പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ അധ്യക്ഷതയിൽ എസ്‌സിഒ ഉച്ചകോടി
Posted On:
30 MAY 2023 8:15PM by PIB Thiruvananthpuram
2022 സെപ്തംബർ 16ന് സമർഖണ്ഡ് ഉച്ചകോടിയിലാണ് ഇന്ത്യ എസ്‌സിഒയുടെ 'റൊട്ടേറ്റിങ് ചെയർമാൻ' സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയുടെ പ്രഥമ അധ്യക്ഷതയിൽ, എസ്‌സിഒ രാഷ്ട്രത്തലവന്മാരുടെ സമിതിയുടെ 23-ാം ഉച്ചകോടി വെർച്വൽ രൂപത്തിൽ 2023 ജൂലൈ 4നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടക്കും.
ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിങ്ങനെ എല്ലാ എസ്സിഒ രാജ്യങ്ങളെയും ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. കൂടാതെ, ഇറാൻ, ബലറൂസ്, മംഗോളിയ എന്നിവയെ നിരീക്ഷകരാജ്യങ്ങളായും ക്ഷണിച്ചിട്ടുണ്ട്. എസ്സിഒ പാരമ്പര്യമനുസരിച്ച്, തുർക്ക്മെനിസ്ഥാനെയും അധ്യക്ഷന്റെ അതിഥിയായി ക്ഷണിച്ചിട്ടുണ്ട്. സെക്രട്ടറിയറ്റ്, എസ്‌സിഒ RATS എന്നീ രണ്ട് എസ്‌സിഒ സംവിധാനങ്ങളുടെ മേധാവികളും പങ്കെടുക്കും. കൂടാതെ, ഐക്യരാഷ്ട്ര സഭ, ആസിയൻ, CIS, CSTO, EAEU, CICA എന്നീ ആറ് അന്താരാഷ്ട്ര - പ്രാദേശിക സംഘടനകളുടെ മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്.
‘സുരക്ഷിതമായ എസ്‌സിഒയിലേക്ക്’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. 2018 ലെ എസ്സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രിയാണ് SECURE എന്ന ചുരുക്കെഴുത്ത് ഉപയോഗിച്ചത്. സുരക്ഷ; സാമ്പത്തികവും വ്യാപാരവും; സമ്പർക്കസൗകര്യം; ഐക്യം; പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം; പരിസ്ഥിതി എന്നിവയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയിൽ ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്.
സ്റ്റാർട്ടപ്പുകളും നൂതനാശയങ്ങളും; പരമ്പരാഗത വൈദ്യശാസ്ത്രം; ഡിജിറ്റൽ ഉൾച്ചേർക്കൽ; യുവജന ശാക്തീകരണം; ബുദ്ധമതപൈതൃകം പങ്കിടൽ എന്നീ വിഷയങ്ങളിൽ സഹകരണത്തിന്റെ പുതിയ സ്തംഭങ്ങൾ ഇന്ത്യയുടെ അധ്യക്ഷതയിൽ സ്ഥാപിച്ചു. കൂടാതെ, ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഇന്ത്യ പ്രവർത്തിച്ചിട്ടുണ്ട്. അതു നമ്മുടെ രാഷ്ട്രങ്ങൾ തമ്മിലുള്ള ചരിത്രപരവും നാഗരികവുമായ ബന്ധം ആഘോഷിക്കുന്നു. 2022-23ലെ പ്രഥമ എസ്‌സിഒ സാംസ്കാരിക-വിനോദസഞ്ചാര തലസ്ഥാന ചട്ടക്കൂടിനു കീഴിൽ വാരാണസി ആതിഥേയത്വം വഹിക്കുന്ന വിവിധ സാമൂഹ്യ-സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു.
അംഗരാജ്യങ്ങൾ തമ്മിൽ ആഴത്തിലുള്ള പ്രവർത്തനത്തിന്റെയും പരസ്പരപ്രയോജനകരമായ സഹകരണത്തിന്റെയും കാലഘട്ടമാണ് ഇന്ത്യയുടെ എസ്സിഒ അധ്യക്ഷകാലം. 14 മന്ത്രിതല യോഗങ്ങൾ ഉൾപ്പെടെ ആകെ 134 യോഗങ്ങൾക്കും പരിപാടികൾക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചു. സംഘടനയിൽ ശുഭോദർക്കവും ക്രിയാത്മകവുമായ പങ്കു വഹിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല, അധ്യക്ഷപദവിയുടെ പരിസമാപ്തിയെന്ന നിലയിൽ വിജയകരമായ എസ്‌സിഒ ഉച്ചകോടിക്കായി കാത്തിരിക്കുകയാണ് ഇന്ത്യ.
-NS-
(Release ID: 1929202)
Visitor Counter : 124
Read this release in:
Bengali
,
Kannada
,
English
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu