പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇൻ-സിറ്റ്യു ചേരി പുനഃസ്ഥാപനപദ്ധതി’പ്രകാരം ഡൽഹിയിലെ കാൽക്കാജിയിൽ പുതുതായി നിർമിച്ച 3024 ഫ്ലാറ്റുകൾ നവംബർ 2ന് (നാളെ) പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും


ഭൂമിഹീൻ ക്യാമ്പിലെ അർഹരായ ഝുഗ്ഗി ഝോപ്ഡി നിവാസികൾക്കു പ്രധാനമന്ത്രി ഫ്ലാറ്റുകളുടെ താക്കോൽ കൈമാറും 

എല്ലാവർക്കും പാർപ്പിടം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായാണിത് 

മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതാന്തരീക്ഷം പദ്ധതി പ്രദാനംചെയ്യും; ജനവാസത്തിനായുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് 

ഫ്ലാറ്റുകൾ ഉടമസ്ഥാവകാശവും സുരക്ഷിതത്വബോധവും നൽകും 

प्रविष्टि तिथि: 01 NOV 2022 4:54PM by PIB Thiruvananthpuram

‘ഇൻ-സിറ്റ്യു ചേരി പുനഃസ്ഥാപനപദ്ധതി’പ്രകാരം ചേരിനിവാസികളുടെ പുനരധിവാസത്തിനായി നിർമിച്ച 3024 ഇഡബ്ല്യുഎസ് ഫ്ലാറ്റുകൾ ഡൽഹിയിലെ കാൽക്കാജിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. അർഹരായ ഗുണഭോക്താക്കൾക്കു താക്കോലും കൈമാറും. 2022 നവംബർ രണ്ടിന് (നാളെ) വൈകിട്ട് 4.30നാണു പരിപാടി.

എല്ലാവർക്കും പാർപ്പിടം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി, 376 ഝുഗ്ഗി ഝോപ്ഡി മേഖലകളിലെ ചേരികൾ അതേയിടത്തുതന്നെ പുനർനിർമിക്കുന്ന പദ്ധതി ഡൽഹി വികസനഅതോറിറ്റി(ഡിഡിഎ)യാണ് ഏറ്റെടുത്തത്. ഝുഗ്ഗി ഝോപ്ഡി മേഖലകളിലെ താമസക്കാർക്കു ശരിയായ സൗകര്യങ്ങളുള്ള മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതാന്തരീക്ഷം പ്രദാനംചെയ്യുക എന്നതാണു പുനഃസ്ഥാപനപദ്ധതിയുടെ ലക്ഷ്യം. 

കാൽക്കാജി എക്സ്റ്റൻഷൻ, ജേലോർവാലാ ബാഗ്, കഠ്പുത്‌ലി കോളനി എന്നിവിടങ്ങളിലായി മൂന്നു പദ്ധതികളാണു ഡിഡിഎ ഏറ്റെടുത്തത്. കാൽക്കാജി എക്സ്റ്റൻഷൻ പദ്ധതിക്കുകീഴിൽ, കാൽക്കാജിയിൽ സ്ഥിതിചെയ്യുന്ന ഭൂമിഹീൻ ക്യാമ്പ്, നവജീവൻ ക്യാമ്പ്, ജവഹർ ക്യാമ്പ് എന്നീ മൂന്നു ചേരിവിഭാഗങ്ങളുടെ അതേസ്ഥാനത്തുതന്നെയുള്ള ചേരിപുനഃസ്ഥാപനം ഘട്ടംഘട്ടമായി ഏറ്റെടുത്തു. ഒന്നാംഘട്ടത്തിനുകീഴിൽ, സമീപത്തെ ഒഴിഞ്ഞ വാണിജ്യകേന്ദ്രസ്ഥലത്ത് 3024 ഇഡബ്ല്യുഎസ് ഫ്ലാറ്റുകൾ നിർമിച്ചു. ഭൂമിഹീൻ ക്യാമ്പിലെ ഝുഗ്ഗി ഝോപ്ഡി മേഖല ഒഴിപ്പിച്ച്, ഭൂമിഹീൻ ക്യാമ്പിലെ അർഹരായ കുടുംബങ്ങളെ പുതുതായി നിർമിച്ച ഇഡബ്ല്യുഎസ് ഫ്ലാറ്റുകളിലേക്കു പുനരധിവസിപ്പിക്കും. ഭൂമിഹീൻ ക്യാമ്പ് പ്രദേശം ഒഴിപ്പിച്ചശേഷം, രണ്ടാംഘട്ടത്തിൽ, ഈ ഒഴിപ്പിക്കപ്പെട്ട സ്ഥലം നവജീവൻ ക്യാമ്പിന്റെയും ജവഹർ ക്യാമ്പിന്റെയും പുനരധിവാസത്തിനായി ഉപയോഗിക്കും. 

പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ച് 3024 ഫ്ലാറ്റുകൾ താമസത്തിനു സജ്ജമായിക്കഴിഞ്ഞു. ഏകദേശം 345 കോടി രൂപ ചെലവിലാണ് ഈ ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്. വിട്രിഫൈഡ് ഫ്ലോർ ടൈൽസ്, സെറാമിക്സ് ടൈലുകൾ, അടുക്കളയിൽ ഉദയ്പുർ ഗ്രീൻ മാർബിൾ കൗണ്ടർ തുടങ്ങി വിവിധ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതു പാർക്കുകൾ, വൈദ്യുതി സബ്-സ്റ്റേഷനുകൾ, മലിനജലശുദ്ധീകരണപ്ലാന്റ്, ഇരട്ട കുടിവെള്ള പൈപ്പ്‌ലൈനുകൾ, ലിഫ്റ്റുകൾ, ശുദ്ധമായ ജലവിതരണത്തിനുള്ള ഭൂഗർഭസംഭരണി തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. ഫ്ലാറ്റുകൾ അനുവദിക്കുന്നത് ജനങ്ങൾക്ക് ഉടമസ്ഥാവകാശവും സുരക്ഷിതത്വബോധവും നൽകും.

--ND--


(रिलीज़ आईडी: 1872854) आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें: Manipuri , Marathi , Assamese , English , Urdu , हिन्दी , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada