പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജൂലൈ 27നും 28നും രാജസ്ഥാനും ഗുജറാത്തും സന്ദർശിക്കും



കർഷകർക്ക് പ്രയോജനപ്പെടുന്ന സുപ്രധാന നീക്കത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ഒരു ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ രാജ്യത്തിന് സമർപ്പിക്കും

സൾഫർ പൂശിയ യൂറിയ 'യൂറിയ ഗോൾഡ്' പ്രധാനമന്ത്രി പുറത്തിറക്കും; ഇത് വേപ്പു പൂശിയ യൂറിയയേക്കാൾ ലാഭകരവും കാര്യക്ഷമവുമാകും

പിഎം-കിസാൻ പദ്ധതിയുടെ പതിനാലാം ഗഡുവായ 17,000 കോടി രൂപ സീക്കറിൽ പ്രധാനമന്ത്രി വിതരണം ചെയ്യും

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1500 കാർഷികോൽപ്പാദന സംഘടനകളുടെ ഉൾപ്പെടുത്തൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജസ്ഥാനിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഏഴ് മെഡിക്കൽ കോളേജുകൾക്ക് തറക്കല്ലിടും; ഇതിലൂടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വലിയ വിപുലീകരണത്തിന് രാജസ്ഥാൻ സാക്ഷ്യം വഹിക്കും

രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; രാജ്‌കോട്ടിൽ 860 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗറിൽ 'സെമിക്കോൺ ഇന്ത്യ 2023' പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യും



Posted On: 25 JUL 2023 1:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 27, 28 തീയതികളിൽ രാജസ്ഥാനും ഗുജറാത്തും സന്ദർശിക്കും.

ജൂലൈ 27ന് രാവിലെ 11.15ന് രാജസ്ഥാനിലെ സീക്കറിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും  രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. തുടർന്ന് ഉച്ചകഴിഞ്ഞ് 3:15ന് അദ്ദേഹം ഗുജറാത്തിലെ രാജ്‌കോട്ടിൽ എത്തിച്ചേരും. രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളം അദ്ദേഹം സന്ദർശിക്കും. അതിനുശേഷം, വൈകുന്നേരം 4:15 ന് രാജ്‌കോട്ടിലെ റേസ് കോഴ്‌സ് മൈതാനത്ത് പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ജൂലൈ 28-ന് രാവിലെ 10.30-ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി 'സെമിക്കോൺ ഇന്ത്യ 2023' ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി സീക്കറിൽ

കർഷകർക്ക് പ്രയോജനപ്പെടുന്ന സുപ്രധാന നീക്കത്തിന്റെ ഭാഗമായി, ഒരു ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും ഒരിടത്തുതന്നെ പ്രതിവിധി ലഭ്യമാക്കുന്നതിനാണ് പിഎംകെഎസ്‌കെ വികസിപ്പിക്കുന്നത്.  കാർഷിക സാമഗ്രികൾ (വളം, വിത്തുകൾ, ഉപകരണങ്ങൾ) മുതൽ മണ്ണ്, വിത്ത്, വളം എന്നിവയുടെ പരിശോധനാ സൗകര്യങ്ങൾ വരെ, വിവിധ ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വരെ, രാജ്യത്തെ കർഷകർക്ക് വിശ്വസനീയമായ പിന്തുണാ സംവിധാനമായാണ് പിഎംകെഎസ്‌കെ വിഭാവനം ചെയ്യുന്നത്. ബ്ലോക്ക്/ജില്ലാതല ഔട്ട്‌ലെറ്റുകളിൽ രാസവളം ചില്ലറ വിൽപ്പനക്കാരുടെ പതിവുശേഷി വർധനയും അവ ഉറപ്പാക്കും.

സൾഫർ പൂശിയ യൂറിയയുടെ പുതിയ ഇനമായ യൂറിയ ഗോൾഡ് പ്രധാനമന്ത്രി പുറത്തിറക്കും. സൾഫർ പൂശിയ യൂറിയയുടെ വരവ് മണ്ണിലെ സൾഫറിന്റെ കുറവ് പരിഹരിക്കും. ഈ നൂതന വളം വേപ്പ് പൂശിയ യൂറിയയേക്കാൾ ലാഭകരവും കാര്യക്ഷമവുമാണ്. സസ്യങ്ങളിലെ നൈട്രജൻ ഉപയോഗം ഇതു കാര്യക്ഷമമാക്കും. രാസവളത്തിന്റെ ഉപഭോഗം കുറയ്ക്കും. വിളയുടെ ഗുണനിലവാരം വർധിപ്പിക്കും.

പരിപാടിയിൽ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1500 കാർഷികോൽപ്പാദന സംഘടനകളുടെ (എഫ്‌പിഒ) ഉൾപ്പെടുത്തൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ മാർക്കറ്റിങ്, ഓൺലൈൻ പണമിടപാട്, ബിസിനസ്-ടു-ബിസിനസ് (B2B), ബിസിനസ്-ടു-കൺസ്യൂമർ  ഇടപാടുകൾ എന്നിവയിലേക്ക് നേരിട്ട് പ്രവേശനം നൽകി ഒഎൻഡിസി എഫ്‌പിഒകളെ ശാക്തീകരിക്കുന്നു. കൂടാതെ ഗ്രാമീണ മേഖലയിലെ ലോജിസ്റ്റിക്‌സിന്റെ വളർച്ചയ്ക്ക് ഉത്തേജനം നൽകി പ്രാദേശിക മൂല്യവർധന പ്രോത്സാഹിപ്പിക്കുന്നു.

കർഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ ഉദാഹരണമായി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് (പിഎം-കിസാൻ) കീഴിലുള്ള  14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടിയിലധികം ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ അനുവദിക്കും.

ചിറ്റോർഗഢ്, ധോൽപുർ, സിരോഹി, സീക്കർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബാരൻ, ബുണ്ടി, കരൗലി, ഝുൻഝുനു, സവായ് മധോപുർ, ജയ്‌സാൽമർ, ടോങ്ക് എന്നിവിടങ്ങളിൽ ഏഴ് മെഡിക്കൽ കോളേജുകൾക്ക് തറക്കല്ലിടുകയും ചെയ്യും. ഇതിലൂടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വലിയ വിപുലീകരണത്തിന് രാജസ്ഥാൻ സാക്ഷ്യം വഹിക്കും.

"നിലവിലുള്ള ജില്ലാ/ റഫറൽ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള" കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അഞ്ച് മെഡിക്കൽ കോളേജുകൾ 1400 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ചവയാണ്. തറക്കല്ലിടുന്ന ഏഴ് മെഡിക്കൽ കോളേജുകൾ 2275 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്.

2014 വരെ 10 മെഡിക്കൽ കോളേജുകൾ മാത്രമാണ് രാജസ്ഥാനിൽ ഉണ്ടായിരുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ പരിശ്രമ ഫലമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 250% വർധിച്ച് 35 ആയി ഉയർന്നു. ഈ 12 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2013-14 ലെ 1750ൽ നിന്ന് 258% വർധിപ്പിച്ച് 6275 ആയി ഉയർത്തും.

കൂടാതെ, ഉദയ്പുർ, ബാൻസ്വാര, പ്രതാപ്ഗഢ്, ദുംഗാർപുർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ആറ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ജോധ്പുർ തിവ്‌രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി രാജ്‌കോട്ടിൽ

രാജ്യത്തുടനീളമുള്ള വ്യോമഗതാഗതം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് രാജ്‌കോട്ടിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം വഴിയൊരുക്കും. 1400 കോടിയിലധികം രൂപ ചെലവഴിച്ച് 2500 ഏക്കറിലധികം വിസ്തൃതിയിലാണ് ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും സുസ്ഥിര സവിശേഷതകളും സമന്വയിപ്പിച്ചാണു പുതിയ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. GRIHA -4 കംപ്ലയിന്റാണ് (ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസെസ്‌മെന്റിനുള്ള ഗ്രീൻ റേറ്റിംഗ്) ടെർമിനൽ കെട്ടിടം. പുതിയ ടെർമിനൽ കെട്ടിടത്തിൽ (NITB) ഡബിൾ ഇൻസുലേറ്റഡ് റൂഫിങ് സിസ്റ്റം, സ്കൈലൈറ്റുകൾ, എൽഇഡി ലൈറ്റിങ്, ലോ ഹീറ്റ് ഗെയിൻ ഗ്ലേസിംഗ് തുടങ്ങിയ വിവിധ സുസ്ഥിര സവിശേഷതകൾ സജ്ജീകരിച്ചിട്ടുണ്ട്.

രാജ്‌കോട്ടിന്റെ സാംസ്‌കാരിക ചൈതന്യം വിമാനത്താവള ടെർമിനലിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായി. ലിപ്പൻ ആർട്ട് മുതൽ ദാണ്ഡിയ നൃത്തം വരെയുള്ള കലാരൂപങ്ങളെ അതിന്റെ ചലനാത്മകമായ ബാഹ്യ മുഖത്തിലൂടെയും ഗംഭീരമായ ഇന്റീരിയറുകളിലൂടെയും ഇതു ചിത്രീകരിക്കും. പ്രാദേശിക വാസ്തുവിദ്യാ പൈതൃകത്തിന്റെ പ്രതീകമായ ഈ വിമാനത്താവളം, ഗുജറാത്തിലെ കത്തിയവാർ പ്രദേശത്തെ കലയുടെയും നൃത്തരൂപങ്ങളുടെയും സാംസ്കാരിക മഹത്വം പ്രതിഫലിപ്പിക്കും. രാജ്‌കോട്ടിലെ പുതിയ വിമാനത്താവളം രാജ്‌കോട്ടിലെ പ്രാദേശിക ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വികസനത്തിന് മാത്രമല്ല, ഗുജറാത്തിലുടനീളം വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യാവസായികം എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

860 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. സൗനി യോജന ലിങ്ക് 3 പാക്കേജ് 8ഉം 9ഉം ജലസേചന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൗരാഷ്ട്ര മേഖലയ്ക്ക് കുടിവെള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കും. ദ്വാരക RWSS നവീകരിക്കുന്നത് പൈപ്പ്‌ലൈൻ വഴി ഗ്രാമങ്ങളിൽ മതിയായ കുടിവെള്ളം ലഭ്യമാക്കാൻ സഹായിക്കും. ഉപർകോട്ട് കോട്ട I & II ന്റെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം; മലിനജല സംസ്കരണ പ്ലാന്റ്; മേൽപ്പാലം തുടങ്ങിയവയാണ് മറ്റു പദ്ധതികൾ.

പ്രധാനമന്ത്രി ഗാന്ധിനഗറിൽ

ജൂലൈ 28ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി 'സെമിക്കോൺ ഇന്ത്യ 2023' ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും. 'ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുക' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ആഗോളതലത്തിൽ മുൻനിരയിലുള്ള വ്യവസായ-വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഇത് ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും വെളിവാക്കുന്നു. ഇന്ത്യയെ സെമികണ്ടക്ടർ രൂപകൽപ്പന, നിർമാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനും ഇതു സഹായിക്കും. മൈക്രോൺ ടെക്‌നോളജി, അപ്ലൈഡ് മെറ്റീരിയൽസ്, ഫോക്‌സ്‌കോൺ, സെമി, കാഡൻസ്, എഎംഡി തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തിന് 'സെമിക്കോൺഇന്ത്യ 2023' സാക്ഷ്യം വഹിക്കും.

--ND--



(Release ID: 1942424) Visitor Counter : 135