പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ അയോധ്യയിൽ ശ്രീരാമന്റെ പ്രതീകാത്മകരൂപത്തിൽ പ്രധാനമന്ത്രി രാജ്യാഭിഷേകം നടത്തി


"'ആസാദി കാ അമൃത് കാലി'ൽ, ശ്രീരാമൻ സ്വീകരിച്ചതുപോലുള്ള ദൃഢനിശ്ചയം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകും"

"ഏവർക്കുമൊപ്പം, ഏവരുടെയും വികസനം എന്നതിനുള്ള പ്രചോദനവും ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്നിവയുടെ തത്വങ്ങളും ശ്രീരാമന്റെ വാക്കുകളിലും ചിന്തകളിലും കണ്ടെത്താനാകും"

"രാമൻ ആരെയും മാറ്റിനിർത്തുന്നില്ല; രാമൻ തന്റെ കർത്തവ്യങ്ങളിൽനിന്നു പിന്മാറുന്നില്ല"

"യഥാർഥ ഭരണഘടനയുടെ മൗലികാവകാശങ്ങൾ പേജിലെ ശ്രീരാമന്റെ ചിത്രം കടമകളെക്കുറിച്ചുള്ള ശാശ്വതമായ സാംസ്കാരികധാരണയെയാണു സൂചിപ്പിക്കുന്നത്"

"കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ, രാജ്യം അപകർഷതാബോധത്തിന്റെ ചങ്ങലകൾ തകർത്തു; ഇന്ത്യയുടെ വിശ്വാസകേന്ദ്രങ്ങളുടെ വികസനത്തിന്റെ സമഗ്രമായ കാഴ്ചപ്പാടു പിന്തുടരുന്നു"

"ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനമാണ് അയോധ്യ"

"അയോധ്യയുടെ സ്വത്വം 'കർത്തവ്യ നഗരി'- കടമകളുടെ നഗരം എന്ന നിലയിൽ വികസിപ്പിക്കണം"


Posted On: 23 OCT 2022 7:41PM by PIB Thiruvananthpuram

ദീപാവലിയുടെ തലേദിവസമായ ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ അയോധ്യയിൽ ശ്രീരാമന്റെ പ്രതീകാത്മകരൂപത്തിൽ രാജ്യാഭിഷേകം നടത്തി. സരയൂ നദിയിലെ ന്യൂഘട്ടിൽ പ്രധാനമന്ത്രി ആരതിക്കു സാക്ഷ്യംവഹിച്ചു. സ്ഥലത്തെത്തിയ പ്രധാനമന്ത്രി സന്ന്യാസ‌ിമാരെ സന്ദർശിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. 

ശ്രീരാമന്റെ അനുഗ്രഹത്താൽ മാത്രമേ ശ്രീരാംലാലയുടെയും രാജ്യാഭിഷേകത്തിന്റെയും ദർശനഭാഗ്യം സാധ്യമാകൂ എന്നു സദസിനെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമാഭിഷേകം അദ്ദേഹത്തിന്റെ മൂല്യങ്ങളെയും ആദർശങ്ങളെയും നമ്മിൽ കൂടുതൽ ആഴത്തിൽപതിപ്പിക്കുന്നു. ശ്രീരാമൻ കാട്ടിത്തന്ന പാത അദ്ദേഹത്തിന്റെ അഭിഷേകത്തോടെ കൂടുതൽ വ്യക്തമാകും. അയോധ്യയുടെ ഓരോ കണികയിലും നാം അദ്ദേഹത്തിന്റെ തത്വങ്ങൾ കാണുന്നു- പ്രധാനമന്ത്രി പറഞ്ഞു. "അയോധ്യയിലെ രാമലീലകൾ, സരയു ആരതി, ദീപോത്സവം, രാമായണ ഗവേഷണം, പഠനം എന്നിവയിലൂടെ ഈ തത്വങ്ങൾ ലോകമെമ്പാടും വ്യാപിക്കുന്നു"- ശ്രീ മോദി കൂട്ടിച്ചേർത്തു. 

ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തിയാക്കുന്നവേളയിലാണ് ഈ ദീപാവലിയെന്നും നാം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ 'ആസാദി കാ അമൃത് കാലി'ൽ, ശ്രീരാമൻ സ്വീകരിച്ചതുപോലുള്ള നിശ്ചയദാർഢ്യമാണു രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നത്. ശ്രീരാമന്റെ വാക്കുകളിലും ചിന്തകളിലും അദ്ദേഹത്തിന്റെ വാഴ്ചയിലും ഭരണനിർവഹണത്തിലും ഏവർക്കുമൊപ്പം, ഏവരുടെയും വികസനം എന്നതിനുള്ള പ്രചോദനവും ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്നിവയുടെ തത്വങ്ങളും കണ്ടെത്താൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. "ഓരോ ഇന്ത്യക്കാരനും ശ്രീരാമന്റെ തത്വങ്ങൾ വികസിത ഇന്ത്യയുടെ സ്വപ്നങ്ങളാണ്. ഏറ്റവും പ്രയാസമേറിയ ലക്ഷ്യങ്ങൾ നേടാനുള്ള പ്രചോദനം നൽകുന്ന വിളക്കുമാടം പോലെയാണിത്"- പ്രധാനമന്ത്രി പറഞ്ഞു.

ഈ വർഷം ചുവപ്പുകോട്ടയിൽനിന്നു 'പഞ്ച് പ്രാണി'നെക്കുറിച്ചുള്ള തന്റെ ആഹ്വാനം അനുസ്മരിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: "'പഞ്ചപ്രാണി'ന്റെ ഊർജം പൗരന്മാരുടെ കർത്തവ്യബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന്, പുണ്യനഗരമായ അയോധ്യയിൽ, ഈ ശുഭവേളയിൽ, നമ്മുടെ ദൃഢനിശ്ചയത്തിനായി സ്വയംസമർപ്പിക്കുകയും ശ്രീരാമനിൽനിന്നു പഠിക്കുകയും വേണം". 'മര്യാദാപുരുഷോത്തമനെ' അനുസ്മരിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: 'മര്യാദ' നമ്മെ ഔചിത്യബോധമുള്ളവരാക്കുകയും ആദരമേകാൻ പഠിപ്പിക്കുകയും ചെയ്യുന്നു. 'മര്യാദ' ഉയർത്തിപ്പ‌ിടിക്കുന്നതു കർത്തവ്യത്തെയാണ്. ശ്രീരാമനെ കർത്തവ്യങ്ങളുടെ ആൾരൂപമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, തന്റെ എല്ലാ വേഷങ്ങളിലും ശ്രീരാമൻ എപ്പോഴും തന്റെ കർത്തവ്യങ്ങൾക്കാണു പ്രഥമ പരിഗണന നൽകിയതെന്നും പറഞ്ഞു. “രാമൻ ആരെയും മാറ്റിനിർത്തുന്നില്ല. രാമൻ ഒരിക്കലും തന്റെ കർത്തവ്യങ്ങളിൽനിന്നു പിന്മാറുന്നില്ല. അങ്ങനെ, നമ്മുടെ കടമകളിലൂടെ നമ്മുടെ അവകാശങ്ങൾ സ്വയമേവ സാക്ഷാത്കരിക്കപ്പെടുമെന്ന ഇന്ത്യൻ സങ്കൽപ്പത്തെ രാമൻ പ്രതിനിധാനംചെയ്യുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ യഥാർഥപകർപ്പിൽ ശ്രീരാമന്റെയും സീതാമാതാവിന്റെയും ലക്ഷ്മണന്റെയും ചിത്രമുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആ പേജിൽ മൗലികാവകാശങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഒരുവശത്ത്, ഭരണഘടന മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്നും, അതേസമയം ശ്രീരാമന്റെ രൂപത്തിൽ കടമകളെക്കുറിച്ചു ശാശ്വതമായ സാംസ്കാരികധാരണയുണ്ടെന്നു വ്യക്തമാക്കുന്നുവെന്നുമാണ് ഇതു കാട്ടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നമ്മുടെ പൈതൃകത്തെക്കുറിച്ചുള്ള അഭിമാനത്തെയും അടിമത്തമനോഭാവത്തെയും കുറിച്ചുള്ള ‘പഞ്ചപ്രാണ’ങ്ങളെ പരാമർശിച്ച്, മാതാവിനെയും മാതൃരാജ്യത്തെയും സ്വർഗത്തേക്കാൾ ഉയരത്തിൽ പ്രത‌ിഷ്ഠിച്ചു ശ്രീരാമനും ഈ പാതയിൽ നമ്മെ നയിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രം, കാശി വിശ്വനാഥ്, കേദാർനാഥ്, മഹാകാൽ ലോക് എന്നിവയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ അഭിമാനത്തിന്റെ ഭാഗമാക്കുന്ന ആരാധനാലയങ്ങളെ ഗവണ്മെന്റ് പുനരുജ്ജീവിപ്പിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശ്രീരാമന്റെ അസ്തിത്വം ജനങ്ങൾ ചോദ്യംചെയ്തിരുന്ന കാലത്തെ പ്രധാനമന്ത്രി അനുസ്മരിക്കുകയും അതെക്കുറിച്ചു സംസാരിക്കുന്നതിൽ വിമുഖത കാട്ടുകയുംചെയ്തു. "ഞങ്ങൾ അപകർഷതാബോധത്തിന്റെ ചങ്ങലകൾ തകർത്ത്, കഴിഞ്ഞ എട്ടുവർഷമായി ഇന്ത്യയുടെ തീർഥാടനകേന്ദ്രങ്ങളുടെ വികസനത്തെക്കുറിച്ചു സമഗ്രമായ കാഴ്ചപ്പാടു മുന്നോട്ടുവച്ചു." ആയിരക്കണക്കിനുകോടിരൂപയുടെ പദ്ധതികളാണ് അയോധ്യയിൽ നടക്കുന്നതെന്നു പ്രധാനമന്ത്രി അറിയിച്ചു. റോഡുകളുടെ വികസനം മുതൽ ഘാട്ടുകളുടെ സൗന്ദര്യവൽക്കരണംവരെയും ക്രോസ് റോഡുകൾ മുതൽ പുതിയ റെയിൽവേ സ്റ്റേഷൻ, ലോകോത്തര വിമാനത്താവളം തുടങ്ങിയ അടിസ്ഥാനസൗകര്യവികസനംവരെയും നീളുന്ന വർധിച്ച സമ്പർക്കസൗകര്യങ്ങളിലൂടെയും അന്താരാഷ്ട്ര വിനോദസഞ്ചാരത്തിൽനിന്നും ഈ മേഖലയാകെ വലിയ നേട്ടങ്ങൾ കൊയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമായണസർക്യൂട്ടിന്റെ വികസനപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. 

