ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ജി20 ഇന്ത്യ ആരോഗ്യപാത


കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരനും തിരുവനന്തപുരത്തു നടന്ന ജി20 ആരോഗ്യ പ്രവർത്തകസമിതിയുടെ ആദ്യയോഗത്തെ അഭിസംബോധന ചെയ്തു



പകർച്ചവ്യാധിനയം നമ്മുടെ ആരോഗ്യനയത്തെ നിർവചിക്കുന്ന ഭാഗമായിരിക്കണം; കാരണം, ഇന്ന് ഏത് ആരോഗ്യപ്രതിസന്ധിയും പരസ്പരബന്ധിതമായ നമ്മുടെ ലോകത്തിന്റെ ബഹുമുഖസ്വഭാവത്താൽ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുന്നു: ഡോ. ഭാരതി പ്രവീൺ പവാർ



“മഹാമാരിയിൽനിന്നുള്ള പഠനങ്ങൾ നമ്മുടെ തയ്യാറെടുപ്പിനും പ്രതികരണത്തിനുമുള്ള അജൻഡ രൂപപ്പെടുത്തണം. നാം നമ്മുടെ കഴിവുകൾ വൈവിധ്യവൽക്കരിക്കണം; ഏതെങ്കിലും ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിച്ചാൽ, കൂട്ടായി സ്വയംസംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുകയും വേണം”



Posted On: 18 JAN 2023 11:47AM by PIB Thiruvananthpuram

“ഇന്നത്തെ ഏത് ആരോഗ്യപ്രതിസന്ധിയും പരസ്പരബന്ധിതമായ നമ്മുടെ ലോകത്തിന്റെ ബഹുമുഖസ്വഭാവത്താൽ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കും എന്നതിനാൽ പകർച്ചവ്യാധിനയം നമ്മുടെ ആരോഗ്യനയത്തെ നിർവചിക്കുന്ന ഭാഗമായിരിക്കണം”- ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനുകീഴിലുള്ള ആരോഗ്യ പ്രവർത്തകസമിതിയുടെ ആദ്യയോഗത്തെ അഭിസംബോധനചെയ്ത്, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

 

മഹാമാരി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയ്ക്കായി വൈവിധ്യമാർന്ന ബഹുമുഖ, ബഹുസംഘടനാ സഹകരണശ്രമങ്ങൾ ആവശ്യമാണെന്നു ഡോ. പവാർ പറഞ്ഞു. ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകളെ പ്രതിരോധിക്കാൻ വിവിധ വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി. “കോവിഡ്19 അവസാനത്തെ മഹാമാരിയായിരിക്കില്ല. പഠനങ്ങൾ നമ്മുടെ കൂട്ടായ തയ്യാറെടുപ്പിനും പ്രതികരണത്തിനുമുള്ള അജണ്ട രൂപീകരിക്കണം. നമ്മുടെ കഴിവുകൾ വൈവിധ്യവൽക്കരിക്കുകയും, ഏതെങ്കിലും ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ കൂട്ടായി നമ്മൾ സ്വയം സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണം”.

 

അതിജീവനശേഷിയുള്ള ആരോഗ്യസംവിധാനങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെയും ജീവൻരക്ഷാ മരുന്നുകൾ, ചികിത്സകൾ, ചികിത്സാനിർണയം എന്നിവയിൽ നിക്ഷേപിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ കരുത്തുറ്റ വൈദ്യശാസ്ത്രരീതികളുടെയും നവീകരണത്തിന്റെയും സംസ്കാരം ചൂണ്ടിക്കാട്ടി, ശ്രീ വി മുരളീധരൻ, “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഭൂസൗഹൃദസമീപനമാണെന്നും ആഗോളവൽകൃതലോകത്തിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു നിൽക്കുന്ന ഒന്നാണെന്നും വ്യക്തമാക്കി.

“ഏത് ആരോഗ്യ അടിയന്തരാവസ്ഥയും ഫലപ്രദമായി നേരിടാൻ കഴിയുന്ന തരത്തിൽ തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി നമ്മുടെ അജണ്ട വിന്യസിക്കേണ്ടതിന്റെ ആവശ്യകത”യെക്കുറിച്ച് അദ്ദേഹം പ്രതിനിധികളോടു പറഞ്ഞു. ഭാവിയിൽ ഉണ്ടാകുന്ന ഏത് ആരോഗ്യ വെല്ലുവിളികളെയും കൂട്ടായി നേരിടാൻ നാം തയ്യാറാകണം- അദ്ദേഹം പറഞ്ഞു.

ജി 20 അധ്യക്ഷപദവി വഹിക്കുന്ന  നിലയിൽ, ആരോഗ്യ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ ബഹുമുഖ വേദികളിലെ ചർച്ചകളിൽ കൂട്ടായ്മ കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നു കേന്ദ്ര ആരോഗ്യസെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം (ഏകാരോഗ്യം, എഎംആർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്); സുരക്ഷിതവും ഫലപ്രദവും ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ മെഡിക്കൽ പ്രതിരോധ നടപടികളിലേക്കുള്ള (വാക്സിനുകൾ, ചികിത്സ, രോഗനിർണയം) പ്രവേശനത്തിലും ലഭ്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഔഷധമേഖലയിലെ സഹകരണം ശക്തിപ്പെടുത്തൽ; സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്ക് സഹായകമാകുന്നതിനും ആരോഗ്യ പരിരക്ഷാസേവനങ്ങളുറപ്പാക്കൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഡിജിറ്റൽ ആരോഗ്യ നവീകരണവും പ്രതിവിധികളും എന്നിങ്ങനെ ജി‌20 ആരോഗ്യപാതയ്ക്കായുള്ള മൂന്നു മുൻഗണനകൾ അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

 

മൂന്ന് ആരോഗ്യ മുൻഗണനകൾ ഏറ്റെടുത്തതിന് ഇന്തോനേഷ്യൻ, ബ്രസീലിയൻ ട്രോയ്ക്ക അംഗങ്ങൾ ഇന്ത്യയുടെ അധ്യക്ഷപദത്തെ അഭിനന്ദിച്ചു. മഹാമാരി നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള അവസരം നൽകിയിട്ടുണ്ടെന്നും സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

 
ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. രാജീവ് ബഹൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി ശ്രീ ലവ് അഗർവാൾ, വിദേശകാര്യ മന്ത്രാലയ അഡീഷണൽ സെക്രട്ടറി ശ്രീ അഭയ് താക്കൂർ എന്നിവർ പങ്കെടുത്തു. ജി 20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളും ലോകാരോഗ്യ സംഘടന, ലോകബാങ്ക്, ലോക സാമ്പത്തികവേദി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും കേന്ദ്ര ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമായി.

***

NS



(Release ID: 1891923) Visitor Counter : 224