പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സെൻഡായ് ചട്ടക്കൂടിന്റെ ഇടക്കാല അവലോകനവേളയിൽ ഇന്ത്യ-ജപ്പാൻ അനുബന്ധപരിപാടി

Posted On: 18 MAY 2023 11:30PM by PIB Thiruvananthpuram

ഇന്ത്യയുടെ ദേശീയ ദുരന്തനിവരാണ അതോറിറ്റിയും (എൻഡിഎംഎ) ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയും (ജെഐസിഎ) ഇന്ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് റിസ്ക് റിഡക്ഷൻ (അപകടസാധ്യത കുറയ്ക്കൽ) ഹബ് പരിപാടി സംഘടിപ്പിച്ചു. 2015-2030 കാലയളവിൽ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സെൻഡായ് ചട്ടക്കൂടിന്റെ (എസ്‌എഫ്‌ഡിആർആർ) ഇടക്കാല അവലോകന ഉന്നതതലയോഗത്തിന് അനുബന്ധമായാണു പരിപാടി സംഘടിപ്പിച്ചത്. 'അതി‌ജീവനശേഷിയുള്ളതും സുസ്ഥിരവുമായ ഭാവിക്കായി ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രങ്ങളുടെ പങ്ക്' പരിപാടി ചർച്ചചെയ്തു. സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും കുറയ്ക്കുന്നതിനും അതുവഴി അതിജീവനശേഷിയുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള അടിസ്ഥാന ആവശ്യകതയായി, ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിൽ രാഷ്ട്രങ്ങളുടെ പ്രാഥമികപങ്ക് പരിപാടി വിശദീകരിച്ചു. നിലവിലുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ഭാവിയിലെ അപകടസാധ്യതകൾ തടയുന്നതിനും അതിജീവനശേഷിയുള്ളതും സുസ്ഥിരവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ രാജ്യത്തിനും ഉണ്ടായിരിക്കണമെന്നും പരിപാടി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്രയാണ് ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിക്കുന്നത്. ജി-20ഉം ജി-7ഉം ഈ വിഷയത്തിന് മുൻഗണന നൽകിയതിനാൽ ദുരന്തസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ആഗോള നയവ്യവഹാരത്തിൽ വേണ്ടത്ര ശ്രദ്ധ നേടുന്നുണ്ടെന്നു ഡോ. മിശ്ര പരാമർശിച്ചു. ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള മുഴുവൻ ആവശ്യങ്ങളും സമതുലിതമായ രീതിയിൽ അഭിസംബോധന ചെയ്യാനും ദുരന്തസമയത്ത് കാലേക്കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ രാഷ്ട്രത്തിന്റെ പങ്ക് വ്യക്തമാക്കാനും കഴിയുന്ന സാമ്പത്തിക സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഡോ. മിശ്ര ഊന്നൽനൽകി. ഈ ദിശയിൽ, സാമ്പത്തിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജി-20 പ്രവർത്തകസമിതി അടുത്തയാഴ്ച രണ്ടാം യോഗം ചേരും.

എസ്എഫ്‌ഡിആർആറിന് അനുസൃതമായും ജി-20യുടെ ഇന്ത്യയുടെ അധ്യക്ഷതയിലും, എല്ലാ ജല-കാലാവസ്ഥാ ദുരന്തങ്ങൾക്കും കാലേക്കൂട്ടിയുള്ള മുന്നറിയിപ്പു സംവിധാനങ്ങളുടെ ആഗോള കവറേജ്; അടിസ്ഥാനസൗകര്യ സംവിധാനങ്ങൾ ദുരന്തങ്ങളെയും കാലാവസ്ഥയെയും പ്രതിരോധിക്കുന്നതാക്കുന്നതിനുമുള്ള വർധിച്ച പ്രതിബദ്ധത; ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള കരുത്തുറ്റ ദേശീയ സാമ്പത്തിക ചട്ടക്കൂടുകൾ ഒരുക്കൽ; "ബിൽഡ് ബാക്ക് ബെറ്റർ" ഉൾപ്പെടെയുള്ള ദേശീയ - ആഗോള ദുരന്ത പ്രതികരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ; ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളുടെ പ്രയോഗങ്ങൾ വർധിപ്പിക്കൽ എന്നിവയുൾപ്പെടെ അഞ്ചു മുൻഗണനകൾ ഡിആർആർ പ്രവർത്തകസമിതി (ഡിആർആർഡബ്ല്യുജി) നിർദേശിച്ചു. ഗ്ലോബൽ സൗത്ത് ഉൾപ്പെടെയുള്ള ജി-7, ജി-20 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയതുപോലെ, ദുരന്തസാധ്യത കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു ചർച്ചകൾ അടിവരയിട്ടു.

ദുരന്ത -ദുരന്തസാധ്യതാ വിവരങ്ങൾ ഏവർക്കും പ്രാപ്യമാക്കുന്നതിനും ഡിആർആറിനു ശരിയായ ബജറ്റ് വിഹിതം നൽകുന്നതിനും  ദുരന്തത്തിനുശേഷം മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്ന, ദുരന്തസാധ്യതാ നിർവഹണം വർധിപ്പിക്കാൻ വിവിധ രാജ്യങ്ങളുടെ സഹകരണം ആരംഭിക്കുന്നതിന് അംഗരാജ്യങ്ങൾ ഊന്നൽ നൽകി. 2023ൽ ഇന്ത്യയുടെ ജി-20 അധ്യക്ഷതയ്ക്കുകീഴിലുള്ള ഷെർപ്പ ട്രാക്കിനു കീഴിൽ, എസ്എഫ്‌ഡിആർആറിന്റെയും എസ്‌ഡിജിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അംഗരാജ്യങ്ങളുടെ ശ്രമങ്ങൾ ത്വരിതപ്പെടുത്താൻ സഹായിക്കുന്നതിന് ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തകസമിതി രൂപീകരിക്കാനുള്ള സുപ്രധാന ചുവടുവയ്പ് നടത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ (യുഎൻഡിആർആർ) ഏകോപിപ്പിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബ് രുചിര കാംബോജും ഇന്ത്യൻ പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

-ND-


(Release ID: 1925372) Visitor Counter : 132