പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്സിലും ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന വേളയിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
01 OCT 2022 5:30PM by PIB Thiruvananthpuram
ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ സന്നിഹതരായിരിക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, രാജ്യത്തെ വ്യാവസായിക ലോകത്തിന്റെ പ്രതിനിധികളെ, മറ്റ് പ്രമുഖളെ, മഹതികളെ, മഹാന്‍മാരെ!
ഈ ഉച്ചകോടി ആഗോളതലത്തില്‍ ഉള്ളതാണെങ്കിലും ഇവിടെ ഉയരുന്ന ശബ്ദം പ്രാദേശികതയുടേതാണ്. മാത്രമല്ല, തുടക്കവും പ്രാദേശികമാണ്. 21-ാം നൂറ്റാണ്ടിലെ വികസ്വര ഇന്ത്യയുടെ സാധ്യതകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഒരു പ്രത്യേക ദിവസമാണ് ഇന്ന്. 'ആസാദി കാ അമൃത മഹോത്സവ'ത്തിന്റെ ഈ കാലഘട്ടത്തില്‍, 2022 ഒക്ടോബര്‍ 1 എന്ന തീയതി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാന്‍ പോകുന്നു. രണ്ടാമതായി നവരാത്രി ഉത്സവം തുടങ്ങി. ഇത് 'ശക്തി'യെ ആരാധിക്കുന്ന ഉത്സവമാണ്. അതുപോലെ, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശക്തിയെ പുതിയ ഉയരത്തിലെത്തിക്കാന്‍ ഇന്ന് അനാവരണം ചെയ്യപ്പെടുന്നു. ഇന്ന്, രാജ്യത്തിനും രാജ്യത്തെ ടെലികോം വ്യവസായത്തിനും വേണ്ടി, 130 കോടി ഇന്ത്യക്കാര്‍ക്ക് 5ജിയുടെ രൂപത്തില്‍ ഒരു അത്ഭുതകരമായ സമ്മാനം ലഭിക്കുന്നു. 5ജി രാജ്യത്ത് ഒരു പുതിയ യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്. അവസരങ്ങളുടെ അനന്തമായ ആകാശത്തിന്റെ തുടക്കമാണ് 5ജി. അതിന് ഞാന്‍ ഓരോ ഇന്ത്യക്കാരനെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
അഭിമാനത്തിന്റെ ഈ നിമിഷങ്ങള്‍ക്ക് പുറമെ, 5ജി അവതരിപ്പിക്കപ്പെടുമ്പോള്‍ ഗ്രാമങ്ങളിലും ഗ്രാമീണ സ്‌കൂളുകളിലും ഉള്ള വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, പാവപ്പെട്ടവര്‍ എന്നിവരൊക്കെ ഈ പരിപാടിയില്‍ നമ്മോടൊപ്പം പങ്കെടുക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കുറച്ച് മുമ്പ്, യുപിയിലെ ഒരു ഗ്രാമീണ സ്‌കൂളിലെ ഒരു മകളെ 5ജി ഹോളോഗ്രാം സാങ്കേതികവിദ്യയിലൂടെ ഞാന്‍ പരിചയപ്പെടുകയായിരുന്നു. 2012ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഹോളോഗ്രാമുമായി പ്രചാരണം നടത്തുമ്പോള്‍ അത് ലോകത്തിന് തന്നെ അത്ഭുതമായിരുന്നു. ഇന്ന് ഈ സാങ്കേതികവിദ്യ എല്ലാ വീടുകളിലും എത്തിയിരിക്കുന്നു. പുതിയ സാങ്കേതിക വിദ്യ എങ്ങനെയാണ് വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥം തന്നെ മാറ്റിമറിക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതുപോലെ, 5ജി വഴി, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലെ വിദൂര സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പോലും മികച്ച വിദഗ്ധരുടെ സഹായത്തോടെ ക്ലാസ്‌റൂമില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. അവരോടൊപ്പം ഒരു നവയുഗ ക്ലാസ്സ് റൂമിന്റെ ഭാഗമാകുക എന്നത് തീര്‍ച്ചയായും ഒരു ആവേശകരമായ അനുഭവമാണ്.
സുഹൃത്തുക്കളെ,
5ജി സംബന്ധിച്ച ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും മറ്റൊരു സന്ദേശം നല്‍കുന്നു. പുതിയ ഇന്ത്യ കേവലം സാങ്കേതികവിദ്യയുടെ ഉപഭോക്താവായി നിലനില്‍ക്കില്ല. എന്നാല്‍ ആ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഇന്ത്യ വളരെ സജീവമായ പങ്ക് വഹിക്കും. ഭാവിയിലെ വയര്‍ലെസ് സാങ്കേതികവിദ്യ രൂപകല്‍പന ചെയ്യുന്നതിലും അതുമായി ബന്ധപ്പെട്ട നിര്‍മാണത്തിലും ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കും. 2ജി, 3ജി, 4ജി എന്നിവയുടെ കാലഘട്ടത്തില്‍ സാങ്കേതികവിദ്യയ്ക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. എന്നാല്‍ 5ജിയിലൂടെ ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 5ജിയിലൂടെ ഇന്ത്യ ആദ്യമായി ടെലികോം സാങ്കേതികവിദ്യയില്‍ ആഗോള നിലവാരം ആര്‍ജിക്കുകയാണ്. ഇന്ത്യയാണ് മറ്റുള്ളവരെ നയിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയും 5ജി ഇന്റര്‍നെറ്റിന്റെ മുഴുവന്‍ ചട്ടക്കൂടിനെയും മാറ്റുമെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഇന്ന് 5ജി ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു വലിയ അവസരം കൊണ്ടുവന്നിരിക്കുന്നത്. വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയത്തോടെ മുന്നേറുന്ന നമ്മുടെ രാജ്യം ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി കൈകോര്‍ത്ത് നടക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെയും ഡിജിറ്റല്‍ ഇന്ത്യ പ്രചരണത്തിന്റെയും വലിയ വിജയമാണ്.
സുഹൃത്തുക്കളെ,
ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ അത് ഗവണ്‍മെന്റ് പദ്ധതി മാത്രമാണെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ എന്നത് വെറുമൊരു പേരല്ല, രാജ്യത്തിന്റെ വികസനത്തിനുള്ള വലിയ കാഴ്ചപ്പാടാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, ജനങ്ങളുമായി ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന, ആ സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. മൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട ഈ ദൗത്യത്തിനു തന്ത്രം മെനയുമ്പോള്‍, നമ്മുടെ സമീപനം അപൂര്‍ണമായിരിക്കരുത്, സമഗ്രമായിരിക്കണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തിന് ഈ മേഖലയുടെ എല്ലാ മാനങ്ങളും ഒരേസമയം ഉള്‍ക്കൊള്ളേണ്ടത് ആവശ്യമാണ്. അങ്ങനെ ഞങ്ങള്‍ നാലു തൂണുകളിലും നാല് ദിശകളിലും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യം ഉപകരണത്തിന്റെ വില, രണ്ടാമത്തേത് ഡിജിറ്റല്‍ കണക്റ്റിവിറ്റി, മൂന്നാമത് ഡാറ്റയുടെ വില, നാലാമത്തേതും ഏറ്റവും പ്രധാനമായി 'ഡിജിറ്റല്‍ ഫസ്റ്റ്' എന്ന ആശയം.
സുഹൃത്തുക്കളെ,
ആദ്യത്തെ സ്തംഭത്തിലേക്ക് വരുമ്പോള്‍, അതായത് ഉപകരണത്തിന്റെ വില, ഒരു കാര്യം വളരെ വ്യക്തമാണ്; നമ്മള്‍ സ്വയം ആശ്രയിക്കുമ്പോള്‍ മാത്രമേ ഉപകരണത്തിന്റെ വില കുറയൂ. സ്വാശ്രയത്വത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പലരും എന്നെ കളിയാക്കിയത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. 2014 വരെ 100 ശതമാനം മൊബൈല്‍ ഫോണുകളും വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. അതിനാല്‍, ഈ മേഖലയില്‍ സ്വാശ്രയത്വം നേടാന്‍ നാം തീരുമാനിച്ചു. നാം മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ വര്‍ദ്ധിപ്പിച്ചു. 2014ല്‍ രാജ്യത്ത് രണ്ടു മൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. അതായത് എട്ടു വര്‍ഷം മുമ്പ് രണ്ടെണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവയുടെ എണ്ണം ഇരുന്നൂറിനു മുകളിലാണ്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നാം പ്രോത്സാഹനം നല്‍കുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പി.എല്‍.ഐ. പദ്ധഥി ഈ സംരംഭത്തിന്റെ വിപുലീകരണമാണ്. ഈ ശ്രമങ്ങളുടെ ഫലങ്ങള്‍ വളരെ അനുകൂലമായിരുന്നു. ഇന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മാത്രമല്ല, നേരത്തെ നാം മൊബൈല്‍ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. ഇന്ന് നമ്മള്‍ മൊബൈലുകള്‍ കയറ്റുമതി ചെയ്യുകയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഒന്നു ചിന്തിച്ചു നോക്കു! 2014ല്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യാറില്ലായിരുന്ന സാഹചര്യത്തില്‍നിന്ന് ഇന്ന് ആയിരക്കണക്കിന് കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി നാം മാറിയിരിക്കുന്നു. നാം കയറ്റുമതി രാജ്യമായി മാറിയിരിക്കുന്നു. സ്വാഭാവികമായും, ഈ ശ്രമങ്ങളെല്ലാം ഉപകരണത്തിന്റെ വിലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോള്‍ കുറഞ്ഞ വിലയ്ക്കു കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു.
സുഹൃത്തുക്കളെ,
ഉപകരണത്തിന്റെ വിലയ്ക്ക് ശേഷം നാം ശ്രദ്ധിച്ച രണ്ടാമത്തെ സ്തംഭം ഡിജിറ്റല്‍ കണക്റ്റിവിറ്റിയാണ്. ആശയവിനിമയ മേഖലയുടെ യഥാര്‍ത്ഥ ശക്തി കണക്റ്റിവിറ്റിയിലാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ആളുകള്‍ കൂടുതല്‍ ബന്ധിതമാകുന്നത് ഈ മേഖലയ്ക്ക് മികച്ചതാണ്. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയെക്കുറിച്ച് നാം സംസാരിക്കുകയാണെങ്കില്‍ 2014ല്‍ ആറു കോടി ഉപയോക്താക്കള്‍ ഉണ്ടായിരുന്നു. ഇന്ന് അവരുടെ എണ്ണം 80 കോടിയിലേറെയായി. ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണത്തെക്കുറിച്ച് പറയുകയാണെങ്കില്‍, 2014ല്‍ 25 കോടി ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് അതിന്റെ എണ്ണം 85 കോടിയോളം എത്തുന്നു. നഗരങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തേക്കാള്‍ വേഗത്തില്‍ നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല അതിന് ഒരു പ്രത്യേക കാരണവുമുണ്ട്. 2014ല്‍ രാജ്യത്തെ നൂറില്‍ താഴെ പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിയിരുന്നെങ്കില്‍ ഇന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം പഞ്ചായത്തുകളില്‍ എത്തിയിരിക്കുന്നു. ഇപ്പോള്‍ നൂറിനെ ഒരു ലക്ഷത്തി എഴുപതിനായിരവുമായി താരതമ്യം ചെയ്യുക! ഹര്‍ഘര്‍ ജല്‍ അഭിയാന്‍ വഴി എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ദൗത്യത്തിനായി പ്രവര്‍ത്തിച്ചതുപോലെ, എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കാന്‍ ഗവണ്‍മെന്റ് ദൗത്യം ആരംഭിച്ചതുപോലെ, ഉജ്ജ്വല പദ്ധതിയിലൂടെ ദരിദ്രരായ പാവപ്പെട്ട ആളുകള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ എത്തിച്ചുകൊടുത്തതുപോലെ, ജന്‍ധന്‍ യോജനയിലൂടെ കോടിക്കണക്കിന് ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ട് യാഥാര്‍ഥ്യമാക്കിയതുുപോലെ, എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന ലക്ഷ്യവുമായാണു നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.
സുഹൃത്തുക്കളെ,
ഡിജിറ്റല്‍ കണക്ടിവിറ്റിയുടെ വികാസത്തോടെ, ഡാറ്റയുടെ വിലയും ഒരുപോലെ പ്രധാനമായിത്തീരുന്നു. നാം പൂര്‍ണ ശക്തിയോടെ പ്രവര്‍ത്തിച്ച ഡിജിറ്റല്‍ ഇന്ത്യയുടെ മൂന്നാമത്തെ തൂണായിരുന്നു ഇത്. ടെലികോം മേഖലയുടെ വഴിയില്‍ വരുന്ന എല്ലാ തടസ്സങ്ങളും നാം നീക്കി. വീക്ഷണമില്ലായ്മയും സുതാര്യതയില്ലായ്മയും കാരണം ടെലികോം മേഖലയ്ക്ക് നേരത്തെ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. 4 ജി സാങ്കേതികവിദ്യയുടെ വിപുലീകരണത്തിന് നാം നയപരമായ പിന്തുണ നല്‍കിയ രീതി നിങ്ങള്‍ക്ക് പരിചിതമാണ്. ഇത് ഡാറ്റയുടെ വില ഗണ്യമായി കുറയ്ക്കുന്നതിനും രാജ്യത്ത് ഒരു ഡാറ്റ വിപ്ലവത്തിന്റെ പിറവിക്കും കാരണമായി. ഈ മൂന്ന് ഘടകങ്ങളും കാണുമ്പോള്‍; ഉപകരണത്തിന്റെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെയും ഡാറ്റയുടെയും വില- അതിന്റെ ഗുണിത പ്രഭാവം എല്ലായിടത്തും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
എന്നാല്‍ സുഹൃത്തുക്കളെ,
ഈ കാര്യങ്ങള്‍ കൂടാതെ, മറ്റൊരു പ്രധാന കാര്യം കൂടി സംഭവിച്ചു, അതായത് 'ഡിജിറ്റല്‍ ഫസ്റ്റ്' എന്ന ആശയം രാജ്യത്ത് വികസിച്ചു. പണ്ഡിതരിലും ധനികരിലും പെട്ട ചിലര്‍ സഭയിലെ ചില പ്രസംഗങ്ങള്‍ കാണുകയും അതിനെ പരിഹസിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. പാവപ്പെട്ട ആളുകള്‍ക്ക് ഡിജിറ്റലിലേക്ക് പോകാനുള്ള കഴിവില്ല, അല്ലെങ്കില്‍ അവര്‍ക്ക് ഡിജിറ്റല്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്ന് അവര്‍ കരുതി. ഡിജിറ്റലിന്റെ അര്‍ത്ഥം പോലും പാവപ്പെട്ട ആളുകള്‍ക്ക് മനസ്സിലാകില്ലെന്ന് അവര്‍ സംശയിച്ചു. പക്ഷേ, രാജ്യത്തെ സാധാരണക്കാരന്റെ ബുദ്ധിയിലും അവന്റെ അന്വേഷണാത്മക മനസ്സിലും എനിക്ക് എന്നും വിശ്വാസമുണ്ട്. ഏറ്റവും ദരിദ്രരായ ഇന്ത്യക്കാര്‍ പോലും പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരു അനുഭവം പങ്കുവെക്കട്ടെ. ഒരുപക്ഷേ അത് 2007-08 അല്ലെങ്കില്‍ 2009-10 കാലഘട്ടമായിരിക്കാം, എനിക്ക് വ്യക്തമായി ഓര്‍മ്മയില്ല. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നെങ്കിലും ഒരിക്കല്‍ പോലും പോയിട്ടില്ലാത്ത ഒരു മേഖലയുണ്ടായിരുന്നു. ഇത് ഒരു ആദിവാസി മേഖലയും വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശവുമായിരുന്നു. അങ്ങനെ ഒരിക്കല്‍ അവിടെ ഒരു പരിപാടി സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായി. ഒരു വലിയ പദ്ധതിക്കും സാധ്യതയില്ലാത്ത തരത്തിലായിരുന്നു ആ പ്രദേശം. അത് ഏറെക്കുറെ വനഭൂമിയായിരുന്നു. അവിടെ ഒരു ശീതീകരണ കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. പാലിന്റെ ശീതീകരണ കേന്ദ്രത്തിന് 25 ലക്ഷം രൂപ വിലവരും. 'ഞാന്‍ തന്നെ ഉദ്ഘാടനം ചെയ്യും. 25 ലക്ഷം രൂപയുടെ പദ്ധതിയായാലും 25,000 രൂപയുടെ പദ്ധതിയായാലും സാരമില്ല' എന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രി ചെറിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുന്നു. എന്നാല്‍ അത് എനിക്ക് വളരെ പ്രധാനമായാണു തോന്നിയത്. അങ്ങനെ ഞാന്‍ ആ ഗ്രാമത്തിലേക്ക് പോയി. എനിക്ക് ഒരു പൊതുയോഗം നടത്താന്‍ പോലും സ്ഥലമില്ലായിരുന്നു.അവിടെ നിന്ന് 4 കിലോമീറ്റര്‍ അകലെ ഒരു ചെറിയ സ്‌കൂള്‍ ഗ്രൗണ്ട് ഉണ്ടായിരുന്നു. അതുകൊണ്ട് അവിടെ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ഞങ്ങള്‍ ശീതീകരണ കേന്ദ്രത്തിലേക്ക് പോയപ്പോള്‍ ആദിവാസി അമ്മമാരും സഹോദരിമാരും പാല്‍ നിറയ്ക്കാന്‍ ക്യൂവില്‍ നില്‍ക്കുന്നത് കണ്ടു. ഉദ്ഘാടന പരിപാടി ആരംഭിച്ചപ്പോള്‍, അവര്‍ പാല്‍പ്പാത്രങ്ങള്‍ താഴെ വെച്ച, മൊബൈലില്‍ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. ഇത്രയും ദൂരെയുള്ള പ്രദേശത്തുള്ളവര്‍ മൊബൈലില്‍ ഫോട്ടോ എടുക്കുന്നതു കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. അപ്പോള്‍ ഞാന്‍ അവരുടെ അടുത്ത് ചെന്ന് ചോദിച്ചു- 'നിങ്ങള്‍ ഈ ഫോട്ടോ എന്ത് ചെയ്യും?' അവര്‍ 'ഡൗണ്‍ലോഡ് ചെയ്യുക' എന്ന് പറഞ്ഞു. ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. . നമ്മുടെ നാട്ടിലെ ഗ്രാമങ്ങളുടെ കരുത്ത് അത്രത്തോളമാണ്. പാല്‍ നിറയ്ക്കാനെത്തിയ ആദിവാസി മേഖലയിലെ പാവപ്പെട്ട അമ്മമാരും സഹോദരിമാരും മൊബൈല് ഫോണില് നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. അത് ഡൗണ്‍ലോഡ് ചെയ്യാമെന്ന് അവര് ക്കറിയാമായിരുന്നു. അവരുടെ വായില്‍ നിന്ന് വരുന്ന 'ഡൗണ്‍ലോഡ്' എന്ന വാക്ക് അവരുടെ ബുദ്ധിയെക്കുറിച്ചും പുതിയ കാര്യങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും നമുക്ക് ഒരു ധാരണ നല്‍കുന്നു. ഞാന്‍ ഇന്നലെ ഗുജറാത്തിലായിരുന്നു. അംബാജി തീര്‍ഥാടന പ്രദേശം സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ വഴിയില്‍ ചെറിയ ഗ്രാമങ്ങളുണ്ടായിരുന്നു. പകുതിയിലധികം ആളുകളും മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. അതാണ് നമ്മുടെ നാടിന്റെ ശക്തി! ഈ ശക്തിയെ നമുക്ക് അവഗണിക്കാന്‍ കഴിയില്ല, രാജ്യത്തെ വരേണ്യവര്‍ഗത്തില്‍ നിന്നുള്ള ചിലര്‍ മാത്രം നമ്മുടെ പാവപ്പെട്ട സഹോദരീസഹോദരന്മാരില്‍ വിശ്വസമര്‍പ്പിച്ചില്ല. ഒടുവില്‍ 'ഡിജിറ്റല്‍ ഫസ്റ്റ്' എന്ന സമീപനവുമായി മുന്നോട്ട് പോകാനായി. ഗവണ്‍മെന്റ് തന്നെ മുന്നോട്ട്‌പോയി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വഴിയൊരുക്കി. ഗവണ്‍മെന്റ് തന്നെ ആപ്പിലൂടെ പൗര കേന്ദ്രീകൃത വിതരണ സേവനം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത് കര്‍ഷകരുടെ കാര്യമായാലും ചെറുകിട കടയുടമകളുടെ കാര്യമായാലും, അവരുടെ ദൈനംദിന ആവശ്യങ്ങള്‍ ആപ്പിലൂടെ നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗം നാം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിന്റെ ഫലം ഇന്ന് കാണാം. ഇന്ന് സാങ്കേതികവിദ്യ യഥാര്‍ത്ഥത്തില്‍ ജനാധിപത്യമായി മാറിയിരിക്കുന്നു. ലോകത്തെ പ്രമുഖ വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സഹായിക്കാന്‍ പാടുപെടുന്ന കൊറോണ മഹാമാരിയുടെ കാലത്ത് 'ഡിജിറ്റല്‍ ഫസ്റ്റ്' എന്ന നമ്മുടെ സമീപനം രാജ്യത്തെ ജനങ്ങളെ എത്രമാത്രം സഹായിച്ചു എന്നതും നിങ്ങള്‍ കണ്ടിട്ടുണ്ട്. അവരുടെ ട്രഷറിയില്‍ രൂപയും ഡോളറും പൗണ്ടും യൂറോയും എല്ലാം ഉണ്ടായിരുന്നു. ഫണ്ട് നല്‍കാനും തീരുമാനിച്ചിരുന്നെങ്കിലും ജനങ്ങളിലേക്ക് എത്താന്‍ മാര്‍ഗമില്ലായിരുന്നു. അതേസമയം, ഒരൊറ്റ ക്ലിക്കില്‍ ഇന്ത്യ ആയിരക്കണക്കിന് കോടി രൂപ എന്റെ രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ലോകം നിശ്ചലമായപ്പോഴും നമ്മുടെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്ത് പഠിക്കുന്നത് ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി കൊണ്ടാണ്. ആശുപത്രികള്‍ അസാധാരണമായ വെല്ലുവിളിയെ അഭിമുഖീകരിച്ചു, പക്ഷേ ഡോക്ടര്‍മാര്‍ ടെലി മെഡിസിന്‍ വഴി രോഗികളെ ചികിത്സിച്ചു. ഓഫീസുകള്‍ അടച്ചിട്ടുണ്ടെങ്കിലും 'വീട്ടില്‍ നിന്ന് ജോലി' നടക്കുന്നു. ഇന്ന് നമുക്ക് ചെറുകിട വ്യാപാരികള്‍, ചെറുകിട സംരംഭകര്‍, പ്രാദേശിക കലാകാരന്മാര്‍, കരകൗശല വിദഗ്ധര്‍ എന്നിവര്‍ക്കെല്ലാം ഡിജിറ്റല്‍ ഇന്ത്യ വേദി നല്‍കിയിട്ടുണ്ട്. ഇത് ഒരു വിപണി തുറന്നു. ഇന്ന് പച്ചക്കറി ചന്തയിലോ നാട്ടിലെ ചന്തയിലോ പോയാല്‍ ചെറിയ വഴിയോരക്കച്ചവടക്കാരന്‍ പോലും യുപിഐ ഉപയോഗിച്ച് പണം നല്‍കണമെന്ന് ആവശ്യപ്പെടും. ഒരിക്കല്‍ ഒരു യാചകന്‍ പോലും ഡിജിറ്റലായി പണം എടുക്കുന്ന ഒരു വീഡിയോ ഞാന്‍ കണ്ടു. സുതാര്യത നോക്കൂ! സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുമ്പോള്‍ ഒരാള്‍ എങ്ങനെ ശാക്തീകരിക്കപ്പെടുന്നുവെന്ന് ഈ മാറ്റം കാണിക്കുന്നു.
സുഹൃത്തുക്കളെ,
ശരിയായ ഉദ്ദേശ്യത്തോടെയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പൗരന്മാര്‍ അതിനോടു യോജിക്കാന്‍ അധികനാള്‍ വേണ്ടിവരില്ല എന്നതിന്റെ തെളിവാണ് ടെലികോം മേഖലയില്‍ രാജ്യം ഇന്ന് കാണുന്ന വിപ്ലവം. ഇതാണ് 2ജി യുടെ ഉദ്ദേശവും 5ജിയുടെ ഉദ്ദേശവും തമ്മിലുള്ള വ്യത്യാസം. ഒരിക്കലും സംഭവിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതു വൈകിയെങ്കിലും സംഭവിക്കുന്നതാണ്. ഡാറ്റ വളരെ വിലകുറഞ്ഞതും താങ്ങാനാവുന്നതുമായ ലോകത്തിലെ രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. നേരത്തെ 1ജിബി ഡാറ്റയുടെ വില 300 രൂപയ്ക്കടുത്തായിരുന്നുവെങ്കില്‍, ഇന്ന് 1ജിബി ഡാറ്റയുടെ വില 10 രൂപയായി കുറഞ്ഞു. ഇന്ന് ഇന്ത്യയില്‍ ഒരാള്‍ ഒരു മാസം ശരാശരി 14 ജിബി ഡാറ്റയാണ് മൊബൈലില്‍ ഉപയോഗിക്കുന്നത്. 2014ല്‍ ഈ 14 ജിബി ഡാറ്റയുടെ വില പ്രതിമാസം 4200 രൂപയായിരുന്നു. ഇന്ന് 100 രൂപയ്ക്കും 150 രൂപയ്ക്കും ഇതേ ഡാറ്റയാണ് ലഭിക്കുന്നത്. അതായത്, പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ഏകദേശം 4000 രൂപ ഇന്ന് മൊബൈല്‍ ഡാറ്റയില്‍ ഓരോ മാസവും ലാഭിക്കപ്പെടുന്നു. നമ്മുടെ ഗവണ്‍മെന്റിന്റെ ഒട്ടനവധി പ്രയത്‌നങ്ങളാല്‍ ഇന്ത്യയില്‍ ഡാറ്റയുടെ വില വളരെ കുറവാണ്. എല്ലാ മാസവും 4000 രൂപ ലാഭിക്കുന്നത് ഒരു ചെറിയ കാര്യമല്ല, പക്ഷേ ഞാന്‍ നിങ്ങളോട് പറഞ്ഞപ്പോഴാണു നിങ്ങള്‍ അത് മനസ്സിലാക്കിയത്. അതിനു കാരണം ഞങ്ങള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ പ്രചരണത്തിനായി വിളിച്ചുപറയാറില്ല എന്നതാണ്. ഞങ്ങള്‍ പരസ്യം ചെയ്തില്ല. രാജ്യത്തെ ജനങ്ങളുടെ ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സുഹൃത്തുക്കളെ,
ആദ്യത്തെ മൂന്ന് വ്യാവസായിക വിപ്ലവങ്ങളും ഇന്ത്യക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന് പലപ്പോഴും പറയാറുണ്ട്. എന്നാല്‍ ഇന്ത്യ നാലാം വ്യാവസായിക വിപ്ലവം പൂര്‍ണമായി പ്രയോജനപ്പെടുത്തുക മാത്രമല്ല, അതിനെ നയിക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഇന്ത്യയുടെ ദശാബ്ദമല്ല, ഈ നൂറ്റാണ്ട് മുഴുവന്‍ ഇന്ത്യയുടേതാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത് ഒരു ദശാബ്ദമല്ല, ഒരു നൂറ്റാണ്ടാണ്. 4ജിയുടെ വരവിനു ശേഷം ഇന്ത്യ സാങ്കേതിക ലോകത്ത് കുതിച്ചുയര്‍ന്നതിന് നമ്മളെല്ലാം സാക്ഷികളാണ്. ഇന്ത്യയിലെ പൗരന്മാര്‍ക്ക് സാങ്കേതികവിദ്യയില്‍ തുല്യ അവസരങ്ങള്‍ ലഭിക്കുമ്പോള്‍, അവരെ തോല്‍പ്പിക്കാന്‍ ലോകത്ത് ആര്‍ക്കും കഴിയില്ല. ഇന്ന് ഇന്ത്യയില്‍ 5ജി അവതരിപ്പിക്കുമ്പോള്‍, എനിക്ക് വളരെ ആത്മവിശ്വാസം തോന്നുന്നു സുഹൃത്തുക്കളെ. എനിക്ക് ഭാവി മുന്‍കൂട്ടി കാണാന്‍ കഴിയും. നമ്മുടെ ഹൃദയത്തിലും മനസ്സിലുമുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത് നാം കാണും. നമ്മുടെ കണ്‍മുന്നില്‍ സംഭവിക്കുന്നത് നാം കാണാന്‍ പോകുകയാണ്. യാദൃച്ഛികമായി പറയട്ടെ, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. അതിനാല്‍, 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന നൂതനാശയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന നമ്മുടെ യുവാക്കള്‍ക്ക് ഇതൊരു അവസരമാണ്. 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയം വികസിപ്പിക്കാനും വളരാനും കഴിയുന്ന നമ്മുടെ സംരംഭകര്‍ക്കുള്ള അവസരമാണിത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ കഴിവുകള്‍, വൈദഗ്ധ്യം, പുനര്‍ നൈപുണ്യ വികസനം എന്നിവ മെച്ചപ്പെടുത്താനും തന്റെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റാനും കഴിയുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഇതൊരു അവസരമാണ്.
സുഹൃത്തുക്കളെ,
ഇന്നത്തെ ചരിത്ര സന്ദര്‍ഭം ഒരു രാഷ്ട്രമെന്ന നിലയിലും ഇന്ത്യയിലെ പൗരന്മാര്‍ എന്ന നിലയിലും നമുക്ക് പുതിയ പ്രചോദനം നല്‍കിയിട്ടുണ്ട്. അഭൂതപൂര്‍വമായ വേഗതയില്‍ ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് എന്തുകൊണ്ട് നമുക്ക് ഈ 5ജി സാങ്കേതികവിദ്യ ഉപയോഗിച്ചുകൂടാ? നമ്മുടെ സമ്പദ്വ്യവസ്ഥയെ അതിവേഗം വികസിപ്പിച്ചെടുക്കാന്‍ എന്തുകൊണ്ട് ഈ 5ജി സാങ്കേതികവിദ്യ ഉപയോഗിച്ചുകൂടാ? ഈ 5G സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തുകൊണ്ട് നമ്മുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചുകൂടാ?
സുഹൃത്തുക്കളെ,
ഈ ചോദ്യങ്ങളില്‍ ഓരോ ഇന്ത്യക്കാരനും ഒരു അവസരവും വെല്ലുവിളിയും സ്വപ്നവും ഒരു തീരുമാനവുമുണ്ട്. ഇന്ന് 5ജി പുറത്തിറക്കുന്നത് ഏറ്റവും ആവേശത്തോടെ വീക്ഷിക്കുന്ന വിഭാഗം എന്റെ രാജ്യത്തെ യുവാക്കളോ യുവതലമുറയോ ആണെന്ന് എനിക്കറിയാം. നമ്മുടെ ടെലികോം വ്യവസായത്തെ കാത്തിരിക്കുന്നത് നിരവധി മികച്ച അവസരങ്ങളാണ്. നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നു. നമ്മുടെ വ്യവസായവും സ്ഥാപനങ്ങളും നമ്മുടെ യുവജനങ്ങളും ഈ ദിശയില്‍ ഇടതടവില്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കുറെ നാളായി നടക്കുന്ന പ്രദര്‍ശനം മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ അത്ര സാങ്കേതിക വിദഗ്ദ്ധനല്ല, പക്ഷേ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ടപ്പോള്‍, നമ്മുടെ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലും ഇത് എവിടെയെല്ലാം പ്രയോഗിക്കാമെന്നും ഉള്‍പ്പെടുത്താമെന്നും ഗവണ്‍മെന്റിനെ അറിയിക്കാന്‍ തോന്നി. അതു ഗവണ്‍മെന്റിന്റെ നയങ്ങളിലും സ്വാധീനം ചെലുത്തുമല്ലോ. ഈ പ്രദര്‍ശനം അഞ്ച് ദിവസം നീണ്ടുനില്‍ക്കും. സാങ്കേതികവിദ്യാ വിദ്യാര്‍ത്ഥികളോട് വരാനും അത് കാണാനും ലോകം മാറിക്കൊണ്ടിരിക്കുന്ന രീതി മനസ്സിലാക്കാനും ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കണ്ടാല്‍ തന്നെ പല പുതിയ കാര്യങ്ങളും മനസ്സിലാകും. നിങ്ങള്‍ക്ക് അതിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയും. ഈ ടെലികോം മേഖലയിലെ ആളുകളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഓരോ സ്റ്റാളും സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനായിരുന്നു, ഇത് തദ്ദേശീയമാണ്, സ്വാശ്രയ രീതിയില്‍ നിര്‍മ്മിച്ചതാണ് എന്ന് അവരെല്ലാം വളരെ അഭിമാനത്തോടെ പറഞ്ഞു. ഞാന്‍ സന്തോഷവാനായിരുന്നു. എന്നാല്‍, എന്റെ മനസ്സില്‍ മറ്റെന്തൊക്കെയോ തോന്നി. പലതരം കാറുകള്‍ ഉണ്ടെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഓരോന്നിനും അതിന്റേതായ ബ്രാന്‍ഡും പ്രത്യേകതയുമുണ്ട്. എന്നാല്‍ ഈ കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം ചെയ്യുന്നവര്‍ എംഎസ്എംഇ മേഖലയിലാണ്. ഒരേ എംഎസ്എംഇയുടെ ഫാക്ടറി ആറ് തരം വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മ്മിക്കുകയും ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്നു. നിങ്ങള്‍ ഹാര്‍ഡ്വെയറും പ്രദര്‍ശിപ്പിക്കുന്നതായി ഞാന്‍ കരുതുന്നു. ഇതിനും ആവശ്യമായ ഹാര്‍ഡ്വെയറിന്റെ ചെറിയ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ എം.എസ്.എം.ഇ. മേഖലയെ ചുമതലപ്പെടുത്തണമോ?ഒരു വലിയ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനൊരു വ്യാപാരിയോ വ്യവസായിയോ അല്ല. പണവുമായി എനിക്ക് ഒരു ബന്ധവുമില്ല, പക്ഷേ ഈ വഴിയില്‍ നിന്ന് ചെലവ് പെട്ടെന്ന് കുറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് നമ്മുടെ എംഎസ്എംഇ മേഖലയുടെ ശക്തി. നിങ്ങളുടെ അനന്യതയും സോഫ്റ്റ്വെയര്‍ മുതലായ മറ്റു കാര്യങ്ങളും ചേര്‍ത്ത് മാത്രമേ ആ സേവനം നല്‍കാവൂ. അതിനാല്‍ നിങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരുമെന്നും അപ്പോള്‍ മാത്രമേ ചെലവ് കുറയൂ എന്നും ഞാന്‍ മനസ്സിലാക്കുന്നു. നമ്മള്‍ പൊതുവെ ഒരുമിച്ച് ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്തിട്ടുള്ള യുവാക്കളില്‍ ഭൂരിഭാഗവും ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയവരാണെന്നും ഞാന്‍ കണ്ടിട്ടുണ്ട്. ഈ രംഗത്തു നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനങ്ങളുടെ എണ്ണം കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എത്ര ഉപയോക്തൃ സൗഹൃദ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും? എല്ലാത്തിനുമുപരി, അതാണ് അതിന്റെ പ്രയോജനം. എന്നാല്‍ ഒരു കാര്യം കൂടി ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അസോസിയേഷന് ഒരുമിച്ച് ഒരു പ്രസ്ഥാനം നടത്താമോ? ഇന്ത്യയിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ജീവിതത്തില്‍ ഈ 5ജി എങ്ങനെ ഉപയോഗപ്രദമാകുമെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാമോ? എന്റെ അനുഭവത്തില്‍ നിന്ന് ഒരു ചെറിയ ഉദാഹരണം പറയാം. 24 മണിക്കൂര്‍ വൈദ്യുതി എന്നത് നമ്മുടെ നാട്ടില്‍ ഒരു സ്വപ്നമായിരുന്നു. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ജ്യോതിഗ്രാം യോജന എന്ന പേരില്‍ ഒരു പദ്ധതി കൊണ്ടുവന്നിരുന്നു, ഗുജറാത്തിലെ എല്ലാ വീട്ടിലും 24x7 വൈദ്യുതി നല്‍കുക എന്നതായിരുന്നു എന്റെ സ്വപ്‌നം. എന്റെ എല്ലാ ഉദ്യോഗസ്ഥരും പറയുമായിരുന്നു, അത് ചെയ്യാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല എന്ന്. അതുകൊണ്ട് ഞാന്‍ ഒരു ലളിതമായ പരിഹാരം പറഞ്ഞു. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിയും വീടുകളിലേക്ക് ആവശ്യമായ വൈദ്യുതിയും വേര്‍തിരിക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനു ശേഷം ഞങ്ങള്‍ ഓരോ ജില്ലയിലും പണി പൂര്‍ത്തിയാക്കി. അങ്ങനെ ഒരു ജോലി പൂര്‍ത്തിയായി. അപ്പോള്‍ ഞങ്ങള്‍ ആ ജില്ലയില്‍ ഒരു വലിയ സമ്മേളനം നടത്തും. 2-2.5 ലക്ഷം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കാരണം 24 മണിക്കൂര്‍ വൈദ്യുതി ലഭിച്ചത് വലിയ സന്തോഷത്തിന്റെ അവസരമായിരുന്നു! 2003-04-05 കാലഘട്ടമായിരുന്നു അത്. വൈദ്യുതി ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാ ജോലികളുടെയും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ യന്ത്രങ്ങളുടെയും ഒരു പ്രദര്‍ശനം ഞാന്‍ നടത്തി. അല്ലാത്തപക്ഷം ആളുകള്‍ വൈദ്യുതിയെ രാത്രിയില്‍ അത്താഴം കഴിക്കുന്നതിനോ ടിവി കാണുന്നതിനോ തുല്യമായി കണ്ടേക്കുമായിരുന്നു. എന്നാല്‍ വൈദ്യുതി പലതരത്തില്‍ ഉപയോഗിക്കാം.
അതിനാല്‍, അതിനെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യമായിരുന്നു. പക്ഷേ, തയ്യല്‍ക്കാര്‍ പോലും തങ്ങളുടെ യന്ത്രങ്ങള്‍ 24 മണിക്കൂറും വൈദ്യുതി ഉപയോഗിച്ച് എങ്ങനെ സജ്ജീകരിക്കാമെന്ന് ചിന്തിക്കാന്‍ ശ്രമിക്കുമെന്ന് വലിയ പ്രദര്‍ശനത്തിന് ശേഷം എനിക്ക് മനസ്സിലായി. കുശവന്‍ പോലും താന്‍ ഏത് തരം വൈദ്യുത ഉപകരണങ്ങള്‍ വാങ്ങണമെന്ന് തീരുമാനിച്ചു. രാജ്യത്തുടനീളമുള്ള അമ്മമാരും പെണ്‍മക്കളും അടുക്കളയില്‍ ഉപയോഗിക്കാവുന്ന വൈദ്യുത ഉപകരണങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഒരു വലിയ വിപണി ഉയര്‍ന്നുവന്നതും വൈദ്യുതിയുടെ ബഹുതല ഉപയോഗം ആരംഭിച്ചതും. അതുപോലെ, തങ്ങളുടെ ജീവിതത്തില്‍ 5ജി കൊണ്ടുള്ള വിവിധ ഉപയോഗങ്ങളെക്കുറിച്ച് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങും. കാരണം വീഡിയോകള്‍ വളരെ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഒരു വ്യക്തിക്ക് റീലുകള്‍ കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് ദീര്‍ഘനേരം ബഫര്‍ ചെയ്യില്ല. ഫോണ്‍ ഇന്റര്‍നെറ്റില്‍ നിന്ന് വിച്ഛേദിക്കപ്പെടുന്നില്ല. വ്യക്തമായ വീഡിയോയും ഓഡിയോയും ഉള്ള വീഡിയോ കോണ്‍ഫറന്‍സുകള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് ഫോണ്‍ വിളിക്കാം. മാത്രമല്ല, ഇത് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംവിധാനമായിരിക്കും. അതുകൊണ്ട് ഈ വ്യവസായ മേഖലയിലെ അസോസിയേഷനോട് ഇന്ത്യയിലെ എല്ലാ ജില്ലകളിലെയും സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവ സന്ദര്‍ശിച്ച് 5ജി ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പഠിക്കാനും വര്‍ധിപ്പിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അതിനാല്‍ ഇത് നിങ്ങള്‍ക്കുള്ള ഒരു സേവനമായിരിക്കും. മാത്രമല്ല ഈ സാങ്കേതികവിദ്യ ജീവിതത്തില്‍ എന്തെങ്കിലും സംസാരിക്കുന്നതിനോ കാണുന്നതിനോ മാത്രമായി പരിമിതപ്പെടുത്തരുത്. സമ്പൂര്‍ണ വിപ്ലവം കൊണ്ടുവരാന്‍ ഇത് ഉപയോഗിക്കണം. 130 കോടി ജനങ്ങളിലേക്ക് എത്തണം. ഇതിന് കൂടുതല്‍ സമയമെടുക്കില്ല. ഞാന്‍ ഡ്രോണ്‍ നയം കൊണ്ടുവന്നു. ഇന്ന് പല പ്രദേശങ്ങളിലും ഡ്രോണില്‍ നിന്ന് കീടനാശിനി തളിക്കുന്ന ജോലി ആരംഭിച്ചതായി ഞാന്‍ കണ്ടു. അവര്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിച്ചു. അതുകൊണ്ടാണ് നമ്മള്‍ ഈ സംവിധാനങ്ങളിലേക്ക് പോകണമെന്ന് ഞാന്‍ വിശ്വസിക്കുന്നത്.
ഒപ്പം സുഹൃത്തുക്കളെ,
വരും കാലങ്ങളില്‍, ഇന്ത്യയെ ആഗോള നേതാവാക്കി മാറ്റുന്ന, ഇന്ത്യയില്‍ നിന്ന് ഉത്ഭവിക്കുന്ന, അത്തരം സാങ്കേതികവിദ്യകള്‍ക്ക് രാജ്യം തുടര്‍ച്ചയായി നേതൃത്വം നല്‍കും. ആ വിശ്വാസത്തോടെ, നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു! ശക്തിയുടെ മഹത്തായ മാധ്യമമായ 5ജി ആരംഭിച്ചതിന് എല്ലാ പൗരന്‍മാരെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. ഒത്തിരി നന്ദി!
--ND--
(Release ID: 1864933)
Visitor Counter : 263
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada