പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ മൊധേരയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും സമര്‍പ്പണത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
09 OCT 2022 11:39PM by PIB Thiruvananthpuram
ഇന്ന് മൊധേരയ്ക്കും മെഹ്സാനയ്ക്കും വടക്കന്‍ ഗുജറാത്തിനാകെയും വികസനത്തിന്റെ ഒരു പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. വൈദ്യുതി, വെള്ളം, റോഡ്, റെയില്‍, ക്ഷീരവികസനം, നൈപുണ്യ വികസനം, ആരോഗ്യം തുടങ്ങി നിരവധി പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടപ്പെടുകയോ ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപയിലധികം വിലമതിക്കുന്ന ഈ പദ്ധതികള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കര്‍ഷകരുടെയും കന്നുകാലികളെ വളര്‍ത്തുന്നവരുടെയും വരുമാനം വര്‍ധിക്കുന്നതിന് സഹായകമാവുകയും മേഖലയിലുടനീളം പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചെയ്യും. ഈ വികസന പദ്ധതികള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മെഹ്സാനയിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍!
സുഹൃത്തുക്കളെ,
ഇന്ന്, നമ്മള്‍ സൂര്യന്റെ വാസസ്ഥലമായ മൊധേരയില്‍ ആയിരിക്കുമ്പോള്‍, ഇന്ന് ശരദ് പൂര്‍ണിമ ആയത് സന്തോഷകരമായ യാദൃച്ഛികതയാണ്. വാല്മീകി മഹര്‍ഷിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ഒരു തരത്തില്‍ പറഞ്ഞാല്‍ മൂന്ന് യാദൃച്ഛികതകളുടെ സംഗമമാണ്. മഹര്‍ഷി വാല്‍മീകി ശ്രീരാമന്റെ സമഗ്രമായ ജീവിതം നമുക്ക് പരിചയപ്പെടുത്തുകയും സമത്വത്തിന്റെ സന്ദേശം നല്‍കുകയും ചെയ്തു. നിങ്ങള്‍ക്കും മുഴുവന്‍ രാജ്യത്തിനും ശരദ് പൂര്‍ണിമയും വാല്മീകി ജയന്തിയും ആശംസിക്കുന്നു!
സഹോദരീ സഹോദരന്മാരേ,
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, രാജ്യത്തുടനീളമുള്ള ടിവിയിലും പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും മൊധേരയിലെ സൂര്യഗ്രാമത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ജീവിതത്തിലൊരിക്കലും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇന്ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതായും പറയുന്നവരും കുറവല്ല. നമ്മുടെ പൗരാണിക വിശ്വാസത്തിന്റെയും ആധുനിക സാങ്കേതികവിദ്യയുടെയും പുതിയ സംഗമമെന്ന് ഇതിനെ വിളിക്കുന്ന മറ്റു ചിലരുണ്ട്. മറ്റുള്ളവര്‍ ഇതിനെ ഭാവിയിലെ സ്മാര്‍ട്ട് ഗുജറാത്തിന്റെയും സ്മാര്‍ട്ട് ഇന്ത്യയുടെയും ഒരു നേര്‍ക്കാഴ്ചയായി വിശേഷിപ്പിക്കുന്നു. ഇത് നമുക്കെല്ലാവര്‍ക്കും മെഹ്സാനയ്ക്കും ഗുജറാത്തിനും അഭിമാനത്തിന്റെ നിമിഷമാണ്. മൊധേരയിലെയും ചനാസ്മയിലെയും മെഹ്സാനയിലെയും ജനങ്ങളെ ഇത് അഭിമാനിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഞാന്‍ ചോദിക്കട്ടെ. അവരുടെ ജീവിതത്തിലെ ഈ വിലപ്പെട്ട നിമിഷം അവര്‍ ആസ്വദിക്കുന്നില്ലേ? നേരത്തെ മൊധേര സൂര്യക്ഷേത്രം കാരണം മാത്രമാണ് ലോകം അറിയപ്പെട്ടിരുന്നത്, എന്നാല്‍ ഇപ്പോള്‍ മൊധേരയിലെ സൂര്യക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സൂര്യഗ്രാമം എന്നും തിരിച്ചറിയപ്പെടും. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ലോക ഭൂപടത്തില്‍ മൊധേര അതിന്റെ മുദ്ര പതിപ്പിക്കും, സുഹൃത്തുക്കളെ.
സുഹൃത്തുക്കളെ,
ഇന്ന് മൊധേരയില്‍ ദൃശ്യമാകുന്ന ഗുജറാത്തിന്റെ ഈ സാധ്യത ഗുജറാത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉണ്ട്. മൊധേരയിലെ സൂര്യക്ഷേത്രം തകര്‍ക്കാനും നിലംപരിശാക്കാനും ആക്രമണകാരികള്‍ നടത്തിയ ശ്രമങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഒട്ടനവധി ക്രൂരതകള്‍ക്ക് വിധേയമായ മൊധേര ഇന്ന് അതിന്റെപുരാണകഥകള്‍കൊണ്ടും ആധുനികതകൊണ്ടും ലോകത്തിന് മാതൃകയായി മാറുകയാണ്.
ലോകത്ത് സൗരോര്‍ജ്ജത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം, മോധേര വേറിട്ടുനില്‍ക്കും, കാരണം ഇവിടെ വീടുകളിലെ വൈദ്യുതി മുതല്‍ കൃഷി വരെ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വാഹനങ്ങളും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. 21-ാം നൂറ്റാണ്ടിലെ ഒരു സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുന്നതിനായി നമ്മുടെ ഊര്‍ജസംബന്ധിയായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത്തരം ശ്രമങ്ങള്‍ നാം ശക്തമാക്കേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ഗുജറാത്തിനും നമ്മുടെ ഭാവി തലമുറയ്ക്കും നിങ്ങളുടെ കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തെ നയിക്കാന്‍ ഞാന്‍ നിരന്തരം ശ്രമിക്കുന്നു. നമ്മുടെ മൊധേരയിലെ സഹോദരങ്ങള്‍ ഇപ്പോള്‍ വീടിന് മുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. അതിനു ഗവണ്‍മെന്റില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ ടിവിയില്‍ കണ്ടത് പോലുള്ള അവകാശവാദങ്ങള്‍ രാജ്യത്തുടനീളമുള്ള ആളുകള്‍ ഉന്നയിക്കുന്ന ആ ദിവസം വിദൂരമല്ല. വൈദ്യുതി സൗജന്യമായി ലഭിക്കുക മാത്രമല്ല, വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പണം സമ്പാദിക്കുന്നുമുണ്ട്. ഇലക്ട്രിക് ഫാക്ടറിയുടെ ഉടമയാകട്ടെ, വീട്ടുടമസ്ഥനാകട്ടെ, കര്‍ഷകനാകട്ടെ, ഉപയോഗിക്കുന്ന ഉപഭോക്താവാകട്ടെ എല്ലാവരും തുല്യരാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള വൈദ്യുതി ഉപയോഗിക്കുക, അധിക വൈദ്യുതി ഗവണ്‍മെന്റിന് വില്‍ക്കുക. വൈദ്യുതി ബില്ലില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമല്ല, വൈദ്യുതി വിറ്റ് ജനങ്ങള്‍ക്ക് വരുമാനം നേടാനും ഇത് സഹായകമാവും.
എന്നോട് പറയൂ, ഇതൊരു വിജയകരമായ സാഹചര്യമല്ലേ? ജനങ്ങള്‍ക്കും സമൂഹത്തിനും ഭാരമില്ല, സ്വയം ഭാരമാകാതെ ആളുകളെ സഹായിക്കാം. അത് കഠിനാധ്വാനമാകുമെന്നതില്‍ സംശയമില്ല. പക്ഷേ നമ്മള്‍ ജനിച്ചത് കഠിനാധ്വാനം ചെയ്യാനാണ്. നമ്മുടെ മെഹ്സാന ജില്ല വളരെ പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ജില്ലയായിരുന്നു, എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ കഠിനാധ്വാനത്തില്‍ നിന്ന് ഒരിക്കലും പിന്മാറിയില്ല.
സുഹൃത്തുക്കളെ,
ഗവണ്‍മെന്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ജനങ്ങള്‍ അത് വാങ്ങുകയും ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള സ്ഥിതി. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനു വൈദ്യുതിശൃംഖല വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു ഞാന് കരുതുന്നു. അതിനാല്‍, ജനങ്ങള്‍ അവരുടെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ അവരുടെ വയലുകളില്‍ സോളാര്‍ പമ്പുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റ് നിരന്തര ശ്രമങ്ങള്‍ നടത്തുന്നു. പണ്ട് കുതിരശക്തിക്ക് വേണ്ടി പ്രക്ഷോഭം നടത്താന്‍ നാം നിര്‍ബന്ധിതരായിരുന്നു. രണ്ട് മീറ്ററോളം ഭൂമി പാഴായി കിടന്നിരുന്ന പാടത്തിന്റെ വശങ്ങളിലെ കമ്പികള്‍ മാറ്റി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നുണ്ട്. സോളാര്‍ പാനലുകള്‍ വഴി നിങ്ങളുടെ പമ്പുകള്‍ പ്രവര്‍ത്തിക്കും, നിങ്ങളുടെ വയലുകളില്‍ വെള്ളം ലഭിക്കും. അതിലുപരി, അധിക വൈദ്യുതി ഗവണ്‍മെന്റ് വാങ്ങും. നമ്മള്‍ മുഴുവന്‍ ചാക്രിക രീതിയും മാറ്റിയോ ഇല്ലയോ? സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുകയും ദശലക്ഷക്കണക്കിന് സോളാര്‍ പമ്പുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.
20-22 വയസ്സ് പ്രായമുള്ള നിരവധി യുവാക്കള്‍ ഇവിടെ ഇരിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. നമ്മുടെ കര്‍ഷകര്‍ അവരുടെ വയലില്‍ നനയ്ക്കുന്നതില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പോലും ബോധവാന്മാരല്ല. മെഹ്സാനയിലെ സ്ഥിതി എന്തായിരുന്നു? വൈദ്യുതി കിട്ടാക്കനിയായി. വൈദ്യുതിയുടെ ലഭ്യതക്കുറവ് സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വെള്ളത്തിനായി തലയില്‍ പാത്രങ്ങളുമായി മൂന്നു കിലോമീറ്റര്‍ ഓടുന്നു. വടക്കന്‍ ഗുജറാത്തിലെ എന്റെ അമ്മമാരും സഹോദരിമാരും അത്തരം പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇന്ന്, 20-22 വയസ്സ് പ്രായമുള്ള നമ്മുടെ ആണ്മക്കള്‍ക്കും പെണ്‍മക്കള്‍ക്കും അന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ പോലും അറിയില്ല. ഇന്ന് സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന പല യുവാക്കള്‍ക്കും ഇത് വളരെ ആശ്ചര്യകരമായി തോന്നും.
സുഹൃത്തുക്കളെ,
നിങ്ങളുടെ പൂര്‍വികരോട് ചോദിച്ചാല്‍ ഞങ്ങള്‍ ജീവിച്ചിരുന്ന സാഹചര്യങ്ങളെക്കുറിച്ച് അവര്‍ പറയും. പണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വൈദ്യുതിയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. അക്കാലത്ത് ടിവിയോ ഫാനുകളോ ഇല്ലായിരുന്നു. ജലസേചനവും പഠനവും മുതല്‍ മരുന്നുകള്‍ വരെ സംബന്ധിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് നമ്മുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തെ മോശമായി ബാധിച്ചു. മെഹ്സാന ജില്ലയിലെ ജനങ്ങള്‍ ജന്മം കൊണ്ട് ഗണിതത്തിലും ശാസ്ത്രത്തിലും മികച്ചവരാണ്. നിങ്ങള്‍ യുഎസ് സന്ദര്‍ശിച്ചാല്‍, ഗണിതശാസ്ത്രത്തിലും ശാസ്ത്രത്തിലും വടക്കന്‍ ഗുജറാത്തിന്റെ അത്ഭുതം നിങ്ങള്‍ക്കു കാണാന്‍ കഴിയും. കച്ചിലെ മുഴുവന്‍ ബെല്‍റ്റിലും മെഹ്സാനയില്‍ നിന്നുള്ള ധാരാളം അധ്യാപകരെ നിങ്ങള്‍ക്കു കാണാന്‍ കഴിയും. നമുക്ക് സാധ്യതകളുണ്ടായിരുന്നു, പക്ഷേ വൈദ്യുതിയുടെയും വെള്ളത്തിന്റെയും പ്രശ്നങ്ങള്‍ കാരണം ആ തലമുറയ്ക്ക് അര്‍ഹമായ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞില്ല.
ഇന്ന് ഞാന്‍ ഇന്നത്തെ തലമുറയോട് പറയാന്‍ ആഗ്രഹിക്കുന്നത് അളവറ്റ അവസരങ്ങളുണ്ടെന്നും അവര്‍ക്ക് സാധ്യതകള്‍ ഉണ്ടായിരിക്കണമെന്നും ആണ്. സുഹൃത്തുക്കളേ, അന്നത്തെ ക്രമസമാധാന നിലയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ല. മകളുടെ കല്യാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ആര്‍ക്കെങ്കിലും അഹമ്മദാബാദില്‍ പോകേണ്ടി വന്നാല്‍, അഹമ്മദാബാദില്‍ സമാധാനമുണ്ടോ ഇല്ലയോ എന്ന് അവിടെയുള്ള ബന്ധുക്കളോട് ചോദിക്കും. ആ ദിവസങ്ങള്‍ ഉണ്ടായിരുന്നോ ഇല്ലയോ സുഹൃത്തുക്കളെ? പ്രായോഗികമായി എല്ലാ ദിവസവും ബഹളങ്ങള്‍ ഉണ്ടായിരുന്നു. വീടുകള്‍ക്ക് പുറത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നതിനാല്‍ കുഞ്ഞുങ്ങളുടെ ആദ്യ വാക്കുകള്‍ 'കാക്ക അല്ലെങ്കില്‍ അമ്മ' എന്നതിനേക്കാള്‍ പോലീസുകാരുടെ പേരുകളായിരുന്നു. കുട്ടികള്‍ അവരുടെ ജനനം മുതല്‍ 'കര്‍ഫ്യൂ'വുമായി പരിചിതരായിരുന്നു. ഗുജറാത്തിലെ ക്രമസമാധാന പ്രശ്നത്തില്‍ ഞങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ കാരണം ഇന്ന് 20-22 വയസ്സ് പ്രായമുള്ള യുവാക്കള്‍ 'കര്‍ഫ്യൂ' എന്ന വാക്ക് കേള്‍ക്കുന്നില്ല. വികസനത്തിനെതിരായ എതിര്‍പ്പിന്റെ അന്തരീക്ഷം ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ രണ്ട് ദശകങ്ങളായി നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമായാണ് ഗുജറാത്ത് രാജ്യത്തെ ഒരു പ്രമുഖ സംസ്ഥാനമായി ഉയര്‍ന്നത്. ഗുജറാത്തിനോടുള്ള ഈ വര്‍ദ്ധിച്ചുവരുന്ന ബഹുമാനത്തിന് കോടിക്കണക്കിന് ഗുജറാത്തികളെ ഞാന്‍ നമിക്കുന്നു.
