പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ അഹമ്മദാബാദില്‍ 36-ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
Posted On:
29 SEP 2022 9:58PM by PIB Thiruvananthpuram
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഈ മഹത്തായ ചടങ്ങില്‍ നമുക്കൊപ്പമുള്ള ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, നമ്മുടെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായി, എന്റെ സഹ പാര്‍ലമെന്റേറിയന്‍ സി.ആര്‍. പാട്ടീല്‍, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് ജി, സംസ്ഥാന മന്ത്രി ഹര്‍ഷ് സാംഘ്വി ജി, മേയര്‍ കിരിത് ഭായ്, രാജ്യത്തുടനീളമുള്ള കായിക സംഘടനകളുടെയും യുവകളിക്കാരുടെയും പ്രതിനിധികളേ,
നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാഗതം! വാക്കുകള്‍ക്കതീതമാണ് ഈ കാഴ്ചയും അന്തരീക്ഷവും. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം, രാജ്യത്തെ ഏറ്റവും വലിയ കായികമേള! സംഗതി അതിശയകരവും അതുല്യവുമാകുമ്പോള്‍, അതിന്റെ ഊര്‍ജ്ജം അസാധാരണമായിരിക്കും. 7,000-ത്തിലധികം കായികതാരങ്ങള്‍, 15,000 പങ്കാളികള്‍, 35,000 കോളേജുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, രാജ്യത്തെ 36 സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ ഗെയിംസില്‍ 50 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം എന്നിവ അതിശയകരവും അഭൂതപൂര്‍വവുമാണ്. ദേശീയ ഗെയിംസിന്റെ ഗാനം 'ജുഡേഗ ഇന്ത്യ, ജീതേഗ ഇന്ത്യ' എന്നതാണ്. ഞാന്‍ 'ജൂഡേഗ ഇന്ത്യ' എന്ന് പറയും, നിങ്ങള്‍ 'ജീതേഗ ഇന്ത്യ' എന്ന് പറയണം.
'ജുഡേഗ ഇന്ത്യ -- ജീതേഗ ഇന്ത്യ'
'ജുഡേഗ ഇന്ത്യ -- ജീതേഗ ഇന്ത്യ'
'ജുഡേഗ ഇന്ത്യ -- ജീതേഗ ഇന്ത്യ'
ഈ വാക്കുകള്‍ ഇന്ന് ആകാശത്ത് പ്രതിധ്വനിക്കുന്നു. നിങ്ങളുടെ ആവേശം ഇന്ന് നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്നു. ഈ ആവേശം കായികലോകത്തിന്റെ വരാനിരിക്കുന്ന സുവര്‍ണ്ണ ഭാവിയുടെ തുടക്കമാണ്. ദേശീയ ഗെയിംസിന്റെ ഈ വേദി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പുതിയ ലോഞ്ചിംഗ് പാഡായി പ്രവര്‍ത്തിക്കും. ഈ ഗെയിമുകളില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ,
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ മഹത്തായ പരിപാടിക്ക് ക്രമീകരണങ്ങള്‍ ചെയ്തതിന് ഗുജറാത്തിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതാണ് ഗുജറാത്തിന്റെ സാധ്യതയും ഇവിടുത്തെ ജനങ്ങളുടെ സാധ്യതയും. എന്നാല്‍ സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് എന്തെങ്കിലും കുറവുകളോ അസൗകര്യമോ തോന്നിയാല്‍, ഒരു ഗുജറാത്തി എന്ന നിലയില്‍ ഞാന്‍ നിങ്ങളോടെല്ലാം മുന്‍കൂട്ടി ക്ഷമ ചോദിക്കുന്നു. ഇന്നലെ അഹമ്മദാബാദില്‍ നടന്ന അതിമനോഹരവും ഗംഭീരവുമായ ഡ്രോണ്‍ പ്രദര്‍ശനം കണ്ട് എല്ലാവരും അത്ഭുതപ്പെടുകയും അഭിമാനിക്കുകയും ചെയ്തു. സാങ്കേതികവിദ്യയുടെ ഇത്രയും മികച്ച ഉപയോഗം ഗുജറാത്തിനെയും ഇന്ത്യയെയും ഡ്രോണ്‍ പോലെ പുതിയ ഉയരങ്ങളിലെത്തിക്കും. ഇവിടെ സംഘടിപ്പിച്ച പ്രഥമ ദേശീയ കായിക കോണ്‍ക്ലേവിന്റെ വിജയവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേലിനോടും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ അഗാധമായ അഭിനന്ദനം അറിയിക്കുന്നു. ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നമായ 'സവാജ്' (ഏഷ്യാറ്റിക് സിംഹം) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലോഞ്ച് ചെയ്തു. ഗിറിലെ സിംഹങ്ങളെ പ്രദര്‍ശിപ്പിച്ചുകൊണ്ട്, 'സവാജ്' ഇന്ത്യയിലെ യുവാക്കളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു, യാതൊരു ഭയവുമില്ലാതെ നിലത്ത് അടിക്കാനുള്ള ആവേശം കാണിക്കുന്നു. ആഗോളതലത്തില്‍ അതിവേഗം ഉയരാനുള്ള ഇന്ത്യയുടെ കഴിവിന്റെ പ്രതീകം കൂടിയാണിത്.
സുഹൃത്തുക്കളേ,
നിങ്ങള്‍ ഒത്തുകൂടിയ സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് സമുച്ചയത്തിന്റെ വിശാലതയും ആധുനികതയും വ്യത്യസ്തമായ പ്രചോദനത്തിന് കാരണമാണ്. സര്‍ദാര്‍ പട്ടേല്‍ സ്പോര്‍ട്സ് എന്‍ക്ലേവും കോംപ്ലക്സും ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം മാത്രമല്ല, പല തരത്തില്‍ ഏറ്റവും സവിശേഷവുമാണ്. സാധാരണയായി, ഇത്തരം സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ ഒന്നോ രണ്ടോ മൂന്നോ കായിക വിനോദങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ സര്‍ദാര്‍ പട്ടേല്‍ സ്പോര്‍ട്സ് സമുച്ചയത്തില്‍ ഒരേ സമയം ഫുട്ബോള്‍, ഹോക്കി, ബാസ്‌ക്കറ്റ്ബോള്‍, കബഡി, ബോക്സിംഗ്, ലോണ്‍ ടെന്നീസ് തുടങ്ങി നിരവധി കായിക ഇനങ്ങള്‍ക്ക് സൗകര്യമുണ്ട്. ഒരു തരത്തില്‍ ഇത് രാജ്യത്തിനാകെ മാതൃകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഈ നിലവാരത്തിലാകുമ്പോള്‍ കളിക്കാരുടെ മനോവീര്യവും പുതിയ ഉയരം തൊടുന്നു. നമ്മുടെ എല്ലാ കളിക്കാരും ഈ സമുച്ചയത്തില്‍ അവരുടെ അനുഭവങ്ങള്‍ തീര്‍ച്ചയായും ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ യുവ സുഹൃത്തുക്കളേ,
ഭാഗ്യവശാല്‍, നവരാത്രിയുടെ മഹത്തായ ഉത്സവവും ഈ സമയത്ത് ആഘോഷിക്കപ്പെടുന്നു. ദുര്‍ഗാ മാതാവിന്റെയും ഗര്‍ബയുടെയും ആരാധനയെ സംബന്ധിച്ചിടത്തോളം ഗുജറാത്തിന് അതിന്റേതായ വ്യക്തിത്വമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കളിക്കാരോട് സ്‌പോര്‍ട്‌സിനോടൊപ്പം ഇവിടെ നവരാത്രി പരിപാടികള്‍ തീര്‍ച്ചയായും ആസ്വദിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളോടുള്ള ആതിഥ്യ മര്യാദയില്‍ ഗുജറാത്തിലെ ജനങ്ങള്‍ ഒരു ഉപേക്ഷയും കാണിക്കില്ല. ഇന്നലെ, നമ്മുടെ നീരജ് ചോപ്ര എങ്ങനെ ഗര്‍ബ ആസ്വദിക്കുന്നുവെന്ന് ഞാന്‍ കണ്ടു. ആഘോഷത്തിന്റെ ഈ സന്തോഷം ഇന്ത്യക്കാരെ ബന്ധിപ്പിക്കുകയും പരസ്പരം പിന്തുണയ്ക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍, നിങ്ങളെയും ഗുജറാത്തിലെ ജനങ്ങളെയും രാജ്യത്തെ ജനങ്ങളെയും ഞാന്‍ ഒരിക്കല്‍ കൂടി നവരാത്രി ദിനത്തില്‍ അഭിനന്ദിക്കുന്നു.
എന്റെ യുവ സുഹൃത്തുക്കളേ,
ലോകത്തിലെ ഏതൊരു രാജ്യത്തിന്റെയും പുരോഗതിയും ആദരവും കായികരംഗത്തെ അതിന്റെ വിജയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ നേതൃത്വം നല്‍കുന്നത് രാജ്യത്തെ യുവാക്കളാണ്, സ്‌പോര്‍
ട്‌സും ഗെയിമുകളുമാണ് യുവാക്കള്‍ക്ക് അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ഉറവിടം. ഇന്നും, ലോകത്തിലെ സാമ്പത്തികമായി വികസിത രാജ്യങ്ങളില്‍ മിക്കതും മെഡല്‍ പട്ടികയില്‍ മുന്നിലാണെന്ന് നിങ്ങള്‍ കണ്ടെത്തും. അതുകൊണ്ട് തന്നെ കളിസ്ഥലങ്ങളിലെ താരങ്ങളുടെ വിജയങ്ങളും അവരുടെ കരുത്തുറ്റ പ്രകടനവും മറ്റു മേഖലകളിലും രാജ്യത്തിന്റെ വിജയത്തിന് വഴിയൊരുക്കുന്നു. സ്പോര്‍ട്സിന്റെ മൃദുശക്തി രാജ്യത്തിന്റെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും വൈവിധ്യപൂര്‍ണ്ണമാക്കുന്നു.
സുഹൃത്തുക്കളേ,
ഞാന്‍ പലപ്പോഴും കായികതാരങ്ങളോട് പറയാറുണ്ട് - 'വിജയം ആരംഭിക്കുന്നത് പ്രവര്‍ത്തനത്തിലൂടെയാണ്'! അതായത്, നിങ്ങള്‍ ആരംഭിക്കുന്ന നിമിഷം, വിജയവും ആരംഭിക്കുന്നു. നിങ്ങള്‍ക്ക് യുദ്ധം ചെയ്യാനും പോരാടാനും ഇടറാനും വീഴാനും കഴിയും, എന്നാല്‍ നിങ്ങളുടെ പരിശ്രമത്തില്‍ തുടരാനുള്ള മനോഭാവം നിങ്ങള്‍ കൈവിട്ടില്ലെങ്കില്‍, എന്നെ വിശ്വസിക്കൂ, വിജയം തന്നെ പടിപടിയായി നിങ്ങളിലേക്ക് നീങ്ങുന്നു. സ്വാതന്ത്ര്യത്തിന്റെ 'അമൃതകാലത്ത്' അതേ തീക്ഷ്ണതയോടെ രാജ്യം പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒളിമ്പിക്സ് പോലുള്ള ഒരു ആഗോള കായിക ഇനത്തിനായി ലോകം ഭ്രാന്തുപിടിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ആ കളികള്‍ നമ്മുടെ നാട്ടില്‍ പൊതുവിജ്ഞാന വിഷയമായി മാത്രം ഒതുങ്ങി. പക്ഷേ, ഇപ്പോള്‍ മാനസികാവസ്ഥ മാറി, സ്വഭാവം പുതിയതാണ്, അന്തരീക്ഷവും. 2014-ല്‍ രാജ്യത്ത് ആരംഭിച്ച 'ബെസ്റ്റ് ആന്‍ഡ് ബെസ്റ്റ്' ( ഒന്നാമത്തെയും മികച്ചതും) കായികരംഗത്തും നമ്മുടെ യുവാക്കള്‍ നിലനിര്‍ത്തി.
എട്ട് വര്‍ഷം മുമ്പ് വരെ നൂറില്‍ താഴെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നത്. ഇപ്പോള്‍ 300-ലധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നു. എട്ട് വര്‍ഷം മുമ്പ്, ഇന്ത്യന്‍ താരങ്ങള്‍ 20-25 ഗെയിമുകളില്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ, എന്നാല്‍ അവര്‍ ഇപ്പോള്‍ 40 ഓളം വ്യത്യസ്ത കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നു. ഇന്ന് ഇന്ത്യയുടെ മെഡലുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്, ഇന്ത്യയും അതിന്റെ മുദ്ര പതിപ്പിക്കുന്നു. കൊറോണയുടെ പ്രയാസകരമായ സമയങ്ങളില്‍ പോലും, രാജ്യം അവരുടെ കളിക്കാരുടെ മനോവീര്യം താഴ്ത്തിയില്ല. ഞങ്ങളുടെ യുവാക്കള്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഞങ്ങള്‍ നല്‍കി പരിശീലനത്തിനായി വിദേശത്തേക്ക് അയച്ചു. സ്പോര്‍ട്സ് മികവോടെ ഞങ്ങള്‍ സ്പോര്‍ട്സിനായി പ്രവര്‍ത്തിച്ചു. ടോപ്‌സ് പോലുള്ള സ്‌കീമുകളിലൂടെ ഞങ്ങള്‍ വര്‍ഷങ്ങളോളം ദൗത്യമാതൃകയില്‍ തയ്യാറെടുത്തു. ഇന്ന്, പുതിയ കളിക്കാരുടെ ഭാവി സൃഷ്ടിക്കുന്നതിന് മുതിര്‍ന്ന കളിക്കാരുടെ വിജയത്തില്‍ ടോപ്സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, നമ്മുടെ യുവാക്കള്‍ എല്ലാ കായിക ഇനങ്ങളിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും അവരുടെ സ്വന്തം റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഇത്തവണ നടത്തിയത്. ടോക്കിയോ ഒളിമ്പിക്സില്‍ ആദ്യമായി ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിനായി ഇത്രയധികം മെഡലുകള്‍ നേടി. അതിനു പിന്നാലെയാണ് തോമസ് കപ്പില്‍ നമ്മുടെ ബാഡ്മിന്റണ്‍ ടീമിന്റെ വിജയം. ഉഗാണ്ടയില്‍ 47 മെഡലുകള്‍ നേടി പാരാ ബാഡ്മിന്റണ്‍ ടീമും രാജ്യത്തിന് പ്രതാപം കൊണ്ടുവന്നു. ഈ വിജയത്തിന്റെ ഏറ്റവും ശക്തമായ വശം നമ്മുടെ പെണ്‍മക്കളും ഇതില്‍ തുല്യ പങ്കാളികളാണ് എന്നതാണ്. ത്രിവര്‍ണപതാകയുടെ അഭിമാനം ഉയര്‍ത്തുന്നതില്‍ ഇന്ന് നമ്മുടെ പെണ്‍മക്കളാണ് മുന്നില്‍.
സുഹൃത്തുക്കളേ,
കായിക ലോകത്ത് നേരത്തെ തന്നെ ഈ കഴിവ് പ്രകടിപ്പിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടായിരുന്നു. ഈ അധിനിവേശം നേരത്തെ തുടങ്ങാമായിരുന്നു. എന്നാല്‍ കായികരംഗത്തെ പ്രൊഫഷണലിസം രാജവംശവും അഴിമതിയും കൊണ്ട് മാറ്റിസ്ഥാപിക്കപ്പെട്ടു. ഞങ്ങള്‍ സംവിധാനം വൃത്തിയാക്കുകയും യുവാക്കള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ക്കായി ആത്മവിശ്വാസം നല്‍കുകയും ചെയ്തു. രാജ്യം ഇനി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയല്ല, മറിച്ച് യുവാക്കള്‍ക്കൊപ്പം പടിപടിയായി മുന്നേറുകയാണ്. അതുകൊണ്ട് തന്നെ ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ തുടങ്ങിയ ശ്രമങ്ങള്‍ ഇന്ന് ഒരു ബഹുജന പ്രസ്ഥാനമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് കൂടുതല്‍ കൂടുതല്‍ വിഭവങ്ങളും അവസരങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്തിന്റെ കായിക ബജറ്റ് ഏകദേശം 70 ശതമാനം വര്‍ദ്ധിച്ചു. ഇന്ന് രാജ്യത്തുടനീളം സ്‌പോര്‍ട്‌സ് സര്‍വ്വകലാശാലകള്‍ നിര്‍മ്മിക്കപ്പെടുകയും എല്ലാ മുക്കിലും മൂലയിലും ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, വിരമിച്ചതിന് ശേഷവും കളിക്കാര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിരമിക്കുന്ന താരങ്ങളുടെ അനുഭവങ്ങള്‍ പുതുതലമുറയ്ക്ക് ലഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളേ,
സ്പോര്‍ട്സും ഗെയിമുകളും ഇന്ത്യയുടെ ഭാഗമാണ്, ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. നമ്മുടെ പൈതൃകത്തിന്റെയും വികസനത്തിന്റെയും യാത്രയുടെ ഭാഗമാണ് സ്പോര്‍ട്സും. സ്വാതന്ത്ര്യത്തിന്റെ 'അമൃതകാലത്ത്' അഭിമാനത്തോടെ രാജ്യം ഈ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ പരിശ്രമവും ആവേശവും ഒരു കായിക ഇനത്തില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഇന്ത്യന്‍ കായിക വിനോദങ്ങളായ 'കളരിപ്പയറ്റ്', 'യോഗാസനം' എന്നിവയും പ്രാധാന്യം നേടുന്നു. ദേശീയ ഗെയിംസ് പോലുള്ള മേളകളില്‍ ഈ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇവിടെ ഈ കായിക ഇനങ്ങളെ പ്രതിനിധീകരിക്കുന്ന കളിക്കാരോട്, അവരോട് ഒരു കാര്യം പ്രത്യേകം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വശത്ത്, നിങ്ങള്‍ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു, അതേ സമയം കായിക ലോകത്തിന്റെ ഭാവിക്ക് നിങ്ങള്‍ നേതൃത്വം നല്‍കുന്നു. വരുംകാലങ്ങളില്‍ ഈ ഗെയിമുകള്‍ക്ക് ആഗോള അംഗീകാരം ലഭിക്കുമ്പോള്‍, നിങ്ങളുടെ പേര് ഈ മേഖലകളില്‍ ഇതിഹാസങ്ങളായി മുദ്രകുത്തും.
സുഹൃത്തുക്കളേ,
അവസാനമായി, എല്ലാ കളിക്കാര്‍ക്കും ഒരു മന്ത്രം കൂടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മത്സരത്തില്‍ വിജയിക്കണമെങ്കില്‍ പ്രതിബദ്ധതയോടെയും തുടര്‍ച്ചയോടെയും ജീവിക്കാന്‍ പഠിക്കണം. സ്പോര്‍ട്സിലെ തോല്‍വിയും ജയവും അവസാനമായി നാം ഒരിക്കലും കണക്കാക്കരുത്. ഈ കായി ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ ഇന്ത്യയെപ്പോലുള്ള ഒരു യുവരാജ്യത്തിന്റെ സ്വപ്നങ്ങളെ നയിക്കുകയും പരിധിയില്ലാത്ത സാധ്യതകള്‍ സാക്ഷാത്കരിക്കുകയും ചെയ്യുകയുള്ളു എവിടെയാണ് വേഗത അവിടെ പുരോഗതിയുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കണം. അതിനാല്‍, നിങ്ങള്‍ മൈതാനത്തെ ഈ ആക്കം നിലനിര്‍ത്തണം. ഈ വേഗത നിങ്ങളുടെ ജീവിതത്തിന്റെ ദൗത്യമായിരിക്കണം. ദേശീയ ഗെയിംസിലെ നിങ്ങളുടെ വിജയം രാജ്യത്തിന് ആഘോഷിക്കാനുള്ള അവസരം നല്‍കുമെന്നും ഭാവിയില്‍ ഒരു പുതിയ ആത്മവിശ്വാസം പകരുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, 36-ാമത് ദേശീയ ഗെയിംസ് ആരംഭിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
--ND--
(Release ID: 1864157)
Visitor Counter : 185
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu