പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും
വടക്ക്-കിഴക്കൻമേഖലയിലെ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ ഇറ്റാനഗറിലെ ‘ഡോണി പോളോ വിമാനത്താവളം’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും
വിമാനത്താവളത്തിന്റെ പേര് അരുണാചൽ പ്രദേശ് നിവാസികളുടെ സൂര്യനോടും (‘ഡോണി’) ചന്ദ്രനോടു(‘പോളോ’)മുള്ള പുരാതനമായ ആരാധനയെ പ്രതിഫലിപ്പിക്കുന്നു
640 കോടിരൂപയിലധികം ചെലവിട്ടു വികസിപ്പിച്ച വിമാനത്താവളം സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും മേഖലയിലെ വ്യാപാര-വിനോദസഞ്ചാരവളർച്ചയ്ക്ക് ഉത്തേജകമായി വർത്തിക്കുകയുംചെയ്യും
8450 കോടി രൂപ ചെലവിൽ വികസിപ്പിച്ച 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയവും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും
പദ്ധതി അരുണാചൽ പ്രദേശിനെ വൈദ്യുതിമിച്ചസംസ്ഥാനമാക്കും
വാരാണസിയിൽ ഒരുമാസംനീളുന്ന ‘കാശി തമിഴ് സംഗമം’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും
പരിപാടി ‘ഏകഭാരതം ശ്രേഷ്ഠഭാരത’മെന്ന മനോഭാവം പ്രതിഫലിപ്പിക്കുന്നു
തമിഴ്‌നാടും കാശിയും തമ്മിലുള്ള പുരാതനമായ ബന്ധം ആഘോഷമാക്കലും പുനഃസ്ഥാപിക്കലും പുനരന്വേഷിക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
Posted On:
17 NOV 2022 3:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 9.30നു പ്രധാനമന്ത്രി ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനംചെയ്യുകയും 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയം രാഷ്ട്രത്തിനു സമർപ്പിക്കുകയുംചെയ്യും. അതിനുശേഷം ഉത്തർപ്രദേശിലെ വാരാണസിയിലെത്തുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനംചെയ്യും.
പ്രധാനമന്ത്രി അരുണാചൽ പ്രദേശിൽ:
വടക്കുകിഴക്കൻ മേഖലയിലെ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ ഇറ്റാനഗറിലെ ‘ഡോണി പോളോ വിമാനത്താവളം’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. വിമാനത്താവളത്തിന്റെ പേര് അരുണാചൽ പ്രദേശിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സാംസ്കാരികപൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. പ്രദേശവാസികൾക്കു സൂര്യനോടും (‘ഡോണി') ചന്ദ്രനോടു(‘പോളോ’)മുള്ള കാലപ്പഴക്കംചെന്ന ആരാധനാമനോഭാവത്തെയും ഇതു പ്രതിഫലിപ്പിക്കുന്നു.
690 ഏക്കറിലധികം വിസ്തൃതിയുള്ള അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിച്ചെടുത്തത് 640 കോടിയിലധികം രൂപ ചെലവിലാണ്. 2300 മീറ്റർ റൺവേയുള്ള വിമാനത്താവളം എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്നതിന് അനുയോജ്യമാണ്. ഊർജകാര്യക്ഷമത, പുനരുൽപ്പാദക ഊർജം, വിഭവങ്ങളുടെ പുനരുപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആധുനികരീതിയിലുള്ള കെട്ടിടമാണു വിമാനത്താവള ടെർമിനൽ.
ഇറ്റാനഗറിൽ പുതിയ വിമാനത്താവളം വികസിപ്പിച്ചതു മേഖലയിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുക മാത്രമല്ല, വ്യാപാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കുകയും, അതിലൂടെ പ്രദേശത്തിന്റെ സാമ്പത്തികവികസനത്തിന് ഉത്തേജനമേകുകയുംചെയ്യും.
600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയവും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിൽ 80 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 8450 കോടി രൂപ ചെലവിൽ വികസിപ്പിച്ച, ഈ പദ്ധതി അരുണാചൽ പ്രദേശിനെ വൈദ്യുതിമിച്ചസംസ്ഥാനമാക്കി മാറ്റും. ഗ്രിഡ് സ്ഥിരതയിലും സംയോജനത്തിന്റെ കാര്യത്തിലും ദേശീയ ഗ്രിഡിനു ഗുണംചെയ്യുകയുംചെയ്യും. ഹരിതോർജം വർധിപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പൂർത്തീകരിക്കുന്നതിൽ പദ്ധതി പ്രധാന പങ്കുവഹിക്കും.
പ്രധാനമന്ത്രി വാരാണസിയിൽ:
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ആശയത്തിന്റെ പ്രചാരണം ഗവൺമെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ഈ കാഴ്ചപ്പാടു പ്രതിഫലിപ്പിക്കുന്ന സംരംഭങ്ങളുടെ ഭാഗമായി, കാശിയിൽ (വാരാണസി) ഒരുമാസംനീളുന്ന ‘കാശി തമിഴ് സംഗമം’ പരിപാടി സംഘടിപ്പിക്കും. നവംബർ 19നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ടു പഠനകേന്ദ്രങ്ങളായ തമിഴ്‌നാടിനും കാശിക്കുമിടയിലുള്ള പുരാതനബന്ധം ആഘോഷിക്കൽ, പുനഃസ്ഥാപിക്കൽ, പുനരന്വേഷിക്കൽ എന്നതാണു പരിപാടിയുടെ ലക്ഷ്യം. ഇരുനാടുകളിലെയും പണ്ഡിതർ, വിദ്യാർഥികൾ, തത്വചിന്തകർ, വ്യാപാരികൾ, കരകൗശലവിദഗ്ധർ, കലാകാരർ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും ഒത്തുചേരാനും, അവരുടെ അനുഭവങ്ങളിലൂടെ നേടിയ അറിവും സംസ്കാരവും മികച്ച പ്രവർത്തനങ്ങളും പങ്കുവയ്ക്കാനും പരസ്പരം പഠിക്കാനും അവസരമൊരുക്കുകയാണു പരിപാടി ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിൽനിന്നുള്ള 2500ലധികം പ്രതിനിധികൾ കാശി സന്ദർശിക്കും. സമാനതരത്തിലുള്ള വ്യാപാരം, തൊഴിൽ, താൽപ്പര്യം എന്നിവയുള്ള പ്രാദേശികജനവിഭാഗവുമായി സംവദിക്കുന്നതിനു സെമിനാറുകൾ, പ്രദേശസന്ദർശനങ്ങൾ തുടങ്ങിയവയിൽ അവർ പങ്കെടുക്കും. കൈത്തറി, കരകൗശലവസ്തുക്കൾ, ഒഡിഒപി ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, പാചകരീതികൾ, കലാരൂപങ്ങൾ, ചരിത്രം, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ഒരുമാസത്തെ പ്രദർശനവും കാശിയിൽ ഒരുക്കും.
ആധുനിക വിജ്ഞാനസംവിധാനങ്ങളുമായി ഇന്ത്യയുടെ വിജ്ഞാനസംവിധാനങ്ങളുടെ കാതൽ സമന്വയിപ്പിക്കുന്നതിന്, എൻഇപി 2020 ഊന്നൽനൽകുന്നതുമായി ഈ ഉദ്യമം സമന്വയിപ്പിച്ചിരിക്കുന്നു. ഐഐടി മദ്രാസിനും ബിഎച്ച്‌യുവിനുമാണു പരിപാടിയുടെ നടത്തിപ്പുചുമതല.
--ND--
(Release ID: 1876802)
Visitor Counter : 163
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada