പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തില്‍ പി.എം.ജെ.എ.വൈ-എം.എ യോജന ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണത്തിന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി തുടക്കം കുറിച്ചു


''ലോകത്തിലെ പല രാജ്യങ്ങളിലും ആരോഗ്യ ഇന്‍ഷുറന്‍സ് ചര്‍ച്ച ചെയ്യപ്പെടുന്നു, എന്നാല്‍ അതിനപ്പുറം പോയി ഇന്ത്യ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നു''


''ഇന്നത്തെ നമ്മുടെ പദ്ധതികള്‍ സാധാരണ പൗരന്മാരുടെ ആവശ്യങ്ങള്‍ നേരിട്ട് അഭിസംബോധന ചെയ്യുവയാണ്''


''രാജ്യത്തെ പൗരന്മാര്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ രാജ്യം ശക്തമാകും''


''ആയുഷ്മാന്‍ കാര്‍ഡ് എന്നത് 5 ലക്ഷം രൂപയുടെ എ.ടി.എം ആണ്. എല്ലാ വര്‍ഷവും സൗജന്യ ചികിത്സയുടെ ആനുകൂല്യങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ഒരു എടിഎം കാര്‍ഡാണിത്''


''30-40 വര്‍ഷത്തെ കാലയളവില്‍ 1.5-2 കോടി രൂപയുടെ ചികിത്സയുടെ ഉറപ്പാകും

Posted On: 17 OCT 2022 5:59PM by PIB Thiruvananthpuram

ഗുജറാത്തില്‍ പിഎം.ജെ.എ.വൈ-എം.എ യോജന (പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന- മുടഖ്യമന്ത്രി അമൃതം) ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണത്തിന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. പിഎം.ജെ.എ.വൈ-എം.എ യോജന ആയുഷ്മാന്‍ കാര്‍ഡുകളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കുകയും ചെയ്തു.

ബനസ്‌കന്തയിലെ തുവാറില്‍ നിന്നുള്ള ശ്രീ പിയൂഷ്ഭായിയുമായി സംവദിച്ച പ്രധാനമന്ത്രി കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സമീപകാല ആരോഗ്യസ്ഥിതികളെക്കുറിച്ചും ആരാഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി തനിക്ക് പുതുജീവന് നല്‍കിയെന്നറിഞ്ഞതില്‍ പ്രധാനമന്ത്രി സന്തോഷിച്ചു. അദ്ദേഹത്തെപ്പോലെ ഓരോരുത്തരേയും ഗവര്‍ണമെന്റ് എപ്പോഴും പരിരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

മഹിസാഗറില്‍ നിന്നുള്ള ശ്രീ ദാമോര്‍ ലാലാഭായ് സോമാഭായിയുമായി പ്രധാനമന്ത്രി സംവദിക്കുകയും അദ്ദേഹത്തിന്റെ കാന്‍സര്‍ ചികിത്സ നല്ല രീതിയില്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ശ്രീ ദാമോറിന്റെ ചികിത്സ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ടതിലും ഒരു ചില്ലി പൈസപോലും ചിലവാക്കേണ്ടി വന്നില്ല എന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പുകയില ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ അദ്ദേഹം ശ്രീ ദാമോറിനോട് അഭ്യര്‍ത്ഥിക്കുകയും പദ്ധതിയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ആയുഷ്മാന്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെങ്കില്‍ തനിക്ക് ചികിത്സയ്ക്കായി കടം വാങ്ങേണ്ടി വരുമായിരുന്നുവെന്നും ഓപ്പറേഷന്‍ തന്നെ ഒഴിവാക്കാന്‍ സാദ്ധ്യതയുണ്ടായിരുന്നെന്നും ഗാന്ധിനഗറിലെ ഡാര്‍ജിയിലെ ശ്രീമതി. റാമിലാബെന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. അമ്മമാരും സഹോദരിമാരും ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ധന്‍തേരസിനും ദീപാവലിക്കും തൊട്ടുമുമ്പ് പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള ഇത്തരമൊരു ബൃഹദ്പരിപാടി നടക്കുന്നതില്‍ സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ആയുര്‍വേദത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്ന ധന്വന്തരി ഭഗവാനെ ആരാധിക്കുന്ന ധന്തേരസ് ഈ അവസരത്തില്‍ അടുത്തിരിക്കുന്നതും യാദൃശ്ചികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് '' ആരോഗ്യം പരമം ഭാഗ്യം'' എന്ന് പ്രധാനമന്ത്രി,ഉരുവിടുകയും, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍, ഗുജറാത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യ ധനം നല്‍കുന്നതിന് ഇത്രയും വലിയൊരു പരിപാടി നടക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ആയുഷ്മാന്‍ യോജന എല്ലാവരുടെയും ആരോഗ്യമാണ് ലക്ഷ്യമിടുന്നതെന്ന് എല്ലാവരും രോഗങ്ങളില്‍ നിന്ന് മുക്തരായിരിക്കട്ടെ എന്ന ''സര്‍വേ സന്തു നിരാമയ'' എന്നതിന്റെ ആത്മാവിനെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് 50 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ഈ ബൃഹദ് പ്രചാരണത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് ഗുജറാത്ത് ഗവണ്‍മെന്റിന്റെ സംവേദനക്ഷമതയ്ക്കുള്ള സാക്ഷ്യമാണ്. '' ലോകത്തിലെ പല രാജ്യങ്ങളിലും നമ്മള്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് കേള്‍ക്കുന്നുണ്ട്, എന്നാല്‍ ഇന്ത്യ അതിനപ്പുറം പോയികൊണ്ട്, ആരോഗ്യ ഉറപ്പ് ഉറപ്പാക്കുകയാണ്''.

മാറിയ രാഷ്ട്രീയ ചിന്തയും തൊഴില്‍ സംസ്‌കാരവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് സാധാരണക്കാര്‍ക്ക് പ്രയോജനമുള്ള പദ്ധതികള്‍ വെറും ഔപചാരികത മാത്രമായിരുന്നു. ഒരു പ്രത്യേക മേഖലയും രാഷ്ട്രീയ താല്‍പ്പര്യങ്ങളും മനസില്‍വച്ചുകൊണ്ടാണ് ഈ പദ്ധതികള്‍ക്കായി പണം ചെലവഴിച്ചിരുന്നത്. ''ഈ സാഹചര്യം മാറ്റേണ്ടത് ആവശ്യമായിരുന്നു, ഈ മാറ്റത്തിന് ഞങ്ങള്‍ നേതൃത്വം നല്‍കി. ഇന്ന് ആസൂത്രണം ചെയ്യുമ്പോള്‍, ഞങ്ങള്‍ ആദ്യം സാധാരണ പൗരന്മാരുടെ അവസ്ഥയെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും പഠിക്കുകയാണ് ചെയ്യുന്നത്'', അദ്ദേഹം പറഞ്ഞു. ''ഇന്നത്തെ നമ്മുടെ പദ്ധതികള്‍ സാധാരണ പൗരന്മാരുടെ ആവശ്യങ്ങള്‍ നേരിട്ട് അഭിസംബോധന ചെയ്യുകയാണ്'' പ്രധാനമന്ത്രി തുടര്‍ന്നു.

''രാജ്യത്തെ പൗരന്മാര്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ രാജ്യം ശക്തമാകും. അതുകൊണ്ടാണ് സാധാരണ പൗരന്മാരെ, പ്രത്യേകിച്ച് രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്'' പ്രധാനമന്ത്രി തറപ്പിച്ചുപ്പറഞ്ഞു. സൗജന്യ പാചകവാതക കണക്ഷന്‍, പക്കാ വീടുകള്‍, ശൗച്യാലയങ്ങള്‍, സൗജന്യ റേഷന്‍, പൈപ്പ് വെള്ളം എന്നിവ ഈ സമീപനത്തിന്റെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം ഇതുവരെ 4 കോടിയോളം പാവപ്പെട്ട രോഗികള്‍ ഈ പദ്ധതിക്ക് കീഴില്‍ ആരോഗ്യത്തിന്റെ പ്രയോജനം നേടിയതായി പ്രധാനമന്ത്രി അറിയിച്ചു. ഇതില്‍ 50 ലക്ഷത്തോളം പാവപ്പെട്ട രോഗികള്‍ ഗുജറാത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലുള്ള പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടികൊണ്ട് ഈ ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി ഗവണ്‍മെന്റ് കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ പദ്ധതിക്ക് പുറത്താണ് ചികിത്സ തേടിയിരുന്നെങ്കില്‍ങ്കില്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ കീശകളില്‍ നിന്ന് പണം ചിലവഴിക്കേണ്ടിവരുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളില്‍ പകുതിയും എന്റെ അമ്മമാരും സഹോദരിമാരുമാണ് എന്നതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഈ അമ്മമാരും സഹോദരിമാരും കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി അവരുടെ രോഗങ്ങള്‍ മറച്ചുവെക്കുകയും ചികിത്സയ്ക്ക് വേണ്ട ഉയര്‍ന്ന ചിലവ് കടം കുമിഞ്ഞുകൂടുമെന്ന് ഭയന്ന് കഷ്ടപ്പെടുകയും ചെയ്യാറുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ''ആയുഷ്മാന്‍ ഭാരത് യോജന പാവപ്പെട്ട അമ്മമാരെയും സഹോദരിമാരെയും ഈ പ്രശ്‌നത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ''ലളിതമായി പറഞ്ഞാല്‍, ഒരു ആയുഷ്മാന്‍ കാര്‍ഡ് 5 ലക്ഷം രൂപയുടെ എ.ടി.എം ആണ്. എല്ലാ വര്‍ഷവും ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു എ.ടി.എം കാര്‍ഡാണ് ഇത്'', ഒരാള്‍ 30-40 വര്‍ഷം ജീവിച്ചാല്‍, ആ കാലയളവില്‍ 1.5-2 കോടി രൂപയുടെ ചികിത്സ ഉറപ്പായും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചു. ''ആയുഷ്മാന്‍ കാര്‍ഡ് നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തും, ഏറ്റവും വലിയ പ്രശ്‌നപരിഹാരിയും ആയിരിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി എന്ന നിലയില്‍ ചിരഞ്ജീവി, ബാല്‌ഭോഗ്, ഖില്‍ഖിലാത് പദ്ധതികള്‍ അവതരിപ്പിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ അവതരിപ്പിച്ചതാണ് മുഖ്യമന്ത്രി അമൃതം. പി.എം.ജെ.എ.വൈ-എം.എയുടെ അവതരണം ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഗുജറാത്തിന് പുറത്ത് പോലും സൗജന്യ ചികിത്സയുടെ പ്രയോജനം ലഭ്യമാക്കും.

--ND--

 


പശ്ചാത്തലം

പാവപ്പെട്ട പൗരന്മാരെ മെഡിക്കല്‍ ചികിത്സയുടെ ദുരിതത്തില്‍ നിന്നും രക്ഷിച്ചുപിടിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2012-ല്‍ പ്രധാനമന്ത്രിയാണ് മുഖ്യമന്ത്രി അമൃതം (എം.എ) പദ്ധതി ആരംഭിച്ചത്. 2014-ല്‍, വാര്‍ഷിക വരുമാന പരിധി 4 ലക്ഷം രൂപയുള്ള കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്നരീതിയില്‍ എംഎ യോജന വിപുലീകരിച്ചു. പിന്നീട്, ഈ പദ്ധതി മറ്റ് പല വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. ''മുഖ്യമന്ത്രി അമൃതം വാത്സല്യ'' (എം.എ.വി) യോജന എന്ന പേരില്‍ പദ്ധതി പുനര്‍നാമകരണവും ചെയ്യപ്പെട്ടു.
ഈ പദ്ധതിയുടെ വിജയത്തിന്റെ അനുഭവത്തില്‍ നിന്ന്, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ)ക്ക് 2018ല്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചു. കുടുംബത്തിന്റെ വലുപ്പത്തിലും പ്രായത്തിലും ഒരു പരിധിയുമില്ലാതെ പ്രാഥമിക, ദ്വിതീയ, തൃതീയ പരിചരണ ആശുപത്രികളില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇത് നല്‍കുന്നു. എ.ബി-പി.എം.ജെ.എ.വൈ ആരംഭിച്ചതോടെ, 2019-ല്‍ ഗുജറാത്ത് എം.എ/എം.എ.വി എന്നീ യോജനകളെ പി.എം.ജെ.എ.വൈ-എം.എ എന്ന പേരില്‍ എ.ബി-പി.എം.ജെ.എ.വൈയുമായി സംയോജിപ്പിച്ചു. എം.എ/എം.എ.വിയിലേയും എ.ബി-പി.എം.ജെ.എ.വൈയിലേയും ഗുണഭോക്താക്കളെ സഹബ്രാന്‍ഡ് ആയ പി.എം.ജെ.എ.വൈ-എം.എ കാര്‍ഡിന് അര്‍ഹരാക്കി.
പരിപാടിയില്‍, പ്രധാനമന്ത്രി ഈ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കമിട്ടു, തുടര്‍ന്ന് കളര്‍ പ്രിന്റ് ചെയ്ത 50 ലക്ഷം ആയുഷ്മാന്‍ കാര്‍ഡുകള്‍ ഗുജറാത്തിലുടനീളമുള്ള എല്ലാ ഗുണഭോക്താക്കളുടെയും ഇ-കെ.വൈ.സി നടത്തിയശേഷം ദേശീയ ആരോഗ്യ അതോറിറ്റി എംപാനല്‍ ചെയ്ത ഏജന്‍സികഗുണഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ അവ വിതരണം ചെയ്യും.

--ND--

PMJAY-MA Yojana Ayushman cards will ensure top quality and affordable medical care. https://t.co/Ak5bFjm57T

— Narendra Modi (@narendramodi) October 17, 2022

*****


(Release ID: 1868615) Visitor Counter : 261