പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഒക്ടോബർ 18-ന് 90-ാമത് ഇന്റർപോൾ പൊതുസഭയെ അഭിസംബോധന ചെയ്യും

Posted On: 17 OCT 2022 3:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയെ ഒക്ടോബർ 18-ന് ഉച്ചകഴിഞ്ഞ് 1:45-ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ അഭിസംബോധന ചെയ്യും.

ഇന്റർപോളിന്റെ 90-ാമത് പൊതുസമ്മേളനം ഒക്ടോബർ 18 മുതൽ 21 വരെ നടക്കും. മന്ത്രിമാർ, രാജ്യങ്ങളിലെ പോലീസ് മേധാവികൾ, ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 195 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. INTERPOL-ന്റെ പരമോന്നത ഭരണ സമിതിയാണ് ജനറൽ അസംബ്ലി, അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് വർഷത്തിലൊരിക്കൽ യോഗം ചേരുന്നു.

ഏകദേശം 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ ഇന്റർപോൾ ജനറൽ അസംബ്ലി  നടക്കുന്നത് - ഇത് അവസാനമായി നടന്നത് 1997 ലാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷിക ആഘോഷത്തോടനുബന്ധിച്ച് 2022 ൽ ന്യൂഡൽഹിയിൽ ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം വൻ ഭൂരിപക്ഷത്തോടെ പൊതുസഭ. അംഗീകരിച്ചു.  ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ മികച്ച കീഴ്വഴക്കങ്ങൾ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള അവസരമാണ് സമ്മേളനം  നൽകുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റൈസി, സെക്രട്ടറി ജനറൽ ജുർഗൻ സ്റ്റോക്ക്, സിബിഐ ഡയറക്ടർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

--ND-- 



(Release ID: 1868521) Visitor Counter : 164