പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 JAN 2023 8:33PM by PIB Thiruvananthpuram

പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര (പിഎംആർബിപി) ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നവീനാശയങ്ങൾ, സാമൂഹ്യസേവനം, വ‌ിദ്യാഭ്യാസം, കായികമേഖല, കലയും സംസ്കാരവും, ധീരത എന്നിങ്ങനെ ആറ് വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങൾക്കാണ് കേന്ദ്ര ഗവൺമെന്റ് കുട്ടികൾക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നൽകിവരുന്നത്. പുരസ്കാരത്തിന്റെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളമുള്ള 11 കുട്ടികളെ പിഎംആർബിപി-2023ലേക്ക് തെരഞ്ഞെടുത്തു. പുരസ്കാരത്തിന് അർഹരായത് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 6 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ്. 

ട്വീറ്റുകളുടെ ശ്രേണിയിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
 

“പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരജേതാക്കളുമായി ഗംഭീരമായ ആശയവിനിമയം നടത്തി.”
 

“അതിശയകരമായ അതിജീവനശേഷി പ്രകടിപ്പിച്ച ആദിത്യ സുരേഷിനെ ഓർത്ത് അഭിമാനിക്കുന്നു. എല്ലിനു തകരാറുണ്ടെന്ന് കണ്ടെത്തിയെങ്കിലും മനോവീര്യം ഒട്ടും കുറവല്ല അദ്ദേഹത്തിന്. ആലാപനമേഖല പിന്തുടർന്ന ആദിത്യ ഇപ്പോൾ കഴിവുറ്റ ഗായകനാണ്. 500ലധികം പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.”

 

“എം ഗൗരവി റെഡ്ഡി മികച്ച നർത്തകിയാണ്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന അവർ ഇന്ത്യൻ സംസ്കാരത്തിൽ അതീവ തൽപ്പരയാണ്. അവർക്കു പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്.”


“എന്റെ യുവ സുഹൃത്ത് സംഭബ് മിശ്ര വളരെ സർഗാത്മകതയുള്ള ചെറുപ്പക്കാരനാണ്. അദ്ദേഹത്തിന്റെ പേരിൽ നിരവധി ലേഖനങ്ങളുണ്ട്. മാത്രമല്ല, അഭിമാനാർഹമായ ഫെലോഷിപ്പുകൾ ലഭിച്ച വ്യക്തികൂടിയാണ്. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ലഭിച്ച അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു.”
 

“പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാവായ ശ്രേയ ഭട്ടാചാരി ഏറ്റവും കൂടുതൽ സമയം തബല വായിച്ചതിന്റെ റെക്കോർഡ് ഉള്ള തബല കലാകാരിയാണ്. കൾച്ചറൽ ഒളിമ്പ്യാഡ് ഓഫ് പെർഫോമിങ് ആർട്സ് പോലുള്ള വേദികളിലും അവരെ ആദരിച്ചിട്ടുണ്ട്. അവരുമായുള്ള ആശയവിനിമയം വളരെ മികച്ചതായിരുന്നു.”
 

“മുങ്ങിമരിക്കാൻ തുടങ്ങിയ സ്ത്രീയെ നദിയിൽ ചാടി രക്ഷിച്ച രോഹൻ രാമചന്ദ്ര ബഹിറിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. അദ്ദേഹം ഏറെ ധൈര്യവും നിർഭയത്വവും പ്രകടിപ്പിച്ചു. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ലഭിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ.”


“അസാമാന്യ പ്രതിഭയായ ആദിത്യ പ്രതാപ് സിങ് ചൗഹാന് നവീനാശയങ്ങളിലെ മികച്ച നേട്ടങ്ങൾക്കാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ലഭിച്ചത്. ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള ചെലവു കുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.”
 

“യുവാക്കൾക്കിടയിൽ നവീനാശയങ്ങൾ ആഘോഷിക്കപ്പെടുന്നു! ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിൽ ഋഷി ശിവ് പ്രസന്നയ്ക്ക് താൽപ്പര്യമുണ്ട്. യുവാക്കൾക്കിടയിൽ അത് ജനകീയമാക്കുന്നതിനൊപ്പം ശാസ്ത്രത്തിലും അദ്ദേഹത്തിന് അതേ താൽപ്പര്യമുണ്ട്. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന്റെ ഈ ജേതാവിനെ ഇന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” 

“അനൗഷ്ക ജോളിയെപ്പോലുള്ള ചെറുപ്പക്കാർ സഹാനുഭുതി ഉയർത്തിപ്പിടിക്കുകയും നവീനാശയങ്ങൾ കൊണ്ടിവരികയും ചെയ്യുന്നു. അധിക്ഷേപങ്ങൾക്കെതിരെ അവബോധം പ്രചരിപ്പിക്കുന്നതിനായി അവർ ഒരു ആപ്ലിക്കേഷനിലും മറ്റ് ഓൺലൈൻ പരിപാടികളിലും ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. അവർ ഇപ്പോൾ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാവായതിൽ സന്തോഷമുണ്ട്.” 

“വ്യത്യസ്ത കായിക ഇനങ്ങളെ ജനപ്രിയമാക്കുന്നതിനും കായികക്ഷമതയ്ക്ക് ഊന്നൽ നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വിവിധ ആയോധനകലാ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാവാണ് ഹനയ നിസാർ. അവർ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു.” 

“2022 ദേശീയ ഗെയിംസിൽ വിജയം സ്വന്തമാക്കിയ ശൗര്യജിത് രഞ്ജിത്കുമാർ ഖൈരെ ഏറെ പ്രശംസ നേടി. മല്ലകാമ്പയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രതിഭയുടെ ശക്തികേന്ദ്രമാണ്. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ഉദ്യമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നു.”

 “പ്രശസ്ത ചെസ്സ് കളിക്കാരിയും ഇപ്പോൾ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാവുമായ കുമാരി കൊളഗത്‌ല അലന മീനാക്ഷിയെ കണ്ടു. ചെസ്സിലെ അവരുടെ വിജയങ്ങൾ ആഗോളതലത്തിൽ വിവിധ വേദികളിൽ അവർക്കു തിളക്കമേകി. അവരുടെ നേട്ടങ്ങൾ തീർച്ചയായും വരാനിരിക്കുന്ന ചെസ്സ് കളിക്കാർക്ക് പ്രചോദനമാകും.”

-ND-

(Release ID: 1893417) Visitor Counter : 258