പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ജൂനാഗഢില്‍ 3580 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
"ഇരട്ട എൻജിന്‍ ഗവണ്‍മെന്റ് വികസനപ്രവര്‍ത്തനങ്ങളില്‍ ഇരട്ടി വേഗംകൊണ്ടുവന്നു"
"കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ജീവിതം ഏറെ സുഗമമാക്കി; പ്രത്യേകിച്ചു മൃഗസംരക്ഷണത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി സമൂഹത്തിനും"
"തുറമുഖങ്ങള്‍ക്കുമാത്രമല്ല, തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിനും ഗവണ്‍മെന്റ് മുന്‍കൈ എടുത്തു"
"സംരംഭകത്വത്തിന്റെ ഓരോ ഘട്ടത്തിലും ഗവണ്മെന്റ് യുവാക്കളെ സഹായിക്കുന്നു"
"വളരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ വിനോദസഞ്ചാരത്തെ വലിയതോതിൽ പ്രോത്സാഹിപ്പിക്കുന്നു"
"ചില രാഷ്ട്രീയകക്ഷികൾ ഗുജറാത്തിനെ മോശമായി ചിത്രീകരിക്കുന്നത് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി"
"ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന മനോഭാവത്തെയും സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല"
Posted On:
19 OCT 2022 5:44PM by PIB Thiruvananthpuram
ഗുജറാത്തിലെ ജൂനാഗഢില്‍ 3580 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. വിവിധ റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച നിർമാണപ്രവർത്തനങ്ങളുടേതിനു പുറമെ തീരദേശപാതകളുടെ മെച്ചപ്പെടുത്തൽ, രണ്ട് ജലവിതരണ പദ്ധതികള്‍, കൃഷി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള സംഭരണശാലാസമുച്ചയത്തിന്റെ നിർമാണം എന്നിവ ഇവയിൽ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മാധവ്പുരിലെ ശ്രീ കൃഷന്‍ രുക്ഷാമണി അമ്പലത്തിന്റെ സമഗ്രവികസനത്തിനും മലിനജല-ജലവിതരണ പദ്ധതികള്‍ക്കും പോര്‍ബന്തര്‍ മത്സ്യബന്ധന തുറമുഖത്ത് മെയിന്റനന്‍സ് ഡ്രെഡ്ജിങ്ങിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. മാധ്‌വാഡിൽ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതുള്‍പ്പെടെ ഗീര്‍ സോമനാഥില്‍ രണ്ടു പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ദീപാവലിയും ധന്തേരസും നേരത്തെ എത്തിയിട്ടുണ്ടെന്നും ജൂനാഗഢിലെ ജനങ്ങള്‍ക്കായി പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സദസിനെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി ജനങ്ങളുടെ ആശീർവാദങ്ങള്‍ക്കും നന്ദി അറിയിച്ചു. മുന്‍കാലങ്ങളിലുണ്ടായിരുന്ന സംസ്ഥാന ബജറ്റിനേക്കാള്‍മൂല്യമുള്ള പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഇതെല്ലാം ഗുജറാത്തിലെ ജനങ്ങളുടെ ആശീർവാദം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂനാഗഢ്, ഗീര്‍ സോമനാഥ്, പോര്‍ബന്തര്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തെ ഗുജറാത്തിന്റെ വിനോദസഞ്ചാരതലസ്ഥാനമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇന്ന് ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ തൊഴിലിനും സ്വയംതൊഴിലിനും വലിയ അവസരങ്ങള്‍ സൃഷ്ടിക്കും. "ഇന്ന് എന്റെ ഹൃദയം അഭിമാനത്താല്‍ വീര്‍പ്പുമുട്ടുന്നു" എന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിന് കാരണം ഗുജറാത്തിലെ ജനങ്ങളും അവരുടെ ആശീർവാദവുമാണ് എന്ന് കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ചുമതലകള്‍ ഏറ്റെടുക്കാന്‍ താന്‍ ഗുജറാത്ത് വിട്ട ശേഷവും അതേ മൂല്യങ്ങളും പാരമ്പര്യങ്ങളും പുലര്‍ത്തി ഗുജറാത്തിനെ പരിപാലിച്ചത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സംഘമാണ്. "ഇന്ന് ഗുജറാത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു"- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
വരള്‍ച്ചയുടെയും മേഖലയിലെ കുടിയേറ്റത്തിന്റെയും കഠിനമായ കാലങ്ങൾ അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ കാലാവസ്ഥാ പ്രതികൂല സാഹചര്യങ്ങള്‍ കുറഞ്ഞു. അര്‍പ്പണബോധത്തോടെയും ആധികാരികതയോടെയും പ്രവര്‍ത്തിക്കുന്ന ജനങ്ങളെ പ്രകൃതിപോലും സഹായിക്കുന്നു. ''ഒരു വശത്ത് ജനങ്ങളുടെ അനുഗ്രഹവും മറുവശത്ത് പ്രകൃതിയുടെ പിന്തുണയും ഉള്ളതിനാല്‍, ജനങ്ങളെ സേവിക്കാനായി ജീവിതം ചെലവഴിക്കുന്നത് സന്തോഷകരമാണ്"- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നർമദ മാതാവ് വിദൂര തീര്‍ത്ഥാടന കേന്ദ്രമായിരുന്നുവെന്നും, എന്നാല്‍ ജനങ്ങളുടെ കഠിനാധ്വാനത്താല്‍, നർമദ മാതാവ് സൗരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ അനുഗ്രഹമേകുന്നതിനായി എത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൂർണ സമര്‍പ്പണത്തോടെ പ്രകൃതിദത്തകൃഷി പ്രോത്സാഹിപ്പിച്ചതിന് ജൂനാഗഢിലെ കര്‍ഷകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗുജറാത്തില്‍ വിളയുന്ന കേസര്‍ മാമ്പഴത്തിന്റെ രുചി ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ തീരപ്രദേശത്തിന്റെ വലിയൊരു ഭാഗം ഗുജറാത്തിന്റേതാണെന്ന്, ഇന്ത്യയുടെ വിശാലമായ തീരപ്രദേശങ്ങളെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ ഗവണ്‍മെന്റുകള്‍ കടലിനെ ഭാരമായും അതിന്റെ ശുദ്ധവായുവിനെ വിഷമായും കണക്കാക്കിയിരുന്നെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. എന്നാല്‍ ഇപ്പോള്‍ കാലം മാറി. "മോശമായി കണക്കാക്കപ്പെട്ട അതേ കടലുകള്‍ ഇപ്പോള്‍ ഞങ്ങളുടെ പരിശ്രമത്തിന്റെ നേട്ടങ്ങള്‍ കൊയ്യുന്നു". പ്രശ്നങ്ങളാല്‍ തകര്‍ന്ന റാന്‍ ഓഫ് കച്ച് ഇപ്പോള്‍ ഗുജറാത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്നു. 25 വര്‍ഷം മുമ്പ് ഗുജറാത്തിന്റെ വികസനത്തിനായി താന്‍ എടുത്ത ദൃഢനിശ്ചയം ഇപ്പോള്‍ സഫലമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി എന്ന നിലയില്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ, സൗകര്യങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കായി സാഗര്‍ ഖേഡു പദ്ധതി ആരംഭിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ശ്രമങ്ങള്‍ മൂലം സംസ്ഥാനത്ത് നിന്നുള്ള മത്സ്യ കയറ്റുമതി ഏഴിരട്ടിയായി വര്‍ധിച്ചു. താന്‍ മുഖ്യമന്ത്രിയായി ഇരുന്ന കാലത്തുള്ള ഒരു സന്ദര്‍ഭവും അദ്ദേഹം പങ്കുവച്ചു. മത്സ്യബന്ധനസംരംഭങ്ങളെക്കുറിച്ചുള്ള അവതരണം നടക്കവേ ജാപ്പനീസ് പ്രതിനിധിസംഘം അവതരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പ്രശസ്തമായ സുര്‍മായി മത്സ്യം സ്ക്രീനിൽ കണ്ട് സ്വയം നിയന്ത്രിക്കാനാവാതെ അവര്‍ ആ മത്സ്യം രുചിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സുര്‍മായി മത്സ്യത്തിന് ഇപ്പോള്‍ ജാപ്പനീസ് വിപണിയില്‍ ആവശ്യക്കാരേറെയാണ്. എല്ലാ വര്‍ഷവും ഗണ്യമായ കയറ്റുമതിയും നടക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. "ഇരട്ട എൻജിന്‍ ഗവണ്‍മെന്റ് വികസന പ്രവര്‍ത്തനങ്ങളില്‍ ഇരട്ടി വേഗത കൊണ്ടുവന്നു". ഇന്നുതന്നെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളുടെ പണി തുടങ്ങി എന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍, മൃഗസംരക്ഷണ തൊഴിലാളികള്‍, സാഗര്‍ ഖേഡു മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഇതാദ്യമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ സേവനങ്ങളുമായി ബന്ധിപ്പിച്ചു. ഇതു ബാങ്കില്‍ നിന്ന് വായ്പ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയെന്നും പ്രധാനമന്ത്രി അറിയിച്ചു. 3.5 കോടി ഗുണഭോക്താക്കള്‍ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. സമൂഹത്തിലെ ദരിദ്രര്‍ക്കും അശരണർക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാന്‍ ഇതു കരുത്തുപകരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് പലിശ ഒഴിവാക്കും. "കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ജീവിതം ഏറെ സുഗമമാക്കി; പ്രത്യേകിച്ച് നമ്മുടെ മൃഗസംരക്ഷണ തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി സമൂഹത്തിനും"- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ രണ്ടുദശകങ്ങളിൽ, തുറമുഖങ്ങളുടെ വലിയ വികസനം ഗുജറാത്തിനായി സമൃദ്ധിയുടെ ബൃഹദ്കവാടങ്ങൾ തുറന്നു. ഇതു ഗുജറാത്തിനു പുതിയ സാധ്യതകൾ തുറന്നുകൊടുത്തു. തുറമുഖങ്ങൾ വികസിപ്പിക്കുന്നതിലൂടെ മാത്രമല്ല, തുറമുഖാധിഷ്ഠിത വികസനം നടപ്പിലാക്കുന്നതിലൂടെയും ഇന്ത്യയുടെ തീരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താൻ ഗവണ്മെന്റ് മുൻകൈ എടുത്തിട്ടുണ്ട്”- സാഗർമാല പദ്ധതിയിലേക്കു വെളിച്ചം വീശി പ്രധാനമന്ത്രി പറഞ്ഞു. "ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പുതിയ പദ്ധതികൾക്കാണു ഗുജറാത്ത് സാക്ഷ്യംവഹിച്ചത്"- പ്രധാനമന്ത്രി പറഞ്ഞു. "ജൂനാഗഢിനുപുറമെ പോർബന്തർ, ജാംനഗർ, ദേവഭൂമി ദ്വാരക, മോർബി തുടങ്ങി മധ്യ-ദക്ഷിണ ഗുജറാത്ത് വരെയുള്ള നിരവധി ജില്ലകളിലൂടെയാണു പുതിയ തീരദേശപാത കടന്നുപോകാനൊരുങ്ങുന്നത്. ഇതു ഗുജറാത്തിലെ തീരപ്രദേശങ്ങളുടെയാകെ ബന്ധത്തിനു കരുത്തേകും."- ശ്രീ മോദി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അമ്മമാരും സഹോദരിമാരും നടത്തുന്ന മഹത്തായ പ്രവർത്തനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി അവർ ഒരു സംരക്ഷണ കവചമായി മാറുകയാണെന്നും പറഞ്ഞു. കഴിഞ്ഞ 8 വർഷമായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായി കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾ എടുത്തുപറഞ്ഞ്, അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ എല്ലാതലത്തിലും ഉറപ്പാക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യവും അവരോടുള്ള ആദരവും വർധിപ്പിക്കുന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വച്ഛ് ഭാരത് അഭിയാനുകീഴിൽ കോടിക്കണക്കിനു കക്കൂസുകൾ നിർമിച്ചതിനാണ് അതിന്റെ ഖ്യാതി നൽകിയത്. സ്ത്രീകളുടെ സമയം ലാഭിക്കുന്നതിലൂടെ മാത്രമല്ല, അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉജ്വല യോജന സഹായിക്കുകയാണെന്നു പ്രധാനമന്ത്രി പരാമർശിച്ചു. "ഇന്നു നിങ്ങളുടെ മകൻ എല്ലാ വീട്ടിലും പൈപ്പിലൂടെ വെള്ളം എത്തിക്കുന്നു" എന്നുപറഞ്ഞ പ്രധാനമന്ത്രി വലിയ ആഡംബരത്തോടെ ഒരു ഗ്രാമത്തിൽ കുറച്ചു വാട്ടർ ഹാൻഡ്പമ്പുകൾ എത്തിച്ച് ആഘോഷിച്ച മുൻ ഗവണ്മെന്റുകളുടെ കാലത്തെ വിമർശിച്ചു. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന ഉയർത്തിക്കാട്ടി, ഗർഭാവസ്ഥയിൽ അമ്മമാർക്കു പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ആയിരക്കണക്കിനുരീതിയിൽ സഹായങ്ങൾ നൽകുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ ഞങ്ങളുടെ ഗവണ്മെന്റ് നൽകുന്ന ഭൂരിഭാഗം വീടുകളും സ്ത്രീകളുടെ പേരിലാണ്- അദ്ദേഹം പറഞ്ഞു. "ഇന്നു നമ്മുടെ ഗവണ്മെന്റ് ഗ്രാമഗ്രാമാന്തരം സ്ത്രീസംരംഭകത്വത്തിനു സ്വയംസഹായസംഘങ്ങളിലൂടെ വ്യാപ്തിയേകുന്നു. രാജ്യത്തുടനീളമുള്ള 8 കോടിയിലധികം സഹോദരിമാർ സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ ഗുജറാത്തിൽ നിന്നുള്ള ലക്ഷക്കണക്കിനുപേരുമുണ്ട്. അതുപോലെ, മുദ്ര യോജനയ്ക്കു കീഴിൽ നിരവധി സഹോദരിമാർ ആദ്യമായി സംരംഭകരായി.
രാജ്യത്തെ യുവാക്കൾക്ക് ഊന്നൽ നൽകുന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ 8 വർഷമായി ഗുജറാത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള യുവാക്കളുടെ കഴിവുകൾ വർധിപ്പിക്കാൻ ഞങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. വിദ്യാഭ്യാസംമുതൽ തൊഴിൽ, സ്വയംതൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്നു സംരംഭകത്വത്തിന്റെ ഓരോ ചുവടിലും ഗവണ്മെന്റ് യുവാക്കളെ സഹായിക്കുന്നു. നേരത്തെ ഗാന്ധിനഗറിൽ ഉദ്ഘാടനംചെയ്ത ഡിഫ്എക്സ്പോ2022നെക്കുറിച്ചു സംസാരിക്കവേ, ഗുജറാത്ത് ടാങ്കുകൾ നിർമിക്കുന്ന ദിവസം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടെ നൂറുകണക്കിനു സർവകലാശാലകളാണു രാജ്യത്തു തുറന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുള്ള നിരവധി സ്ഥാപനങ്ങൾ തുറക്കുന്നതിനു ഗുജറാത്തും സാക്ഷ്യംവഹിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസനയം ഗുജറാത്തി ഭാഷയിൽ പുതിയ അവസരങ്ങൾ കൊണ്ടുവരുന്നു. അതുപോലെ, ഡിജിറ്റൽ മുന്നേറ്റങ്ങൾ ഗുജറാത്തിലെ യുവാക്കൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. “ഡിജിറ്റൽ ഇന്ത്യ ഗുജറാത്തിലെ യുവാക്കൾക്ക് അവരുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പുതിയ അവസരങ്ങളേകി. ഇതു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. യുവാക്കൾക്കു വലിയ വിപണി പ്രാപ്യമാക്കി. ചെലവുകുറഞ്ഞ മെയ്ഡ് ഇൻ ഇന്ത്യ മൊബൈൽ ഫോണുകളും ചെലവുകുറഞ്ഞ ഡാറ്റാ സൗകര്യങ്ങളും കാരണമാണ് ഇതു സംഭവിക്കുന്നത്”- അദ്ദേഹം പറഞ്ഞു.
വർധിച്ചുവരുന്ന അടിസ്ഥാനസൗകര്യങ്ങൾ വിനോദസഞ്ചാരത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും വലിയ റോപ്പ് വേകളിലൊന്ന് ഈ മേഖലയിൽ പ്രവർത്തനക്ഷമമാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കുശേഷം ഈ വർഷം ഏപ്രിലിൽ കെശോദ് വിമാനത്താവളത്തിൽനിന്നു വീണ്ടും വിമാനസർവീസ് ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കെശോദ് വിമാനത്താവളം കൂടുതൽ വികസിക്കുമ്പോൾ, അതു ചരക്കുനീക്കത്തിനുള്ള കേന്ദ്രമായി മാറുമ്പോൾ, നമ്മുടെ പഴങ്ങളും പച്ചക്കറികളും മത്സ്യവും മറ്റുൽപ്പന്നങ്ങളും ഇവിടെനിന്നു കയറ്റിയയയ്ക്കുന്നത് എളുപ്പമാകും. കെശോദ് വിമാനത്താവളം വിപുലീകരിക്കുന്നതോടെ, രാജ്യത്തിനും ലോകത്തിനും ഇത്തരത്തിലുള്ള സ്ഥലങ്ങളിലേക്കെല്ലാം എത്തിപ്പെടാൻ കൂടുതൽ അവസരങ്ങളുണ്ടാകുമെന്നും ഇവിടത്തെ വിനോദസഞ്ചാരസാധ്യതകൾ ഇനിയും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ-ശാസ്ത്ര-കായികരംഗങ്ങളിലെ ദേശീയ നേട്ടങ്ങളിൽ രാജ്യം ഒന്നായി ആഹ്ലാദിക്കുന്നു. എന്നിരുന്നാലും, ഗുജറാത്തിന്റെയും അവിടത്തെ ജനങ്ങളുടെയും നേട്ടങ്ങളെ ചില വിഭാഗങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്നതിലും ഈ പ്രവണത വർധിക്കുന്നതിലും പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. "ചില രാഷ്ട്രീയകക്ഷികൾ ഗുജറാത്തിനെ മോശമായി ചിത്രീകരിക്കുന്നത് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കിയിരിക്കുകയാണ്"- പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെയോ, അതുപോലെ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തെയോ ജനങ്ങളെ അപമാനിക്കുന്നതു ഞങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല- അദ്ദേഹം പറഞ്ഞു. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരത’ത്തിന്റെയും സർദാർ പട്ടേലിന്റെ സ്വപ്നങ്ങളുടെയും ചൈതന്യം അണയാൻ അനുവദിക്കരുത്. ദോഷങ്ങൾ മാത്രം കാണുന്ന അവസ്ഥയെ പ്രത്യാശയാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയും വികസനത്തിലൂടെ അസത്യത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിന്റെ ഐക്യമാണ് അതിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പാർലമെന്റ് അംഗങ്ങളായ രാജേഷ്ഭായ് ചുഡാസമ, രമേഷ് ധഡുക്, ഗുജറാത്ത് മന്ത്രിമാരായ ഋഷികേശ് പട്ടേൽ, ദേവഭായ് മലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം :
വിവിധ റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച നിർമാണപ്രവർത്തനങ്ങളുടേതിനു പുറമെ തീരദേശപാതകളുടെ മെച്ചപ്പെടുത്തലിന്റെയും ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു. ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 13 ജില്ലകളിലായി 270 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പാത ഉള്‍പ്പെടും.
ജൂനാഗഢില്‍ രണ്ടു ജലവിതരണപദ്ധതികള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള സംഭരണശാലാസമുച്ചയത്തിന്റെ നിർമാണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. പോര്‍ബന്തറിൽ, മാധവ്പുരിലെ ശ്രീ കൃഷന്‍ രുക്ഷാമണി മന്ദിറിന്റെ സമഗ്രവികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. പോര്‍ബന്തര്‍ മത്സ്യബന്ധനതുറമുഖത്തെ ഡ്രെഡ്ജിങ് പരിപാലനത്തിന്റെയും മലിനജല-ജലവിതരണപദ്ധതികളുടെയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഗീർ സോമനാഥിലെ മാധ്‌വാഡിൽ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതുള്‍പ്പെടെ രണ്ടു പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.
--ND--
Glad to be in Junagadh. Foundation stone of various projects are being laid which will greatly benefit the citizens. https://t.co/vZ8kPLnz4J
— Narendra Modi (@narendramodi) October 19, 2022
*****
(Release ID: 1869363)
Visitor Counter : 158
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu