പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
07 JUL 2023 6:27PM by PIB Thiruvananthpuram
ശ്രീ ഹരി. വസുദേവ സുതം ദേവം, കംസ ചാണൂരമര്‍ദനം.
ദേവകീ പരമാനന്ദം, കൃഷ്ണം വന്ദേ ജഗദ്ഗുരും?
ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഗീതാ പ്രസ്സിലെ ശ്രീ കേശോറാം അഗര്‍വാള്‍ ജി, ശ്രീ വിഷ്ണു പ്രസാദ് ജി, പാര്‍ലമെന്റ് അംഗം രവി കിഷന്‍ ജി, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളെ, മഹാന്‍മാരെ!
സാവന്റെ പുണ്യമാസം, ഇന്ദ്രന്റെ അനുഗ്രഹം, ശിവന്റെ അവതാരമായ ഗുരു ഗോരഖ്നാഥിന്റെ വാസസ്ഥലം, നിരവധി സന്യാസിമാരുടെ നാട്-ഇതാണ് ഗീതാ പ്രസ്സ്, ഗോരഖ്പൂര്‍! വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രകടമാകുമ്പോള്‍, അത്തരം സന്തോഷകരമായ സന്ദര്‍ഭങ്ങള്‍ നാം അനുഭവിക്കുന്നു. 'വികാസ് ഭി, വിരാസത് ഭി' (വികസനവും പൈതൃകവും) എന്ന നയത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് ഇത്തവണത്തെ എന്റെ ഗൊരഖ്പൂര്‍ സന്ദര്‍ശനം. ശിവപുരാണത്തിന്റെ ചിത്രീകരണം, നേപ്പാളി ഭാഷയിലുള്ള ശിവപുരാണം എന്നിവ പ്രകാശനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഗീതാ പ്രസ്സിന്റെ ഈ പരിപാടിക്ക് ശേഷം ഞാന്‍ ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കും.
ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. അതിന്റെ ചിത്രങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതു മുതല്‍ ആളുകളെ അത് അത്ഭുതപ്പെടുത്തി. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇത്തരമൊരു രൂപമാറ്റം ഉണ്ടാകുമെന്ന് ജനങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതേ പരിപാടിയില്‍ ഞാന്‍ ഗോരഖ്പൂരില്‍ നിന്ന് ലഖ്നൗവിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അതേ സമയം ജോധ്പൂരിനും അഹമ്മദാബാദിനും ഇടയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസും ഫ്‌ളാഗ് ഓഫ് ചെയ്യും. വന്ദേ ഭാരത് ട്രെയിന്‍ നമ്മുടെ രാജ്യത്തെ മധ്യവര്‍ഗ ജനങ്ങള്‍ക്ക് സുഖവും സൗകര്യവുമുള്ള ഒരു പുതിയ യാത്രാസാധ്യത വാഗ്ദാനം ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ നിയോജക മണ്ഡലങ്ങളില്‍ ഒരു പ്രത്യേക തീവണ്ടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജ്യത്തുടനീളമുള്ള നേതാക്കള്‍ അവരുടെ മണ്ഡലങ്ങളില്‍ വന്ദേ ഭാരത് ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എനിക്ക് കത്തെഴുതുന്നു. വന്ദേ ഭാരത് ഒരു ആവേശമായി മാറിയിരിക്കുന്നു. ഈ പരിപാടികളെല്ലാം സംഘടിപ്പിച്ചതിന് ഗോരഖ്പൂരിലെ ജനങ്ങള്‍ക്കും നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളെ,
ഗീതാ പ്രസ്സ് ലോകത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു പ്രിന്റിംഗ് പ്രസ്സാണ്, അത് ഒരു സ്ഥാപനം മാത്രമല്ല, ജീവനുള്ള വിശ്വാസവുമാണ്. ഗീതാ പ്രസിന്റെ ഓഫീസ് ലക്ഷക്കണക്കിന് ആളുകളുടെ ഒരു ക്ഷേത്രത്തില്‍ കുറഞ്ഞ ഒന്നല്ല. ഭഗവദ് ഗീതയുടെ സാരാംശം അതിന്റെ പേരിലും കൃതിയിലും ഉള്‍ക്കൊള്ളുന്നു. ഗീത എവിടെയുണ്ടോ അവിടെ കൃഷ്ണന്‍ വ്യക്തിപരമായി ഉണ്ട്. കൃഷ്ണനുള്ളിടത്ത് അനുകമ്പയും പ്രവര്‍ത്തനവും ഉണ്ട്. അറിവിന്റെ ഉണര്‍വും ശാസ്ത്ര ഗവേഷണവുമുണ്ട്. കാരണം, ഗീതാ വാക്യം പറയുന്നു, 'വസുദേവഃ സര്‍വം' - എല്ലാം വാസുദേവന്‍ (കൃഷ്ണന്‍). എല്ലാം വാസുദേവനില്‍ നിന്നാണ്, എല്ലാം വസുദേവിനുള്ളില്‍ നിലനില്‍ക്കുന്നു.
സഹോദരീ സഹോദരന്മാരേ,
1923-ല്‍ ഗീതാ പ്രസ്സിന്റെ രൂപത്തില്‍ ഇവിടെ ജ്വലിച്ച ആത്മീയ വെളിച്ചം, ഇന്ന് അതിന്റെ പ്രഭയിലൂടെ മനുഷ്യരാശിയെ മുഴുവന്‍ നയിക്കുന്നു. ഈ മാനുഷിക ദൗത്യത്തിന്റെ ശതാബ്ദി ആഘോഷത്തിനു സാക്ഷികളാകാന്‍ ഭാഗ്യം സിദ്ധിച്ചവരാണു നാം. ഈ ചരിത്ര സന്ദര്‍ഭത്തില്‍ നമ്മുടെ ഗവണ്‍മെന്റ് ഗീതാ പ്രസ്സിനെ ഗാന്ധി സമാധാന സമ്മാനം നല്‍കി ആദരിച്ചിട്ടുണ്ട്. ഗീതാ പ്രസ്സുമായി ഗാന്ധിജിക്ക് ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടായിരുന്നു. ഒരു കാലത്ത് ഗാന്ധിജി കല്യാണ്‍ പത്രികയിലൂടെ ഗീതാ പ്രസ്സില്‍ എഴുതുമായിരുന്നു. കല്യാണ്‍ പത്രികയില്‍ പരസ്യങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത് ഗാന്ധിജിയാണെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഇന്നും കല്യാണ്‍ പത്രിക ഗാന്ധിജിയുടെ ഉപദേശം വിശ്വസ്തതയോടെ പിന്തുടരുന്നു. ഇപ്പോള്‍ ഗീതാ പ്രസിന് ഈ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഗീതാ പ്രസ്സിന് രാജ്യം നല്‍കുന്ന ബഹുമതിയും ഒപ്പം അതിന്റെ സംഭാവനകള്‍ക്കുള്ള അംഗീകാരവും അതിന്റെ 100 വര്‍ഷത്തെ പൈതൃകത്തിനുള്ള ആദരവും ഒക്കെയാണ് ഇത്. ഈ 100 വര്‍ഷത്തിനിടയില്‍ ഗീതാ പ്രസ്സ് കോടിക്കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ചിലരുടെ കണക്കുകള്‍ പ്രകാരം 70 കോടി, മറ്റു ചിലരുടെ കണക്കില്‍ 80 കോടി, വേറെ ചിലരുടെ കണക്കില്‍ 90 കോടി! ഈ എണ്ണം ആരെയും അത്ഭുതപ്പെടുത്തും. ഈ പുസ്തകങ്ങള്‍ അവയുടെ മൂല്യത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും എല്ലാ വീട്ടിലും എത്തുകയും ചെയ്യുന്നു. ഈ വിജ്ഞാന പ്രവാഹത്തിലൂടെ എത്രപേര്‍ ആത്മീയവും ബൗദ്ധികവുമായ സംതൃപ്തി കണ്ടെത്തിയിരിക്കുമെന്നും അത് സമൂഹത്തിന് വേണ്ടി അര്‍പ്പണബോധമുള്ള നിരവധി പൗരന്മാരെ എങ്ങനെ രൂപപ്പെടുത്തിയിരിക്കുമെന്നും നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. യാതൊരു പ്രചരണവും കൂടാതെ ഈ ഉദ്യമത്തെ നിസ്വാര്‍ത്ഥമായി പിന്തുണച്ച വ്യക്തികളെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ അവസരത്തില്‍ സേത് ജയദയാല്‍ ഗോയങ്ക, ഭായിജി ഹനുമാന്‍ പ്രസാദ് പോദ്ദാര്‍ തുടങ്ങിയ പ്രമുഖരോടുള്ള ആദരവും ഞാന്‍ അറിയിക്കുന്നു.
സുഹൃത്തുക്കളെ,
ഗീതാ പ്രസ്സ് പോലെയുള്ള ഒരു സ്ഥാപനം കേവലം മതവും കര്‍മവുമായി ബന്ധപ്പെട്ടതല്ല; മറിച്ചു ദേശീയതയുടെ സ്വഭാവം പുലര്‍ത്തുന്നു. ഗീതാ പ്രസ്സ് ഇന്ത്യയെ ബന്ധിപ്പിക്കുന്നു, ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്തുന്നു. രാജ്യത്തുടനീളം ഇതിന് 20 ശാഖകളുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും റെയില്‍വേ സ്റ്റേഷനുകളില്‍ ഗീത പ്രസ് സ്റ്റാളുകള്‍ നമുക്ക് കാണാം. 15 വ്യത്യസ്ത ഭാഷകളിലായി ഏകദേശം 1600 പ്രസിദ്ധീകരണങ്ങള്‍ പ്രസ്സ് പ്രസിദ്ധീകരിക്കുന്നു. ഗീത പ്രസ്സ് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ വിവിധ ഭാഷകളില്‍ പ്രചരിപ്പിക്കുന്നു, ജനങ്ങളിലേക്കെത്തിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ഗീതാ പ്രസ്സ് 'ഏകം ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു.
സുഹൃത്തുക്കളെ,
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഗീത പ്രസ്സ് 100 വര്‍ഷം പിന്നിട്ടത്. അത്തരം സമന്വയങ്ങള്‍ കേവലം യാദൃശ്ചികമല്ല. 1947നു മുമ്പ് ഇന്ത്യ നവോത്ഥാനത്തിനായി വിവിധ മേഖലകളില്‍ നിരന്തര പരിശ്രമം നടത്തിയിരുന്നു. ഇന്ത്യയുടെ ആത്മാവിനെ ഉണര്‍ത്താന്‍ വിവിധ സംഘടനകള്‍ രൂപപ്പെട്ടു. ഇതിന്റെ ഫലമായി 1947 ആയപ്പോഴേക്കും മാനസികവും മനശ്ശാസ്ത്രപരവുമായ അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ ഇന്ത്യ സമ്പൂര്‍ണമായി തയ്യാറായി. ഗീതാ പ്രസ്സ് ഇതില്‍ കാര്യമായ പങ്കുവഹിച്ചു. നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ്, നൂറ്റാണ്ടുകള്‍ നീണ്ട കീഴടങ്ങല്‍ ഇന്ത്യയുടെ ബോധത്തെ മറച്ചിരുന്നു. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും വിദേശ ആക്രമണകാരികള്‍ നമ്മുടെ ഗ്രന്ഥാലയങ്ങള്‍ കത്തിച്ചിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. ബ്രിട്ടീഷുകാരുടെ കാലത്ത് ഗുരുകുലങ്ങളും ഗുരുപാരമ്പര്യവും ഏതാണ്ട് നശിപ്പിക്കപ്പെട്ടു. അത്തരം സാഹചര്യങ്ങളില്‍, അറിവും പൈതൃകവും വംശനാശത്തിന്റെ വക്കിലെത്തുക എന്നത് സ്വാഭാവികമായിരുന്നു. നമ്മുടെ ആദരണീയമായ ഗ്രന്ഥങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. ഇന്ത്യയിലുണ്ടായിരുന്ന അച്ചടിശാലകളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ ഉയര്‍ന്ന വില കാരണം സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഗീതയും രാമായണവും ഇല്ലെങ്കില്‍ നമ്മുടെ സമൂഹം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് സങ്കല്‍പ്പിക്കുക? മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും സ്രോതസ്സുകള്‍ വറ്റിവരളുമ്പോള്‍ സമൂഹത്തിന്റെ ഒഴുക്ക് താനേ നിശ്ചലമാകും. എന്നിരുന്നാലും സുഹൃത്തുക്കളേ, നമ്മള്‍ ഒരു കാര്യം ഓര്‍ക്കണം. കാലാതീതമായ ഇന്ത്യയുടെ യാത്രയില്‍, നാം പരിഷ്‌കൃതരാവുകയും മെച്ചപ്പെടുകയും ചെയ്ത നിരവധി ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അനീതിയും ഭീകരതയും പല അവസരങ്ങളിലും കൂടുതല്‍ ശക്തി പ്രാപിക്കുകയും പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ സത്യത്തെ മറയ്ക്കുകയും ചെയ്തു. എന്നാല്‍ ആ സമയങ്ങളില്‍, നമ്മുടെ ഏറ്റവും വലിയ വിശ്വാസം ശ്രീമദ് ഭഗവദ് ഗീതയില്‍ നിന്നാണ് വരുന്നത്: യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതം. അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം. അതായത്, മതത്തിന്റെ അധികാരത്തില്‍, സത്യത്തിന്റെ അധികാരത്തില്‍ ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം, ഈശ്വരന്‍ അതിനെ സംരക്ഷിക്കാന്‍ പ്രത്യക്ഷപ്പെടുന്നു. ഗീതയിലെ പത്താം അദ്ധ്യായം ഈശ്വരനു വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുന്നു. ചിലപ്പോള്‍ സന്യാസിമാര്‍ സമൂഹത്തിന് ഒരു പുതിയ ദിശ കാണിച്ചുതരാന്‍ വരുന്നു; ചിലപ്പോള്‍ ഗീതാ പ്രസ്സ് പോലുള്ള സ്ഥാപനങ്ങള്‍ മാനുഷിക മൂല്യങ്ങളും ആദര്‍ശങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ പിറവിയെടുക്കുന്നു. അതുകൊണ്ടാണ് 1923-ല്‍ ഗീതാ പ്രസ്സ് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അത് ഇന്ത്യയില്‍ ബോധത്തിന്റെയും ചിന്തയുടെയും ഒഴുക്ക് ത്വരിതപ്പെടുത്തിയത്. ഗീത ഉള്‍പ്പെടെയുള്ള നമ്മുടെ മതഗ്രന്ഥങ്ങള്‍ ഓരോ വീട്ടിലും വീണ്ടും പ്രതിധ്വനിക്കാന്‍ തുടങ്ങി. ഇന്ത്യയുടെ മനസ്സില്‍ വീണ്ടുമൊരു പ്രക്ഷുബ്ധത അനുഭവപ്പെട്ടു. ഈ പൗരാണിക രേഖകള്‍ കുടുംബ പാരമ്പര്യങ്ങള്‍ക്ക് കാരണമായി; പുതിയ തലമുറകള്‍ നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളുമായി ബന്ധപ്പെടാന്‍ തുടങ്ങി, ഭാവി തലമുറകള്‍ക്കു പ്രഭ ചൊരിയുന്നവരായി.
സുഹൃത്തുക്കളെ,
നിങ്ങളുടെ ലക്ഷ്യങ്ങള്‍ പവിത്രവും മൂല്യങ്ങള്‍ ശുദ്ധവുമാകുമ്പോള്‍ നിങ്ങള്‍ വിജയിക്കുമെന്നതിന്റെ തെളിവാണ് ഗീതാ പ്രസ്സ്. ഗീതാ പ്രസ്സ് സ്ഥിരമായി സാമൂഹിക മൂല്യങ്ങളെ സമ്പന്നമാക്കുകയും ജനങ്ങള്‍ക്ക് കടമയുടെ പാത കാണിച്ചുകൊടുക്കുകയും ചെയ്ത ഒരു സ്ഥാപനമാണ്. ഗംഗയുടെ ശുദ്ധിയോ, യോഗ ശാസ്ത്രമോ, പതഞ്ജലിയുടെ യോഗ സൂത്ര പ്രസിദ്ധീകരണമോ, ഒപ്പം ആയുര്‍വേദവുമായി ബന്ധപ്പെട്ട 'ആരോഗ്യ അങ്ക്', ഭാരതീയ ജീവിതരീതിയായ 'സേവ അങ്ക്' ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള 'ജീവന്‍ചര്യ അങ്ക്' സമൂഹത്തില്‍ സേവനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 'ഡാന്‍ മഹിമ' എന്നീ ഈ ശ്രമങ്ങളുടെയെല്ലാം പിന്നില്‍ രാഷ്ട്രനിര്‍മാണത്തിന്റെ പ്രചോദനം ബന്ധിതമായിരിക്കുന്നു.
സുഹൃത്തുക്കളെ,
സന്യാസിമാരുടെ തപസ്സ് ഒരിക്കലും വ്യര്‍ത്ഥമല്ല; അവരുടെ തീരുമാനങ്ങള്‍ ഒരിക്കലും വ്യര്‍ത്ഥമല്ല. ഈ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്ന് നമ്മുടെ ഇന്ത്യ ഓരോ ദിവസവും വിജയത്തിന്റെ പുതിയ മാനങ്ങള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് സ്വയം മോചിതരാകാനും നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കാനും ഇപ്പോള്‍ സമയമായെന്ന് ഞാന്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് പറഞ്ഞിരുന്നത് നിങ്ങള്‍ ഓര്‍ക്കുമല്ലോ. അതുകൊണ്ടാണ് തുടക്കത്തിലും ഞാന്‍ പറഞ്ഞത്, ഇന്ന് രാജ്യം വികസനത്തിലും പൈതൃകത്തിലും മുന്നേറുകയാണെന്ന്. ഇന്ന്, ഒരു വശത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു, മറുവശത്ത് കാശിയിലെ വിശ്വനാഥധാമിന്റെ ദൈവിക രൂപം നൂറ്റാണ്ടുകള്‍ക്ക് ശേഷം രാഷ്ട്രത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
നാം ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നു, അതേ സമയം, കേദാര്‍നാഥ്, മഹാകാല്‍ മഹാലോക് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളുടെ മഹത്വത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അയോധ്യയില്‍ രാമക്ഷേത്രമെന്ന നമ്മുടെ സ്വപ്നം നൂറ്റാണ്ടുകള്‍ക്ക് ശേഷം പൂര്‍ത്തീകരിക്കാന്‍ പോകുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും നാവികസേനയുടെ കൊടിയില്‍ നാം അടിമത്വത്തിന്റെ മുദ്രകള്‍ വഹിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിനോട് ചേര്‍ന്നു തലസ്ഥാനമായ ഡല്‍ഹിയില്‍ നാം ബ്രിട്ടീഷ് പാരമ്പര്യങ്ങള്‍ പിന്തുടരുകയായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ അവ മാറ്റാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. നമ്മുടെ പൈതൃകത്തിനും ഇന്ത്യന്‍ ആശയങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യയുടെ നാവികസേനയുടെ പതാകയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ ഭരണകാലത്തെ ചിഹ്നം പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോള്‍ അടിമത്തത്തിന്റെ കാലത്തെ രാജ്പഥ് കര്‍ത്തവ്യ പാതയായി മാറുന്നതിലൂടെ കടമയുടെ ചൈതന്യത്തെ പ്രചോദിപ്പിക്കുന്നു. ഇന്ന്, രാജ്യത്തിന്റെ ഗോത്ര പാരമ്പര്യത്തെ ആദരിക്കുന്നതിനായി ഗോത്ര സ്വാതന്ത്ര്യ സമര സേനാനികളുടെ മ്യൂസിയങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിക്കപ്പെടുന്നു. നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതും പുറത്തെടുത്തതുമായ പുരാതന വിശുദ്ധ വിഗ്രഹങ്ങളും നമ്മുടെ ക്ഷേത്രങ്ങളിലേക്ക് മടങ്ങുകയാണ്. നമ്മുടെ ഋഷിമാരും ദാര്‍ശനികരും നമുക്ക് നല്‍കിയ വികസിതവും ആത്മീയവുമായ ഇന്ത്യ എന്ന ആശയം ഇന്ന് അര്‍ത്ഥപൂര്‍ണ്ണമാകുന്നത് നാം കാണുന്നു. നമ്മുടെ സന്യാസിമാരുടെ ആത്മീയ ആചാരങ്ങള്‍ ഇന്ത്യയുടെ സര്‍വതോന്മുഖമായ വികസനത്തിന് ഊര്‍ജം പ്രദാനം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയും ആഗോള ക്ഷേമത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വിജയിപ്പിക്കുകയും ചെയ്യും. ഈ പുണ്യ വേളയില്‍ നിങ്ങളുടെ ഇടയിലേക്ക് വരാന്‍ നിങ്ങളെല്ലാവരും എനിക്ക് അവസരം തന്നു, ഈ പുണ്യ വേളയില്‍ ചില നിമിഷങ്ങള്‍ ചെലവഴിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവാനാണ്. ഒരിക്കല്‍ കൂടി എല്ലാവരോടും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി നന്ദി പറയുകയും നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.
ND
(Release ID: 1938239)
Visitor Counter : 102
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada