പോൾ പദ്ധതിക്ക് കീഴിൽ സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യാൻ രോഗി ആശുപത്രിയോട് അഭ്യർത്ഥിക്കുന്നു. മുൻകാല തീയതിയോടുകൂടിയ പ്രീ-ഓഥറൈസേഷനായി അഭ്യർത്ഥിക്കാൻ കഴിയുന്ന ഈ സംവിധാനം ഗുണഭോക്താക്കളുടെ ചികിത്സാ ചെലവ് ലാഭിക്കാൻ സഹായിക്കുന്നു.

ഒരേ രോഗിക്ക് ഒരേ സമയം രണ്ട് ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നത് സംബന്ധിച്ച്, എബി പിഎം-ജെഎവൈ-പ്രകാരം, 5 വയസ്സുവരെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ ആയുഷ്മാൻ കാർഡിൽ ചികിത്സ ലഭിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതനുസരിച്ച്, രണ്ട് വ്യത്യസ്ത ആശുപത്രികളിലായി കുട്ടിക്കും രക്ഷിതാക്കളിൽ ഒരാൾക്കും ഒരേസമയം ആയുഷ്മാൻ കാർഡ് ഉപയോഗിക്കാം. ഉദാഹരണത്തിന്, ഒരു അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവർ ചികിത്സയ്ക്കിടെ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തേക്കാം. അമ്മ ചികിത്സിക്കുന്ന ആശുപത്രിയിൽ നവജാതശിശു പരിചരണ സൗകര്യം ലഭ്യമല്ലെങ്കിൽ കുഞ്ഞിനെ ആ സൗകര്യമുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയേക്കാം. ഈ സാഹചര്യത്തിൽ, അമ്മയുടെ ആയുഷ്മാൻ കാർഡ് ഒരേസമയം കുഞ്ഞിനും അമ്മയ്ക്കും ഉപയോഗിക്കുന്നു.

സാധാരണയായി, അമ്മയും കുഞ്ഞും ഒരു ആയുഷ്മാൻ കാർഡ് ഉപയോഗിച്ച് മാത്രമേ ചികിത്സ നേടൂ. ചികിത്സയ്ക്കിടെ കുട്ടി മരിച്ചാൽ, ആശുപത്രി കുട്ടി മരിച്ചതായി പ്രഖ്യാപിക്കുന്നു. അത് അമ്മയുടെ കാർഡിൽ അമ്മ മരിച്ചതായി തെറ്റായി രജിസ്റ്റർ ചെയ്യപ്പെടും. തുടർന്ന്, അടുത്ത ചികിത്സയ്ക്കായി അമ്മ വരുമ്പോൾ, ആയുഷ്മാൻ കാർഡിൽ മരിച്ചതായി അടയാളപ്പെടുത്തിയതിന്റെ പേരിൽ അവർക്ക് സേവനം നിഷേധിക്കപ്പെടുന്നു. അത്തരം സന്ദർഭങ്ങളിൽ, പരാതികൾ ഉയർന്നുവരുകയും കാർഡിൽ അമ്മ  മരണപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നത് നീക്കം ചെയ്യുകയും ചെയ്യുന്നു.

എബി പിഎം-ജെഎവൈന് കീഴിൽ നാല്-ഘട്ട ശക്തമായ ക്ലെയിം പ്രോസസ്സിംഗ് സംവിധാനമാണ് വിന്യസിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.  ഓരോ ഘട്ടത്തിലും ആശുപത്രിയുടെ ക്ലെയിമുകളുടെ
ആധികാരികത പരിശോധിക്കപ്പെടുന്നു. ഏതെങ്കിലും ആശുപത്രി, പദ്ധതിയുടെ കീഴിൽ വഞ്ചന നടത്തുന്നതായൊ ദുരുപയോഗം ചെയ്യുന്നതായൊ കണ്ടെത്തിയാൽ, തെറ്റ് ചെയ്ത ആശുപത്രിയെ പദ്ധതിയുടെ പാനലിൽ നിന്ന് ഒഴിവാക്കുന്നത്  ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ആരംഭിക്കും

ഒരു മൊബൈൽ നമ്പർ ഒന്നിലധികം ഗുണഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പിഎം-ജെഎവൈയുടെ കീഴിലുള്ള ഗുണഭോക്താവിന്റെ തിരിച്ചറിയൽ പ്രക്രിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ഇതിന് നിർവഹണ / സാമ്പത്തിക സ്വാധീനം ഇല്ല. എന്തെങ്കിലും ആവശ്യമുണ്ടായാൽ ഗുണഭോക്താക്കളെ സമീപിക്കുന്നതിനും നൽകുന്ന ചികിത്സയെക്കുറിച്ചുള്ള അഭിപ്രായം സമാഹരിക്കുന്നതിനും ആണ്  മൊബൈൽ നമ്പർ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആയുഷ്മാൻ ഭാരത് പി എം ജെ എ വൈ, ആധാർ രേഖ വഴി ഗുണഭോക്താക്കളെ തിരിച്ചറിയുന്നു. അതിൽ ഗുണഭോക്താവ് ആധാർ അടിസ്ഥാനമാക്കിയുള്ള നിർബന്ധിത ഇ-കെവൈസി പ്രക്രിയയ്ക്ക് വിധേയമാകുന്നു.

കൂടാതെ, ഈ പദ്ധതി അടിസ്ഥാനതലത്തിലുള്ള ഒരു ഗുണഭോക്തൃ (താഴെതട്ടിലെ 40%) സമൂഹത്തിന് സേവനം  നൽകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിൽ പലർക്കും മൊബൈൽ നമ്പർ ഇല്ലായിരിക്കാം അല്ലെങ്കിൽ മൊബൈൽ നമ്പർ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. അതനുസരിച്ച്, ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനായി എൻ എച്ച് എ മൂന്ന് അധിക സംവിധാനങ്ങൾ നൽകിയിട്ടുണ്ട്. അതായത്, ഒടിപിയ്‌ക്കൊപ്പം വിരലടയാളം, കൃഷ്ണമണിയുടെ അടയാളം, മുഖത്തിന്റെ അടയാളം എന്നിവ. ഇതിൽ വിരൽ അടയാളം ഉപയോഗിച്ചുള്ള തിരിച്ചറിയൽ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

ദേശീയ ആരോഗ്യ അതോറിറ്റിയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സിഎജി പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശകൾ വിശദമായി പരിശോധിക്കുകയും നിലവിലുള്ള ഐടി പ്ലാറ്റ്‌ഫോമും പ്രക്രിയകളും ശക്തിപ്പെടുത്തി, ഈ ചികിത്സാ സംവിധാനം  കൂടുതൽ ശക്തവും കാര്യക്ഷമവും വിവേകപൂർണ്ണവുമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നു.

***


(Release ID: 1950005) Visitor Counter : 130