പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഏകദേശം 5860 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച 1100 വീടുകള്‍ സമര്‍പ്പിച്ചു
ഇന്ത്യ അര്‍ബന്‍ ഹൗസിംഗ് കോണ്‍€േവ് 2022 ഉദ്ഘാടനം ചെയ്തു
''വികസിത ഇന്ത്യക്കായി വികസിത ഗുജറാത്ത് എന്ന മന്ത്രവുമായാണ് ഞങ്ങള്‍ നീങ്ങുന്നത്''
''രാജ്‌കോട്ട് എന്നെ പഠിപ്പിച്ചുകൊണ്ടേയിരുന്നു, ഞാന്‍ പഠിച്ചുകൊണ്ടേയിരുന്നു. രാജ്‌കോട്ട് ആയിരുന്നു എന്റെ ആദ്യത്തെ സ്‌കൂള്‍''
''അടിസ്ഥാന സൗകര്യങ്ങളും അന്തസ്സും ഉള്ള ജീവിതം കൂടാതെ, ദാരിദ്ര്യത്തില്‍ നിന്ന് കരകയറുക അസാദ്ധ്യമാണ്''
''പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നല്‍കിയ 'ഗരീബി ഹഠാവോ, റൊട്ടി-കപ്ടാ-മക്കാന്‍ 'എന്ന മുദ്രാവാക്യങ്ങള്‍ വെറും മുദ്രാവാക്യങ്ങള്‍ മാത്രമായി അവശേഷിച്ചു''
''മുന്‍ ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത് ഉത്തരവാദിത്തം എന്ന നിലയിലല്ല, ഔദാര്യമായാണ്. പാവപ്പെട്ടവരുടെ പാര്‍പ്പിടങ്ങള്‍ മികച്ചതാക്കാനുള്ള നിരന്തര പരിശ്രമമാണ് ഞങ്ങളുടേത്''
''കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട വസ്തുക്കളുടെ രാജ്‌കോട്ടില്‍ നിന്നുള്ള കയറ്റുമതി 5,000 കോടി രൂപ കവിഞ്ഞു''
''മോര്‍ബിയില്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്നത് ലോകത്തിലെ സെറാമിക്‌സിന്റെ 13 ശതമാനത്തിലധികമാണ്''
Posted On:
19 OCT 2022 8:17PM by PIB Thiruvananthpuram
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഏകദേശം 5860കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തുകയും സമര്‍പ്പിക്കുകയും ചെയ്തു. ഇന്ത്യ അര്‍ബന്‍ ഹൗസിംഗ് കോണ്‍ക്ലേവ് 2022-ന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച 1100 വീടുകളും പ്രധാനമന്ത്രി സമര്‍പ്പിച്ചു. ഒരു ജലവിതരണ പദ്ധതിയായ ബ്രാഹ്മണി-2 ഡാം മുതല്‍ നര്‍മ്മദ കനാല്‍ പമ്പിംഗ് സ്‌റ്റേഷന്‍ വരെയുള്ള മോര്‍ബി-ബള്‍ക്ക് പൈപ്പ് ലൈന്‍ പദ്ധതി , ഒരു പ്രാദേശിക ശാസ്ത്ര കേന്ദ്രം, മേല്‍പ്പാലങ്ങള്‍, റോഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികള്‍ എന്നിവയാണ് പ്രധാനമന്ത്രി സമര്‍പ്പിച്ച മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്: .
ഗുജറാത്തിലെ എന്‍.എച്ച് 27ന്റെ രാജ്‌കോട്ട്-ഗോണ്ടല്‍-ജെറ്റ്പൂര്‍ ഭാഗത്തിന്റെ നിലവിലുള്ള നാലുവരിപ്പാത ആറുവരിപ്പാതയാക്കുന്നതിനുള്ള തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. മോര്‍ബി, രാജ്‌കോട്ട്, ബോട്ടാഡ്, ജാംനഗര്‍, കച്ച് എന്നീ വിവിധ സ്ഥലങ്ങളിലായി 2950 കോടി രൂപ ചെലവുള്ള ജി.ഐ.ഡി.സി (ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) വ്യവസായ എസ്‌റ്റേറ്റുകളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഗഡ്കയിലെ അമുല്‍ ഫെഡ് ഡയറി പ്ലാന്റ്, രാജ്‌കോട്ടില്‍ ഒരു ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം, രണ്ട് ജലവിതരണ പദ്ധതികള്‍, റോഡ്, റെയില്‍വേ മേഖലയിലെ മറ്റ് പദ്ധതികള്‍ എന്നിവയാണ് തറക്കല്ലിട്ട മറ്റ് പദ്ധതികള്‍.
പുതിയ പ്രതിജ്ഞകള്‍ എടുക്കുകയും പുതിയ തുടക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്ന കാലമാണ് ഇതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരേ സമയത്ത്, രാജ്‌കോട്ട് ഉള്‍പ്പെടെയുള്ള കത്തിയവാറിന്റെ വികസനവുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ ഇന്ന് പൂര്‍ത്തിയാകുകയും ചില പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യുന്നു. ബന്ധിപ്പിക്കല്‍, വ്യവസായം, വെള്ളം, പൊതു സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികള്‍ ഇവിടെ ജീവിതം സുഗമമാക്കാന്‍ പോകുകയാണ്.
ലൈറ്റ് ഹൗസ് പദ്ധതിക്കുള്ള രാജ്യത്തെ 6 സ്ഥലങ്ങളിലൊന്നാണ് രാജ്‌കോട്ടാണെന്നും അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച 1144 വീടുകള്‍ ഇന്ന് സമര്‍പ്പിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ദീപാവലിക്ക് മുമ്പ് രാജ്‌കോട്ടിലെ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച മികച്ച വീടുകള്‍ ഏല്‍പ്പിക്കാനായതിന്റെ സന്തോഷം അസാമാന്യമായതാണ്. ''ഈ വീടുകളുടെ ഉടമകളായ സഹോദരിമാരെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു, ഈ ദീപാവലിക്ക് നിങ്ങളുടെ ഈ പുതിയ വീട്ടില്‍ ലക്ഷ്മി വസിക്കട്ടെ'' അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍, നമ്മള്‍ ഒരുമിച്ച് സ്വപ്‌നം കാണുകയും നിരവധി നടപടികള്‍ കൈക്കൊള്ളുകയും നിരവധി വിജയങ്ങള്‍ നേടുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ''രാജ്‌കോട്ട് എന്നെ പഠിപ്പിച്ചുകൊണ്ടേയിരുന്നു, ഞാന്‍ പഠിച്ചുകൊണ്ടേയിരുന്നു. രാജ്‌കോട്ട് ആണ് എന്റെ ആദ്യത്തെ സ്‌കൂള്‍'', അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും പഠിക്കാന്‍ വന്ന സ്ഥലം കൂടിയായിരുന്നു രാജ്‌കോട്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. നിങ്ങളുടെ കടം എനിക്ക് ഒരിക്കലും വീട്ടാന്‍ കഴിയില്ല, പ്രധാനമന്ത്രി പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ നമ്മുടെ വിജയത്തിന്റെ ഏറ്റവും വലിയ തെളിവ് ഇന്നത്തെ സ്‌കൂള്‍-കോളേജില്‍ പഠിക്കുന്ന, അല്ലെങ്കില്‍ അവരുടെ ഔദ്യോഗിക ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ നില്‍ക്കുന്ന സമപ്രായക്കാരാണ്.
രാജ്‌കോട്ടിലെയും സംസ്ഥാനത്തെയാകെയും മെച്ചപ്പെട്ട ക്രമസമാധാന നിലയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ''യുവസുഹൃത്തുക്കള്‍ രാത്രി വൈകുവോളം ഭയമില്ലാതെ അവരുടെ ജീവിതത്തിലെ പ്രധാന ജോലികള്‍ ചെയ്തുകൊണ്ട് പുറത്ത് കറങ്ങുന്നത് കാണുമ്പോള്‍, അത് എനിക്ക് വലിയ സംതൃപ്തി നല്‍കുന്നു. ക്രിമിനലുകള്‍, മാഫിയകള്‍, കലാപകാരികള്‍, തീവ്രവാദികള്‍, കുലിപ്പട സംഘങ്ങള്‍ എന്നിവരെ ഇല്ലാതാക്കാന്‍ രാവും പകലും ഞങ്ങള്‍ ചെലവഴിക്കുകയും ഞങ്ങളുടെ പരിശ്രമം പാഴായില്ല എന്നതില്‍ നിന്നാണ് സംതൃപ്തി ലഭിക്കുന്നത്. ഓരോ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ നല്ല ഭാവിക്കായി സമാധാനത്തോടെയും ഐക്യത്തോടെയും കഠിനാദ്ധ്വാനം ചെയ്യുന്നത് ഇവിടെ കാണുന്നതില്‍ സന്തോഷമുണ്ട''്, അദ്ദേഹം പറഞ്ഞു.
'' ഓരോ ഗുജറാത്തിയും കഴിയുന്നത്ര കഴിവും കാര്യശേഷിയും ഉള്ളവരായിരിക്കണം എന്നതിനായിരുന്നു കഴിഞ്ഞ ദശകങ്ങളില്‍ ഞങ്ങളുടെ നിരന്തരമായ പരിശ്രമം. ഇഅതിന് എന്ത് പരിതസ്ഥിതി വേണമോ, എവിടെയൊക്കെ പ്രോത്സാഹിപ്പിക്കണമോ, ഗവണ്‍മെന്റ് അത് ചെയ്യുന്നുണ്ട്. 'വികസിത ഇന്ത്യക്ക് വേണ്ടി വികസിത ഗുജറാത്ത്' എന്ന മന്ത്രവുമായാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്''. പ്രധാനമന്ത്രി തുടര്‍ന്നു, ഒരു വശത്ത്, വൈബ്രന്റ് ഗുജറാത്ത് പ്രചാരണത്തിലൂടെ നമ്മള്‍ വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഊന്നല്‍ നല്‍കുമ്പോള്‍, മറുവശത്ത്, കൃഷി മഹോത്സവം, ഗരീബ് കല്യാണ്‍ മേളകള്‍ എന്നിവയിലൂടെ ഗ്രാമത്തെയും പാവപ്പെട്ടവരെയും ശാക്തീകരിക്കാന്‍ ഞങ്ങള്‍ മുന്‍കൈയെടുത്തുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാവപ്പെട്ടവര്‍ ശാക്തീകരിക്കപ്പെടുമ്പോള്‍, അവര്‍ ദാരിദ്ര്യത്തില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടാന്‍ തുടങ്ങുന്നത് ഞങ്ങള്‍ കണ്ടു.
അടിസ്ഥാന സൗകര്യങ്ങളും അന്തസ്സുമുള്ള ജീവിതമില്ലാതെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറുക അസാദ്ധ്യമാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ശൗച്യാലയം, വൈദ്യുതി, പൈപ്പ് വെള്ളം, പാചകവാതകം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവയുള്ള വീടാണ് പാവപ്പെട്ടവര്‍ക്കായി ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, കുടുംബങ്ങളെ അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടാന്‍ ഒരു രോഗബാധ മതിയാകും. അതുകൊണ്ടാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഗുണനിലവാരമുള്ള സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ആയുഷ്മാന്‍ ഭാരത്, പി.എം.ജെ.എ.വൈ-എം.എ (പ്രധാനമന്ത്രി ജന്‍ ആയോഗ് യോജന-മുഖ്യമന്ത്രി അമൃതം) തുടങ്ങിയ പദ്ധതികള്‍ കൊണ്ടുവന്നത്. ''മുന്‍കാലത്തെ ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവരുടെ അവസ്ഥയും പാവപ്പെട്ടവരുടെ വികാരങ്ങളും മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ടാണ് ദശാബ്ദങ്ങള്‍ക്കുമുമ്പ് നല്‍കിയ 'ഗരീബി ഹഠാവോ, റൊട്ടി-കപ്ട-മകാന്‍' എന്ന മുദ്രാവാക്യം മുദ്രാവാക്യം മാത്രമായി നിലകൊള്ളാനുള്ള കാരണം ഇതാണ്. മുദ്രാവാക്യം വിളിക്കുകയും വോട്ട് നേടുകയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ സേവിക്കപ്പെടുകയും ചെയ്തു'', അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 8 വര്‍ഷത്തിനിടെ രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 3 കോടിയിലധികം പക്കാ വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു. ഇതില്‍, 10 ലക്ഷം പക്കാ വീടുകള്‍ ഗുജറാത്തിലെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കായി അനുവദിച്ചു, അതില്‍ 7 ലക്ഷം ഇതിനകം പൂര്‍ത്തീകരിച്ചു. ''പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഭൂപേന്ദ്ര ഭായിയും സംഘവും പ്രശംസനീയമായ ജോലിയാണ് ചെയ്യുന്നത്. പാവപ്പെട്ടവര്‍ മാത്രമല്ല, ഇടത്തരക്കാരുടെ സ്വന്തം വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ആദ്യ ചുവടുകളും ഞങ്ങള്‍ വച്ചു'', അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ലക്ഷക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് സ്വന്തം വീടിനായി കേന്ദ്രഗവണ്‍മെന്റ് 11,000 കോടി രൂപ അനുവദിച്ചു. ഇതുമാത്രമല്ല, സഹനഗരങ്ങളില്‍ ജോലിക്കായി വരുന്ന തൊഴിലാളികള്‍ക്കും കുറഞ്ഞ വാടകയില്‍ മികച്ച വീടുകള്‍ ലഭിക്കണം. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്'', അദ്ദേഹം അറിയിച്ചു.
മുന്‍ ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത് ഉത്തരവാദിത്തം എന്ന നിലയിലല്ല, ഔദാര്യമായാണ്. ഞങ്ങള്‍ ആ രീതികള്‍ മാറ്റി, ശ്രീ മോദി അഭിപ്രായപ്പെട്ടു. വീടുകളില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തം വീട് പണിയുന്നതിനും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അലങ്കരിക്കുന്നതിനും പൂര്‍ണ നിയന്ത്രണവും സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''പാവപ്പെട്ടവരുടെ പാര്‍പ്പിടങ്ങള്‍ മികച്ചതാക്കുകയെന്നതിന് ഞങ്ങളുടെ നിരന്തര പരിശ്രമത്തിലാണ്'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. രാജ്‌കോട്ടിലെ ലൈറ്റ് ഹൗസ് പദ്ധതി അത്തരത്തിലുള്ള ഒരു പരിശ്രമമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്‌കോട്ടിലെ ഈ മാതൃക കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ എത്തുന്നുണ്ടെന്ന് അതിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇന്ന്, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച 1100 ലധികം വീടുകള്‍ ഗുജറാത്തിന് ലഭിക്കുന്നുവെന്നത് മാത്രമല്ല, ഭാവിയില്‍ പക്കാ വീടുകള്‍ ലഭിക്കാന്‍ പോകുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള വലിയ വാര്‍ത്തകൂടിയാണ് ഇത് '', പ്രധാനമന്ത്രി പറഞ്ഞു. താങ്ങാനാവുന്ന ഭവനങ്ങള്‍ രാജ്യത്ത് അതിവേഗം നിര്‍മ്മിക്കുന്നതിന്റെ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ് രാജ്‌കോട്ടിലെ ഈ ആധുനിക വീടുകള്‍ എന്ന് നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഇത് ഭവനനിര്‍മ്മാണ മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് യുവാക്കളെ പരിശീലിപ്പിക്കുകയും രാജ്യത്തെ പുതിയ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഇത്തരത്തിലുള്ള സാങ്കേതികവിദ്യയില്‍ നമ്മുടെ സ്വന്തം യുവാക്കളെ സ്വാശ്രയത്വത്തിന് സജ്ജമാക്കാനും ഗവണ്‍മെന്റ് മുന്‍കൈ എടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
റോഡുകള്‍, ചന്തകള്‍, മാളുകള്‍, പ്ലാസകള്‍ എന്നിവയ്ക്കപ്പുറം നഗരജീവിതത്തിനും മറ്റൊരു ഉത്തരവാദിത്തവുമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. '' ഇതാദ്യമായി വഴിയോരക്കച്ചവടക്കാരുടെ ഉത്തരവാദിത്തം നമ്മുടെ ഗവണ്‍മെന്റാണ് മനസ്സിലാക്കിയത. ഇതാദ്യമായി ഞങ്ങള്‍ അവരെ ബാങ്കുമായി ബന്ധിപ്പിച്ചു. ഇന്ന് ഈ സഹപ്രവര്‍ത്തകര്‍ക്കും സ്വാനിധി പദ്ധതിയിലൂടെ എളുപ്പത്തില്‍ വായ്പകള്‍ ലഭിക്കുന്നു, അവര്‍ക്ക് അവരുടെ വ്യാപാരം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യാം. ഇന്ന് ഈ കച്ചവടക്കാര്‍ ഡിജിറ്റല്‍ ഇടപാടുകളിലൂടെ ഡിജിറ്റല്‍ ഇന്ത്യക്ക് ശക്തി പകരുന്നതും നിങ്ങള്‍ക്ക് കാണാം.
വ്യവസായ നഗരമെന്ന നിലയിലും എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) കളുടെ ഉത്ഭവകേന്ദ്രം എന്ന നിലയിലും നഗരത്തിന് വലിയ പ്രശസ്തി ഉണ്ടെന്ന് രാജ്‌കോട്ടിലെ എം.എസ്.എം.ഇകളുടെ എണ്ണം ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്‌കോട്ടില്‍ നിര്‍മ്മിക്കുന്ന പമ്പുകള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവപോലുള്ള വസ്തുക്കളൊന്നും ഉപയോഗിക്കാത്ത ഒരു ഭാഗവും രാജ്യത്തുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാല്‍ക്കണ്‍ പമ്പ്, ഫീല്‍ഡ് മാര്‍ഷല്‍, എയ്ഞ്ചല്‍ പമ്പ്, ഫ്‌ലോടെക് എഞ്ചിനീയറിംഗ്, ജലഗംഗ പമ്പ്, സില്‍വര്‍ പപ്പ്, റോടെക് പമ്പ്, സിദ്ധി എഞ്ചിനീയേഴ്‌സ്, ഗുജറാത്ത് ഫോര്‍ജിംഗ്, ടോപ്‌ലാന്‍ഡ് തുടങ്ങിയ ഉദാഹരണങ്ങള്‍ നിരത്തികൊണ്ട് രാജ്‌കോട്ടില്‍ നിന്നുള്ള ഈ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തും ലോകത്തിലും ശ്രദ്ധേയമാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''രാജ്‌കോട്ടില്‍ നിന്നുള്ള എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട വസ്തുക്കളുടെ കയറ്റുമതി കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ 5,000 കോടി രൂപ കവിഞ്ഞു'' അദ്ദേഹം പറഞ്ഞു. ഫാക്ടറികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെ എണ്ണത്തില്‍ പലമടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമ്പൂര്‍ണ്ണ പരിസ്ഥിതി മൂലം ആയിരക്കണക്കിന് മറ്റ് ആളുകള്‍ക്കും ഇവിടെ തൊഴില്‍ ലഭിച്ചിട്ടുണ്ട്. അതുപോലെ, മോര്‍ബിയും അത്ഭുതകരമായ ഒരു ജോലിയാണ് ചെയ്യുന്നത്. മോര്‍ബിയില്‍ നിന്നുള്ള സെറാമിക് ടൈലുകള്‍ ലോകമെമ്പാടും പ്രശസ്തമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''മോര്‍ബിയില്‍ മാത്രം ലോകത്തിലെ സെറാമിക്‌സിന്റെ 13 ശതമാനത്തിലധികംഉത്പാദിപ്പിക്കപ്പെടുന്നു'', അദ്ദേഹം പറഞ്ഞു. കയറ്റുമതി മികവിന്റെ നഗരം എന്നും മോര്‍ബി അറിയപ്പെടുന്നെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''അത് ചുവരുകളോ, തറയോ, കുളിമുറിയോ ശൗച്യാലയങ്ങളോ ആയിക്കോട്ടെ, മോര്‍ബി ഇല്ലാതെ അവയെല്ലാം അപൂര്‍ണ്ണമാണ്''. 15,000 കോടി മുതല്‍മുടക്കില്‍ മോര്‍ബിയില്‍ സെറാമിക്‌സ് പാര്‍ക്ക് നിര്‍മ്മിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന ഗവണ്‍മെന്റിന്റെ പുരോഗമനപരമായ വ്യാവസായിക നയത്തെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി ശ്രീ കൗശല്‍ കിഷോര്‍, ഗുജറാത്ത് മുന്‍ ഗവര്‍ണര്‍, ശ്രീ വാജുഭായ് വാല, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി, പാര്‍ലമെന്റ് അംഗങ്ങളായ ശ്രീ മോഹന്‍ഭായ് കുന്ദരിയ, ശ്രീ രമാഭായ് കൊമാരിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഏകദേശം 5860 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്തു. ആസൂത്രണം, രൂപകല്‍പന, നയം, നിയന്ത്രണങ്ങള്‍, നടപ്പാക്കല്‍, കൂടുതല്‍ സുസ്ഥിരത, മറ്റുള്ളവയ്‌ക്കൊപ്പം ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഇന്ത്യ അര്‍ബന്‍ ഹൗസിംഗ് കോണ്‍ക്ലേവ് 2022 അദ്ദേഹം ഉദ്ഘാടനം ചെയ്തു. പൊതുചടങ്ങിനുശേഷം നൂതനാശയ നിര്‍മാണരീതികളെക്കുറിച്ചുള്ള പ്രദര്‍ശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പൊതുചടങ്ങില്‍ ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച 1100 വീടുകള്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു. ഈ വീടുകളുടെ താക്കോലുകളും ഗുണഭോക്താക്കള്‍ക്ക് കൈമാറി. ജലവിതരണ പദ്ധതിയായ ബ്രാഹ്മണി-2 അണക്കെട്ടില്‍ നിന്ന് നര്‍മ്മദ കനാല്‍ പമ്പിംഗ് സ്‌റ്റേഷനിലേക്കുള്ള മോര്‍ബി-ബള്‍ക്ക് പൈപ്പ് ലൈന്‍ പദ്ധതിയും: അദ്ദേഹം സമര്‍പ്പിച്ചു. റീജിയണല്‍ സയന്‍സ് സെന്റര്‍ (പ്രാദേശിക ശാസ്ത്ര കേന്ദ്രം), ഫ്‌ളൈ ഓവര്‍ ബ്രിഡ്ജുകള്‍ (മേല്‍പ്പാലങ്ങള്‍), റോഡ് മേഖലയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികള്‍ എന്നിവയാണ് അദ്ദേഹം സമര്‍പ്പിച്ച മറ്റ് പദ്ധതികള്‍.
ഗുജറാത്തിലെ എന്‍.എച്ച് 27ന്റെ രാജ്‌കോട്ട്-ഗോണ്ടല്‍-ജെറ്റ്പൂര്‍ ഭാഗത്തിന്റെ നിലവിലുള്ള നാലുവരിപ്പാത ആറുവരിപ്പാതയാക്കുന്നതിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. മോര്‍ബി, രാജ്‌കോട്ട്, ബോട്ടാഡ്, ജാംനഗര്‍, കച്ച് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാിയി നിര്‍മ്മിക്കുന്ന ജി.ഐ.ഡി.സിയുടെ 2950 കോടി രൂപ ചെലവുവരുന്ന വ്യവസായ എസ്‌റ്റേറ്റുകളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഗഡ്കയിലെ അമുല്‍ ഫെഡ് ഡയറി പ്ലാന്റ്, രാജ്‌കോട്ടില്‍ ഒരു ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം, രണ്ട് ജലവിതരണ പദ്ധതികള്‍, റോഡ്, റെയില്‍വേ മേഖലയിലെ മറ്റ് പദ്ധതികള്‍ എന്നിവയാണ് തറക്കല്ലിട്ട മറ്റ് പദ്ധതികള്‍.
--ND--
(Release ID: 1869362)
Visitor Counter : 191
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada