പ്രധാനമന്ത്രിയുടെ ഓഫീസ്
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Posted On:
15 AUG 2023 2:04PM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട 140 കോടി കുടുംബാംഗങ്ങളെ,
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായും ജനസംഖ്യയുടെ കാര്യത്തിലും നാം ഒന്നാം സ്ഥാനത്താണ്. അത്രയും ബൃഹത്തായ രാഷ്ട്രം അതിന്റെ 140 കോടി സഹോദരി സഹോദരന്മാർക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും ഇന്ന് സ്വാതന്ത്ര്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. ചരിത്രപ്രധാനവും വിശുദ്ധവുമായ ഈ വേളയിൽ, നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും, അതിൽ അഭിമാനിക്കുകയും ചെയ്യുന്ന, രാജ്യത്തെ ഓരോ പൗരന്മാർക്കും ഞാൻ ആശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
നിസ്സഹകരണ പ്രസ്ഥാനം/ സിവിൽ നിയമലംഘന പ്രസ്ഥാനം, സത്യഗ്രഹം തുടങ്ങിയവയ്ക് നേതൃത്വം നൽകിയ നമ്മുടെ ആദരണീയനായ 'ബാപ്പു' മഹാത്മാ ഗാന്ധിജി, ധീരരായ ഭഗത് സിങ്, സുഖദേവ്, രാജ് ഗുരു തുടങ്ങിയവരും, അവരുടെ തലമുറയിലും, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സംഭാവന നൽകാത്തവർ ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സംഭാവന നൽകിയവർക്കും, ജീവൻ ബലിയർപ്പിച്ചവർക്കും ഞാൻ ഇന്ന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. സ്വതന്ത്രമായ ഒരു രാജ്യം നമുക്ക് നൽകുന്നതിനായുള്ള അവരുടെ തപസ്സിനു മുന്നിൽ ഞാൻ വിനീതനായി വണങ്ങുന്നു.
ഇന്ന് ഓഗസ്റ്റ് 15, മഹത്തായ വിപ്ലവകാരിയും ആത്മീയ ജീവിതത്തിന്റെ അഗ്രഗാമിയുമായ ശ്രീ അരവിന്ദോയുടെ 150-ാം ജന്മ വാർഷിക ദിനം കൂടിയാണ്. സ്വാമി ദയാനന്ദ സരസ്വതിജി യുടെ 150-ാം ജന്മ വാർഷിക ദിനം കൂടിയാണ്. മഹത്തായ വനിതാ പോരാളി റാണി ദുർഗ്ഗാവതിയുടെ അഞ്ഞൂറാമത് ജന്മവാർഷികവും ഈ വർഷം രാജ്യം വലിയ ഉത്സാഹത്തോടെ ആഘോഷിക്കാനിരിക്കുകയാണ്. ആത്മീയതയിൽ മുഴുകിയ ജീവിതം നയിച്ച, ഭക്തിയുടെയും യോഗയുടെയും മകുടോദാഹരണമായ മീരാഭായിയെയും അവരുടെ 525-ാം ജന്മവാർഷിക വേളയിൽ നാം അനുസ്മരിക്കും. അടുത്ത ജനുവരി 26-ൽ നമ്മുടെ രാജ്യം 75-ാം റിപ്പബ്ലിക് ദിനം എന്ന നാഴികക്കല്ലും ആഘോഷിക്കും. രാജ്യം അതിന്റെ അനന്തമായ സാധ്യതകളും അവസരങ്ങളും തുറക്കുന്ന വേളയിൽ, പുതിയ പ്രചോദനങ്ങൾ, പുതിയ അവബോധം, പുതിയ തീരുമാനങ്ങൾ എന്നിവ ഉൾക്കൊണ്ട് രാജ്യത്തിന്റെ വികസനത്തിനായി സമർപ്പിക്കാൻ ഇതിലും മഹത്തായ മറ്റൊരു ദിനവും ഉണ്ടാകില്ല.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നിർഭാഗ്യവശാൽ, ഇത്തവണത്തെ പ്രകൃതിക്ഷോഭം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സങ്കൽപ്പിക്കാനാകാത്ത ദുരിതം സൃഷ്ടിച്ചു. ഈ പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങളോടും ഞാൻ അനുശോചനം അറിയിക്കുന്നു. സംസ്ഥാന ഗവണ്മെന്റുമായി ചേർന്ന് കേന്ദ്ര ഗവണ്മെന്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് നിങ്ങൾക്കൊപ്പം നിൽക്കുമെന്നും, പ്രതിസന്ധികൾക്ക് എത്രയും വേഗം പരിഹാരം നൽകുമെന്നും ഉറപ്പ് നൽകുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിലും, ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും അക്രമങ്ങൾ അരങ്ങേറുകയും, അവിടെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, അമ്മമാരുടെയും പെൺകുട്ടികളുടെയും മാനം ഭംഗിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാധാനത്തിന്റെ തുടർച്ചയായ വാർത്തകളാണ് നമ്മൾ കേൾക്കുന്നത്. രാജ്യമൊട്ടാകെ മണിപ്പുരിലെ ജനങ്ങൾക്കൊപ്പമുണ്ട്. മണിപ്പൂരിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം കാത്തുസൂക്ഷിക്കുന്നു. പ്രശ്നപരിഹാരത്തിലേക്കുള്ള പാത അതായതിനാൽ അവർ ആ സമാധാനം വളർത്തുന്നത് തുടരണം. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന-കേന്ദ്ര ഗവണ്മെന്റുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്, അത് തുടരുകയും ചെയ്യും.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ചരിത്രത്തിലേക്ക് നാം തിരിഞ്ഞു നോക്കുമ്പോൾ മായാത്ത മുദ്ര പതിപ്പിച്ച സംഭവങ്ങൾ ഉണ്ടാകും. അതിന്റെ ആഘാതം നൂറ്റാണ്ടുകളോളം നീണ്ടുനിൽക്കും. ചിലപ്പോൾ ഈ സംഭവങ്ങൾ തുടക്കത്തിൽ ചെറുതെന്നും അപ്രധാനമെന്നും തോന്നാമെങ്കിലും, അനേകം പ്രശ്നങ്ങൾക്ക് അത് വേരുറപ്പിക്കും. 1000-1200 വർഷങ്ങൾക്കു മുൻപ് നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടതായി നമുക്കെല്ലാം അറിയാമല്ലോ. ഒരു ചെറിയ രാജ്യവും അവിടുത്തെ രാജാവും പരാജയപ്പെട്ടു. എന്നിരുന്നാലും, ഈ സംഭവം ഇന്ത്യയെ ആയിരം വർഷത്തെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് നമുക്കറിയില്ലായിരുന്നു. നാം അടിമത്തത്തിൽ കുടുങ്ങി. വന്നവരെല്ലാം നമ്മെ കൊള്ളയടിച്ചു, ഭരിച്ചു. ആ ആയിരം വർഷത്തെ കാലയളവ്, എത്ര പ്രതികൂലമായ കാലഘട്ടമായിരുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഒരു സംഭവം ചെറുതായി തോന്നിയേക്കാം, പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ ആയിരം വർഷത്തേക്ക് നിലനിൽക്കും. ഇന്ന്, ഞാൻ ഇത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. കാരണം ഈ ഘട്ടത്തിൽ, രാജ്യത്തുടനീളമുള്ള ഇന്ത്യയുടെ ധീരരായ ആത്മാക്കൾ സ്വാതന്ത്ര്യത്തിന്റെ ജ്വാല തെളിക്കുകയും ത്യാഗത്തിന്റെ ഒരു പാരമ്പര്യം സ്ഥാപിക്കുകയും ചെയ്തു. ചങ്ങലകൾ തകർക്കാനും വിലങ്ങുകൾ പൊട്ടിക്കാനും ഭാരതമാതാവ് എഴുന്നേറ്റു. സ്ത്രീശക്തിയും യുവശക്തിയും കർഷകരും ഗ്രാമീണരും തൊഴിലാളികളും തുടങ്ങി സ്വാതന്ത്ര്യത്തിന്റെ സ്വപ്നത്തിനായി ജീവിച്ച, ശ്വസിച്ച, പരിശ്രമിച്ച ഓരോ ഇന്ത്യക്കാരനും അതിന് തയ്യാറായി. സ്വാതന്ത്ര്യം നേടുന്നതിനായി ത്യാഗങ്ങൾ സഹിക്കാൻ ഒരു മഹാശക്തി തയ്യാറായി. തങ്ങളുടെ യൗവനം തടവറകളിൽ ചെലവഴിച്ച അനേകം മഹാത്മാക്കൾ, അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ആ വ്യാപകമായ ബോധം, ത്യാഗത്തിന്റെയും തപസ്സിന്റെയും എല്ലാം ഉൾക്കൊള്ളുന്ന രൂപം, ജനഹൃദയങ്ങളിൽ ഒരു പുതിയ വിശ്വാസം ഉളവാക്കി. ആയിരം വർഷത്തെ അധിനിവേശത്തിനിടയിൽ വളർത്തിയ സ്വപ്നങ്ങൾ നിറവേറ്റി ഒടുവിൽ 1947 ൽ രാജ്യം സ്വാതന്ത്ര്യം നേടി.
സുഹൃത്തുക്കളേ,
ആയിരം വർഷങ്ങൾക്ക് മുമ്പുള്ള സംഭവങ്ങളെക്കുറിച്ചു ഞാൻ പറയുന്നത് ഒരു കാരണത്താലാണ്. നമ്മുടെ രാജ്യത്തിന് മുന്നിൽ മറ്റൊരു അവസരത്തിന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നാം ജീവിക്കുന്ന ഒരു കാലഘട്ടത്തിൽ, നാം അത്തരമൊരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒന്നുകിൽ നാം യൗവനത്തിലാണ് ജീവിക്കുന്നത് എന്നതോ അതല്ലെങ്കിൽ അമൃതകാലത്തിന്റെ ആദ്യ വർഷത്തിൽ ഭാരതമാതാവിന്റെ മടിയിൽ ജനിച്ചതോ നമ്മുടെ ഭാഗ്യമാണ്. എന്റെ വാക്കുകൾ അടയാളപ്പെടുത്തിവയ്ക്കുക, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ഈ കാലഘട്ടത്തിൽ നാം ചെയ്യുന്ന പ്രവൃത്തികൾ, നാം സ്വീകരിക്കുന്ന നടപടികൾ, നാം ചെയ്യുന്ന ത്യാഗങ്ങൾ, തപസ്സുകൾ എന്നിവ നമ്മുടെ പാരമ്പര്യത്തെ നിർവചിക്കുക തന്നെ ചെയ്യും.
സര്‍വജന ഹിതായ, സര്‍വജന സുഖായ; നാം ഒന്നിന് പുറകേ മറ്റൊന്നായി തീരുമാനങ്ങള്‍ കൈക്കൊള്ളും. അതിലൂടെ അടുത്ത ആയിരം വര്‍ഷത്തെ രാജ്യത്തിന്റെ സുവര്‍ണ ചരിത്രം ഉയര്‍ന്നുവരാന്‍ പോകുകയാണ്. ഈ ഘട്ടത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ സ്വാധീനം അടുത്ത ആയിരം വര്‍ഷത്തേക്കുള്ളതാണ്. അടിമത്ത മനോഭാവത്തില്‍ നിന്ന് പുറത്ത് വന്ന നമ്മുടെ രാജ്യം ഇന്ന്'പഞ്ച്-പ്രൺ' അഥവാ അഞ്ച് ദൃഢനിശ്ചയങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട, ഒരു പുതിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ്. പുതിയ തീരുമാനങ്ങൾ പൂർത്തീകരിക്കാൻ രാഷ്ട്രം പൂർണമനസ്സോടെ പ്രവർത്തിക്കുകയാണ്. ഒരുകാലത്ത് ഊര്‍ജ്ജത്തിന്റെ ശക്തികേന്ദ്രമായിരിക്കുകയും പീന്നീട് ചാരക്കൂമ്പാരത്തിനടിയില്‍പ്പെട്ടുപോകുകയും ചെയ്ത എന്റെ ഭാരതമാതാവ്, ഇന്ന് 140 കോടി ഇന്ത്യക്കാരുടെ പ്രയത്‌നത്താലും ബോധത്താലും ഊര്‍ജത്താലും വീണ്ടും ഒരിക്കല്‍ കൂടി ഉണര്‍ന്നിരിക്കുന്നു. ഭാരത മാതാവ് ഉണര്‍ന്നിരിക്കുന്നു. കഴിഞ്ഞ 9-10 വർഷങ്ങളായി ഇന്ത്യയെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും ലോകമെമ്പാടും ഒരു പുതിയ വിശ്വാസവും ഒരു പുതിയ പ്രതീക്ഷയും ഒരു പുതിയ ആകർഷകത്വവും ഉയർന്നുവന്ന കാലഘട്ടമാണിതെന്നും ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന ഈ പ്രകാശകിരണത്തിൽ ലോകത്തിന് സ്വയം ഒരു തീപ്പൊരി കാണാൻ കഴിയുമെന്നും നാം അനുഭവിച്ചറിഞ്ഞു. ലോകമെമ്പാടും ഒരു പുതിയ വിശ്വാസം വളരുകയാണ്.
നമ്മുടെ പൂര്‍വികരില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പാരമ്പരമായി ലഭിച്ചതിൽ നാം ഭാഗ്യവാന്മാരാണ്. ഒപ്പം ഇന്നത്തെ യുഗം പോലും പുതിയ കാര്യങ്ങള്‍ സൃഷ്ടിച്ചു. ഇന്ന് നമുക്ക് ജനസംഖ്യയും, ജനാധിപത്യവും വൈവിധ്യവുമുണ്ട്. ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നീ മൂന്നു ഘടകങ്ങളും ചേരുമ്പോൾ ഇന്ത്യയുടെ ഏതൊരു സ്വപ്‌നത്തേയും പൂവണിയിക്കാന്‍ കഴിയും. ഇന്ന് ലോകഘടന പ്രായമേറിക്കൊണ്ടിരിക്കുന്ന അവസ്ഥയ്ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ ഇന്ത്യ വളരെ ഉത്സാഹത്തോടെ അതിന്റെ യുവത്വത്തിന്റെ ഘടനയിലേക്കാണ് നീങ്ങുന്നത്. ഇത് നമുക്ക് വളരെ അഭിമാനകരമായ കാലഘട്ടമാണ്. കാരണം 30 വയസ്സില്‍ താഴെ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് ഒന്നാമത് നില്‍ക്കുന്നു. ഇതാണ് എന്റെ രാജ്യത്തില്‍ നമുക്കുള്ളത്, 30ന് താഴെ പ്രായമുള്ള യുവജനങ്ങൾ , എന്റെ രാജ്യത്തിന് കോടിക്കണക്കിന് കരങ്ങളും, കോടിക്കണക്കിന് തലച്ചോറുകളും, കോടിക്കണക്കിന് പ്രതിജ്ഞകളുമുണ്ട് ! അതുകൊണ്ട് തന്നെ എന്റെ സഹോദരീ സഹോദരന്മാരേ, എന്റെ കുടുംബാംഗങ്ങളേ, നാം ആഗ്രഹിക്കുന്ന ഏതൊരു ഫലവും നമുക്ക് നേടിയെടുക്കാന്‍ കഴിയും.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,
ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ രാജ്യത്തിന്റെ വിധി മാറ്റിമറിക്കുന്നു. ഈ ശക്തി രാജ്യത്തിന്റെ ഭാഗധേയം മാറ്റിമറിക്കുന്നു. 1000 വര്‍ഷത്തെ അടിമത്തത്തിനും 1000 വര്‍ഷത്തെ മഹത്തായ ഭാവിക്കും ഇടയിലുള്ള നാഴികക്കല്ലിലാണ് നാമിപ്പോള്‍. നാം ഈ വഴിത്തിരിവിലാണ്, അതിനാല്‍ നമുക്ക് അവസാനിപ്പിക്കാൻ കഴിയില്ല, നാം ഇനി ഒരു ആശയക്കുഴപ്പത്തില്‍ ജീവിക്കുകയുമില്ല.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഒരിക്കല്‍ നഷ്ടപ്പെട്ട പൈതൃകത്തില്‍ അഭിമാനിച്ചുകൊണ്ട്, നഷ്ടപ്പെട്ട സമൃദ്ധി വീണ്ടെടുത്തുകൊണ്ട്, നാം എന്ത് ചെയ്താലും, എന്ത് നടപടി സ്വീകരിച്ചാലും, എന്ത് തീരുമാനമെടുത്താലും, അത് അടുത്ത 1000 വര്‍ഷത്തേക്കുള്ള നമ്മുടെ ദിശ നിർണയിക്കുമെന്നും ഇന്ത്യയുടെ വിധി എഴുതുമെന്നും ഒരിക്കല്‍ കൂടി വിശ്വസിക്കാം. ഇന്ന് എന്റെ രാജ്യത്തെ യുവജനങ്ങളോട്, എന്റെ രാജ്യത്തെ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്. നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്ക് ലഭിക്കുന്നത് പോലുള്ള അവസരങ്ങള്‍ ജനങ്ങള്‍ക്ക് എല്ലായിടത്തും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ അതു നഷ്ടമാക്കാന്‍ നാം ആഗ്രഹിക്കുന്നുമില്ല. നമ്മുടെ യുവജന ശക്തിയില്‍ എനിക്ക് അതിയായ വിശ്വാസമുണ്ട്. നമ്മുടെ യുവശക്തിയിൽ വലിയ സാധ്യതകളും പ്രാപ്തിയുമുണ്ട്. നമ്മുടെ നയങ്ങളും നമ്മുടെ വഴികളും അതിനെ ശക്തിപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
ഇന്ന് ഇന്ത്യയെ ലോകത്തിലെ ആദ്യ മൂന്ന് സ്റ്റാര്‍ട്ട് അപ്പ് സാമ്പത്തിക സംവിധാനങ്ങളില്‍ ഒന്നായി എന്റെ രാജ്യത്തെ യുവത മാറ്റിയിരിക്കുന്നു. ലോകത്തിലെ മറ്റു യുവ സമൂഹങ്ങൾ ഇന്ത്യയുടെ ഈ ശക്തി കണ്ട് ആശ്ചര്യപ്പെട്ട് നില്‍ക്കുന്നു. ഇന്ന് ലോകത്തെ നയിക്കുന്നത് സാങ്കേതികവിദ്യയാണ്. വരാനിരിക്കുന്ന കാലഘട്ടവും സാങ്കേതികവിദ്യയാൽ സ്വാധീനിക്കപ്പെടും. പുതിയ പ്രധാന പങ്ക് വഹിക്കാന്‍ പോകുന്ന, സാങ്കേതിക വിദ്യയിലെ ഇന്ത്യയുടെ കഴിവ് പ്രകടിപ്പിക്കാന്‍ ഇത് ഒരു വേദി നല്‍കുന്നു.
സുഹൃത്തുക്കളെ,
അടുത്തിടെ, ജി-20 ഉച്ചകോടിക്കായി ഞാന്‍ ബാലിയില്‍ പോയി. അവിടെ ലോകത്തിലെ ഏറ്റവും സമ്പന്നവും വികസിതവുമായ രാജ്യങ്ങളിലെ ഭരണാധികാരികള്‍ നമ്മുടെ ഡിജിറ്റല്‍ ഇന്ത്യയുടെ സൂക്ഷ്മതകളെക്കുറിച്ചും വിജയത്തെക്കുറിച്ചും പഠിക്കാന്‍ വളരെ ഉത്സാഹം കാണിക്കുകയും വളരെയധികം ജിജ്ഞാസ പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ കൈവരിച്ച ഈ വിസ്മയം ഡല്‍ഹിയിലെയും മുംബൈയിലെയും ചെന്നൈയിലെയും യുവാക്കളുടെ പ്രയത്നത്തില്‍ മാത്രമല്ല, എന്റെ രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ യുവാക്കളുടെത് കൂടിയാണെന്ന് ഞാന്‍ അറിയിച്ചപ്പോള്‍ നമ്മുടെ കഴിവില്‍ അവര്‍ അതിശയിച്ചു. ഇന്ന് നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം നാം രൂപപ്പെടുത്തിയെടുക്കുകയാണ്. ഞാന്‍ വളരെ ആത്മവിശ്വാസത്തോടെ പറയുകയാണ്, ഇന്ന് വളരെ ചെറിയ സ്ഥലങ്ങളില്‍ നിന്നു പോലുമുള്ള എന്റെ യുവാക്കള്‍ക്ക് , രാജ്യത്തിന്റെ ഈ പുതിയ സാധ്യതകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നതാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, നമ്മുടെ ചെറിയ നഗരങ്ങള്‍ വലിപ്പത്തിലും ജനസംഖ്യയിലും ചെറുതായിരിക്കാമെന്നും എന്നാല്‍ അവര്‍ പ്രകടിപ്പിച്ച പ്രതീക്ഷകളും അഭിലാഷങ്ങളും പ്രയത്‌നവും സ്വാധീനവും മറ്റാരെക്കാളും പിന്നിലല്ലെന്നും. ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും സാങ്കേതിക ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും ഉള്‍പ്പെടെ അവര്‍ക്ക് പുതിയ ആശയങ്ങളുണ്ട്. നമ്മുടെ കായികലോകത്തേക്ക് തന്നെ നോക്കൂ, ചേരിപ്രദേശങ്ങളില്‍ നിന്ന് വളര്‍ന്നുവരുന്ന കുട്ടികള്‍ പോലും കായികലോകത്ത് മികവ് കാണിക്കുന്നു. നമ്മുടെ ചെറിയ ഗ്രാമങ്ങളിലെ, ചെറിയ പട്ടണങ്ങളിലെ യുവജനങ്ങൾ , നമ്മുടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും, ഈ മേഖലയില്‍ ഇന്ന് അതിശയകരമായ നേട്ടങ്ങള്‍ എത്തിപ്പിടിക്കുകയാണ്. നോക്കൂ, എന്റെ നാട്ടില്‍ 100 കണക്കിന് സ്‌കൂളുകളുണ്ട്, അവിടെ കുട്ടികള്‍ ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നു, ഒരു ദിവസം അവ വിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ആയിരക്കണക്കിന് ടിങ്കറിങ് ലാബുകള്‍ പുതിയ ശാസ്ത്രജ്ഞരെ വിഭാവനം ചെയ്യുകയാണ്. ഇന്ന്, ആയിരക്കണക്കിന് ടിങ്കറിങ് ലാബുകള്‍ ദശലക്ഷക്കണക്കിന് കുട്ടികളെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പാത സ്വീകരിക്കാൻ പ്രചോദിപ്പിക്കുകയാണ്.
എന്റെ രാജ്യത്തെ യുവാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ് - ഇന്ന് അവസരങ്ങള്‍ക്ക് ക്ഷാമമില്ല, നിങ്ങള്‍ ആഗ്രഹിക്കുന്നത്ര അവസരങ്ങള്‍, കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ രാജ്യം പ്രാപ്തമാണ്. ആകാശമാണു പരിധി.
ഇന്ന്, ചെങ്കോട്ടയിൽ നിന്ന്, എന്റെ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രത്യേക വൈദഗ്ധ്യവും കഴിവും കാരണമാണ് നമ്മുടെ രാജ്യം ഇന്ന് ഈ നിലയിലെത്തിയിരിക്കുന്നത്. ഇന്ന് രാജ്യം പുരോഗതിയുടെ പാതയിലാണ്, അതിനാല്‍ എന്റെ കര്‍ഷക സഹോദരീ സഹോദരന്മാരെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഞാന്‍ എന്റെ രാജ്യത്തെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളായ തൊഴിലാളികള്‍ക്കും ഈ കൂട്ടത്തിൽപ്പെട്ട കോടിക്കണക്കിന് പേർക്കും മുന്നില്‍ ശിരസ്സു നമിക്കുന്നു. നമ്മുടെ രാജ്യം ആധുനികതയിലേക്ക് നീങ്ങുകയാണ്. ലോകത്തോടു കിടപിടിക്കുന്ന ശക്തിയാണു നമ്മുടെ രാജ്യം. എന്റെ രാജ്യത്തെ തൊഴിലാളികളുടെ വിലപ്പെട്ട സംഭാവനയില്ലാതെ ഇത് സാധ്യമാകില്ല. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് അവരുടെ അശ്രാന്ത പരിശ്രമങ്ങളെ അഭിനന്ദിക്കാനുള്ള ഉചിതമായ സമയമാണിതെന്ന് ഞാന്‍ കരുതുന്നു. അവരെയെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെയും രാജ്യത്തെ 140 കോടി പൗരന്മാരെയും ഈ തൊഴിലാളികളെയും തെരുവ് കച്ചവടക്കാരെയും പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നവരെയും ഞാന്‍ ബഹുമാനിക്കുന്നു. ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍, എന്റെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍, പ്രൊഫഷണലുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശാസ്ത്രജ്ഞര്‍, എൻജിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, പണ്ഡിതര്‍, സര്‍വകലാശാലകള്‍, ഗുരുകുലങ്ങള്‍ തുടങ്ങി എല്ലാവരും ഭാരതമാതാവിന്റെ ഭാവി ശോഭനമാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം നല്‍കുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ആകുലതകളില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്ന പദമാണ് ദേശീയ ബോധം. ഇന്ന്, ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി വിശ്വാസമാണെന്ന് ഈ ദേശീയ ബോധം തെളിയിക്കുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ഓരോ വ്യക്തിയിലുമുള്ള വിശ്വാസം, ഓരോ വ്യക്തിക്കും ഗവണ്മെന്റിലുള്ള വിശ്വാസം, രാജ്യത്തിന്റെ ശോഭനമായ ഭാവിയില്‍ ഓരോരുത്തരുടെയും വിശ്വാസം, ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം എന്നിവയാണ്. ഈ വിശ്വാസം നമ്മുടെ നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇന്ത്യയുടെ ശോഭനമായ ഭാവിയിലേക്ക് നമ്മുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ചുവടുവയ്പ്പുകളാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം.
സഹോദരീസഹോദരന്മാരേ,
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ഇന്ത്യയുടെ കഴിവുകളും സാധ്യതകളും പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് ഉറപ്പാണ്. കഴിവുകളിലും പുതിയ ശക്തികളിലും ഈ പുതിയ വിശ്വാസം പരിപോഷിപ്പിക്കപ്പെടണം. ഇന്ന് ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം രാജ്യത്തിന് ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയുടെ എല്ലാ കോണുകളിലും വിവിധ ജി-20 പരിപാടികൾ സംഘടിപ്പിച്ചതിലൂടെ സാധാരണക്കാരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഈ സംഭവങ്ങള്‍ ഇന്ത്യയുടെ വൈവിധ്യത്തെ പരിചയപ്പെടുത്തി. ലോകം ഇന്ത്യയുടെ വൈവിധ്യത്തെ ആശ്ചര്യത്തോടെ വീക്ഷിക്കുന്നു. അതിന്റെ ഫലമായി ഇന്ത്യയോടുള്ള താല്‍പര്യവും വര്‍ദ്ധിച്ചു. ഇന്ത്യയെ അറിയാനും മനസ്സിലാക്കാനുമുള്ള ആഗ്രഹം ആഗോളതലത്തില്‍ തന്നെ വളരുകയാണ്. അതുപോലെ, ഇന്ത്യയുടെ കയറ്റുമതി അതിവേഗം വളരുകയാണ്. ഈ മാനദണ്ഡങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള വിദഗ്ധര്‍ പറയുന്നത് ഇന്ത്യ ഇനിയും ഏറെ മുന്നേറുമെന്നാണ്. ഇന്ത്യയെ പുകഴ്ത്താത്ത ഒരു റേറ്റിങ് ഏജന്‍സിയും ലോകത്തിലുണ്ടാകില്ല .
കൊറോണ കാലത്തിന് ശേഷം ലോകം പുതിയ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു പുതിയ ലോകക്രമം രൂപീകരിച്ചതിന് സമാനമായാണ് ലോകം ഇപ്പോള്‍ മുന്നോട്ട് പോകുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു . കൊറോണയ്ക്ക് ശേഷം ഒരു പുതിയ ലോകക്രമം, ഒരു പുതിയ ആഗോള ക്രമം, ഒരു പുതിയ ഭൗമ-രാഷ്ട്രീയ സമവാക്യം എന്നിവ അതിവേഗം രൂപം കൊള്ളുന്നത് എനിക്ക് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഭൗമ-രാഷ്ട്രീയ സമവാക്യത്തിന്റെ എല്ലാ വ്യാഖ്യാനങ്ങളും മാറുന്നു, നിര്‍വചനങ്ങള്‍ മാറുന്നു. എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്നതില്‍ എന്റെ 140 കോടി സഹപൗരന്മാരുടെ കഴിവുകള്‍ ലോകം കാണുന്നുവെന്നതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. നാം ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് നില്‍ക്കുന്നത്.
കൊറോണ കാലത്ത്, ഇന്ത്യ രാജ്യത്തെ മുന്നോട്ട് നയിച്ച രീതിയില്‍ നമ്മുടെ കഴിവുകള്‍ ലോകം കണ്ടു. ലോകത്തിന്റെ വിതരണ ശൃംഖല തടസ്സപ്പെട്ടപ്പോള്‍, വലിയ സമ്പദ്‌വ്യവസ്ഥകളില്‍ സമ്മർദമുണ്ടായപ്പോള്‍, ആ സമയത്ത് പോലും, ലോകത്തിന്റെ വികസനം കാണേണ്ടതുണ്ടെന്ന് നാം പറഞ്ഞിരുന്നു. അത് മനുഷ്യകേന്ദ്രീകൃതവും മാനുഷികവുമായിരിക്കണം; അപ്പോഴാണ് നമുക്ക് പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരം കണ്ടെത്താന്‍ കഴിയുക. മാനുഷിക വികാരങ്ങൾ ഉപേക്ഷിച്ച് ലോകത്തിന് ക്ഷേമം ചെയ്യാന്‍ കഴിയില്ലെന്ന് തിരിച്ചറിയാന്‍ കോവിഡ് നമ്മെ പഠിപ്പിച്ചു, അല്ലെങ്കില്‍ നിര്‍ബന്ധിതരാക്കി.
ഇന്ന് ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറുകയാണ്. ഇന്ത്യയുടെ സമൃദ്ധിയും പൈതൃകവും ഇന്ന് ലോകത്തിന് അവസരങ്ങളായി മാറുകയാണ്. സുഹൃത്തുക്കളേ, ആഗോള സമ്പദ്‌വ്യവസ്ഥയിലും ആഗോള വിതരണ ശൃംഖലയിലും ഇന്ത്യയുടെ പങ്കാളിത്തവും ഇന്ത്യ സ്വയം നേടിയ സ്ഥാനവും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയിലെ ഇന്നത്തെ സാഹചര്യം ലോകത്ത് സ്ഥിരതയുടെ ഉറപ്പ് കൊണ്ടുവന്നിട്ടുണ്ടെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയാനാകും. ഇപ്പോള്‍ നമ്മുടെ മനസ്സിലോ എന്റെ 140 കോടി കുടുംബാംഗങ്ങളുടെ മനസ്സിലോ ലോകത്തിന്റെ മനസ്സിലോ 'അങ്ങനെയാണെങ്കില്‍', 'അല്ലെങ്കില്‍' പോലുള്ള ഉപാധികള്‍ വയ്ക്കുന്ന വാക്കുകളില്ല.. പകരം തികഞ്ഞ വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇപ്പോള്‍ പന്ത് നമ്മുടെ കോര്‍ട്ടിലാണ്; നാം അവസരം വിട്ടുകൊടുക്കരുത്; ഈ അവസരം നാം പാഴാക്കരുത്. ഇന്ത്യയിലെ എന്റെ നാട്ടുകാരെയും ഞാന്‍ അഭിനന്ദിക്കുന്നു. കാരണം എന്റെ നാട്ടുകാര്‍ക്ക് പ്രശ്‌നങ്ങളുടെ വേരുകള്‍ മനസിലാക്കാനുള്ള കഴിവുണ്ട്. അതിനാല്‍ 30 വര്‍ഷത്തെ അനുഭവപരിചയത്തിന് ശേഷം, 2014 ല്‍, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സുസ്ഥിരവും ശക്തവുമായ ഒരു ഗവണ്മെന്റ് ആവശ്യമാണെന്ന് എന്റെ നാട്ടുകാര്‍ തീരുമാനിച്ചു. പൂർണ ഭൂരിപക്ഷമുള്ള ഒരു ഗവണ്മെന്റ് ആവശ്യമായിരുന്നു. അതിനാല്‍ നാട്ടുകാര്‍ ശക്തവും സുസ്ഥിരവുമായ ഒരു ഗവണ്മെന്റ് രൂപീകരിച്ചു. മൂന്നു ദശാബ്ദക്കാലമായി രാജ്യത്തെ ഗ്രസിച്ചിരുന്ന അനിശ്ചിതത്വം, അസ്ഥിരത, രാഷ്ട്രീയ നിര്‍ബന്ധങ്ങള്‍ എന്നിവയില്‍ നിന്ന് രാജ്യം മോചിതമായി.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
രാജ്യത്തിന്റെ സന്തുലിത വികസനത്തിനായി സമയത്തിന്റെ ഓരോ നിമിഷവും ജനങ്ങളുടെ പണത്തിന്റെ ഓരോ ചില്ലിക്കാശും വിനിയോഗിക്കുന്ന അത്തരത്തിലൊരു ഗവണ്മെന്റാണ് രാജ്യത്തിന് ഇന്ന് ഉള്ളത്; സർവജൻ ഹിതായ: സർവജൻ സുഖായ. എന്റെ ഗവൺമെന്റിന്റെയും എന്റെ നാട്ടുകാരുടെയും അഭിമാനം ഒരു കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, നമ്മുടെ ഓരോ തീരുമാനവും നമ്മുടെ ഓരോ ദിശയും ഒരു അളവുകോലുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു, അതായത്, 'രാഷ്ട്രമാണാദ്യം '. 'രാഷ്ട്രമാണാദ്യം' എന്നത് ദൂരവ്യാപകവും മികച്ചതുമായ ഫലങ്ങൾ സൃഷ്ടിക്കാൻ പോകുന്നു. രാജ്യത്ത് വലിയ തോതിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, 2014ലും 2019ലും നിങ്ങൾ ശക്തമായ ഗവണ്മെന്റിനു രൂപംനൽകി. അതുകൊണ്ടാണ് പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ മോദിക്ക് ധൈര്യമുണ്ടായതെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിഷ്കാരങ്ങൾ കൊണ്ടുവരാൻ മോദിയിൽ ധൈര്യം പകർന്ന അത്തരമൊരു ഗവണ്മെന്റിനാണു നിങ്ങൾ രൂപം നൽകിയത്. മോദി ഒന്നിനുപുറകെ ഒന്നായി പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ, ഇന്ത്യയുടെ ഓരോ കോണിലും ഗവണ്മെന്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എന്റെ ഉദ്യോഗസ്ഥസംവിധാനത്തിലെ, എന്റെ കോടിക്കണക്കിന് കൈകാലുകൾ 'പരിവർത്തനത്തിനായി പ്രവർത്തിച്ചു'. അവർ ഉത്തരവാദിത്വം വളരെ നന്നായി നിറവേറ്റി. പൊതുജനങ്ങൾ ഒത്തുചേർന്നപ്പോൾ, പരിവർത്തനം വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. അതുകൊണ്ടാണ് 'പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം' എന്ന ഈ കാലഘട്ടം ഇപ്പോൾ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നത്. വരാനിരിക്കുന്ന ആയിരം വർഷങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താൻ പോകുന്ന ആ ശക്തികളെ ഞങ്ങൾ രാജ്യത്തിനകത്തു പ്രോത്സാഹിപ്പിക്കുകയാണ്.
ലോകത്തിനുവേണ്ടതു യുവശക്തിയും യുവത്വത്തിന്റെ നൈപുണ്യവുമാണ്. നൈപുണ്യ വികസനത്തിനായി ഞങ്ങൾ പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. അത് ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ലോകത്തിന്റെ ആവശ്യങ്ങളും നിറവേറ്റും.
ഞങ്ങൾ ജൽ ശക്തി മന്ത്രാലയം സൃഷ്ടിച്ചു. മന്ത്രാലയത്തിന്റെ ഘടന വിശകലനം ചെയ്താൽ, ഈ ഗവണ്മെന്റിന്റെ മനസ്സും മസ്തിഷ്കവും വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയും. നമ്മുടെ രാജ്യത്തെ ഓരോ പൗരനും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിന് ജലശക്തി മന്ത്രാലയം ഊന്നൽ നൽകുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള സചേതനമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതു ഞങ്ങൾ ആവർത്തിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യം കൊറോണയെ ധീരതയോടെ നേരിട്ടതിന് ശേഷം, ലോകം സമഗ്രമായ ആരോഗ്യപരിരക്ഷയ്ക്കായി ആവശ്യപ്പെടുകയാണ്; ഇതാണ് കാലഘട്ടത്തിന്റെ ആവശ്യം. നാം ആയുഷിനായി പ്രത്യേക മന്ത്രാലയം സൃഷ്ടിച്ചു. ഇന്ന് യോഗയും ആയുഷും ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. ലോകത്തോടുള്ള നമ്മുടെ പ്രതിബദ്ധത കാരണം, ലോകം നമ്മെ ഉറ്റുനോക്കുകയാണ്. നമ്മുടെ ഈ കഴിവിനെ നാം തന്നെ ദുർബലപ്പെടുത്തുകയാണെങ്കിൽ, ലോകം അത് എങ്ങനെ അംഗീകരിക്കും? എന്നാൽ ഈ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ലോകത്തിനും അതിന്റെ വില മനസ്സിലായി. മത്സ്യബന്ധനത്തെയും നമ്മുടെ വലിയ കടൽത്തീരങ്ങളെയും ഞങ്ങൾ അവഗണിക്കുന്നില്ല. നമ്മുടെ കോടിക്കണക്കിന് മത്സ്യത്തൊഴിലാളി സഹോദരീസഹോദരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഞങ്ങൾ ബോധവാന്മാരാണ്. അവർ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം എന്നിവയ്ക്കായി പ്രത്യേക മന്ത്രാലയം സൃഷ്ടിച്ചത്. അങ്ങനെ സമൂഹത്തിലെ ആ വിഭാഗങ്ങളെയും പിന്നാക്കം പോയ വർഗത്തെയും പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയും.
രാജ്യത്ത് ഗവണ്മെന്റ് സമ്പദ്‌വ്യവസ്ഥയുടെ ചില ഭാഗങ്ങളുണ്ട്. എന്നാൽ സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം സഹകരണ പ്രസ്ഥാനമാണ്. നമ്മുടെ സഹകരണ സ്ഥാപനങ്ങളിലൂടെ അതിന്റെ ശൃംഖല വ്യാപിപ്പിക്കുന്ന സഹകരണ മന്ത്രാലയവും രൂപീകരിച്ചിട്ടുണ്ട്. അതുവഴി ദരിദ്രരിൽ ദരിദ്രരായവരെ കേൾക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവർക്കും ഒരു ചെറിയ യൂണിറ്റിന്റെ ഭാഗമായി രാജ്യത്തിന്റെ വികസനത്തിനായി സംഘടിതമായി സംഭാവന നൽകാനും കഴിയും. സഹകരണത്തിലൂടെ സമൃദ്ധിഎന്ന പാതയാണ് നാം സ്വീകരിച്ചത്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
2014ല്‍ നമ്മള്‍ വരുമ്പോള്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നാം10-ാം സ്ഥാനത്തായിരുന്നു, ഇന്ന് 140 കോടി രാജ്യവാസികളുടെ നിരന്തര പ്രയത്‌നത്തിന് ഒടുവില്‍ ഫലമുണ്ടായി, നാം ഇന്ന് ലോക സമ്പദ്‌വ്യവസ്ഥയില്‍ അഞ്ചാം സ്ഥാനത്തെത്തി. രാജ്യം അഴിമതിയുടെ ചങ്ങല പിടിമുറുക്കിയിരിക്കുകയും ലക്ഷക്കണക്കിന് കോടിരൂപയുടെ കുംഭകോണങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുകയും, ഭരണത്തിലും ദുര്‍ബലമായ ഫയലിലും രാജ്യം അംഗീകരിക്കപ്പെട്ടിരിക്കുകയും ചെയ്ത ഒരു കാലത്ത് ഇത് പോലെ സംഭവിച്ചിട്ടില്ല. നമ്മള്‍ ചോര്‍ച്ച അവസാനിപ്പിച്ചു, ശക്തമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചു; പാവപ്പെട്ടവരുടെ ക്ഷേമത്തിനായി കൂടുതല്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഇന്ന്, രാജ്യവാസികളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, രാജ്യം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചാല്‍ അത് ഖജനാവ് നിറയ്ക്കുക മാത്രമല്ല; അത് പൗരന്മാരുടെയും രാജ്യത്തിന്റെയും കഴിവ് കെട്ടിപ്പടുക്കുന്നു. തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിനായി സത്യസന്ധമായി ഇത് ചെലവഴിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു ഗവണ്‍മെന്റുണ്ടെങ്കില്‍, എന്ത് ഫലങ്ങളാണ് കൈവരിക്കാന്‍ കഴിയുക.
നമ്മുടെ ത്രിവര്‍ണ പതാക സാക്ഷിയായി നില്‍ക്കുന്ന ചെങ്കോട്ടയിൽ നിന്ന് ഞാന്‍ എന്റെ നാട്ടുകാർക്ക് 10 വര്‍ഷത്തെ കണക്ക് നല്‍കുകയാണ്. നിങ്ങള്‍ കേള്‍ക്കുന്ന ഈ കണക്കുകള്‍ മാറ്റത്തിന്റെ ശ്രദ്ധേയമായ ഒരു കഥ പറയുന്നു, ഇത് എങ്ങനെ നേടിയെടുത്തു, അത്തരമൊരു പരിവര്‍ത്തനം സുഗമമാക്കാനുള്ള ഞങ്ങളുടെ കഴിവ് എത്ര ശക്തമാണ് എന്നതില്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേയ്ക്കാം. 10 വര്‍ഷം മുമ്പ് ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് 30 ലക്ഷം കോടി രൂപയാണ് പോയിരുന്നത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഈ കണക്ക് 100 ലക്ഷം കോടിരൂപയിലെത്തി. നേരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഖജനാവില്‍ നിന്ന് 70,000 കോടി രൂപയാണ് ചെലവഴിച്ചിരുന്നെങ്കില്‍ ഇന്ന് അത് 3 ലക്ഷം കോടിയിലേറെയായി. നേരത്തെ 90,000 കോടി രൂപയാണ് പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി ചെലവഴിച്ചിരുന്നത്. ഇന്ന് അത് 4 മടങ്ങ് വര്‍ദ്ധിച്ച് പാവപ്പെട്ടവരുടെ വീടുകള്‍ നിര്‍മ്മിക്കാന്‍ 4 ലക്ഷം കോടിയിലധികം ചെലവഴിക്കുന്നു.
ആദ്യം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് യൂറിയ കിട്ടണം. ചില ആഗോള വിപണികളില്‍ 3,000 രൂപയ്ക്ക് വില്‍ക്കുന്ന യൂറിയയുടെ ചാക്കുകള്‍ നമ്മള്‍ നമ്മുടെ കര്‍ഷകര്‍ക്ക് 300 രൂപയ്ക്ക് ലഭ്യമാക്കി, അങ്ങനെ നമ്മുടെ കര്‍ഷകര്‍ക്ക് യൂറിയയ്ക്ക് തന്നെ ഗവണ്‍മെന്റ് 10 ലക്ഷം കോടി രൂപയുടെ സബ്‌സിഡി നല്‍കുന്നു. 20 ലക്ഷം കോടി രൂപയിലധികം ബജറ്റുള്ള മുദ്ര യോജന, നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ക്ക് സ്വയം തൊഴില്‍, വ്യാപാരം, സംരംഭങ്ങള്‍ എന്നിവയ്ക്ക് അവസരമൊരുക്കിയിട്ടുണ്ട്. എട്ടു കോടിയോളം ആളുകള്‍ പുതിയ വ്യാപാരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്, വ്യാപാരം ആരംഭിച്ച വെറും ഈ എട്ടുകോടി ആളുകള്‍ മാത്രമല്ല, ഓരോ സംരംഭകനും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. എട്ട് കോടി പൗരന്മാര്‍ പ്രയോജനപ്പെടുത്തിയ മുദ്ര യോജനയിലൂടെ 8-10 കോടി പുതിയ വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ശേഷി കൈവരിച്ചു.
കൊറോണ പ്രതിസന്ധിയുടെ സമയത്ത്, എം.എസ്.എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) കള്‍ക്ക് അവ മുങ്ങുന്നത് തടയുന്നതിനും അവര്‍ക്ക് ശക്തി നല്‍കുന്നതിനുമായി ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ പിന്തുണ നല്‍കി, . നമ്മുടെ സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായ 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' പദ്ധതിക്ക് കീഴില്‍, ഇന്ത്യയുടെ ഖജനാവില്‍ നിന്ന് 70,000 കോടി രൂപ അവരിലേക്ക് എത്തി. നമ്മുടെ വിരമിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഈ പണം ലഭിച്ചു. ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്, ഞാന്‍ കൂടുതല്‍ സമയം എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ വികസനത്തിന് ഗണ്യമായ സംഭാവന നല്‍കിയ നിരവധി സംരംഭങ്ങളുണ്ട്, രാജ്യത്തിന്റെ വിവിധ കോണുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു, എന്തെന്നാല്‍ മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബജറ്റ് പലമടങ്ങ് വര്‍ദ്ധിപ്പിച്ചു.
എന്റെ പ്രിയപ്പെട്ടവരെ,
എന്നാല്‍ അതു മാത്രമല്ല; ഈ ശ്രമങ്ങളുടെയെല്ലാം ഫലം, എന്റെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ കാലയളവില്‍, പാവപ്പെട്ട എന്റെ 13.5 കോടി സഹോദരീസഹോദരന്മാര്‍ ദാരിദ്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് പുതിയ മദ്ധ്യവര്‍ഗത്തിലേക്ക് പ്രവേശിച്ചു എന്നതാണ്. ജീവിതത്തില്‍ ഇതിലും വലിയ സംതൃപ്തി വേറെയില്ല.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഭവന പദ്ധതികളില്‍ നിന്നുള്ള വിവിധ പദ്ധതികള്‍, പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ വഴിയോരക്കച്ചവടക്കാര്‍ക്ക് 50,000 കോടി രൂപ ലഭ്യമാക്കുന്നത്, കൂടാതെ മറ്റു പലതും ഈ 13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ പ്രയാസങ്ങളില്‍ നിന്ന് കരകയറ്റാന്‍ സഹായിച്ചു. വരും ദിവസങ്ങളില്‍, വിശ്വകര്‍മ്മ ജയന്തിയുടെ അവസരത്തില്‍ പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികള്‍ക്ക്, പ്രത്യേകിച്ച് മറ്റ് പിന്നാക്ക (ഒ.ബി.സി) വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിയ്ക്കും. ഏകദേശം 13,000-15,000 കോടി രൂപ വിഹിതത്തോടെ ആരംഭിക്കുന്ന വിശ്വകര്‍മ യോജനയിലൂടെ ആശാരിമാർ. നെയ്ത്തുകാര്‍, കല്പണിക്കാർ , സ്വര്‍ണ്ണപ്പണിക്കാര്‍, കൊല്ലന്മാര്‍, അലക്കു തൊഴിലാളികള്‍, ബാര്‍ബര്‍മാര്‍, അങ്ങനെയുള്ള കുടുംബങ്ങളെ ശാക്തീകരിക്കും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി ഞങ്ങള്‍ 2.5 ലക്ഷം കോടി രൂപ നമ്മുടെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു. എല്ലാ വീട്ടിലും ശുദ്ധജലം ഉറപ്പാക്കുന്നതിന് ജല്‍ ജീവന്‍ മിഷനില്‍ ഞങ്ങള്‍ 2 ലക്ഷം കോടി രൂപ ചെലവഴിച്ചു. ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍ അസുഖ സമയത്ത് ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന പാവപ്പെട്ടവര്‍ക്കുണ്ടാകുന്ന ഭാരം ഞങ്ങള്‍ ലഘൂകരിച്ചു. അവര്‍ക്ക് മരുന്നും ചികിത്സയും ഗുണനിലവാരമുള്ള ആശുപത്രി പരിചരണവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍ ഞങ്ങള്‍ 70,000 കോടി രൂപ ചെലവഴിച്ചു. കൊറോണ പ്രതിസന്ധിയില്‍ സൗജന്യ വാക്‌സിനുകള്‍ നല്‍കാന്‍ 40,000 കോടി രൂപ ചെലവഴിച്ചതും രാജ്യത്തിന് അറിയാം. എന്നാല്‍ കന്നുകാലികളെ രക്ഷിക്കാന്‍ വാക്‌സിനേഷനായി ഞങ്ങള്‍ ഏകദേശം 15,000 കോടി രൂപ നിക്ഷേപിച്ചു എന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും.
എന്റെ പ്രിയപ്പെട്ട പൗരന്മാരെ, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
നമ്മുടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പുതിയ കരുത്ത് പ്രദാനം ചെയ്തു. ഒരു കൂട്ടുകുടുംബത്തില്‍, ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍, 2000-3000 രൂപ മെഡിക്കല്‍ ബില്‍ ലഭിക്കുന്നത് തികച്ചും സ്വാഭാവികമാണ്. വിപണിയില്‍ 100 രൂപ വിലയുള്ള മരുന്നുകള്‍ വെറും 10 രൂപയ്ക്കും 15 രൂപയ്ക്കും 20 രൂപയ്ക്കും ഞങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്നു. ഇന്ന്, രാജ്യത്തുടനീളം 10,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍, ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് മരുന്നുകള്‍ ആവശ്യമുള്ള ഇത്തരക്കാര്‍ ഏകദേശം 20 കോടി രൂപ ലാഭിച്ചിട്ടുണ്ടാകും. ഇവരില്‍ അധികവും ഇടത്തരം കുടുംബങ്ങളില്‍ പ്പെട്ടവരുമാണ്. എന്നാല്‍ ഇന്നത്തെ അതിന്റെ വിജയം കാണുമ്പോള്‍, സമൂഹത്തിലെ ആ വിഭാഗത്തെ വിശ്വകര്‍മ്മ പദ്ധതിയിലൂടെ ഞങ്ങള്‍ സ്പര്‍ശിക്കാന്‍ പോകുകയാണെന്ന് നാട്ടുകാരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതേസമയം, വരും ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള 10,000 ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തിലേയ്ക്കും ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പോകുകയാണ്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
രാജ്യത്ത് ദാരിദ്ര്യം കുറയുമ്പോള്‍, രാജ്യത്തെ മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിന്റെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കും. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ലോകത്തെ മൂന്ന് മികച്ച സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി രാജ്യം മാറുമെന്ന് ഈ മോദി ഉറപ്പ് നല്‍കുന്നു; അത് തീര്‍ച്ചയായും ഉണ്ടാകും. ഇന്ന് ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയ 13.5 കോടി ജനങ്ങള്‍ ഒരു തരത്തില്‍ മദ്ധ്യവര്‍ഗമായി മാറിയിരിക്കുന്നു. പാവപ്പെട്ടവരുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കുമ്പോള്‍, ഇടത്തരക്കാരുടെ വ്യാപാരം നടത്താനുള്ള ശക്തിയും വര്‍ദ്ധിക്കുന്നു. ഗ്രാമങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കുമ്പോള്‍, നഗരത്തിന്റെയും ടൗണിന്റെയും സമ്പദ്‌വ്യവസ്ഥ അതിവേഗത്തില്‍ പ്രവര്‍ത്തിക്കും. നമ്മുടെ സാമ്പത്തിക ചക്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. അതിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് നാം ആഗ്രഹിക്കുന്നത്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
നഗരങ്ങളില്‍ വസിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇടത്തരം കുടുംബങ്ങള്‍ സ്വന്തമായി വീട് വാങ്ങുന്നത് സ്വപ്‌നം കാണുന്നു. നഗരങ്ങളില്‍ വസിക്കുന്ന എന്നാല്‍ വാടക വീടുകളിലോ ചേരികളിലോ ചാളകളിലും അനധികൃത കോളനികളിലോ താമസിക്കുന്നതോ ആയ കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതുമായ ഒരു പുതിയ പദ്ധതി വരും വര്‍ഷങ്ങളില്‍ ഞങ്ങള്‍ കൊണ്ടുവരും. അവര്‍ക്ക് സ്വന്തമായി വീട് പണിയണമെങ്കില്‍, പലിശ നിരക്കില്‍ ആശ്വാസം നല്‍കികൊണ്ട് ബാങ്കുകളില്‍ നിന്നുള്ള വായ്പയില്‍ ഞങ്ങള്‍ അവരെ സഹായിക്കും, അത് അവരെ ലക്ഷക്കണക്കിന് രൂപ ലാഭിക്കാന്‍ സഹായിക്കും. എന്റെ ഇടത്തരം കുടുംബങ്ങളുടെ ആദായനികുതി പരിധി 2 ലക്ഷം രൂപയില്‍ നിന്ന് 7 ലക്ഷം രൂപയായി ഉയര്‍ത്തിയാല്‍, അത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് മദ്ധ്യവര്‍ഗ്ഗ ശമ്പളക്കാരായവര്‍ക്കാണ്. 2014-ന് മുമ്പ് ഇന്റര്‍നെറ്റ് ഡാറ്റ വളരെ ചെലവേറിയതായിരുന്നു. ഇപ്പോള്‍ നമുക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇന്റര്‍നെറ്റ് ഡാറ്റയുണ്ട്. ഓരോ കുടുംബത്തിന്റെയും പണം ലാഭിക്കപ്പെടുന്നു.
എന്റെ കുടുംബാംഗങ്ങളെ,
കൊറോണയുടെ പ്രതികൂല ആഘാതങ്ങളില്‍ നിന്ന് ലോകം ഇതുവരെ കരകയറിയിട്ടില്ല; യുദ്ധം വീണ്ടും ഒരു അധിക പ്രശ്‌നവും സൃഷ്ടിച്ചു. ഇന്ന് ലോകം വിലക്കയറ്റത്തിന്റെ പ്രതിസന്ധി നേരിടുകയാണ്. ലോകത്തിന്റെ മുഴുവന്‍ സമ്പദ്‌വ്യവസ്ഥയെയും വിലക്കയറ്റം പിടികൂടിയിരിക്കുന്നു. നാമും ചില ചരക്കുകള്‍ ചുറ്റുമുള്ള ലോകത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, നമുക്കും ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. അതിനാല്‍, ഈ ലോകം മുഴുവന്‍ വിലക്കയറ്റത്തിന്റെ പിടിയിലാണ്.
എന്നാല്‍ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
വിലക്കയറ്റത്തിനെ നിയന്ത്രിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിച്ചിട്ടുണ്ട്. മുന്‍ കാലഘട്ടത്തെ അപേക്ഷിച്ച്, ചില വിജയങ്ങളും ഞങ്ങള്‍ നേടിയിട്ടുണ്ട്, എന്നാല്‍ നമുക്ക് അതില്‍ സംതൃപ്തരായിരിക്കാന്‍ കഴിയില്ല. ലോകത്തിനെക്കാള്‍ മികച്ചതാണ് നമ്മുടെ കാര്യം എന്നതുകൊണ്ട് നമുക്ക് അലംഭാവം കാണിക്കാനുമാവില്ല. എന്റെ നാട്ടുകാരുടെ മേലുള്ള വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കുന്നതിന് ഈ ദിശയില്‍ എനിക്ക് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഞങ്ങള്‍ ആ നടപടി തുടരുകയും ചെയ്യും. എന്റെ ശ്രമങ്ങള്‍ തുടരും.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഇന്ന് രാജ്യം വിവിധ കഴിവുകളോടെ മുന്നേറുകയാണ്. ആധുനികതയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ് രാജ്യം. ഇന്ന് രാജ്യം പുനരുപയോഗ ഊര്‍ജ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്; ഇന്ന് രാജ്യം ഹരിത ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്നു; ബഹിരാകാശ മേഖലയില്‍ രാജ്യത്തിന്റെ കഴിവ് വര്‍ദ്ധിച്ചുവരികയുമാണ്.
അതിനാല്‍ ആഴക്കടല്‍ ദൗത്യത്തിലും രാജ്യം വിജയകരമായി മുന്നേറുകയാണ്. രാജ്യത്ത് റെയില്‍വേ ആധുനികവല്‍ക്കരിക്കപ്പെടുകയാണ്. വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനും രാജ്യത്തിനകത്ത് ഇന്ന് വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഗ്രാമങ്ങളിലും കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിക്കുന്നു്. ഇലക്ര്ടിക് ബസുകളും മെട്രോ റെയിലുകളും ഇന്ന് രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്നു. ക്വാണ്ടം കംപ്യൂട്ടറുകളിലേക്ക് പോകാന്‍ നമ്മളും ആഗ്രഹിക്കുന്നതിനാല്‍ ഇന്ന് എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് അവസാനത്തെ ആളിലും എത്തുകയാണ്. ഒരു വശത്ത് നാനോ യൂറിയയും നാനോ ഡി.എ.പിയും പ്രവര്‍ത്തിക്കുമ്പോള്‍ മറുവശത്ത് നാം ജൈവകൃഷിക്കും ഊന്നല്‍ നല്‍കുന്നു. ഇന്ന് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആപ്പ് നിര്‍മ്മിക്കുന്നു അതോടൊപ്പം അര്‍ദ്ധചാലകങ്ങളും നിര്‍മ്മിക്കാന്‍ നാം ആഗ്രഹിക്കുന്നു.
നമ്മുടെ പ്രത്യേക കഴിവുള്ള പൗരന്മാരായ ദിവ്യാംഗന്‍കള്‍ക്ക് പ്രാപ്യമാകുന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക അഭിമാനപൂര്‍വ്വം ഉയര്‍ത്താന്‍ എന്റെ ദിവ്യാംഗനുകളെ ഞങ്ങള്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. ആ കായികതാരങ്ങള്‍ക്ക് ഞങ്ങള്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. പഴയ ചിന്തയും പഴയ ലക്ഷ്യങ്ങളും ഉപേക്ഷിച്ച്, ഇന്ന്, ഈ ഭാവി ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കാഴ്ചപ്പാടോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഞാന്‍ പറയുന്നു, നമ്മുടെ ഗവണ്‍മെന്റ് തറക്കല്ലിടുമ്പോള്‍, നമ്മുടെ ഭരണകാലത്തിനുള്ളില്‍ തന്നെ ഉദ്ഘാടനവും ചെയ്യപ്പെടും. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെന്നതിലും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുന്നതിനും എനിക്ക് വിധിയുണ്ടായി എന്നതിലും ഞാന്‍ ഭാഗ്യവാനാണ്.
അഭിലാഷത്തോടെയുള്ള ചിന്താഗതി, വലുതായി ചിന്തിക്കുക, ദീര്‍ഘവീക്ഷണം, സര്‍വജന്‍ ഹിതായ: സര്‍വജന്‍സുഖായ: എന്നതാണ് നമ്മുടെ പ്രവര്‍ത്തന സംസ്‌ക്കാരവും അതാണ് നമ്മുടെ പ്രവര്‍ത്തനരീതിയും. ഈ ഊര്‍ജം ഉപയോഗിച്ച് പ്രതിജ്ഞകള്‍ക്കപ്പുറവും എങ്ങനെ നേടാം എന്നതിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ എല്ലാ ജില്ലകളിലും 75,000 അമൃത് സരോവറുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഏകദേശം 50-55 ആയിരം അമൃത് സരോവറുകള്‍ വിഭാവനം ചെയ്യപ്പെട്ടു. എന്നാല്‍ ഇന്ന് ഏകദേശം 75,000 അമൃത് സരോവറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത് തന്നെ വലിയൊരു ദൗത്യമാണ്. മനുഷ്യശക്തിയുടെയും ജലശക്തിയുടെയും ഈ കരുത്ത് ഇന്ത്യയുടെ പാരിസ്ഥിതിക സമ്പത്ത് സംരക്ഷിക്കുന്നതിനും ഉപയോഗപ്രദമാകും. 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുക, ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുക, പെണ്‍മക്കള്‍ക്ക് ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുക, എല്ലാ ലക്ഷ്യങ്ങളും സമയത്തിന് മുന്‍പ് തന്നെ പൂര്‍ത്തീകരിക്കും.
ഇന്ത്യ ഒരു തീരുമാനം എടുക്കുമ്പോള്‍ അത് നേടുന്നു. ഇതാണ് നമ്മുടെ ട്രാക്ക് റെക്കോര്‍ഡ് പറയുന്നത്. വിജയകരമായി 200 കോടി വാക്‌സിനേഷനുകള്‍ പൂര്‍ത്തിയാക്കിയത് ലോകത്തിന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. 200 കോടി എന്ന കണക്ക് അവരെ അമ്പരപ്പിക്കുന്നു. എന്റെ നാട്ടിലെ അങ്കണവാടി ആശാ പ്രവര്‍ത്തകര്‍, നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് ഇത് സാദ്ധ്യമാക്കിയത്. ഇതാണ് എന്റെ രാജ്യത്തിന്റെ ശക്തി. ഞങ്ങള്‍ 5-ജി പുറത്തിറക്കി. ലോകത്ത് ഏറ്റവും വേഗത്തില്‍ 5-ജി പുറത്തിറക്കിയ രാജ്യമാണ് എന്റെ രാജ്യം. 700-ലധികം ജില്ലകളില്‍ 5-ജി എത്തി. ഇപ്പോള്‍ നാം 6-ജിക്കും തയ്യാറെടുക്കുകയാണ്.
ഞങ്ങള്‍ ഒരു ടാസ്ക് ഫോഴ്സ് ഉണ്ടാക്കിയിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ നാം നിശ്ചയിച്ച ലക്ഷ്യം മറികടന്നു.പുനരുപയോഗ ഊര്‍ജ്ജത്തില്‍ 2030-ഓടെ ഞങ്ങള്‍ നിശ്ചയിച്ചിരുന്ന ലക്ഷ്യം 2021-22-ല്‍ തന്നെ പൂര്‍ത്തിയായി. 20 ശതമാനം എഥനോള്‍ കൂട്ടിക്കലര്‍ത്തുന്നതിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു, അതും ഞങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കി. 500 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയുടെ കാര്യത്തിലും അത് സത്യമായിരുന്നു, അത് സമയത്തിന് മുമ്പേ പൂര്‍ത്തീകരിക്കപ്പെടുകയും 500 ബില്യണ്‍ ഡോളറിലധികമായി വര്‍ദ്ധിക്കുകയും ചെയ്തു.
25 വര്‍ഷമായി നമ്മുടെ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യം നിറവേറ്റാന്‍ ഞങ്ങള്‍ക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു, നമ്മുടെ രാജ്യത്തിന് ഒരു പുതിയ പാര്‍ലമെന്റ് എന്ന ആവശ്യമാണ് അത്; ഇപ്പോള്‍ അത് തയാറായി. പുതിയ പാര്‍ലമെന്റ് ഉണ്ടാകണം എന്ന തരത്തില്‍ പാര്‍ലമെന്റ് സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, പുതിയ പാര്‍ലമെന്റ് സമയത്തിന് മുമ്പേ സജ്ജമാണെന്ന് ഉറപ്പാക്കിയത് മോദിയാണ്. ഇത് പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റാണ്, നിശ്ചയിച്ച ലക്ഷ്യങ്ങള്‍ മറികടക്കുന്ന ഒരു ഗവണ്‍മെന്റാണിത്, ഒരു നവ ഇന്ത്യയാണ്, ഇത് പ്രതിജ്ഞകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ക്രഠിനാദ്ധ്വാനം ചെയ്യുന്ന ആത്മവിശ്വാസം നിറഞ്ഞ ഇന്ത്യയാണ്.
അതിനാല്‍ ഈ ഇന്ത്യയെ തടയാനാവില്ല, ഈ ഇന്ത്യ തളരുന്നില്ല, ഈ ഇന്ത്യ ശ്വാസം മുട്ടുന്നില്ല, ഈ ഇന്ത്യ വിട്ടുകൊടുക്കില്ല. അതുകൊണ്ടാണ്, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, സാമ്പത്തിക ശക്തിയോടെ നമ്മുടെ തൊഴില്‍ ശക്തിക്ക് പുതിയ ശക്തി ലഭിച്ചത്, നമ്മുടെ അതിര്‍ത്തികള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുന്നത്, സൈനികര്‍ അതിര്‍ത്തികള്‍ ശ്രദ്ധിക്കുന്നു.
ഈ സ്വാതന്ത്ര്യദിനത്തില്‍, നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന എന്റെ സൈനികര്‍ക്കും നമ്മുടെ ആഭ്യന്തര സുരക്ഷയുടെ ഉത്തരവാദിത്തമുള്ള യൂണിഫോം ധരിച്ച സേനയ്ക്കും ഈ അഭിസംബോധനയുമായി മുന്നോട്ടുപോകുമ്പോള്‍ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നമ്മുടെ സൈന്യത്തിന് ഒരു മിലിട്ടറി ട്രൈബ്യൂണല്‍ ഉണ്ടാകണം, ശാക്തീകരിക്കപ്പെടണം, യുവത്വമുള്ളവരായി തുടരണം, യുദ്ധസജ്ജരായിരിക്കണം, യുദ്ധത്തിന് തയ്യാറായിരിക്കണം, അതിനാലാണ് നമ്മുടെ സായുധ സേനയില്‍ തുടര്‍ച്ചയായ പരിഷ്‌കാരങ്ങള്‍ നടക്കുന്നത്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
അവിടെയും ഇവിടേയും നടക്കുന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചാണ് നമ്മള്‍ ദിവസവും ഒരു കാലത്ത് കേട്ടുകൊണ്ടിരുന്നത്. സംശയാസ്പദമായ ബാഗുകള്‍ തൊടരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ എല്ലായിടത്തും ഉണ്ടായിരുന്നു, കൂടാതെ പതിവായി അറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇന്ന്, രാജ്യം സുരക്ഷിതത്വബോധം അനുഭവിക്കുകയാണ്, രാഷ്ട്രം സുരക്ഷിതമാകുമ്പോള്‍, സമാധാനം സ്ഥാപിക്കുമ്പോള്‍ പുരോഗതിയുടെ പുതിയ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അത് സഹായിക്കുന്നു. ബോംബ് സ്‌ഫോടന പരമ്പരകളുടെ കാലങ്ങള്‍ ഇപ്പോള്‍ കഴിഞ്ഞു, അതിന്റെ ഫലമായുണ്ടായ നിരപരാധികളുടെ മരണവും ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഭീകരാക്രമണങ്ങളില്‍ ഗണ്യമായ കുറവിന് രാജ്യം സാക്ഷ്യംവഹിക്കുകയാണ്. നക്‌സല്‍ ബാധിത പ്രദേശങ്ങളിലും വലിയ പരിവര്‍ത്തനം സംഭവിച്ചു, വലിയ മാറ്റത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
പുരോഗതിയുടെ എല്ലാ മേഖലകളിലും, 2047-ഓടെ വികസിത ഇന്ത്യ എന്ന സ്വപ്‌നവുമായി നാം മുന്നോട്ട് പോകുമ്പോള്‍, അത് വെറുമൊരു സ്വപ്‌നമല്ല, 140 കോടി പൗരന്മാരുടെ ദൃഢനിശ്ചയമാണ്. ആ ദൃഢനിശ്ചയം നിറവേറ്റുന്നതിന്, കഠിനാദ്ധ്വാനം അത്യാവശ്യമാണ്, എന്നാല്‍ നമ്മുടെ ദേശീയ സ്വഭാവമാണ് ഏറ്റവും പ്രധാനപ്പെട്ട ശക്തി. പുരോഗതി പ്രാപിച്ച രാജ്യങ്ങള്‍, വെല്ലുവിളികളെ അതിജീവിച്ച രാജ്യങ്ങള്‍, അവയ്‌ക്കെല്ലാം ഒരു നിര്‍ണായക ഉള്‍പ്രേരകമുണ്ട് - അവയുടെ ദേശീയ സ്വഭാവം. നാം നമ്മുടെ ദേശീയ സ്വഭാവം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകണം. നമ്മുടെ രാഷ്ട്രം, നമ്മുടെ ദേശീയ സ്വഭാവം, ഊര്‍ജ്ജസ്വലവും, ചലനാത്മകവും, കഠിനാദ്ധ്വാനവും, ധീരവും, വിശിഷ്ടവുമായിരിക്കണം എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. വരാനിരിക്കുന്ന 25 വര്‍ഷത്തേക്ക്, നമ്മുടെ ദേശീയ സ്വഭാവത്തിന്റെ പരകോടിയാകേണ്ട ഒരു മന്ത്രം മാത്രമേ നാം പിന്തുടരാവൂ. ഇന്ത്യയുടെ ഐക്യം നിലനിറുത്തുക എന്ന സന്ദേശവുമായി നാം മുന്നോട്ട് പോകണം, ഇന്ത്യയുടെ ഐക്യത്തിന് ഹാനികരമാകുന്ന ഏത് ഭാഷയില്‍ നിന്നും നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണം. രാജ്യത്തിന്റെ ഐക്യം ഉറപ്പാക്കാനുള്ള എന്റെ ശ്രമങ്ങള്‍ ഓരോ നിമിഷവും ഞാന്‍ തുടരും. ഇന്ത്യയുടെ ഐക്യമാണ് നമുക്ക് ശക്തി നല്‍കുന്നത്.
അത് വടക്കോ തെക്കോ, കിഴക്കോ, പടിഞ്ഞാറോ, ഗ്രാമമോ നഗരമോ, സ്ത്രീയോ പുരുഷനോ ആകട്ടെ-നാമെല്ലാം നാനാത്ത്വത്തില്‍ ഏകത്വം എന്ന മനോഭാവത്തോടെ നമ്മുടെ രാജ്യത്തിന്റെ കരുത്തിനായി സംഭാവനകള്‍ ചെയ്യണം. ഞാന്‍ നിരീക്ഷിക്കുന്ന രണ്ടാമത്തെ പ്രധാന വശം, 2047-ഓടെ നമ്മുടെ രാജ്യത്തെ ഒരു വികസിത ഇന്ത്യയായി കാണണമെങ്കില്‍, നമ്മള്‍ ശ്രേഷ്ഠ ഭാരതം എന്ന മന്ത്രം അനുസരിച്ചു ജീവിക്കുകയും അതിനെ സ്വഭാവമാക്കുകയും വേണം. ഇപ്പോള്‍ നമ്മുടെ ഉല്‍പ്പാദനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, 2014ല്‍ ഞാന്‍ പറഞ്ഞിരുന്നു, ''സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്'' എന്ന്. ലോകത്തെ ഏതെങ്കിലും ഒരു മേശപ്പുറത്ത് ഒരു മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നമുണ്ടെങ്കില്‍, ഇതിലും മികച്ചതായി മറ്റൊന്നില്ല എന്ന ആത്മവിശ്വാസം ലോകത്തിനുണ്ടാകണം. ഇത് ആത്യന്തികമായിരിക്കും. അത് നമ്മുടെ ഉല്‍പ്പന്നമായാലും, സേവനമായാലും, വാക്കുകളായാലും, സ്ഥാപനങ്ങളായാലും അല്ലെങ്കില്‍ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയായാലും എല്ലാം പരമോന്നതമായിരിക്കണം. എങ്കിലേ മികവിന്റെ സത്ത നമുക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ.
മൂന്നാമത്തെ കാര്യം, സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അധിക ശക്തി രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കും എന്നതാണ്. ഇന്ന്, വ്യോമയാനരംഗത്ത് ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാരുള്ള ലോകത്ത് ഏതെങ്കിലും രാജ്യമുണ്ടെങ്കില്‍ അത് നമ്മുടെ രാജ്യമാണെന്ന് ഇന്ത്യക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. ചാന്ദ്രയാന്റെ പുരോഗതിയിലായാലും ചാന്ദ്ര ദൗത്യമായാലും നിരവധി വനിതാ ശാസ്ത്രജ്ഞര്‍ മുന്‍നിരയിലുണ്ട്.
2 കോടി ലക്ഷപതി വനിതകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ഞങ്ങള്‍ വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ക്കായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ സ്ത്രീശക്തിയുടെ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ, ഞങ്ങള്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ജി-20-ല്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ കാര്യം ഞാന്‍ മുന്നോട്ട് വച്ചപ്പോള്‍, മുഴുവന്‍ ജി-20 ഗ്രൂപ്പും അതിന്റെ പ്രാധാന്യം അംഗീകരിച്ചു. അതിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് അവര്‍ അതിന് വളരെയധികം ഊന്നല്‍ നല്‍കുന്നു. അതുപോലെ ഇന്ത്യ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ്. നാം അസന്തുലിത വികസനത്തിന്റെ ഇരകളാണ്. നമ്മുടെ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ അന്യവല്‍ക്കരണത്തിന് ഇരയായിട്ടുണ്ട്. ഇപ്പോള്‍ നാം സന്തുലിത വികസനത്തിനായുള്ള പ്രാദേശിക അഭിലാഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും പ്രാദേശിക അഭിലാഷങ്ങളെ സംബന്ധിച്ച് ആ മനോഭാവത്തിന് അര്‍ഹമായ ആദരം നല്‍കുകയും വേണം. നമ്മുടെ ഭാരതമാതാവിന്റെ ഏതെങ്കിലും ഭാഗമോ നമ്മുടെ ശരീരമോ അവികസിതമായി തുടരുകയാണെങ്കില്‍, നമ്മുടെ ശരീരം പൂര്‍ണമായി വികസിച്ചതായി കണക്കാക്കില്ല. നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ദുര്‍ബലമായി തുടരുകയാണെങ്കില്‍, നമ്മളെ ആരോഗ്യമുള്ളവരായി കണക്കാക്കില്ല. അതുപോലെ, എന്റെ ഭാരതമാതാവിന്റെ ഏതെങ്കിലും ഭാഗം, അല്ലെങ്കില്‍ സമൂഹത്തിലെ ഒരു വിഭാഗം പോലും ദുര്‍ബലമായി തുടരുകയാണെങ്കില്‍, എന്റെ ഭാരതമാതാവിനെ ആരോഗ്യമുള്ളവളും കഴിവുള്ളവളുമായി കണക്കാക്കാനാവില്ല. അതുകൊണ്ടാണ് നമുക്ക് പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യേണ്ടത്, അതുകൊണ്ടാണ് സമൂഹത്തിന്റെ സര്‍വതോന്മുഖമായ , എല്ലാ പ്രദേശങ്ങളുടെയും സമഗ്ര വികസനം ഓരോ പ്രദേശത്തിനും അതിന്റെ സാധ്യകളിലേക്ക് നാം നീങ്ങേണ്ടത് എല്ലാ മേഖലകള്‍ക്കും തങ്ങളുടെ ശേഷിയില്‍ എത്തിച്ചേരാനുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്; വൈവിദ്ധ്യത്തിന്റെ മാതൃക കൂടിയാണ് ഇന്ത്യ. നിരവധി ഭാഷകള്‍, നിരവധി ഭാഷാന്തരങ്ങള്‍, വിവിധ വസ്ത്രങ്ങള്‍, വൈവിദ്ധ്യങ്ങള്‍ എന്നിവയുണ്ട്. ഇതിന്റെ എല്ലാറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കണം നമ്മള്‍ മുന്നോട്ട് പോകേണ്ടത്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഞാന്‍ ഐക്യത്തെക്കുറിച്ച് പറയുമ്പോള്‍ മണിപ്പൂരില്‍ ഒരു സംഭവം നടക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. അസമില്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ കേരളം അസ്വസ്ഥമാകും. ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് അസുഖകരമായ എന്തെങ്കിലും സംഭവിച്ചാല്‍, അവയവദാനത്തിന് സമാനമായ വേദന നമുക്ക് അനുഭവപ്പെടും. എന്റെ രാജ്യത്തെ പെണ്‍മക്കളെ അടിച്ചമര്‍ത്തപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ്. ഇത് നമ്മുടെ കുടുംബപരമായ ഉത്തരവാദിത്തവും ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തവുമാണ്. ഗുരു ഗ്രന്ഥ സാഹിബിന്റെ പകര്‍പ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെ കൊണ്ടുവന്നപ്പോള്‍, രാജ്യം മുഴുവന്‍ അഭിമാനിച്ചു. കൊവിഡ് കാലത്ത്, ലോകത്തിലെ ഏത് രാജ്യത്തും, എന്റെ ഒരു സിഖ് സഹോദരന്‍ ലങ്കര്‍ സ്ഥാപിക്കുകയും, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും ലോകം മുഴുവന്‍ അത് അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍, ഇന്ത്യക്ക് അഭിമാനം തോന്നുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
സ്ത്രീകളുടെ ബഹുമാനത്തെക്കുറിച്ച് പറയുമ്പോള്‍, ഈയിടെ ഞാന്‍ ഒരു രാജ്യം സന്ദര്‍ശിച്ചു, അവിടെ വളരെ മുതിര്‍ന്ന ഒരു മന്ത്രി എന്നോട് ഒരു ചോദ്യം ചോദിച്ചു - ''നിങ്ങളുടെ പെണ്‍മക്കള്‍ ശാസ്ത്രവും, എഞ്ചിനീയറിംഗ് വിഷയങ്ങളും പഠിക്കുന്നുണ്ടോ''? ഇന്ന് എന്റെ രാജ്യത്ത് ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍മക്കള്‍ളാണ് സ്‌റ്റെം അതായത് സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നിവ പഠിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ പുത്രിമാര്‍ അതില്‍ പരമാവധി പങ്കെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതം തോന്നി. നമ്മുടെ രാജ്യത്തിന്റെ ഈ ശേഷി ഇന്ന് ദൃശ്യമാണ്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഇന്ന് 10 കോടി സ്ത്രീകള്‍ വനിതാ സ്വയം സഹായ സംഘങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, വനിതാ സ്വയം സഹായ സംഘങ്ങളുള്ള ഒരു ഗ്രാമത്തില്‍ ചെന്നാല്‍ ബാങ്ക് സഹോദരിമാരെയും അംഗന്‍വാടികളില്‍ ജോലി ചെയ്യുന്ന സഹോദരിമാരെയും മരുന്ന് വിതരണം ചെയ്യുന്ന സഹോദരിമാരെയും കാണാം. ഇപ്പോള്‍ ഗ്രാമങ്ങളില്‍ 2 കോടി ലക്ഷാധിപതി സ്ത്രീകളുടെ അടിത്തറ സൃഷ്ടിക്കുക എന്നതാണ് എന്റെ സ്വപ്നം. ഇപ്പോള്‍ നമുക്ക് അതിനായി പുതിയ സാധ്യതകള്‍ ഉണ്ട്, അതായത് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകള്‍. ഞങ്ങളുടെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ കഴിവ് എനിക്ക് കാണാന്‍ കഴിയും, അതുകൊണ്ടാണ് ഞാന്‍ ഒരു പുതിയ പദ്ധതിയെക്കുറിച്ച് ചിന്തിക്കുന്നത്. അത് നമ്മുടെ കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യയുടെ സമന്വയത്തിനൊപ്പം നമ്മുടെ കാര്‍ഷിക സാങ്കേതിക വിദ്യയെയും ശക്തിപ്പെടുത്തുന്നു. ഒപ്പം വനിതാ സ്വയം സഹായ സംഘത്തിലെ സഹോദരിമാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാനും നന്നാക്കാനും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ആയിരക്കണക്കിന് വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ഡ്രോണുകള്‍ നല്‍കും. നമ്മുടെ കാര്‍ഷിക ജോലികള്‍ക്കായി ഡ്രോണ്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നാം ആരംഭിക്കും. തുടക്കത്തില്‍, ഞങ്ങള്‍ 15 ആയിരം വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങും, അത് ശക്തമായ ഒരു ഡ്രോണ്‍ പരിശീലന ദൗത്യം പ്രാപ്തമാക്കുക എന്ന സ്വപ്നത്തിലേക്ക് പറന്നുയരും.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
രാജ്യം ഇന്ന് ആധുനികതയിലേക്ക് മുന്നേറുകയാണ്. ഹൈവേയോ, റെയില്‍വേയോ, എയര്‍വേയോ, ഐ-വേയോ, ഇന്‍ഫര്‍മേഷന്‍ വേയോ, ജലപാതയോ ആകട്ടെ, രാജ്യം ഇന്ന് പുരോഗമിക്കാത്ത ഒരു മേഖലയുമില്ല. കഴിഞ്ഞ 9 വര്‍ഷമായി തീരപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മലയോര മേഖലകളിലും നാം വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. പര്‍വ്വത് മാല, ഭാരത് മാല തുടങ്ങിയ പദ്ധതികള്‍ അവതരിപ്പിച്ച് സമൂഹത്തിലെ ഈ വിഭാഗങ്ങള്‍ക്ക് ഞങ്ങള്‍ കരുത്ത് പകര്‍ന്നു. നമ്മുടെ സമ്പന്നമായ കിഴക്കന്‍ ഇന്ത്യയെ ഗ്യാസ് പൈപ്പ്‌ലൈനുകള്‍ ഉപയോഗിച്ച് മുഖ്യധാരയാക്കുന്നതിനുള്ള പ്രവര്‍ത്തനം ഞങ്ങള്‍ ഉറപ്പാക്കി. ആശുപത്രികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് അനുവദിച്ചുകൊണ്ട് ഞങ്ങള്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചു. മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്, അതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് ഡോക്ടര്‍മാരായി രാജ്യത്തെ സേവിക്കാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നതിലൂടെ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിന് ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കോടതിയില്‍ പോകുന്ന ആളുകള്‍ക്ക് വിധി കേള്‍ക്കാനും അതത് മാതൃഭാഷകളില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും ഇപ്പോള്‍ സാധ്യമാക്കുന്ന ഇന്ത്യന്‍ സുപ്രീം കോടതിയുടെ നിലപാടിനെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഇന്നത്തെ കാലത്ത് മാതൃഭാഷയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രാമങ്ങള്‍ക്കായി ഞങ്ങള്‍ ഇന്ന് വൈബ്രന്റ് ബോര്‍ഡര്‍ വില്ലേജ് എന്നൊരു പരിപാടി അവതരിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഇതുവരെ രാജ്യത്തിന്റെ അവസാന ഗ്രാമമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയുള്ള മുഴുവന്‍ ചിന്താ പ്രക്രിയയെയും ഞങ്ങള്‍ മാറ്റിമറിച്ചു. ഇത് രാജ്യത്തെ അവസാന ഗ്രാമമല്ല. അതിര്‍ത്തിയില്‍ കാണുന്നവയാണ് എന്റെ രാജ്യത്തെ ആദ്യത്തെ ഗ്രാമം. സൂര്യന്‍ കിഴക്ക് ഉദിക്കുമ്പോള്‍, ഈ വശത്തുള്ള ഗ്രാമത്തില്‍ സൂര്യപ്രകാശത്തിന്റെ ആദ്യ കിരണം ലഭിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍, ഗ്രാമം അവസാന കിരണത്തിന്റെ നേട്ടം കൊയ്യുന്നു. ഇത് എന്റെ മുന്‍നിര ഗ്രാമമാണ്, ഈ ആദ്യ ഗ്രാമങ്ങളായ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഈ ചരിത്രപ്രധാനമായ ചെങ്കോട്ടയില്‍ ഈ സുപ്രധാന പരിപാടിയുടെ ഭാഗമാകാന്‍ ഇന്ന് എത്തിയ 600 തലവന്‍മാര്‍ ഈ പരിപാടിയിലെ എന്റെ വിശിഷ്ടാതിഥികളാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ ആദ്യമായി ഇത്രയും ദൂരം സഞ്ചരിച്ചു, പുതിയ നിശ്ചയദാര്‍ഢ്യവും വീര്യവും വീര്യവും നിശ്ചയദാര്‍ഢ്യവുമായി ചേര്‍ന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
സന്തുലിത വികസനം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങള്‍ വികസനം കാംക്ഷിക്കുന്ന ജില്ലകളും ബ്ലോക്കും വിഭാവനം ചെയ്തു, അതിന്റെ നല്ല ഫലങ്ങള്‍ ഇന്ന് കാണാന്‍ കഴിയും. ഇന്ന്, സംസ്ഥാനങ്ങളുടെ സാധാരണ മാനദണ്ഡങ്ങള്‍ക്കൊപ്പം, ഒരു കാലത്ത് വളരെ പിന്നിലായിരുന്ന ഈ ജില്ലകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വരും ദിവസങ്ങളില്‍ നമ്മുടെ ഈ ജില്ലകളും നമ്മുടെ ഈ ബ്ലോക്കുകളും തീര്‍ച്ചയായും ഉയര്‍ന്ന കുതിപ്പോടെ മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ സ്വഭാവത്തെക്കുറിച്ച് പറയുമ്പോള്‍- ഞാന്‍ ആദ്യം പറഞ്ഞത് ഇന്ത്യയുടെ ഐക്യത്തെക്കുറിച്ചാണ്; രണ്ടാമതായി, ഇന്ത്യ മികവില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ സൂചിപ്പിച്ചു, മൂന്നാമതായി, ഞാന്‍ സ്ത്രീ വികസനത്തെക്കുറിച്ച് സംസാരിച്ചു. ഇന്ന്, ഒരു കാര്യം കൂടി ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നാലാമതായി പ്രാദേശിക അഭിലാഷം, അഞ്ചാമത്തെ പ്രധാന കാര്യം ഇന്ത്യയുടെ ദേശീയ സ്വഭാവമാണ്, ഞങ്ങള്‍ ആ ദിശയിലാണ് മുന്നോട്ട് പോകുന്നത്. നമ്മുടെ ദേശീയ സ്വഭാവം ലോകത്തിന്റെ പുരോഗതിയെക്കുറിച്ച് ചിന്തിക്കണം. ലോകത്തിന്റെ ക്ഷേമത്തിനായി അതിന്റെ പങ്ക് വഹിക്കാന്‍ കഴിയുന്ന തരത്തില്‍ രാജ്യത്തെ ശക്തമാക്കണം. കൊറോണ പോലൊരു ആഗോള പ്രതിസന്ധിയെ കൈകാര്യം ചെയ്തതിന് ശേഷം, ലോകത്തെ സഹായിക്കാന്‍ ഒരു രാജ്യമെന്ന നിലയില്‍ നാം നിലകൊണ്ടതിന്റെ ഫലമായി, നമ്മുടെ രാജ്യം ഇപ്പോള്‍ ലോകത്തിന്റെ സുഹൃത്തിന്റെ രൂപമെടുത്തിരിക്കുന്നു.
ലോകത്തിന്റെ അചഞ്ചലമായ സഖ്യകക്ഷിയെന്ന നിലയില്‍, ഇന്ത്യ ഇന്ന് അതിന്റെ സ്വത്വം സ്ഥാപിച്ചിരിക്കുന്നു. ആഗോള ക്ഷേമത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, ആ ചിന്തയെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയം. ഓഗസ്റ്റ് 15-ന്റെ ഈ അവസരത്തില്‍, യുഎസ് കോണ്‍ഗ്രസില്‍ നിന്നുള്ള നിരവധി ബഹുമാനപ്പെട്ട പ്രതിനിധികള്‍ നമുക്കിടയില്‍ സന്നിഹിതരാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ഇന്ത്യയുടെ കാഴ്ചപ്പാട് എന്താണ്, ആഗോള ക്ഷേമം എന്ന ആശയം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം? ഇപ്പോള്‍, നമ്മള്‍ ചിന്തിക്കുമ്പോള്‍, നമ്മള്‍ എന്താണ് പറയുന്നത്? ഞങ്ങള്‍ ഈ ദര്‍ശനം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു, ലോകം ഈ ദര്‍ശനവുമായി നമ്മളോടൊപ്പം ചേരുന്നു. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ മേഖലയില്‍ 'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന് ഞങ്ങള്‍ പറഞ്ഞു. ഇത് നമ്മില്‍ നിന്നുള്ള ഒരു സുപ്രധാന പ്രസ്താവനയാണ്, ഇന്ന് ലോകം ഇത് അംഗീകരിക്കുന്നു. കോവിഡിന് ശേഷം നാം അത് ലോകത്തോട് പറഞ്ഞുകോവിഡിന് ശേഷം, ഞങ്ങളുടെ സമീപനം 'ഒരു ഭൂമി, ഒരു ആരോഗ്യം' ആയിരിക്കണമെന്ന് ഞങ്ങള്‍ ലോകത്തോട് പറഞ്ഞു. രോഗാവസ്ഥയില്‍ മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും ഒരേപോലെ കൈകാര്യം ചെയ്യുമ്പോള്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂ.
ജി 20 ഉച്ചകോടിക്കായി 'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയം ഞങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്, ആ ദിശയിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലോകം കാലാവസ്ഥാ പ്രതിസന്ധികളുമായി പൊരുതുമ്പോള്‍, ഞങ്ങള്‍ വഴി കാണിച്ചുതരുകയും ജീവിതശൈലി തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കുന്ന ദൗത്യ ജീവിതത്തിനു മുന്‍കൈയെടുക്കുന്ന സമീപനം ആരംഭിക്കുകയും ചെയ്തു. ലോകവുമായി സഹകരിച്ച് നാം അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം രൂപീകരിച്ചു, പല രാജ്യങ്ങളും ഇപ്പോള്‍ അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ ഭാഗമാണ്. ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം ഞങ്ങള്‍ ഊന്നിപ്പറയുകയും 'ബിഗ് ക്യാറ്റ് അലയന്‍സ്' സ്ഥാപിക്കുകയും ചെയ്തു.
പ്രകൃതിദുരന്തങ്ങളില്‍ നിന്നുള്ള ആഗോളതാപനം മൂലം അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക്, ദീര്‍ഘകാല ക്രമീകരണങ്ങള്‍ ആവശ്യമാണ്. അതിനാല്‍, ഒരു പരിഹാരമായി ഞങ്ങള്‍ ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യത്തിനുള്ള കൂട്ടായ്മ (സിഡിആര്‍ഐ) അവതരിപ്പിച്ചു. ലോകം ഇപ്പോള്‍ സമുദ്രങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍, ആഗോള സമുദ്ര സമാധാനം ഉറപ്പുനല്‍കാന്‍ കഴിയുന്ന 'സാഗര്‍ പ്ലാറ്റ്ഫോം' എന്ന ആശയം ഞങ്ങള്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്. പരമ്പരാഗത ചികിത്സാരീതികളുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, ലോകാരോഗ്യ സംഘടനയുടെ ആഗോളതലത്തിലുള്ള ഒരു കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗയിലൂടെയും ആയുര്‍വേദത്തിലൂടെയും ഞങ്ങള്‍ ആഗോള ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. ഇന്ന് ഇന്ത്യ ആഗോള ക്ഷേമത്തിന് ശക്തമായ അടിത്തറ പാകുകയാണ്. ഈ ശക്തമായ അടിത്തറ കെട്ടിപ്പടുക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
നമുക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്, വ്യക്തമായ തീരുമാനങ്ങളുണ്ട്, കൃത്യമായ നയങ്ങളുണ്ട്. ഉദ്ദേശ്യത്തെ ചോദ്യം ചെയ്യേണ്ടതില്ല എന്നിരുന്നാലും, നാം ചില സത്യങ്ങള്‍ അംഗീകരിക്കുകയും അവയുടെ പരിഹാരത്തിനായി പ്രവര്‍ത്തിക്കുകയും വേണം. അതിനാല്‍, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, നിങ്ങളുടെ സഹായവും അനുഗ്രഹവും തേടി ഞാന്‍ ഇന്ന് ചെങ്കോട്ടയില്‍ വന്നിരിക്കുന്നു, കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അതിന്റെ ആവശ്യകതകള്‍ വിലയിരുത്തുകയും ചെയ്തു. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ഈ വിഷയങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പറയുന്നു. സ്വാതന്ത്ര്യത്തിന്റെ 'അമൃത കാലത്ത്, 2047ല്‍ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, ആ സമയത്ത്, ത്രിവര്‍ണ്ണ പതാക ലോകത്തെ വികസിത ഇന്ത്യയുടേതായിരിക്കണം. നമ്മള്‍ ഒരു നിമിഷം പോലും നിര്‍ത്തരുത്, പിന്നോട്ട് പോകരുത്. ബോധവല്‍ക്കരണം, സുതാര്യത, നിഷ്പക്ഷത എന്നിവയാണ് ഇതിന് ആവശ്യമായ ശക്തികള്‍. ഈ ശക്തിക്ക് കഴിയുന്നത്ര പോഷണം നല്‍കണം.
ഒരു പൗരന്‍ എന്ന നിലയിലും കുടുംബമെന്ന നിലയിലും സ്ഥാപനങ്ങള്‍ വഴി അത് നല്‍കാമെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കണം. അതുകൊണ്ടാണ് കഴിഞ്ഞ 75 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. ഒരുകാലത്ത് 'സ്വര്‍ണ്ണപ്പക്ഷി' എന്ന് വിളിച്ചിരുന്ന ഈ രാജ്യത്തിന് എന്തുകൊണ്ട് ആ സാധ്യതകളോടെ വീണ്ടും ഉയരാന്‍ കഴിയുന്നില്ല? സുഹൃത്തുക്കളേ, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, 2047-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ എന്റെ രാജ്യം ഒരു വികസിത ഇന്ത്യയാകുമെന്ന് എനിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. എന്റെ രാജ്യത്തിന്റെ ശക്തിയുടെയും ലഭ്യമായ വിഭവങ്ങളുടെയും പ്രത്യേകിച്ച് 30 വയസ്സിന് താഴെയുള്ളവരുടെ യുവത്വത്തിന്റെ ശക്തിയുടെയും അടിസ്ഥാനത്തിലാണ് ഞാന്‍ ഇത് പറയുന്നത്. മാത്രമല്ല, എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും ശക്തിയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇത് പറയുന്നത്. എന്നിരുന്നാലും, അതിന് മുന്നില്‍ ചില തടസ്സങ്ങളുണ്ട്, കാരണം കഴിഞ്ഞ 75 വര്‍ഷമായി ചില മോശം ഘടകങ്ങള്‍ സമൂഹത്തിലേക്ക് കടന്നുകയറുകയും നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി മാറുകയും ചെയ്തതിനാല്‍ ചിലപ്പോള്‍ നമ്മള്‍ ഇവയ്ക്ക് നേരെ കണ്ണടയ്ക്കുന്നു. ഇപ്പോള്‍ കണ്ണടയ്ക്കാനുള്ള സമയമല്ല.
സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, ദൃഢനിശ്ചയങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, മൂന്ന് തിന്മകളെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം അഴിമതിയാണ്. ഒരു ചിതലിനെപ്പോലെ, അത് രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും രാജ്യത്തിന്റെ എല്ലാ കഴിവുകളെയും പൂര്‍ണ്ണമായും തിന്നുതീര്‍ത്തു. അഴിമതിയില്‍ നിന്ന് മോചനം, എല്ലാ മേഖലയിലും എല്ലാ മേഖലയിലും അഴിമതിക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാട്ടുകാരേ, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ഇതാണ് മോദിയുടെ പ്രതിബദ്ധത; അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നത് എന്റെ വ്യക്തിപരമായ പ്രതിബദ്ധതയാണ്. രണ്ടാമതായി, കുടുംബവംശ രാഷ്ട്രീയം നമ്മുടെ രാജ്യത്തെ നശിപ്പിച്ചു. ഈ രാജവംശ വ്യവസ്ഥ രാജ്യത്തെ പിടിമുറുക്കുകയും രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു.
മൂന്നാമത്തെ ദോഷം പ്രീണനമാണ് . ഈ പ്രീണനം രാജ്യത്തിന്റെ യഥാര്‍ത്ഥ ചിന്തയെ, നമ്മുടെ യോജിപ്പുള്ള ദേശീയ സ്വഭാവത്തെയും കളങ്കപ്പെടുത്തിയിരിക്കുന്നു. ഈ ആളുകള്‍ എല്ലാം നശിപ്പിച്ചു. അതിനാല്‍, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ഈ മൂന്ന് തിന്മകള്‍ക്കെതിരെ നാം നമ്മുടെ സര്‍വ്വശക്തിയുമുപയോഗിച്ച് പോരാടണം. അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും; നമ്മുടെ രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങളെ അടിച്ചമര്‍ത്തുന്ന ഈ വെല്ലുവിളികള്‍ തഴച്ചുവളര്‍ന്നു. ചില ആളുകള്‍ക്കുള്ള കഴിവുകളെല്ലാം ഈ തിന്മകള്‍ നമ്മുടെ രാജ്യത്തെ അപഹരിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും നേരെ ചോദ്യചിഹ്നം സൃഷ്ടിക്കുന്ന കാര്യങ്ങളാണിവ. ദരിദ്രരായാലും, ദലിതരാലും, പിന്നോക്കമായാലും, നമ്മുടെ ആദിവാസി സഹോദരങ്ങളായാലും, അല്ലെങ്കില്‍ നമ്മുടെ അമ്മമാരായാലും സഹോദരിമാരായാലും, ഈ മൂന്ന് തിന്മകളില്‍ നിന്നും നാം ഓരോരുത്തരും അവരുടെ അവകാശങ്ങള്‍ക്കായി മോചനം നേടേണ്ടതുണ്ട്. അഴിമതിയോട് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കണം. അഴുക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അഴുക്ക് നമ്മുടെ മനസ്സില്‍ വെറുപ്പ് സൃഷ്ടിക്കുന്നതുപോലെ, പൊതുജീവിതത്തില്‍ ഇതിലും വലിയ വൃത്തികേടുണ്ടാകില്ല.
അതുകൊണ്ടാണ് നമ്മുടെ ശുചിത്വ കാമ്പെയ്‌നിന് ഒരു പുതിയ വഴിത്തിരുവു നല്‍കുകയും നമ്മുടെ അഴിമതിയുടെ വ്യവസ്ഥയെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതി തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് ഗവണ്‍മെന്റ് നടത്തുന്നത്. ഈ രാജ്യത്ത് കഴിഞ്ഞ 9 വര്‍ഷം കൊണ്ട് താഴേത്തട്ടില്‍ നേടിയത് എന്താണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഭയപ്പെടുത്തുന്ന കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മോദി ഇത്തരം നടപടികളാണ് സ്വീകരിക്കുന്നതെന്ന് മനസിലാകും. പത്തു കോടിയോളം ആളുകള്‍ ഉപയോഗിച്ചിരുന്ന അന്യായ നേട്ടം ഞാന്‍ നിര്‍ത്തി. ഈ ആളുകളോട് കടുത്ത അനീതിയാണ് നടന്നതെന്ന് നിങ്ങളില്‍ ചിലര്‍ അവകാശപ്പെട്ടേക്കാം; പക്ഷേ, ആരായിരുന്നു ഈ 10 കോടി ജനങ്ങള്‍? ഞെട്ടിക്കുന്നു എന്ന് പറയട്ടെ, ഈ 10 കോടി ജനങ്ങളും ജനിച്ചിട്ടു പോലുമില്ലാത്തവരായിരുന്നു, എന്നിട്ടും പലരും തങ്ങളുടെ വിധവകളും ഭിന്നശേഷിയുള്ളവരുമാണെന്നും വ്യാജമായി തിരിച്ചറിയുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തു. അത്തരം സ്ത്രീകള്‍ പ്രായമാകുമ്പോള്‍ പലപ്പോഴും വികലാംഗരാകുകയും അങ്ങനെ സര്‍ക്കാര്‍ പദ്ധതികളുടെ തെറ്റായ ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന 100 ദശലക്ഷം ബിനാമി പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞ പുണ്യ ദൗത്യമാണിത്. നമ്മള്‍ പിടിച്ചെടുത്ത അഴിമതിക്കാരുടെ സ്വത്ത് മുമ്പത്തേക്കാള്‍ 20 മടങ്ങ് കൂടുതലാണ്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊള്ളയടിച്ച ശേഷമാണ് ഇവര്‍ ഒളിവില്‍ പോയത്. ഞങ്ങള്‍ 20 മടങ്ങ് കൂടുതല്‍ സ്വത്ത് കണ്ടുകെട്ടി, അതിനാല്‍ ആളുകള്‍ക്ക് എന്നോടുള്ള നീരസം വളരെ സ്വാഭാവികമാണ്. എന്നാല്‍ അഴിമതിക്കെതിരായ ഈ പോരാട്ടം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. നമ്മുടെ തെറ്റായ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ കാരണം ക്യാമറക്കണ്ണില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പോലും അത് പിന്നീട് കുടുങ്ങിപ്പോകുമായിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഞങ്ങള്‍ ഇപ്പോള്‍ കോടതിയില്‍ നിരവധി കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്, ജാമ്യം ലഭിക്കുന്നത് എളുപ്പമല്ല. അഴിമതിക്കെതിരെ ആത്മാര്‍ത്ഥമായും സത്യസന്ധമായും പോരാടുന്നതിനാല്‍, അത്തരമൊരു ഉറച്ച സംവിധാനം കെട്ടിപ്പടുത്തുകൊണ്ട് ഞങ്ങള്‍ പുരോഗമിക്കുന്നു.
ഇന്ന് സ്വജനപക്ഷപാതവും പ്രീണനവും രാജ്യത്തിന് വലിയ ദുരന്തമാണ് സമ്മാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ജനാധിപത്യത്തില്‍ ഇതെങ്ങനെ സംഭവിക്കും, ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഞാൻ 'രാഷ്ട്രീയ പാര്‍ട്ടി'ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് എന്റെ രാജ്യത്തെ ജനാധിപത്യത്തില്‍ ഇത്തരമൊരു വികലത കൊണ്ടുവന്നത്. അതിന് ഒരിക്കലും ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവില്ല. എന്താണ് ആ രോഗം: കുടുംബ രാഷ്ട്രീയം. പിന്നെ അവരുടെ മന്ത്രം എന്താണ്? കുടുംബത്തിന്റെ പാര്‍ട്ടി, കുടുംബത്താലും കുടുംബത്തിനായും . തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി കുടുംബത്തിന്റേതാണ്, കുടുംബത്തിലൂടെയും കുടുംബത്തിന് വേണ്ടിയും സ്വജനപക്ഷപാതവും കക്ഷിരാഷ്ട്രീയവും നമ്മുടെ കഴിവുറ്റ സംഘത്തിന്റെ ശത്രുക്കളാണ് എന്നതാണ് അവരുടെ ജീവിതമന്ത്രം. ഈ കക്ഷികള്‍ കഴിവുകള്‍ നിഷേധിക്കുകയും അവരുടെ കഴിവുകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനാല്‍, ഈ രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് സ്വജനപക്ഷപാതത്തില്‍ നിന്ന് നാം സ്വയം മോചിതരാകണം. സര്‍വജന്‍ ഹിതായ സര്‍വജന്‍ സുഖേ! എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. അതുകൊണ്ട് തന്നെ സാമൂഹിക നീതി പുനഃസ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രീണനമാണ് സാമൂഹിക നീതിക്ക് ഏറ്റവും വലിയ ദോഷം ചെയ്തിരിക്കുന്നത്. ആരെങ്കിലും സാമൂഹ്യനീതി നശിപ്പിച്ചെങ്കില്‍, ഈ പ്രീണന ചിന്ത, പ്രീണന രാഷ്ട്രീയം. പ്രീണനത്തിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ തീര്‍ച്ചയായും സാമൂഹിക നീതിയെ ഹനിച്ചു. അതുകൊണ്ടാണ് പ്രീണനവും അഴിമതിയുമാണ് വികസനത്തിന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് നാം തിരിച്ചറിയുന്നത്. രാജ്യം വികസനം ആഗ്രഹിക്കുന്നുവെങ്കില്‍, വികസിത ഇന്ത്യ എന്ന 2047 എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെങ്കില്‍, ഏത് സാഹചര്യത്തിലും രാജ്യത്ത് അഴിമതി പൊറുക്കാന്‍ നാം വിസമ്മതിക്കേണ്ടതുണ്ട്. ഈ മാനസികാവസ്ഥയില്‍ നാം മുന്നോട്ട് പോകണം.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
നമുക്കെല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ ജീവിച്ച രീതിയില്‍ ജീവിക്കാന്‍ നമ്മുടെ വരും തലമുറയെ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണ്. നമ്മുടെ ഭാവി തലമുറയ്ക്ക് സമ്പന്നവും സന്തുലിതവുമായ ഒരു രാഷ്ട്രം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഭാവി തലമുറകള്‍ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടാതിരിക്കാന്‍, സാമൂഹിക നീതിയില്‍ മുങ്ങിക്കുളിച്ച ഒരു രാജ്യം നല്‍കാനാണ് നാം ലക്ഷ്യമിടുന്നത്. ഇത് നമ്മുടെ എല്ലാവരുടെയും കടമയാണ്, ഓരോ പൗരന്റെയും കടമയാണ്, ഈ യുഗം - അമൃതകാലം കര്‍ത്തവ്യ കാലമാണ് - കടമയുടെ ഒരു യുഗം. നമ്മുടെ ഉത്തരവാദിത്തങ്ങളില്‍ നമുക്ക് പിന്നിലാകാന്‍ കഴിയില്ല; മഹാത്മാഗാന്ധി സ്വപ്നം കണ്ട ഇന്ത്യ, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍, നമ്മുടെ ധീര രക്തസാക്ഷികള്‍, മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ ധീര വനിതകള്‍ സ്വപ്നം കണ്ട ഇന്ത്യ, നമ്മള്‍ കെട്ടിപ്പടുക്കണം.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
2014ല്‍ വന്നപ്പോള്‍ ഞാന്‍ മാറ്റം കൊണ്ടുവരുമെന്ന് നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. എന്റെ കുടുംബത്തിലെ 140 കോടി അംഗങ്ങളും എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ആ വിശ്വാസം നിറവേറ്റാന്‍ ഞാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു. പരിഷ്‌കാരം, പ്രകടനം, പരിവര്‍ത്തനം എന്ന വാഗ്ദാനം വിശ്വാസമായി മാറി, കാരണം ഞാന്‍ മാറ്റം വാഗ്ദാനം ചെയ്തു. പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം എന്നിവയിലൂടെ ഞാന്‍ ഈ വാഗ്ദാനത്തെ വിശ്വാസമാക്കി മാറ്റി. ഞാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചു, അഭിമാനത്തോടെ പ്രവര്‍ത്തിച്ചു, 'രാഷ്ട്രമാദ്യം ' എന്ന മനോഭാവത്തോടെയാണ് ഞാന്‍ അത് ചെയ്തത്. എന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി, 2019-ല്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ എന്നെ അനുഗ്രഹിച്ചു, മാറ്റത്തിന്റെ വാഗ്ദാനമാണ് എന്നെ ഇവിടെ എത്തിച്ചത്. അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും. 2047 എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ് ഇനിയുള്ള അഞ്ച് വര്‍ഷം. അടുത്ത തവണ, ഓഗസ്റ്റ് 15ന്, ഈ ചെങ്കോട്ടയില്‍ നിന്ന്, രാജ്യത്തിന്റെ നേട്ടങ്ങളും, നിങ്ങളുടെ കഴിവുകളും, നിങ്ങള്‍ കൈവരിച്ച പുരോഗതിയും ഞാന്‍ നിങ്ങള്‍ക്ക് അവതരിപ്പിക്കും, അതിലും വലിയ ആത്മവിശ്വാസത്തോടെ നേടിയ വിജയങ്ങളും അവതരിപ്പിക്കും.
എന്റെ പ്രിയപ്പെട്ടവരെ,
ഞാന്‍ നിങ്ങളുടെ ഇടയില്‍ നിന്നാണു വരുന്നത്, നിങ്ങളിൽ നിന്നാണ് , ഞാന്‍ നിങ്ങള്‍ക്കായി ജീവിക്കുന്നു. ഞാന്‍ ഒരു സ്വപ്നം കാണുന്നുവെങ്കില്‍, അത് നിങ്ങള്‍ക്കുള്ളതാണ്. ഞാന്‍ വിയര്‍ക്കുന്നുവെങ്കില്‍, അത് നിങ്ങള്‍ക്കുള്ളതാണ്. ഈ ഉത്തരവാദിത്തം നിങ്ങള്‍ എന്നെ ഏല്‍പ്പിച്ചതുകൊണ്ടല്ല, മറിച്ച് നിങ്ങള്‍ എന്റെ കുടുംബമാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, നിങ്ങളുടെ സങ്കടങ്ങള്‍ക്കൊന്നും സാക്ഷ്യം വഹിക്കാന്‍ എനിക്ക് കഴിയില്ല, നിങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ന്നത് കാണാന്‍ എനിക്ക് കഴിയില്ല. നിങ്ങളുടെ തീരുമാനങ്ങള്‍ നിറവേറ്റാനും, ഒരു കൂട്ടാളിയായി നില്‍ക്കാനും, നിങ്ങളെ സേവിക്കാനും, നിങ്ങളുമായി ബന്ധപ്പെടാനും, നിങ്ങളോടൊപ്പം ജീവിക്കാനും, നിങ്ങള്‍ക്കുവേണ്ടി പോരാടാനും ഞാന്‍ ഇവിടെയുണ്ട്. നിശ്ചയദാര്‍ഢ്യത്തോടെ ഈ യാത്ര ആരംഭിച്ച വ്യക്തിയാണ് ഞാന്‍, സ്വാതന്ത്ര്യത്തിനായി നമ്മുടെ പൂര്‍വികര്‍ നടത്തിയ പോരാട്ടങ്ങളും അവര്‍ കണ്ട സ്വപ്നങ്ങളും ഇന്ന് നമ്മോടൊപ്പമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ത്യാഗം സഹിച്ചവരുടെ അനുഗ്രഹം നമുക്കൊപ്പമുണ്ട്. നമ്മുടെ രാജ്യത്തെ 140 കോടി പൗരന്മാര്‍ക്ക് ഒരു അവസരം വന്നിരിക്കുന്നു, ഈ അവസരം നമുക്ക് വലിയ സാധ്യതകളും ശക്തിയും നല്‍കി.
അതിനാല്‍, എന്റെ പ്രിയപ്പെട്ടവരെ,
ഇന്ന്, 'അമൃത കാല'ത്തിന്റെ ആദ്യ വര്‍ഷത്തില്‍, ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു -
കാലചക്രം കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍,
അമൃതകാലത്തിന്റെ സദാ കറങ്ങുന്ന ചക്രം കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍,
എല്ലാവരുടെയും സ്വപ്നങ്ങള്‍ തന്നെയാണ് എന്റെയും സ്വപ്നങ്ങള്‍,
എല്ലാ സ്വപ്നങ്ങളെയും പരിപോഷിപ്പിച്ച്, സ്ഥിരതയോടെ, ധീരമായി മുന്നേറുന്നു, നമ്മുടെ യുവത്വം,
ശരിയായ തത്വങ്ങളോടെ, ഒരു പുതിയ വഴി രൂപപ്പെടുത്തുക, ശരിയായ വേഗത ക്രമീകരിക്കുക, ഒരു പുതിയ പാത,
വെല്ലുവിളികളെ അചഞ്ചലമായ ധൈര്യത്തോടെ സ്വീകരിക്കുക, രാഷ്ട്രത്തിന്റെ പേര് ലോകത്ത് ഉയര്‍ത്തുക.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഇന്ത്യയുടെ എല്ലാ കോണുകളിലുമുള്ള എന്റെ കുടുംബാംഗങ്ങള്‍, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള എന്റെ കുടുംബാംഗങ്ങള്‍, സ്വാതന്ത്ര്യദിനത്തിന്റെ ഐശ്വര്യപൂര്‍ണ്ണമായ ഉത്സവത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍ നേരുന്നു! ഈ അമൃതകാലം നമുക്കെല്ലാവര്‍ക്കും കടമയുടെ സമയമാണ്. ഈ അമൃതകാലം നമ്മള്‍ ഓരോരുത്തരും ഭാരതമാതാവിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള കാലഘട്ടമാണ്. സ്വാതന്ത്ര്യസമരകാലത്ത് 1947-ന് മുമ്പ് ജനിച്ച തലമുറയ്ക്ക് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. രാജ്യത്തിന് വേണ്ടി മരിക്കാനുള്ള ഒരു അവസരവും അവര്‍ അവശേഷിപ്പിച്ചില്ല. പക്ഷേ, രാജ്യത്തിന് വേണ്ടി മരിക്കാനുള്ള അവസരം നമുക്കില്ല. പക്ഷേ, രാജ്യത്തിനുവേണ്ടി ജീവിക്കാന്‍ ഇതിലും വലിയൊരു അവസരം നമുക്കുണ്ടാകില്ല! ഓരോ നിമിഷവും നാം രാജ്യത്തിനായി ജീവിക്കണം, ഈ പ്രമേയത്തിലൂടെ 140 കോടി രാജ്യക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പുതിയ ദൃഢനിശ്ചയം ഈ 'അമൃത് കാലത്തു' നാം രൂപപ്പെടുത്തേണ്ടതുണ്ട്. 140 കോടി രാജ്യവാസികളുടെ ദൃഢനിശ്ചയം പൂര്‍ത്തീകരിക്കേണ്ടതുണ്ട്, 2047ല്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍ ലോകം വികസിത ഇന്ത്യയെ വാഴ്ത്തും. ഈ വിശ്വാസത്തോടെ, ഈ ദൃഢനിശ്ചയത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!
ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ് ഹിന്ദ്!
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്!
വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം!
വളരെ നന്ദി!
NS
(Release ID: 1949208)
Visitor Counter : 342
Read this release in:
Nepali
,
Marathi
,
Hindi
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada
,
Manipuri
,
Assamese
,
Odia
,
English
,
Urdu
,
Bengali