സാംസ്കാരികനവോത്ഥാനത്തിന്റെ സാമൂഹ്യവും അന്തർദേശീയവുമായ തലങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ശ്രീരാമന്റെയും നിഷാദ് രാജിന്റെയും 51 അടി ഉയരമുള്ള വെങ്കലപ്രതിമ സ്ഥാപിക്കുന്ന നിഷാദ് രാജ് പാർക്ക് ശൃംഗ്വേർപുർ ധാമിൽ വികസിപ്പിക്കുകയാണെന്ന് അറിയിച്ചു. സമത്വത്തിന്റെയും ഐക്യത്തിന്റെയും ദൃഢനിശ്ചയവുമായി നമ്മെ ബന്ധിപ്പിക്കുന്ന, ഏവരെയും ഉൾക്കൊള്ളുന്ന, രാമായണത്തിന്റെ സന്ദേശം ഈ പ്രതിമ പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ ‘ഹിയോ രാജ്ഞി സ്മാരകോദ്യാനം’ വികസിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെയും ദക്ഷിണ കൊറിയയുടെയും അന്താരാഷ്ട്ര ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള മാധ്യമമായി ഇതു പ്രവർത്തിക്കുമെന്നു ചൂണ്ടിക്കാട്ടി. ആത്മീയ വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ രാമായണ എക്സ്‌പ്രസ് ട്രെയിൻ ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. "ചാർധാം പദ്ധതിയോ, ബുദ്ധ സർക്യൂട്ടോ, പ്രസാദ് പദ്ധതിക്ക് കീഴിലുള്ള വികസന പദ്ധതികളോ ആകട്ടെ, ഈ സാംസ്കാരിക നവോത്ഥാനമാണു നവ ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ ശ്രീ ഗണേശൻ"- പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയുടെ മഹത്തായ സാംസ്കാരികപൈതൃകത്തിന്റെ പ്രതിഫലനമാണ് അയോധ്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. രാമൻ അയോധ്യയിലെ രാജകുമാരനാണെങ്കിലും അദ്ദേഹത്തെ ആരാധ‌ിക്കുന്നതു രാജ്യത്തിനാകെ അവകാശപ്പെട്ടതാണെന്നും ശ്രീ മോദി പറഞ്ഞു. അവന്റെ പ്രചോദനം, അവന്റെ തപസ്, അവന്റെ വഴി, ഓരോ നാട്ടുകാരിലുമുണ്ട്. ശ്രീരാമന്റെ ആദർശങ്ങൾ പിന്തുടരുക എന്നതു ഭാരതീയരായ നമ്മുടെയേവരുടെയും കടമയാണ്. പതിവായി അദ്ദേഹത്തിന്റെ ആദർശങ്ങളിൽ നാം ജീവിക്കുകയും ജീവിതത്തിൽ അവ പ്രാവർത്തികമാക്കുകയും വേണം- അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഈ പുണ്യനഗരത്തിലേക്കു സ്വാഗതം ചെയ്യുക, നഗരം‌ വൃത്തിയായി സൂക്ഷിക്കുക എന്നീ രണ്ടു കടമകളെക്കുറിച്ച് അയോധ്യയിലെ ജനങ്ങളെ ഓർമിപ്പിച്ചാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. അയോധ്യയുടെ സ്വത്വം കർത്തവ്യ നഗരി'- കടമകളുടെ നഗരം എന്ന നിലയിൽ വികസിപ്പിക്കണം - അദ്ദേഹം ഉപസംഹരിച്ചു. 

നേരത്തെ, പ്രധാനമന്ത്രി ഭഗവാൻ ശ്രീ രാംലാല വിരാജ്മാൻ ദർശനവും പൂജയും നടത്തി. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രമേഖലയും സന്ദർശിച്ചു. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, മഹന്ത് നൃത്യ ഗോപാൽദാസ്ജി മഹാരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ND

(Release ID: 1870544) Visitor Counter : 224