സഹോദരന്‍മാരേ,
ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് പുതിയൊചരിത്രം സൃഷ്ടിക്കപ്പെട്ടത്. അത് സാധ്യമായതാകട്ടെ, എന്നിലുള്ള നിങ്ങളുടെ അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. നിങ്ങള്‍ എന്റെ ജാതിയോ രാഷ്ട്രീയ ചായ്‌വോ കണ്ടിട്ടില്ല, പക്ഷേ നിങ്ങള്‍ എന്നെ അനുഗ്രഹിക്കുകയും എനിക്കു സ്‌നേഹം ചൊരിയുകയും ചെയ്തു. നിങ്ങള്‍ക്ക് ഒരു മാനദണ്ഡമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങള്‍ എന്റെ പ്രവൃത്തി കണ്ടു നിങ്ങളുടെ അംഗീകാര മുദ്ര പതിപ്പിച്ചു. നിങ്ങള്‍ എന്നെ മാത്രമല്ല, എന്റെ സഹപ്രവര്‍ത്തകരെയും അനുഗ്രഹിച്ചു. നിങ്ങളുടെ അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്, നിങ്ങള്‍ക്കായി കൂടുതല്‍ ചെയ്യാനുള്ള എന്റെ ആഗ്രഹവും ഉത്തേജിപ്പിക്കപ്പെടുന്നു.
സുഹൃത്തുക്കളെ,
മാറ്റം തനിയെ വരുന്നതല്ല; അതിന് ദൂരവ്യാപകമായ സമീപനം ആവശ്യമാണ്. ഗുജറാത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ഞങ്ങള്‍ അഞ്ച് തൂണുകള്‍ സൃഷ്ടിച്ചുവെന്നതിന് മെഹ്സാനയിലെ ജനങ്ങള്‍ സാക്ഷിയാണ്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, മറ്റ് സംസ്ഥാനങ്ങളിലെ എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ പറയുമായിരുന്നു, നമ്മുടെ ബജറ്റിന്റെ വലിയൊരു ഭാഗം ജലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ ചെലവഴിച്ചിരുന്നു എന്ന്. നമുക്ക് വലിയ ജലക്ഷാമമുണ്ട്, പത്ത് വര്‍ഷത്തില്‍ ഏഴ് വര്‍ഷത്തിലും ക്ഷാമമുണ്ട്. നമ്മുടെ ബജറ്റിന്റെ ഇത്രയും വലിയൊരു പങ്ക് നമ്മള്‍ വെള്ളത്തിന് വേണ്ടി ചിലവഴിക്കുന്നുവെന്ന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അതിനാല്‍, പഞ്ചാമൃത് യോജന ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ ഗുജറാത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി. വെള്ളവും വൈദ്യുതിയും ഇല്ലെങ്കില്‍ ഗുജറാത്ത് തകരും. രണ്ടാമതായി, ഭാവി തലമുറയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു, അതിനാല്‍, അവരുടെ വിദ്യാഭ്യാസത്തിനും പ്രായമായവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ എന്റെ മുഴുവന്‍ ഊര്‍ജ്ജവും ചെലവഴിക്കുന്നു. മൂന്നാമതായി, നമ്മുടെ കര്‍ഷകരുടെ അഭിവൃദ്ധിക്കുവേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചു. കൃഷിയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്ത് വളരെ പിന്നിലായിരുന്നു. കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിച്ചാല്‍ നമ്മുടെ ഗ്രാമങ്ങളും അഭിവൃദ്ധിപ്പെടും, നമ്മുടെ ഗ്രാമങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചാല്‍ എന്റെ ഗുജറാത്ത് പിന്നാക്കം പോകില്ല. അതുകൊണ്ട് ഞങ്ങള്‍ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വികസനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക്, മെച്ചപ്പെട്ട റോഡുകളും റെയില്‍വേ ശൃംഖലകളും വിമാനത്താവളങ്ങളും കണക്റ്റിവിറ്റിയും ഉണ്ടാകണം, അപ്പോള്‍ മാത്രമേ വികസനത്തിന്റെ വിജയം ആസ്വദിക്കാന്‍ അവസരങ്ങളുണ്ടാകൂ. അശ്രാന്തമായ വളര്‍ച്ചയ്ക്ക് പുതിയ വ്യവസായങ്ങളും ടൂറിസത്തിന്റെ പുതിയ വഴികളും ഉണ്ടാകണം. ഇന്ന്, ഇതെല്ലാം ഗുജറാത്തില്‍ ദൃശ്യമാണ്.
ഏകതാ പ്രതിമ നോക്കൂ. ഇന്ന് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെ സര്‍ദാര്‍ സാഹിബിന്റെ പാദങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ ഏകതാപ്രതിമ സന്ദര്‍ശിക്കാന്‍ വരുന്നു. താമസിയാതെ മൊധേര ഒരു ടൂറിസം കേന്ദ്രമായി മാറും സുഹൃത്തുക്കളെ. ഒരു വിനോദസഞ്ചാരിയും നിരാശരായി മടങ്ങിപ്പോകാതിരിക്കാന്‍ നിങ്ങള്‍ ഒരുക്കങ്ങള്‍ നടത്തിയാല്‍ മതി. ഗ്രാമം ഇത് തീരുമാനിച്ചാല്‍ മൊധേര സന്ദര്‍ശിക്കാന്‍ ധാരാളം വിനോദസഞ്ചാരികള്‍ ഉണ്ടാകും.
സുഹൃത്തുക്കളെ,
ഉഞ്ജയിലെ എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി നല്‍കുമെന്ന് ഞാന്‍ ആദ്യം സൂചിപ്പിച്ചു. ഞങ്ങള്‍ ഉഞ്ജയില്‍ നിന്ന് ജ്യോതിഗ്രാം യോജന ആരംഭിച്ചു. നമ്മുടെ നാരായണന്‍ കാക്ക ഇവിടെ ഇരിക്കുന്നു, അദ്ദേഹത്തിനറിയാം. എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി നല്‍കുമെന്ന് ഞങ്ങള്‍ എടുത്ത പ്രതിജ്ഞയ്ക്ക് എല്ലാ ഗുജറാത്തികളും സാക്ഷികളാണ്. ഞങ്ങള്‍ മുന്നേറ്റം ആരംഭിച്ച് 1000 ദിവസം കൊണ്ട് വിജയിപ്പിച്ചു. ഡല്‍ഹിയില്‍ പോയപ്പോള്‍ വൈദ്യുതി എത്തിയിട്ടില്ലാത്ത 18,000 ഗ്രാമങ്ങളുണ്ടെന്ന് കണ്ടെത്തി. 1000 ദിവസത്തിനുള്ളില്‍ ആ ഗ്രാമങ്ങളിലെല്ലാം എനിക്ക് വൈദ്യുതി വേണമെന്നു ശക്തമായി പറയുകയും ഗുജറാത്തിന്റെ മകനായ ഞാന്‍ ആ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി ഉറപ്പാക്കിയെന്ന കാര്യം ഓര്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകുമെന്നും ഞാന്‍ അവിടെ ഊന്നിപ്പറഞ്ഞു.
2007-ല്‍ ഒരു ജലപദ്ധതി ആരംഭിക്കാന്‍ ദേദിയാസനില്‍ വന്നതു ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത് ഞാന്‍ വെള്ളത്തിന്റെ പ്രാധാന്യം അടിവരയിട്ടു പറയുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങളുടെ 15 വര്‍ഷത്തെ പ്രയത്നത്തിന് ഫലമുണ്ടായി, നമ്മുടെ വയലുകള്‍ പച്ചപ്പുള്ളതാക്കി. എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നുവെന്ന് ടിവിയില്‍ വാര്‍ത്ത കണ്ട് അവര്‍ മനസ്സിലാക്കിയത് 15 വര്‍ഷത്തിന് ശേഷമാണ്. ഇതാണ് ജലത്തിന്റെ ശക്തി. കനാലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സുജലം സുഫലം പദ്ധതി ഞാന്‍ ആരംഭിച്ചു. കോസിയിലെ കോടതി വ്യവഹാരങ്ങളെ കുറിച്ച് ആലോചിക്കാാതെ സുജലം സുഫലാം കനാലിനുള്ള ഭൂമി അവര്‍ എനിക്ക് തന്നതിനാല്‍ ഗുജറാത്തിലെ കര്‍ഷകരോട് എനിക്ക് കടപ്പാട് കുറവാണ്. അല്പസമയത്തിനകം സുജലം സുഫലാം കനാല്‍ തയ്യാറായി, കടലിലേക്ക് ഒഴുകിയെത്തിയ വെള്ളം വടക്കന്‍ ഗുജറാത്തിലെ വയലുകളില്‍ എത്തിത്തുടങ്ങി. വടക്കന്‍ ഗുജറാത്തിലെ ജനങ്ങള്‍ മൂന്നുനേരം ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി.
ജലവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കാനുള്ള അവസരം ഇന്ന് എനിക്ക് ലഭിച്ചിരിക്കുന്നു. വിസ്നഗര്‍, എന്റെ ഗ്രാമം വഡ്നഗര്‍, നമ്മുടെ ഖേരാലു താലൂക്ക് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുക. സുലഭമായ ജലലഭ്യത ഉണ്ടാകുമ്പോള്‍, അത് കുടുംബങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുകയും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യും. മൃഗസംരക്ഷണത്തിനും കൃഷിക്കും സഹായകമാകും. മൃഗസംരക്ഷണത്തിന് പേരുകേട്ട ജില്ലയാണ് മെഹ്സാന. 1960 ന് ശേഷം നമ്മുടെ ഡെയറികള്‍ റെക്കോര്‍ഡ് ലാഭം നേടിയതായി അശോക്ഭായ് എന്നോട് പറഞ്ഞു. വടക്കന്‍ ഗുജറാത്തിലെ മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ ഞാന്‍ അഭിനന്ദിക്കുന്നു, അവര്‍ ക്ഷീരമേഖലയിലെ ജോലി ഭാരമേല്‍പ്പിച്ചത് തട്ടിപ്പ് നിര്‍ത്തി നിങ്ങളെ ലാഭത്തില്‍ പങ്കാളികളാക്കിയവരെയാണ്.
സഹോദരന്‍മാരേ,
വെള്ളവും കാലിത്തീറ്റയും കിട്ടാതെ നാടിന്റെ നാനാഭാഗത്തുനിന്നും തീവണ്ടിക്കണക്കിന് കാലിത്തീറ്റ കൊണ്ടുവരാന്‍ നാം നിര്‍ബന്ധിതമായ പട്ടിണിയുടെ നാളുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. വെള്ളത്തിന്റെ അഭാവത്തില്‍ മൃഗങ്ങള്‍ വലഞ്ഞു, പത്രങ്ങളില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ നിറഞ്ഞു. ഇന്ന് നമ്മള്‍ ആ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തരായിരിക്കുന്നു. അതുകൊണ്ട്, ഇന്ന്, 20-22 വയസ്സിനിടയിലുള്ള യുവാക്കള്‍ഗുജറാത്തിനെ ആ പ്രശ്നങ്ങളില്‍ നിന്ന് എങ്ങനെ കരകയറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ നമുക്ക് ഒരു കുതിപ്പ് ആവശ്യമാണ്. നമ്മുടെ നേട്ടങ്ങള്‍ക്കു മേല്‍ നാം വിശ്രമിക്കരുത്. ഇതുവരെ നേടിയതില്‍ നാലിരട്ടി വര്‍ദ്ധനവ് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വൈദ്യുതിയും വെള്ളവും ഉണ്ടെങ്കില്‍ അത് വ്യാവസായിക വികസനത്തിനും കാര്‍ഷിക, പാല്‍ ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവിനും കാരണമാകുന്നു. ഇപ്പോള്‍ ഫുഡ് പാര്‍ക്കുകള്‍ക്ക് വലിയ അവസരമുണ്ട്. എഫ്പിഒകള്‍ സ്ഥാപിക്കപ്പെടുന്നു. മരുന്നുകള്‍, സിമന്റ്, പ്ലാസ്റ്റിക്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നമ്മുടെ മെഹ്സാന ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരുന്നു, കാരണം വലിയ ഡിമാന്‍ഡുണ്ട്. മണ്ഡല്‍ ബെച്ചരജി പ്രത്യേക നിക്ഷേപ മേഖലയിലെ നമ്മുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ കാര്യമോ! ജപ്പാനിലെ ജനങ്ങള്‍ ഇവിടെ കാറുകള്‍ നിര്‍മ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യും. ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍! ജപ്പാനിലെ ജനങ്ങള്‍ ഇവിടെയെത്തുന്നു, അവരുടെ പണം നിക്ഷേപിക്കുകയും ഇവിടെ കാര്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. ഗുജറാത്തിലെ യുവാക്കളുടെ ബുദ്ധിയും വിയര്‍പ്പും നിമിത്തമാണ് ജപ്പാന്‍ ഇവിടെ നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്യുന്നത്. മൂന്ന് പ്ലാന്റുകളുള്ള ഇവിടെ ലക്ഷക്കണക്കിന് കാറുകളാണ് നിര്‍മിക്കുന്നത്. ഇവിടെ സൈക്കിള്‍ നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാലമുണ്ടായിരുന്നു, ഇപ്പോള്‍ കാറുകള്‍ നിര്‍മ്മിക്കുന്നു. സുഹൃത്തുക്കളേ, എന്റെ വാക്കുകള്‍ രേഖപ്പെടുത്തുക. ഗുജറാത്തില്‍ സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇന്ന് ഇവിടെ കാറുകളും മെട്രോ കോച്ചുകളും നിര്‍മ്മിക്കുന്നു. ആകാശത്ത് കാണുന്ന വിമാനങ്ങളും ഗുജറാത്തിന്റെ മണ്ണില്‍ നിര്‍മിക്കുന്ന ദിവസം വിദൂരമല്ല.
സുസുക്കിക്കായി ചെറിയ സ്‌പെയര്‍ പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന നൂറിലധികം വിതരണക്കാരുണ്ട്. ലോകം മാറുകയാണ്, ഇലക്ട്രിക് വാഹനങ്ങളല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതികളിലൊന്ന് നമ്മുടെ മാതാവ് ബച്ചരാജിയുടെ കാല്‍ക്കീഴിലാണ്. നമ്മുടെ ഹന്‍സല്‍പൂരില്‍ ഒരു ലിഥിയം അയണ്‍ പ്ലാന്റ് ഉണ്ട്, ഹന്‍സല്‍പൂരിലെ കര്‍ഷകരോട് ഞാന്‍ വീണ്ടും നന്ദി പറയണം. നിങ്ങളുമായി ഒരു ഉപമ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം പദ്ധതികളെല്ലാം പാഴ്പദ്ധതികളാണെന്ന് വിശേഷിപ്പിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഞങ്ങള്‍ സുസുക്കി പദ്ധതി ഇവിടെ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ഹന്‍സല്‍പൂരിലെ എല്ലാ കര്‍ഷകരും തങ്ങളുടെ പ്രക്ഷോഭം ശക്തമാക്കി. ചോളം കൃഷി ചെയ്യാന്‍ പ്രയാസമുള്ള നിലമാണ് ഇവിടെയുള്ളത്. നമുക്ക് അന്ന് വരള്‍ച്ച ഉണ്ടായിരുന്നു, വലിയ പ്രക്ഷോഭം ഉണ്ടായിരുന്നു. അന്ന് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അവര്‍ ഗാന്ധിനഗറിലെത്തി എനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും എന്റെ കോലം കത്തിക്കുകയും ചെയ്തു.
ഞാന്‍ അവരെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. തങ്ങളുടെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് അവര്‍ പറഞ്ഞു. അവരുടെ ആഗ്രഹമാണെങ്കില്‍ ഗുജറാത്തിലെ മറ്റെവിടേക്കെങ്കിലും പ്ലാന്റ് മാറ്റാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ബുദ്ധിയുള്ള അഞ്ചോ ഏഴോ പേരുണ്ടായിരുന്നു. അവര്‍ പ്ലാന്റ് എങ്ങോട്ടും മാറ്റരുതെന്നും അവിടെത്തന്നെ തുടങ്ങരുതെന്നുംഅപേക്ഷിച്ചു. കര്‍ഷകര്‍ പക്വത കാട്ടി സമരം അവസാനിപ്പിച്ചു. വ്യാവസായിക മേഖല മുഴുവന്‍ ഇന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും മെഹ്സാനയുടെ മൊത്തത്തിലുള്ള വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
സഹോദരങ്ങളെ,
പശ്ചിമ ചരക്ക് ഇടനാഴിയും ഡല്‍ഹി-മുംബൈ ചരക്ക് ഇടനാഴിയും കണക്കിലെടുത്ത്, ഇത് ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രമായി ഉയര്‍ന്നുവരുന്നു. മാത്രമല്ല, ലോജിസ്റ്റിക്സ്, സ്റ്റോറേജ് മേഖലകളില്‍ നിരവധി പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ നാം കണക്റ്റിവിറ്റിക്ക് ഊന്നല്‍ നല്‍കി. നരേന്ദ്ര (മോദി), ഭൂപേന്ദ്ര (പട്ടേല്‍) എന്നിവരുടെ രൂപത്തില്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് വന്നതോടെ വികസന പ്രവര്‍ത്തനങ്ങളില്‍ അഭൂതപൂര്‍വമായ വേഗമുണ്ട്. ഏകദേശം 90-95 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1930കളില്‍ ബ്രിട്ടീഷുകാര്‍ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കിയിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ വിഷമിക്കും. മെഹ്സാന-അംബാജി-തരംഗ-അബു റോഡ് റെയില്‍വേ പാതയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഫയല്‍ ഉണ്ട്, അതില്‍ ഒരു മാപ്പ് ഉണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം വന്ന ഗവണ്‍മെന്റുകള്‍ പദ്ധതി ഉപേക്ഷിച്ചു. ഞങ്ങള്‍ ആ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും പുതിയ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞ തവണ മാ അംബയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടെ വന്നപ്പോള്‍ ആ റെയില്‍വേ ലൈനിന്റെ തറക്കല്ലിട്ടത് ഞാനാണ്. ആ റെയില്‍വേ ലൈന്‍ തയ്യാറായിക്കഴിഞ്ഞാല്‍ മാറ്റം നിങ്ങള്‍ക്ക് ഊഹിക്കാം. ഇത് മേഖലയില്‍ വലിയ സമൃദ്ധി കൊണ്ടുവരാന്‍ പോകുന്നു.
സുഹൃത്തുക്കളെ,
ബഹുചരാജി, മൊധേര, ചനാസ്മ റോഡ് നാലുവരിപ്പാതയാക്കുന്നതിന് മുമ്പ് ഒറ്റവരിപ്പാത മൂലം വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ ബഹുചരാജിയില്‍ വരുമ്പോള്‍ ഒരു ബസ് മാത്രമേ കടന്നുപോകൂ. എതിര്‍ദിശയില്‍ നിന്ന് മറ്റൊരു ബസ് വന്നാല്‍ അത് വലിയ പ്രശ്‌നമാകും. ആ നാളുകള്‍ ഓര്‍മ്മയുണ്ടോ, അതോ മറന്നോ? ഇന്നത് നാലുവരിപ്പാതയാണ്. വിദ്യാഭ്യാസവും വൈദഗ്ധ്യവും ആരോഗ്യവും ഇല്ലാതെ വികസനം അപൂര്‍ണ്ണമാണ്. അതുകൊണ്ട്, മെഹ്സാനയിലും ഗുജറാത്തിലും ഈ കാര്യങ്ങള്‍ക്ക് ഞാന്‍ പ്രത്യേക ഊന്നല്‍ നല്‍കി. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി സര്‍ദാര്‍ സാഹിബിന്റെ സ്മരണയ്ക്കായി ഒരു സംഘടന രൂപീകരിക്കുന്നു. ഇതു ഗവണ്‍മെന്റിലെ യുവാക്കള്‍ക്ക് പുരോഗതി കൈവരിക്കാന്‍ അവസരമൊരുക്കുന്നു.
വഡ്നഗറില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനുള്ള ഈ സുപ്രധാന തീരുമാനമെടുത്ത ഗുജറാത്ത് ഗവണ്‍മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു. 11-ാം ക്ലാസ് പഠനം കഴിഞ്ഞാല്‍ എങ്ങോട്ട് പോകുമെന്ന് ആളുകള്‍ നേരത്തെ ചിന്തിക്കുമായിരുന്നു. ഇപ്പോള്‍ ആ ഗ്രാമത്തില്‍ ഒരു മെഡിക്കല്‍ കോളേജ് പണിയുന്നു. ഗുജറാത്തിലെ എല്ലാ ജില്ലകളിലും ആധുനിക ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഈ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പരിശ്രമിക്കും.
സുഹൃത്തുക്കളെ,
പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ മിതമായ നിരക്കില്‍ മരുന്നുകള്‍ നല്‍കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഏതെങ്കിലും രോഗം ബാധിച്ച ഒരു വയോധികനുള്ള ഒരു കുടുംബത്തിന് പ്രതിമാസം 1,000 രൂപയെങ്കിലും ചികിത്സാ ബില്ലിനായി ചിലവഴിക്കേണ്ടിവരുന്നുണ്ട് ഈ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇവ ആധികാരികവും ജനറിക് മരുന്നുകളുമാണ്. നേരത്തെ 1000 രൂപയോളം ഉണ്ടായിരുന്ന മെഡിക്കല്‍ ബില്ലുകള്‍ 100-200 രൂപയായി കുറഞ്ഞു. നിങ്ങളുടെ മകനു ശ്രമിച്ചാല്‍ ഓരോ മാസവും 800 രൂപ ലാഭിക്കാം. ആ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തുക.
വലിയൊരു വിഭാഗം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന വിനോദസഞ്ചാരത്തെക്കുറിച്ചാണ് ഞാന്‍ പരാമര്‍ശിച്ചത്. അടുത്തിടെ വഡ്നഗറില്‍ നടത്തിയ ഖനനത്തില്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി. കാശി നശിക്കാത്തതുപോലെ, ഇന്ത്യയിലെ രണ്ടാമത്തെ നഗരമാണ് നമ്മുടെ വഡ്നഗര്‍. കഴിഞ്ഞ 3000 വര്‍ഷങ്ങളില്‍ ഇത് ഒരിക്കലും നശിച്ചിട്ടില്ലെന്നും എല്ലായ്പ്പോഴും മനുഷ്യവാസം ഉണ്ടായിരുന്നെന്നും ഖനനങ്ങള്‍ കാണിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ സൂര്യക്ഷേത്രം, ബഹുചരാജിയുടെ തീര്‍ത്ഥാടനം, ഉമിയ മാതാ, സത്രേലിംഗ് കുളം, റാണി കി വാവ്, തരംഗ ഹില്‍, രുദ്ര മഹാലയ, വഡ്നഗറിലെ തോരണകള്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ കാണാന്‍ എത്തും. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും ഒരു വിനോദസഞ്ചാരി സംസ്ഥാനത്തു കഴിയും. നമ്മള്‍ അത് മുന്നോട്ട് കൊണ്ടുപോകണം.
സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ക്ഷേത്രങ്ങളും ശക്തിപീഠങ്ങളും പുനഃസ്ഥാപിക്കാന്‍ നാം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സോമനാഥ്, ചോട്ടില, പാവഗഡ് എന്നിവിടങ്ങളിലെ നില മെച്ചപ്പെട്ടിട്ടുണ്ട്. പാവഗഡില്‍ ഒരിക്കലും പതാക ഉയര്‍ത്തിയിട്ടില്ല. ഈയിടെ ഞാന്‍ ഇവിടെയുണ്ടായിരുന്നു. 500 വര്‍ഷങ്ങള്‍ക്ക് ശേഷം പതാക ഉയര്‍ത്തി. അംബാജി മുമ്പെങ്ങുമില്ലാത്ത വിധം തിളങ്ങുന്നു. വൈകുന്നേരം അംബാജിയില്‍ പ്രാര്‍ത്ഥനയുണ്ടാകുമെന്നും ശരദ് പൂര്‍ണിമയില്‍ ആയിരക്കണക്കിന് ആളുകള്‍ അവിടെ പ്രാര്‍ത്ഥിക്കാന്‍ പോകുമെന്നും എന്നോട് പറഞ്ഞു.
സഹോദരങ്ങളെ,
ഗിര്‍നാര്‍, പാലിറ്റാന, അല്ലെങ്കില്‍ ബഹുചരാജി എന്നിങ്ങനെയുള്ള എല്ലാ തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ പദ്ധതികള്‍ നടക്കുന്നുണ്ട്. പിന്നെ വിനോദസഞ്ചാരികള്‍ വന്നാല്‍ എല്ലാവര്‍ക്കും നല്ലതാണു സുഹൃത്തുക്കളെ. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസ്യത, എല്ലാവരുടെയും ബുദ്ധിമുട്ടുകള്‍ എന്നതാണു നമ്മുടെ മന്ത്രം. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ മന്ത്രം ഇതാണ്. വിവേചനം കാണിക്കാതെ, എത്തുന്നിടത്തോളം പ്രകാശം പരത്തുന്ന സൂര്യന്റെ പ്രകാശം പോലെ, വികസനത്തിന്റെ വെളിച്ചം എല്ലാ വീട്ടിലും എത്തട്ടെ. ഞങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹം വേണം. ഗുജറാത്തിന്റെ വികസനം വര്‍ധിപ്പിക്കുന്നത് തുടരാന്‍ ഞങ്ങളുടെ ടീമിന് നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി.
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
പൂര്‍ണ്ണമായ കരുത്തോടെ പറയുക. നമ്മുടെ മെഹ്സാനയെ ഉപേക്ഷിക്കാന്‍ പാടില്ല.
നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി എന്നോടൊപ്പം പറയൂ: ഭാരത് മാതാ കി - ജയ്! ഭാരത് മാതാ കി - ജയ്! ഭാരത് മാതാ കി - ജയ്!
നന്ദി.
--ND--
(Release ID: 1866961)
Visitor Counter : 176
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada