വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പൗരന്മാരുടെ വിശ്വാസം വർധിപ്പിക്കാനും ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും കഴിഞ്ഞ ഒമ്പതു വർഷത്തെ ഗവണ്മെന്റ് നയങ്ങൾ കാരണമായതെങ്ങനെ: ചർച്ചചെയ്ത് ദേശീയ കോൺക്ലേവ്
Posted On:
27 MAY 2023 5:44PM by PIB Thiruvananthpuram
കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ഗവണ്മെന്റ് നയങ്ങളും പരിപാടികളും സമഗ്ര വികസനത്തിന് എങ്ങനെ സംഭാവന നൽകി എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ "ജൻ ജൻ കാ വിശ്വാസ്" സമ്മേളനം ചേർന്നു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. പ്രസാർ ഭാരതി സംഘടിപ്പിച്ച "നാഷണൽ കോൺക്ലേവ്: 9 സാൽ - സേവ, സുശാസൻ, ഗരീബ് കല്യാൺ" സമ്മേളനത്തിലായിരുന്നു സെഷൻ. ബോക്സിങ് താരം നിഖാത് സരീൻ, നടൻ നവാസുദ്ദീൻ സിദ്ദിഖി, ഇന്ത്യയിലെ യുണിസെഫ് പ്രതിനിധി സിന്തിയ മക്കാഫ്രി, നഴ്‌സും പത്മശ്രീ പുരസ്‌കാര ജേതാവുമായ ശാന്തി തെരേസ ലക്ര, പരിസ്ഥിതി പ്രവർത്തകൻ അനിൽ പ്രകാശ് ജോഷി, സീഖോ സഹസ്ഥാപക ദിവ്യ ജെയിൻ എന്നിവരായിരുന്നു പാനൽ അംഗങ്ങൾ. മാധ്യമപ്രവർത്തക റിച്ച അനിരുദ്ധാണ് സെഷൻ നിയന്ത്രിച്ചത്.
ലോക വേദിയിൽ മികവു പുലർത്താക്കാൻ ഇന്ത്യയിലെ കായിക പ്രതിഭകളെ ഖേലോ ഇന്ത്യ സഹായിച്ചു: നിഖാത് സരീൻ
ഗവണ്മെന്റിന്റെ അഭിമാന പദ്ധതിയായ ഖേലോ ഇന്ത്യ ഇന്ത്യൻ കായിക പ്രതിഭകൾക്ക് ചിറകുനൽകുകയും ദേശീയ-അന്തർദേശീയ വേദികളിൽ കായികരംഗത്ത് കൂടുതൽ യുവാക്കളെ പ്രാപ്തരാക്കുകയും ചെയ്തുവെന്ന് ഇന്ത്യൻ ബോക്‌സറും രണ്ടു തവണ ലോക ചാമ്പ്യനുമായ നിഖാത് സരീൻ സദസ്സിനോട് പറഞ്ഞു. തന്നെപ്പോലുള്ള പെൺകുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിൽ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പരിവർത്തനപരമായ സ്വാധീനം ചെലുത്തിയതായും അവർ പറഞ്ഞു.
പെൺകുട്ടികളോടുള്ള കാഴ്ചപ്പാട് ഇപ്പോൾ മാറിയിരിക്കുന്നു; ബേട്ടി ബച്ചാവോ ബേട്ടി പഠാവോയ്ക്ക് നന്ദി: നവാസുദ്ദീൻ സിദ്ദിഖി
മുന്നോട്ടുള്ള പ്രയാണം കാലക്രമേണ വളരെ എളുപ്പമായെന്ന് നടൻ നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു. വലുതാകാൻ ആഗ്രഹിക്കുന്ന ഏതൊരു ചെറുപ്പക്കാരനും ഇന്ന് അവന്റെ അല്ലെങ്കിൽ അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ധാരാളം പിന്തുണാ സംവിധാനങ്ങളുണ്ട്- അദ്ദേഹം പറഞ്ഞു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോയെക്കുറിച്ച് സംസാരിക്കവേ, പെൺകുട്ടികളോടുള്ള മാതാപിതാക്കളുടെ മനോഭാവം മാറിയതിലും സ്ത്രീകളുടെ നേട്ടങ്ങളിലും ഇതു പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട ശബ്ദം ആത്മസാക്ഷാത്കാരത്തിനായി ഇപ്പോൾ പുറത്തേക്കു വരുന്നുണ്ടെന്നും സമൂഹവും അത് അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ആഗോളതലത്തിൽ ഇന്ത്യയെ പ്രസക്തമാക്കുന്നതിൽ ഗവണ്മെന്റ് അതിശയകരമായ പ്രവർത്തനം നടത്തി"
സംഭവിച്ച ഒരു വലിയ മാറ്റം സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണെന്ന് സീഖോ സഹസ്ഥാപക ദിവ്യ ജെയിൻ സദസ്സിനോട് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 7 കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിൽ ചേർന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് മുന്നോട്ട് വരാൻ കഴിയുന്ന തരത്തിലാണ് ഗവണ്മെന്റ് പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. “മുന്നോട്ട് വരാൻ സ്ത്രീകൾക്കു മടി ഉണ്ടായിരുന്നു, ഇപ്പോൾ, സ്ത്രീകൾ മുന്നോട്ട് വരുന്നതോടെ, സമൂഹമാകെ മുന്നോട്ട് വരുന്നു, സമൂഹമാകെ മാറ്റം സംഭവിക്കുന്നു. ഈ മാറ്റം ഗ്രാമങ്ങളിലെ താഴേത്തട്ടിൽ ദൃശ്യമാണ്."
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചതായി സ്റ്റാർട്ടപ്പ് സംരംഭക എന്ന നിലയിൽ ദിവ്യ ജെയിൻ പറഞ്ഞു. “ഇന്ന് ഇന്ത്യ ആഗോളവേദിയിൽ പ്രസക്തമാണ്. ഞങ്ങളെ പ്രസക്തരാക്കുന്നതിൽ അതിശയകരമാം വിധത്തിലാണ് ഗവൺമെന്റ് പ്രവർത്തിച്ചത്. നമ്മുടെ സംരംഭകരെയും യുവാക്കളെയും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നാം വ്യക്തമാക്കി. ഭാവി നിർവചിക്കുന്നത് നമ്മളാണ്.”
"ആയുഷ്മാൻ ഭാരത് ഉൾപ്രദേശങ്ങളിലെ പൗരന്മാരെയും ശാക്തീകരിച്ചു"
ആയുഷ്മാൻ ഭാരതിന് കീഴിൽ ആരംഭിച്ച സൗഖ്യ കേന്ദ്രങ്ങൾ ജനങ്ങളെ ശാക്തീകരിക്കുന്നതിൽ സുപ്രധാനമായ ചുവടുവയ്പാണെന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നുള്ള നഴ്‌സും ആരോഗ്യസംരക്ഷണ പ്രൊഫഷണലും പത്മശ്രീ അവാർഡ് ജേതാവുമായ ശാന്തി തെരേസ ലക്ര പറഞ്ഞു. വിശേഷിച്ചും, ഉൾപ്രദേശങ്ങളിലും ഉൾക്കാടുകളിലും താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെപ്പോലുള്ളവർക്ക് പദ്ധതി പ്രകാരം നൽകുന്ന സാമ്പത്തിക സഹായം സഹായകമാണെന്ന് അവർ പറഞ്ഞു. ഇത്തരക്കാരിലേക്ക് എത്തിച്ചേരാൻ പ്രയാസമാണെങ്കിലും, ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിലുള്ള പുരോഗതിയും പ്രചാരണപരിപാടികളും ഈ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഉദാഹരണത്തിന് ഇത് ആശുപത്രികളിലെ പ്രസവങ്ങളുടെ വർദ്ധനയിൽ പ്രതിഫലിക്കുന്നതായി കാണാം. കടലിന് മുകളിലൂടെ പാലം പണിയുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ റോഡ് ഗതാഗതസൗകര്യം മെച്ചപ്പെടുത്തിയെന്നും അവർ പറഞ്ഞു.
"ഗ്രാമങ്ങളുടെ വളർച്ചയിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ഇന്ത്യയെന്നതിനേക്കാൾ ഭാരതം മുന്നോട്ടുപോകുകയാണ്"
സമഗ്രവും പാരിസ്ഥിതികബോധമുള്ളതുമായ അഭിവൃദ്ധി കൊണ്ടുവരുന്നതിനെക്കുറിച്ചാണ് രാജ്യം ഇപ്പോൾ ചിന്തിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ അനിൽ പ്രകാശ് ജോഷി പറഞ്ഞു. വികസിത സമ്പദ്‌വ്യവസ്ഥയുടെ ഉന്നമനത്തിനായി ഗ്രാമങ്ങളുടെ വളർച്ചയിലും പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങളിലും കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴനീർ ശേഖരണം, മണ്ണിന്റെ ആരോഗ്യം തുടങ്ങിയ സംരംഭങ്ങളെ പ്രശംസിച്ച അദ്ദേഹം, പങ്കാളിത്തത്തോടെ മാത്രമേ ഭരണം സുസ്ഥിരമാകൂവെന്നും പറഞ്ഞു. ഗ്രാമങ്ങളുടെ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യയെക്കാൾ ഭാരതമാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"സ്റ്റാർട്ടപ്പ് ഇന്ത്യ നമ്മുടെ യുവാക്കളും ഊർജസ്വലരുമായ സംരംഭകരെ പുഷ്ടിപ്പെടുത്താൻ സഹായിച്ചു"
നിരവധി പരിവർത്തന സംരംഭങ്ങൾ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്നും ഇതു ജനങ്ങളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ചിട്ടുണ്ടെന്നും ബയോകോൺ ലിമിറ്റഡിന്റെയും ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡിന്റെയും എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും സ്ഥാപകയുമായ കിരൺ മജുംദാർ ഷാ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വൻതോതിൽ പ്രതിരോധ കുത്തിവയ്പ്പുകൾ സാധ്യമാക്കി കോവിഡ്-19 മഹാമാരിയെ നേരിടാൻ നമ്മെ പ്രാപ്തരാക്കിയ, പുതുപാത വെട്ടിത്തുറന്ന സാങ്കേതികവിദ്യകളാണ് ആരോഗ്യ സേതുവും കോവിൻ ആപ്പുമെന്നും അവർ പറഞ്ഞു. ആയുഷ്മാൻ ഭാരതിനെക്കുറിച്ച് സംസാരിക്കവെ, ജൻ ഔഷധി കേന്ദ്രങ്ങൾ നിരവധി പേർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ലഭ്യമാക്കിയതായി അവർ പറഞ്ഞു. സ്റ്റാർട്ടപ്പ് ഇന്ത്യയിലൂടെയും അവയ്ക്ക് ഗവൺമെന്റ് നൽകുന്ന പിന്തുണയിലൂടെയും യുവാക്കളും ഊർജസ്വലരുമായ നിരവധി സംരംഭകരെ നമുക്കു ലഭിച്ചെന്നും അവർ പറഞ്ഞു.
"സമഗ്രമായ വിദ്യാഭ്യാസത്തെ സഹായിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം"
കുട്ടികൾ എന്താണ് പഠിക്കുന്നതെന്നും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യഥാർത്ഥത്തിൽ എന്താണ് അറിയുന്നതെന്നും മനസിലാക്കാൻ ഇന്ത്യാ ഗവൺമെന്റ് ദേശീയ നേട്ടങ്ങൾ തിരിച്ചറിയുന്നതിനുള്ള സർവേ നടത്തിയതായി ഇന്ത്യയിലെ യുണിസെഫ് പ്രതിനിധി സിന്തിയ മക് കാഫ്രി പറഞ്ഞു. “അതിന്റെ അടിസ്ഥാനത്തിൽ, വ്യക്തിഗതമായി വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരുന്നതിനും വിദ്യാഭ്യാസ സമ്പ്രദായം ശക്തമാക്കുന്നതിനുമായി ഗവണ്മെന്റ് നയങ്ങൾ സൃഷ്ടിച്ചു. ഇത് അടിസ്ഥാന പഠനത്തിൽ ഇന്ത്യ നിക്ഷേപം നടത്തുകയും കുട്ടികളെ സുരക്ഷിതമായ അന്തരീക്ഷത്തിൽ സ്‌കൂളുകളിൽ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ശുചിത്വ ഭാരത യജ്ഞം, ആയുഷ്മാൻ ഭാരത് എന്നിവയെല്ലാം ഒരു കുട്ടിയുടെ ജീവിതത്തിന്റെ സുപ്രധാന ഭാഗങ്ങളാകാനും പഠനത്തിൽ സമന്വയം കൊണ്ടുവരാനും ഒത്തുചേർന്നിട്ടുണ്ട്. നിങ്ങൾക്ക് ശുചിത്വവും പോഷകാഹാരവുമുണ്ടെന്ന് ഉറപ്പാക്കാൻ പദ്ധതികൾ ഒത്തുചേരുന്നു. വിവിധ വഴികളിലൂടെയുള്ള നൈപുണ്യവർധന, കുട്ടികളെ ആരോഗ്യത്തോടെ വളരാൻ പ്രാപ്തരാക്കൽ, 21-ാം നൂറ്റാണ്ടിലെ വൈദഗ്ധ്യം നേടിയെടുക്കാൻ അവരെ സഹായിക്കൽ എന്നിവയ്ക്കായി നൂതനമായ സമീപനത്തിലൂടെ അടിസ്ഥാനപരമായ പഠനത്തിൽ ഗവണ്മെന്റ് ഊന്നൽ നൽകിയിട്ടുണ്ട്. അടിസ്ഥാന പഠനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സംരംഭക പഠനം എന്നിവയ്ക്ക് ദേശീയ വിദ്യാഭ്യാസ നയത്തിൽ നൽകിയ ഊന്നൽ കുട്ടികളെ ശാക്തീകരിക്കുകയും സമഗ്രമായ വിദ്യാഭ്യാസം നേടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു.
-ND-
(Release ID: 1927749)
Visitor Counter : 148
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Assamese
,
Manipuri
,
Gujarati
,
Tamil
,
Telugu