പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഈജിപ്ത് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

Posted On: 25 JAN 2023 4:21PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രസിഡന്റ് സിസി,

ഇരു രാജ്യങ്ങളിലെയും മന്ത്രിമാരേ, പ്രതിനിധികളേ,

മാധ്യമസുഹൃത്തുക്കളേ,

ആദ്യമായി, പ്രസിഡന്റ് സിസിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രസിഡന്റ് സിസി പങ്കെടുക്കും. ഇത് ഇന്ത്യക്കാകെ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഈജിപ്തിൽ നിന്നുള്ള സൈനിക സംഘവും നമ്മുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് അതിന്  മഹത്വമേകുന്നു എന്നതിലും എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളാണ് ഇന്ത്യയുടെയും ഈജിപ്തിന്റേതും. ആയിരക്കണക്കിന് വർഷങ്ങളായി നാം തമ്മിലുള്ള ബന്ധം തുടരുന്നു. നാലായിരം വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ലോഥൽ തുറമുഖം വഴിയാണ് ഈജിപ്തുമായുള്ള വ്യാപാരം നടന്നിരുന്നത്. ലോകത്തിലെ വിവിധ മാറ്റങ്ങൾക്കിടയിലും, ഞങ്ങളുടെ ബന്ധം സുസ്ഥിരമാണ്, ഞങ്ങളുടെ സഹകരണം തുടർച്ചയായി ശക്തിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സഹകരണം കൂടുതൽ ഗാഢമാണ്. ഇതിന്, എന്റെ സുഹൃത്ത് പ്രസിഡന്റ് സിസിയുടെ കഴിവുറ്റ നേതൃത്വത്തിന്  ഖ്യാതിയേകാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ വർഷം, ജി-20 അ‌ധ്യക്ഷപദവിയുടെ കാലത്ത് ഇന്ത്യ ഈജിപ്തിനെ അതിഥിരാജ്യമായി ക്ഷണിച്ചു. ഇത് ഞങ്ങളുടെ പ്രത്യേക സൗഹൃദത്തെയാണു പ്രതിഫലിപ്പിക്കുന്നത്.

സുഹൃത്തുക്കളേ,

അറബിക്കടലിന്റെ ഒരു വശത്താണ് ഇന്ത്യ. ഈജിപ്ത് മറുവശത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം മേഖലയിലാകെ സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. അതുകൊണ്ട് ഇന്നത്തെ യോഗത്തിൽ ഞാനും പ്രസിഡന്റ് സിസിയും ഞങ്ങളുടെ ഉഭയകക്ഷി പങ്കാളിത്തം "തന്ത്രപരമായ പങ്കാളിത്തം" എന്ന തലത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇന്ത്യ-ഈജിപ്ത് തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിൽ, രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, ശാസ്ത്ര മേഖലകളിൽ കൂടുതൽ സഹകരണത്തിന്റെ ദീർഘകാല ചട്ടക്കൂട് വികസിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ലോകമെമ്പാടും ഭീകരവാദം വ്യാപിക്കുന്നതിൽ ഇന്ത്യക്കും ഈജിപ്തിനും ആശങ്കയുണ്ട്. മനുഷ്യരാശിയുടെ ഏറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഭീകരതയെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഏകാഭിപ്രായമാണുള്ളത്. അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാൻ യോജിച്ച പ്രവർത്തനം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും സമ്മതിക്കുന്നു. ഇതിനായി ഞങ്ങൾ ഒരുമിച്ച് അന്താരാഷ്ട്ര സമൂഹത്തിന് തുടർന്നും മുന്നറിയിപ്പ് നൽകാൻ ശ്രമിക്കും.

സുരക്ഷയും പ്രതിരോധ സഹകരണവും വർധിപ്പിക്കുന്നതിനുള്ള അപാരമായ സാധ്യതകളാണു നമുക്കിടയിലുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നമ്മുടെ സൈന്യങ്ങളുടെ സംയുക്ത വ്യായാമ പരിശീലനത്തിലും കാര്യപ്രാപ്തി വർദ്ധിപ്പിക്കുന്നതിലും വലിയ തോതിൽ വർധന ഉണ്ടായിട്ടുണ്ട്. നമ്മുടെ പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഭീകരവാദവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങളും രഹസ്യാന്വേഷണ വിനിമയവും വർധിപ്പിക്കാനും ഇന്നത്തെ യോഗത്തിൽ ഞങ്ങൾ തീരുമാനിച്ചു.

തീവ്രവാദ ആശയങ്ങളും മൗലികവാദവും പ്രചരിപ്പിക്കാൻ സൈബർ ഇടം ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്ന ഭീഷണിയാണ്. ഇതിനെതിരെയും ഞങ്ങൾ സഹകരിക്കും.

സുഹൃത്തുക്കളേ,

കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ സംരക്ഷണ അടിസ്ഥാനസൗകര്യങ്ങളിലും ആഗോള വിതരണശൃംഖലയിലും സംഭവിച്ച പ്രതികൂല ഫലങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തിൽ പ്രസിഡന്റ് സിസിയും ഞാനും അടുത്ത ബന്ധം പുലർത്തി. ആവശ്യമുള്ള ഘട്ടങ്ങളിൽ ഇരു രാജ്യങ്ങളും പരസ്പരം അടിയന്തര സഹായം ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ന്, കോവിഡും യുക്രയ്ൻ സംഘർഷവും ബാധിച്ച ഭക്ഷ്യ, ഔഷധ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി. ഈ മേഖലകളിൽ പരസ്പരനിക്ഷേപവും വ്യാപാരവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ അംഗീകരിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങളുടെ ഉഭയകക്ഷി വ്യാപാരം 12 ബില്യൺ ഡോളറായി ഉയർത്താൻ ഞങ്ങൾ കൂട്ടായി തീരുമാനിച്ചു.

സുഹൃത്തുക്കളേ,

സിഒപി-27 ആതിഥേയത്വം വിജയകരമായി നിർവഹിച്ചതിനും, കാലാവസ്ഥാ മേഖലയിൽ വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കും ഈജിപ്തിനെ ഞങ്ങൾ അഭിനന്ദിക്കുന്നു.

ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര ഫോറങ്ങളിലും ഇന്ത്യയും ഈജിപ്തും ദീർഘകാലത്തെതും മികച്ചതുമായ സഹകരണം പുലർത്തിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലെ അ‌ഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്രത്തിന്റെയും ചർച്ചകളുടെയും ആവശ്യകതയുണ്ടെന്ന കാര്യത്തിൽ ഞങ്ങൾ രണ്ടുപേരും യോജിക്കുന്നു.

ബഹുമാനപ്പെട്ട പ്രസിഡന്റ്,

ഇന്ത്യയിലേക്കു താങ്കൾക്കും താങ്കളുടെ പ്രതിനിധി സംഘത്തിനും ഒരിക്കൽ കൂടി ഞാൻ ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു. താങ്കൾക്കും ഈജിപ്തിലെ ജനങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ.

വളരെയധികം നന്ദി!

NS

***



(Release ID: 1893691) Visitor Counter : 109