പ്രധാനമന്ത്രിയുടെ ഓഫീസ്
ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള സെൻഡായ് ചട്ടക്കൂടിന്റെ ഇടക്കാല അവലോകനം (2015-2030)
യുഎൻ പൊതുസഭാ ഹാളിൽ പ്ലീനറി സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിസംഘത്തലവൻ ഡോ. പി. കെ. മിശ്ര നടത്തിയ അഭിസംബോധന
Posted On:
18 MAY 2023 10:30PM by PIB Thiruvananthpuram
ബഹുമാന്യരേ,
ഇന്ത്യയിൽ, ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള വിഷയങ്ങൾക്കു ഞങ്ങൾ ഉയർന്ന പ്രാധാന്യമാണു നൽകുന്നത്; അതൊരു കേന്ദ്ര പൊതുനയ വിഷയമാണ്.
ദുരന്തസാധ്യത കുറയ്ക്കുന്നതിന് നീക്കിവച്ചിട്ടുള്ള സഹായധനം ഞങ്ങൾ ഗണ്യമായി വർധിപ്പിച്ചു. ദുരന്തസാധ്യത ലഘൂകരണം, തയ്യാറെടുപ്പ്, പ്രതികരണം, പുനരുജ്ജീവനം, പുനർനിർമാണം എന്നിങ്ങനെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മുഴുവൻ ആവശ്യകതകളെയും പിന്തുണയ്ക്കുന്നതിനായി ഞങ്ങളുടെ ധനകാര്യഘടനയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നു. അഞ്ച് വർഷത്തിനുള്ളിൽ (2021-2025) ദുരന്തസാധ്യതാ ലഘൂകരണത്തിനായി നമ്മുടെ സംസ്ഥാനങ്ങൾക്കും പ്രാദേശിക ഗവണ്മെന്റുകൾക്കും ഏകദേശം 6 ബില്യൺ ഡോളർ ലഭ്യമാണ്. തയ്യാറെടുപ്പിനും പ്രതികരണത്തിനും വീണ്ടെടുക്കലിനും നീക്കിവച്ച 23 ബില്യൺ ഡോളറിന്റെ വിഭവങ്ങൾക്കു പുറമേയാണിത്.
വെറും ഒരു ദശാബ്ദത്തിനുള്ളിൽ, ചുഴലിക്കാറ്റുകൾ കാരണമുള്ള ജീവഹാനി 2 ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ നമുക്ക് കഴിഞ്ഞു. മണ്ണിടിച്ചിൽ, ഹിമാനിയ തടാകം പൊട്ടിത്തെറിക്കുന്ന ഹിമമേഖലയിലെ തടാകങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കം, ഭൂകമ്പങ്ങൾ, കാട്ടുതീ, താപതരംഗങ്ങൾ, മിന്നൽ തുടങ്ങിയ എല്ലാ അപകടങ്ങളിൽനിന്നുമുള്ള നഷ്ടസാധ്യത കുറയ്ക്കുന്നതിന് ഞങ്ങൾ ഇപ്പോൾ അഭിലാഷ ലഘൂകരണ പരിപാടികൾ വികസിപ്പിക്കുകയാണ്.
മുൻകൂട്ടിയുള്ള മുന്നറിയിപ്പിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താൻ ഞങ്ങൾ കഠിനമായി പ്രവർത്തിക്കുന്നു. ദുരന്തനിവാരണമേഖലയിലുള്ളവരുമായും ടെലികോം സേവനദാതാക്കളുമായും മുന്നറിയിപ്പുനൽകൽ ഏജൻസികളെ സംയോജിപ്പിക്കുന്ന പൊതു മുന്നറിയിപ്പു നൽകൽ മാനദണ്ഡങ്ങൾ ഞങ്ങൾ നടപ്പിലാക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ 1.3 ബില്യൺ പൗരന്മാരിൽ ഓരോരുത്തരിലേക്കും എത്തിച്ചേരാൻ പ്രാദേശിക ഭാഷകളിൽ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള മുന്നറിയിപ്പുകൾ പ്രചരിപ്പിക്കുന്നത് ഉറപ്പാക്കും. '2027-ഓടെ എല്ലാവർക്കും മുൻകൂർ മുന്നറിയിപ്പ്' എന്ന യുഎൻ സെക്രട്ടറി ജനറലിന്റെ സംരംഭത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ സമയോചിതമായ ആഗോള സംരംഭം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം കൈവരിക്കുന്നതിന് ഞങ്ങളുടെ ശ്രമങ്ങൾ സംഭാവനയേകും.
ബഹുമാന്യരേ,
ഇന്ത്യയുടെ ജി-20 അധ്യക്ഷതയിൽ, അംഗങ്ങൾ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തകസമിതി രൂപീകരിക്കാൻ ധാരണയായിട്ടുണ്ട്. ജി-20 പ്രവർത്തകസമിതി തിരിച്ചറിഞ്ഞ അഞ്ച് മുൻഗണനകൾ - എല്ലാവർക്കും കാലേക്കൂട്ടിയുള്ള മുന്നറിയിപ്പ്, അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ, ഡിആർആറിന്റെ മെച്ചപ്പെട്ട ധനസഹായം, പ്രതികരണത്തിനും 'മികച്ച രീതിയിൽ വീണ്ടെടുക്കലി'നുമുള്ള സംവിധാനങ്ങളും ശേഷിയും, ഡിആർആറിനോടുള്ള പരിസ്ഥിതി-അധിഷ്ഠിത സമീപനങ്ങൾ - എന്നിവ ആഗോളതലത്തിൽ സെൻഡായി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു കൂടുതൽ പ്രചോദനം നൽകും.
കൂടാതെ, 21-ാം നൂറ്റാണ്ടിൽ അടിസ്ഥാനസൗകര്യസംവിധാനങ്ങൾ ആസൂത്രണംചെയ്യുകയും രൂപകൽപ്പനചെയ്യുകയും നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രീതിയിൽ, ഇന്ത്യയും അമേരിക്കയും സംയുക്തമായി നേതൃത്വം നൽകുന്ന ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യം പരിവർത്തനം കൊണ്ടുവരുന്നുണ്ട്. അടിസ്ഥാനസൗകര്യ പദ്ധതികൾ ദീർഘകാല നിക്ഷേപങ്ങളാണ്. ദൃഢമായ അപകടസാധ്യത വിലയിരുത്തലും മികച്ച ദുരന്തനിവാരണ സംവിധാനവും അടിസ്ഥാനമാക്കിയാൽ, ഈ അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾക്ക് ദീർഘകാല അതിജീവനശേഷി സൃഷ്ടിക്കാൻ കഴിയും.
ബഹുമാന്യരേ, ഈയിടെ തുർക്കിയെയിൽ ഉണ്ടായ ദാരുണമായ ഭൂകമ്പത്തെ അതിജീവിച്ച ഒരാളുടെ ഹൃദയസ്പർശിയായ വിവരണം ഞങ്ങൾ ഇന്നു രാവിലെ കേട്ടു.
ഇക്കാര്യത്തിൽ, ലോകത്തെ ഒരു വലിയ പരസ്പരബന്ധിത കുടുംബമായി കാണുന്ന 'വസുധൈവകുടുംബകം' എന്ന മനോഭാവത്തിൽ, തുർക്കിയെ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള നമ്മുടെ സഹോദരർക്ക് ഫീൽഡ് ആശുപത്രികളും തിരച്ചിൽ - രക്ഷാ സംഘങ്ങളും ചികിത്സ - ദുരിതാശ്വാസ സാമഗ്രികളും അയച്ചുനൽകി ഇന്ത്യാ ഗവൺമെന്റ് അടിയന്തര സഹായം ഉറപ്പാക്കി. മനുഷ്യകേന്ദ്രീകൃത ആഗോള വികസനസമീപനത്തിന്റെ യഥാർഥ സാക്ഷ്യം!
അവസാനമായി, ബഹുമാനപ്പെട്ടവേര, സുസ്ഥിര വികസനലക്ഷ്യങ്ങളുടെ ചൈതന്യത്തിൽ സ്വദേശത്തും ഭൂമിയിലെ എല്ലായിടത്തും ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കുചേരാൻ ഞങ്ങൾ തയ്യാറാണെന്ന് ഞാൻ അറിയിക്കുന്നു: "ആരെയും ഉപേക്ഷിക്കരുത്. ഒരു സ്ഥലവും ഉപേക്ഷിക്കരുത്, ഒരു ആവാസവ്യവസ്ഥയും വിട്ടുകളയരുത്."
-ND-
(Release ID: 1925412)
Visitor Counter : 143
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada