പ്രധാനമന്ത്രിയുടെ ഓഫീസ്‌

കര്‍ണാടകയിലെ ശിവമോഗയില്‍ 3,600 കോടി രൂപയിലധികം ചെലവുവരുന്ന നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു


ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്തു

രണ്ട് റെയില്‍വേ പദ്ധതികള്‍ക്കും നിരവധി റോഡ് വികസന പദ്ധതികള്‍ക്കും തറക്കല്ലിട്ടു

ബഹുഗ്രാമ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു

44 സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

'' ഇത് വെറുമൊരു വിമാനത്താവളം മാത്രമല്ല, യുവതലമുറയുടെ സ്വപ്‌നങ്ങള്‍ കുതിച്ചുയരാന്‍ കഴിയുന്ന ഒരു സംഘടിത പ്രവര്‍ത്തനമാണ്''

''റെയില്‍വേ, റോഡ്‌വേ, എയര്‍വേ, ഐവേ എന്നിവയിലെ കുതിപ്പാണ് കര്‍ണാടകയുടെ പുരോഗതിക്ക് പാത തുറന്നത്''

''വിമാന യാത്രയുടെ ആവേശം ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരിക്കുന്ന സമയത്താണ് ശിവമോഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്''

'' ഇന്നത്തെ എയര്‍ ഇന്ത്യ നവ ഇന്ത്യയുടെ സാദ്ധ്യതയായി അംഗീകരിക്കപ്പെട്ടുന്നു, അത് വിജയത്തിന്റെ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നു''

'' മികച്ച ബന്ധിപ്പിക്കലോടുകൂടിയ അടിസ്ഥാന സൗകര്യങ്ങള്‍ മേഖലയിലാകെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും''

'' ഗ്രാമങ്ങള്‍, പാവപ്പെട്ടവര്‍, നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍ എന്നിവരുടെതാണ് ഈ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ്''

Posted On: 27 FEB 2023 1:57PM by PIB Thiruvananthpuram

കര്‍ണാടകയിലെ ശിവമോഗയില്‍ 3,600 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു. ശിവമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം സൗകര്യങ്ങള്‍ നടന്നു കാണുകയും ചെയ്തു. ശിവമോഗ - ശിക്കാരിപുര - റാണെബെന്നൂര്‍ പുതിയ റെയില്‍വേ ലൈന്‍, കോട്ടഗംഗുരു റെയില്‍വേ കോച്ചിംഗ് ഡിപ്പോ എന്നിവ ഉള്‍പ്പെടുന്ന രണ്ട് റെയില്‍വേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ശിവമോഗയില്‍ തറക്കല്ലിട്ടു. മൊത്തം215 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന നിരവധി റോഡ് വികസന പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ജല്‍ ജീവന്‍ മിഷനു കീഴില്‍ 950 കോടിയിലധികം രൂപ ചെലവുവരുന്ന ബഹുഗ്രാമ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ശിവമോഗ നഗരത്തില്‍ 895 കോടി രൂപ ചെലവിലുള്ള 44 സ്മാര്‍ട്ട് സിറ്റി പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഇന്നും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സമര്‍പ്പണ ബോധം സജീവമായി നിലനിര്‍ത്തിയിരിക്കുന്ന രാഷ്ട്രകവി കുവെമ്പുവിന്റെ നാടിനെ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട്, പ്രധാനമന്ത്രി തലകുനിച്ച് വണങ്ങി. ഏറെ നാളുകള്‍ക്ക് ശേഷം പൗരന്മാരുടെ ആവശ്യങ്ങള്‍ ഇന്ന് നിറവേറ്റപ്പെട്ടതായി ശിവമോഗയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ അതിമനോഹരമായ സൗന്ദര്യത്തെയും നിര്‍മ്മാണത്തെയും കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, കര്‍ണാടകയുടെ പാരമ്പര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും സമന്വയത്തെ ഉയര്‍ത്തിക്കാട്ടി. ഇത് കേവലം ഒരു വിമാനത്താവളം മാത്രമല്ലെന്നും യുവതലമുറയുടെ സ്വപ്‌നങ്ങള്‍ക്ക് കുതിച്ചുയരാന്‍ കഴിയുന്ന ഒരു സംഘടിതപ്രവര്‍ത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് തറക്കല്ലിടുന്ന ഹര്‍ ഘര്‍ നല്‍ സേ ജല്‍ പദ്ധതികള്‍ക്കൊപ്പം റോഡ്, റെയില്‍ പദ്ധതികളെയും അദ്ദേഹം സ്പര്‍ശിക്കുകയും ഈ ജില്ലകളിലെ പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ന് ജന്മദിനം അഘോഷിക്കുന്ന ശ്രീ ബി എസ് യെദ്യൂരപ്പയ്ക്ക് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേരുകയും പൊതുജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു. അടുത്തിടെ നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം പൊതുജീവിതത്തിലെ എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൊബൈലുകളുടെ ഫ്‌ളാഷ്‌ലൈറ്റുകള്‍ ഉയര്‍ത്തി ശ്രീ ബി എസ് യെദ്യൂരപ്പയെ ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ജനക്കൂട്ടത്തല്‍ വന്‍ പ്രതികരണം ഉളവാക്കുകയും മുതിര്‍ന്ന നേതാവിനോടുള്ള സ്‌നേഹം ജനങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു.
കര്‍ണാടകയുടെ വികസനം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോഡ്‌വേകള്‍, എയര്‍വേകള്‍, ഐവേകള്‍ (ഡിജിറ്റല്‍ ബന്ധിപ്പിക്കല്‍) എന്നിവയിലെ കുതിച്ചുചാട്ടങ്ങളാണ് ഈ പുരോഗതിക്ക് വഴിയൊരുക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് കര്‍ണാടകയുടെ പുരോഗതിയുടെ രഥത്തിന് കരുത്തേകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ നഗര കേന്ദ്രീകൃതമായ മുന്‍ കാല വികസനത്തിന് വിപരീതമായി കര്‍ണാടകയിലെ വികസനം ഗ്രാമങ്ങളിലേക്കും ടയര്‍ 2-3 നഗരങ്ങളിലേക്കും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ കീഴില്‍ വ്യാപകമായ വ്യാപിക്കുന്നത് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ''ഈ ചിന്താ പ്രക്രിയയുടെ ഫലമാണ് ശിവമോഗയുടെ വികസനം'' അദ്ദേഹം പറഞ്ഞു.
വിമാനയാത്രയുടെ ആവേശം ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരിക്കുന്ന സമയത്താണ് ശിവമോഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം വാങ്ങാനുള്ള കരാര്‍ എയര്‍ ഇന്ത്യ പൂര്‍ത്തിയാക്കിയത് ഈ അടുത്തിടെയാണെന്ന് അദ്ദേഹം അറിയിച്ചു. 2014 ന് മുമ്പ്, കോണ്‍ഗ്രസ് ഭരണകാലത്ത് എയര്‍ ഇന്ത്യക്കുറിച്ച് പൊതുവെ നിഷേധാത്മകമായാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതെന്നും അതിന്റെ സ്വത്വം എല്ലായ്‌പ്പോഴും അഴിമതികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അതിനെ നഷ്ടമുണ്ടാക്കുന്ന ഒരു വ്യാപാര മാതൃകയായാണ് കണക്കാക്കപ്പെട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുന്ന നവ ഇന്ത്യയുടെ സാദ്ധ്യതയായി ഇത് അംഗീകരിക്കപ്പെടുന്നുവെന്ന് ഇന്നത്തെ എയര്‍ ഇന്ത്യയെ ഉയര്‍ത്തിക്കാട്ടി, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയെ ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമീപഭാവിയില്‍ ആയിരക്കണക്കിന് വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമായി വരുമെന്നും അവിടെ ആയിരക്കണക്കിന് യുവാക്കള്‍ ഒരു തൊഴില്‍ ശക്തിയായി അനിവാര്യമാകുമെന്നും അറിയിച്ചു. ഇന്ന് നമ്മള്‍ ഈ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ നിര്‍മ്മിച്ച യാത്രാവിമാനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ പറക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു.
വ്യോമയാന മേഖലയുടെ മുന്‍പൊരിക്കലുമുണ്ടാകാത്ത തരത്തിലുള്ള വിപുലീകരണത്തിലേക്ക് നയിച്ച ഗവണ്‍മെന്റിന്റെ നയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. മുന്‍ ഗവണ്‍മെന്റുകളുടെ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി, നിലവിലെ ഗവണ്‍മെന്റ് ചെറിയ നഗരങ്ങളിലും വിമാനത്താവളങ്ങളുമായി മുന്നോട്ട് പോകുന്നുവെന്ന് അദ്ദേഹം അറിയിച്ചു. 2014 വരെ, സ്വാതന്ത്ര്യത്തിന്റെ ആദ്യ 7 ദശകങ്ങളില്‍ രാജ്യത്തില്‍ 74 വിമാനത്താവളങ്ങളാണുണ്ടായിരുന്നത് എന്നാല്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ നിരവധി ചെറിയ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന 74 വിമാനത്താവളങ്ങള്‍ കൂടി കൂട്ടിചേര്‍ത്തു, ഹവായ് ചപ്പല്‍ ധരിക്കുന്ന സാധാരണ പൗരന്മാര്‍ക്കും ഹവായ് ജഹാജില്‍ (വിമാനത്തില്‍) യാത്ര ചെയ്യാനാകണമെന്ന തന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്ന താങ്ങാനാവുന്ന വിമാനയാത്രയ്ക്കുള്ള ഉഡാന്‍ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
'' പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും കൃഷിയുടെയും നാടായ ശിവമോഗയ്ക്ക് പുതിയ വിമാനത്താവളം, വികസനത്തിന്റെ വാതിലുകള്‍ തുറക്കാന്‍ പോകുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമഘട്ട മലനിരകള്‍ക്കും പച്ചപ്പ്, വന്യജീവി സങ്കേതങ്ങള്‍, നദികള്‍, പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടം, എലിഫന്റ് ക്യാമ്പ്, സിംഹധാമിലെ ലയണ്‍ സഫാരി, അഗുംബെ പര്‍വതനിരകള്‍ എന്നിവയ്ക്കും പേരുകേട്ട മലനാട് മേഖലയിലേക്കുള്ള പ്രവേശന കവാടമാണ് ശിവമോഗയെന്ന് അദ്ദേഹം അറിയിച്ചു. ഗംഗയില്‍ സ്‌നാനം ചെയ്യാത്തവരുടെയും തുംഗഭദ്ര നദിയിലെ വെള്ളം കുടിക്കാത്തവരുടെയും ജീവിതം അപൂര്‍ണ്ണമായി തുടരുമെന്ന് പഴഞ്ചൊല്ലിനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ശിവമോഗയുടെ സാംസ്‌കാരിക സമൃദ്ധിയെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, രാഷ്ട്രകവി കുവെമ്പുവിനെയും ലോകത്തിലെ ഏക സംസ്‌കൃത ഗ്രാമമായ മാട്ടൂരിനെയും ശിവമോഗയിലെ നിരവധി വിശ്വാസ കേന്ദ്രങ്ങളെയും പരാമര്‍ശിച്ചു. ഇസൂര്‍ ഗ്രാമത്തിലെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
രാജ്യത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണ് ശിവമോഗയെന്ന് ശിവമോഗയുടെ കാര്‍ഷിക പ്രത്യേകതകളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ ശ്രദ്ധേയമായ വിളവൈവിദ്ധ്യത്തിലും അദ്ദേഹം സ്പര്‍ശിച്ചു. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നടത്തുന്ന ശക്തമായ ബന്ധപ്പിക്കല്‍ നടപടികളാല്‍ ഈ കാര്‍ഷിക സമ്പത്തിന് വലിയ പ്രചോദനം ലഭിക്കുന്നു. പുതിയ വിമാനത്താവളം ടൂറിസം വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ ബന്ധിപ്പിക്കല്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പാതയായ ശിവമോഗ-ശിക്കാരിപുര-റാണിബെന്നൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഹാവേരി, ദാവന്‍ഗെരെ ജില്ലകള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പാതയില്‍ ലെവല്‍ ക്രോസ് ഉണ്ടാകില്ലെന്നതിലും അതിവേഗ ട്രെയിനുകള്‍ സുഗമമായി ഓടാന്‍ കഴിയുന്ന സുരക്ഷിതമായ റെയില്‍ പാതയായാകുമെന്നതിലും അദ്ദേഹം അടിവരയിട്ടു. ഒരു ഷോര്‍ട്ട് ഹാള്‍ട്ട് (അല്‍പ്പസമയം നില്‍ക്കുന്ന) സ്‌റ്റേഷനായിരുന്ന കോട്ടഗംഗൂര്‍ സ്‌റ്റേഷന്റെ ശേഷി പുതിയ കോച്ചിംഗ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതോടെ വര്‍ദ്ധിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 4 റെയില്‍വേ ലൈനുകളും 3 പ്ലാറ്റ്‌ഫോമുകളും ഒരു റെയില്‍വേ കോച്ചിംഗ് ഡിപ്പോയുമായാണ് ഇത് ഇപ്പോള്‍ ഇത് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഈ മേഖലയുടെ വിദ്യാഭ്യാസ കേന്ദ്രമാണ് ശിവമോഗയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ബന്ധിപ്പിക്കല്‍ വര്‍ദ്ധിക്കുന്നത് സമീപ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശിവമോഗ സന്ദര്‍ശിക്കുന്നത് സുഗമമാക്കുമെന്നും പറഞ്ഞു. മേഖലയിലെ വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഇത് പുതിയ വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. '' നല്ല ബന്ധിപ്പിക്കലോടുകൂടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മേഖലയിലാകെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു.
ശിവമോഗയിലെ സ്ത്രീകള്‍ക്ക് ജീവിതം സുഗമമാക്കുന്നതിനുള്ള വലിയ സംഘടിതപ്രവര്‍ത്തനമാണ് ഈ മേഖലയിലെ ജല്‍ജീവന്‍ മിഷന്‍ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജല്‍ ജീവന്‍ മിഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് ശിവമോഗയിലെ 3 ലക്ഷം കുടുംബങ്ങളില്‍ 90,000 പേര്‍ക്ക് മാത്രമാണ് ടാപ്പ് വാട്ടര്‍ കണക്ഷനുണ്ടായിരുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോള്‍, ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് 1.5 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കി, അത് പരിപൂര്‍ണ്ണമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 3.5 വര്‍ഷത്തിനിടെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷന്‍ ലഭിച്ചു.
''ഗ്രാമങ്ങള്‍, പാവപ്പെട്ടവര്‍, നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍ എന്നിവരുടേതാണ്, ഈ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ്'' പ്രധാനമന്ത്രി പറഞ്ഞു. അമ്മമാരും സഹോദരിമാരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് ശൗച്യാലയങ്ങള്‍, ഗ്യാസ് കണക്ഷനുകള്‍, ടാപ്പ് ജലവിതരണം എന്നിവയുടെ ഉദാഹരണങ്ങള്‍ നല്‍കികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വീട്ടിലും പൈപ്പ് വെള്ളം പൂര്‍ണ്ണ സത്യസന്ധതയോടെയും ലഭ്യമാക്കാനാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ്ശ്രമിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
''ഇത് ഇന്ത്യയുടെ അമൃത് കാലമാണെന്നും വികസിത ഇന്ത്യയെ നിര്‍മ്മിക്കാനുള്ള സമയമാണെന്നും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ആഗോളതലത്തില്‍ ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുവരുന്ന ഇത്തരമൊരു അവസരം വന്നെത്തുന്നതെന്നതിന് അദ്ദേഹം അടിവരയിട്ടു. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഇത് കര്‍ണാടകയ്ക്കും ഇവിടുത്തെ യുവജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയുടെ വികസനത്തിനായുള്ള ഈ സംഘടിതപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാകുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി എല്ലാവര്‍ക്കും ഉറപ്പ് നല്‍കി. ''നമുക്ക് ഒരുമിച്ച് നടക്കാം. നമുക്ക് ഒരുമിച്ച് മുന്നേറാം'', പ്രധാനമന്ത്രി ഉപസംഹരിച്ചു.
കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ, കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, കര്‍ണാടക ഗവണ്‍മെന്റിലെ മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
രാജ്യത്തുടനീളമുള്ള വ്യോമയാന ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഊന്നലിന് ശിവമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടെ മറ്റൊരു ഉത്തേജനം ലഭിക്കും. 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം വികസിപ്പിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന് മണിക്കൂറില്‍ 300 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും, മാത്രമല്ല മലനാട് മേഖലയില്‍ ശിവമോഗയുടെയും മറ്റ് സമീപ പ്രദേശങ്ങളുടെയും ബന്ധിപ്പിക്കലും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യും.
ശിവമോഗയില്‍ രണ്ട് റെയില്‍വേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇതില്‍ ശിവമോഗ-ശിക്കാരിപുര-റാണെബെന്നൂര്‍ പുതിയ റെയില്‍വേ ലൈനും കോട്ടേഗംഗുരു റെയില്‍വേ കോച്ചിംഗ് ഡിപ്പോയും ഉള്‍പ്പെടുന്നുണ്ട്. 900 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ശിവമോഗ-ശിക്കാരിപുര-റാണെബെന്നൂര്‍ പുതിയ റെയില്‍വേ പാത, ബെംഗളൂരു-മുംബൈ മുഖ്യപാതയുമായി മലനാട് മേഖലയ്ക്ക് മെച്ചപ്പെട്ട ബന്ധിപ്പിക്കല്‍ നല്‍കും. ശിവമോഗയില്‍ നിന്ന് പുതിയ ട്രെയിനുകള്‍ ആരംഭിക്കുന്നതിനും ബെംഗളൂരുവിലെയും മൈസൂരുവിലെയും അറ്റകുറ്റപ്പണി സൗകര്യങ്ങളിലുള്ള തിരക്ക് കുറയ്ക്കുന്നതിനും 100 കോടിയിലധികം ചെലവഴിച്ച് വികസിപ്പിക്കുന്ന ശിവമോഗ നഗരത്തിലെ കോട്ടഗംഗുരു റെയില്‍വേ കോച്ചിംഗ് ഡിപ്പോ സഹായിക്കും.
നിരവധി റോഡ് വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 215 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന പദ്ധതികളില്‍ ബൈന്ദൂര്‍ - റാണിബെന്നൂര്‍ ബന്ധിപ്പിക്കുന്ന എന്‍.എച്ച് 766 സിയില്‍ ശിക്കാരിപുര ടൗണിനായി പുതിയ ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതും മെഗരവല്ലി മുതല്‍ അഗുംബെ വരെ എന്‍.എച്ച് 169എ യുടെ വീതികൂട്ടല്‍. എന്‍.എച്ച് 169-ലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ഭാരതിപുരയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണവും ഉള്‍പ്പെടും.

ജല്‍ ജീവന്‍ മിഷനു കീഴില്‍ 950 കോടിയിലധികം രൂപയുടെ ബഹുഗ്രാമ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 860 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ ഗൗതമപുരയ്ക്കും മറ്റ് 127 ഗ്രാമങ്ങള്‍ക്കുമായി ഒരു ബഹുമാതൃകാ പദ്ധതിയുടെ ഉദ്ഘാടനവും മറ്റ് മൂന്ന് പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക പൈപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കുകും. ഇതിലൂടെ, മൊത്തം 4.4 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശിവമോഗ നഗരത്തില്‍ 895 കോടിയിലധികം രൂപ ചെലവുള്ള 44 സ്മാര്‍ട്ട് സിറ്റി പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 110 കിലോമീറ്റര്‍ നീളമുള്ള 8 സ്മാര്‍ട്ട് റോഡ് പാക്കേജുകള്‍; സംയോജിത കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ബഹുതല കാര്‍ പാര്‍ക്കിംഗ്; സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍ പദ്ധതികള്‍;  ഖരമാലിന്യ സംസ്‌കരണ സംവിധാനം; ശിവപ്പ നായിക് പാലസ് പോലുള്ള പൈതൃക പദ്ധതികളുടെ വികസനം ഒരു ഇന്റട്രാക്ടീവ് (സവേദനാത്മക) മ്യൂസിയം, 90 കണ്‍സര്‍വന്‍സി പാതകള്‍, പാര്‍ക്കുകള്‍, നദീതീര വികസന പദ്ധതികള്‍ തുടങ്ങിയവയും പദ്ധതികളിൽ  ഉൾപ്പെടും..

-ND-

(Release ID: 1902779) Visitor Counter : 104