പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഹമ്മദാബാദിലെ അഹമ്മദാബാദ് എജ്യുക്കേഷൻ സൊസൈറ്റിയിൽ അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു


ഗാന്ധിനഗറിനും മുംബൈക്കും ഇടയിലോടുന്ന പുതിയ വന്ദേ ഭാരത് എക്സ്‌പ്രസ് ഗാന്ധിനഗർ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു



അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു



“ഇന്ന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കും നഗരഗതാഗതസൗകര്യങ്ങൾക്കും സ്വയംപര്യാപ്ത ഇന്ത്യക്കും മഹത്തായ ദിനമാണ്”



“രാജ്യത്തെ നഗരങ്ങളിൽനിന്ന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്കു പുതിയ കുതിപ്പു ലഭിക്കാൻ പോകുന്നു”


“രാജ്യത്തെ മെട്രോയുടെ ചരിത്രത്തിൽ ഇതാദ്യമായി 32 കിലോമീറ്റർ ദൂരം ഒറ്റയടിക്കു പ്രവർത്തനക്ഷമമായി”


“21-ാം നൂറ്റാണ്ടിലെ ഇന്ത്യ വേഗതയെ നിർണായകഘടകമായും ദ്രുതഗതിയിലുള്ള വികസനത്തിന്റെ ഉറപ്പായും കണക്കാക്കുന്നു”


“ദേശീയ ഗതിശക്തി ആസൂത്രണപദ്ധതിയിലും ദേശീയ ലോജിസ്റ്റിക്സ് നയത്തിലും വേഗതയ്ക്കായുള്ള നിർബന്ധബുദ്ധി വ്യക്തമായി കാണാം”


“കഴിഞ്ഞ 8 വർഷമായി ഞങ്ങൾ അടിസ്ഥാനസൗകര്യങ്ങളെ ജനങ്ങളുടെ വികസനസ്വപ്നങ്ങളുമായി കൂട്ടിയിണക്കുന്നു”



Posted On: 30 SEP 2022 1:47PM by PIB Thiruvananthpuram

അഹമ്മദാബാദിലെ അഹമ്മദാബാദ് എജ്യുക്കേഷൻ സൊസൈറ്റിയിൽ നടന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനംചെയ്തു. പ്രധാനമന്ത്രി അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യുകയും കാലുപുർ സ്റ്റേഷനിൽനിന്നു ദൂരദർശൻ കേന്ദ്രം മെട്രോ സ്റ്റേഷനിലേക്കു മെട്രോ സവാരി നടത്തുകയും ചെയ്തു. ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്‌പ്രസ് ഗാന്ധിനഗർ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി അവിടെ നിന്നു കാലുപുർ റെയിൽവേ സ്റ്റേഷനിലേക്കു ട്രെയിനിൽ യാത്രചെയ്തു.


ഇന്ന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കും നഗരഗതാഗതസൗകര്യങ്ങൾക്കും സ്വയംപര്യാപ്ത ഇന്ത്യക്കും മഹത്തായ ദിനമാണെന്നു സദസിനെ അഭിസംബോധനചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് ട്രെയിനിലും അഹമ്മദാബാദ് മെട്രോയിലും യാത്ര ചെയ്യാനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
 

വന്ദേ ഭാരത് എക്സ്‌പ്രസിനുള്ളിലെ ശബ്ദം കടക്കാത്ത സംവിധാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. വിമാനത്തിനുള്ളിൽ അനുഭവപ്പെടുന്നതിനേക്കാൾ നൂറിലൊന്നായി ശബ്ദം കുറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വൻ ജനപങ്കാളിത്തത്തിന് അഹമ്മദാബാദിലെ ജനങ്ങൾക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു. അഹമ്മദാബാദ‌ിലെ യാത്രക്കാരുടെ ബുദ്ധിവൈഭവത്തെക്കുറിച്ചും കണക്കുകൂട്ടലുകളെക്കുറിച്ചും അദ്ദേഹം ഹ്രസ്വമായി വിവരിച്ചു. “എനിക്ക് അഹമ്മദാബാദിനെ മതിവരുവോളം സല്യൂട്ട് ചെയ്യാനാകുന്നില്ല, ഇന്ന് അഹമ്മദാബാദ് എന്റെ ഹൃദയം കീഴടക്കിയിരിക്കുന്നു”- വികാരാധീനനായി പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്തെ നഗരങ്ങളിൽനിന്ന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്കു പുതിയ കുതിപ്പു ലഭിക്കാൻ പോകുകയാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച്, മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ചു നമ്മുടെ നഗരങ്ങളെ തുടർച്ചയായി നവീകരിക്കേണ്ടത് ആവശ്യമാണ്- ശ്രീ മോദി പറഞ്ഞു. നഗരത്തിലെ ഗതാഗതസംവിധാനം ആധുനികമായിരിക്കണമെന്നും ഒരു ഗതാഗതമാർഗം മറ്റൊന്നിനെ പിന്തുണയ്ക്കുംവിധത്തിലുള്ള തടസമില്ലാത്ത സമ്പർക്കസൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചിന്തയ്ക്കനുസൃതമായി നഗര അടിസ്ഥാനസൗകര്യങ്ങളിൽ വലിയ നിക്ഷേപം നടത്തുന്നുണ്ട്. കഴിഞ്ഞ 8 വർഷത്തിനിടയിൽ, രണ്ടുഡസനിലധികം നഗരങ്ങളിൽ ഒന്നുകിൽ മെട്രോ ആരംഭിച്ചു; അതല്ലെങ്കിൽ പ്രവൃത്തികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ്. ഡസൻകണക്കിനു ചെറിയ നഗരങ്ങളെ വ്യോമഗതാഗതംവഴിയും ഉഡാൻ പദ്ധതിവഴിയും ബന്ധിപ്പിച്ചിരിക്കുന്നു. അതുപോലെ, റെയിൽവേ സ്റ്റേഷനുകളും പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. “ഇന്ന്, ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ ലോകത്തിലെ ഏതു വിമാനത്താവളത്തേക്കാളും പിന്നിലല്ല”- അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ നവീകരിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.


അഹമ്മദാബാദിന്റെയും ഗാന്ധിനഗറിന്റെയും വിജയം ചൂണ്ടിക്കാട്ടി, ഇരട്ടനഗര വികസന ആശയത്തിന്റെ വിജയത്തെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. ആനന്ദ്-നാദിയാദ്, ബറൂച്ച്-അങ്കലേശ്വർ, വൽസാദ്-വാപി, സൂറത്ത്-നവസാരി, വഡോദര-ഹലോൽ കലോൽ, മോർവി-വാങ്കനീർ, മെഹ്സാന-കാഡി തുടങ്ങിയ ഇരട്ട നഗരങ്ങൾ ഗുജറാത്തിന്റെ സ്വത്വത്തെ കൂടുതൽ ശക്തിപ്പെടുത്താൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

അഹമ്മദാബാദ്, സൂറത്ത്, വഡോദര, ഭോപ്പാൽ, ഇൻഡോർ, ജയ്പുർ തുടങ്ങിയ നഗരങ്ങൾ വരുന്ന 25 വർഷത്തിനുള്ളിൽ വികസിത പദവി ഉറപ്പാക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. പഴയ നഗരങ്ങൾ മെച്ചപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ആഗോള വ്യവസായങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ നഗരങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഗിഫ്റ്റ് സിറ്റികൾ ഇത്തരം പ്ലഗ് ആൻഡ് പ്ലേ സൗകര്യങ്ങളുടെ മികച്ച ഉദാഹരണമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്തെ മെട്രോയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് 32 കിലോമീറ്റർ ദൂരം ഒറ്റയടിക്കു പ്രവർത്തനക്ഷമമാക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ ലൈനിനു മുകളിലൂടെ മെട്രോ ട്രാക്ക് നിർമിക്കുന്നതു വെല്ലുവിളിയായിട്ടും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വന്ദേ ഭാരത് എക്സ്‌പ്രസിനെക്കുറിച്ചു സംസാരിക്കവേ, അഹമ്മദാബാദിനും മുംബൈക്കുമിടയിലുള്ള യാത്ര സുഖകരമാകുമെന്നും അതോടൊപ്പം ദൂരം കുറയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഹമ്മദാബാദിൽനിന്നു മുംബൈയിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ എക്സ്‌പ്രസ് ട്രെയിനിന് ഏകദേശം ഏഴുമുതൽ എട്ടുമണിക്കൂർവരെ സമയമെടുക്കുമെന്നും ശതാബ്ദി ട്രെയിനിന് ആറരമുതൽ ഏഴുമണിക്കൂർവരെ എടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മറുവശത്ത്, വന്ദേ ഭാരത് എക്സ്‌പ്രസിന് ഗാന്ധിനഗറിൽനിന്നു മുംബൈയിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ പരമാവധി അഞ്ചര മണിക്കൂർമാത്രമാണ് എടുക്കുക- പ്രധാനമന്ത്രി പറഞ്ഞു. മറ്റു ട്രെയിനുകളേക്കാൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ വന്ദേ ഭാരത് എക്സ്‌പ്രസിനു കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് കോച്ചുകൾ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയുംചെയ്ത സാങ്കേതിക വിദഗ്ധരുമായും എൻജിനിയർമാരുമായും നടത്തിയ ആശയവിനിമയത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി അവരുടെ മുൻകൈയെടുക്കലിനെയും ആത്മവിശ്വാസത്തെയും പ്രശംസിക്കുകയും ചെയ്തു. വന്ദേ ഭാരത് എക്സ്‌പ്രസ് പ്രാപ്യമാകുന്നതു സംബന്ധിച്ചു സംസാരിക്കവേ, കാശി റെയിൽവേ സ്റ്റേഷനിൽ താൻ നടത്തിയ സംഭാഷണം അനുസ്മരിച്ച്, ലഗേജ് റൂം വർധിച്ചതും യാത്രാസമയത്തിന്റെ കുറവും കാരണം ഇതു തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും പോകാനാകുന്ന ട്രെയിനാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇതാണു വന്ദേ ഭാരതിന്റെ ശക്തി”- ശ്രീ മോദി കൂട്ടിച്ചേർത്തു. ‘ഇരട്ട-എൻജിൻ ഗവൺമെന്റ്’ കാരണം മെട്രോ പദ്ധതികൾക്കുള്ള അനുമതികളും മറ്റ് അനുമതികളും അതിവേഗം ലഭ്യമാക്കി പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. പാവപ്പെട്ടവരുടെയും ആവശ്യക്കാരുടെയും ആവശ്യങ്ങൾ മനസിൽവച്ചാണു മെട്രോയുടെ പാത ആസൂത്രണംചെയ്തത്. കാലുപുരിൽ മൾട്ടി മോഡൽ ഹബ്ബ് വരുമെന്നും അദ്ദേഹം പറഞ്ഞു.


നഗരങ്ങളിലെ പാവപ്പെട്ടവർക്കും ഇടത്തരക്കാരായ സുഹൃത്തുക്കൾക്കും ബസുകളിൽനിന്നുള്ള പുകയിൽനിന്നു മുക്തി നേടുന്നതിനായി വൈദ്യുതബസുകൾ നിർമിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഗവണ്മെന്റ് ഫെയിം പദ്ധതിക്കു തുടക്കംകുറിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഇതുവരെ, ഈ പദ്ധതിപ്രകാരം രാജ്യത്ത് ഏഴായിരത്തിലധികം വൈദ്യുതബസുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്”- ശ്രീ മോദി കൂട്ടിച്ചേർത്തു. “കേന്ദ്ര ഗവണ്മെന്റ് ഈ വൈദ്യുതബസുകൾക്കായി ഏകദേശം 3,500 കോടി രൂപ ചെലവഴിച്ചു.”  ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ ഗുജറാത്തിൽ 850 വൈദ്യുതബസുകൾ എത്തിച്ചെന്നും അതിൽ നൂറെണ്ണം ഗുജറാത്തിലെ റോഡുകളിൽ ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
 

മുൻകാലങ്ങളിലെ കേന്ദ്രഗവണ്മെന്റുകളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, നഗരങ്ങളിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ അശ്രദ്ധമായാണ് അവർ പ്രവർത്തിച്ചതെന്നു ചൂണ്ടിക്കാട്ടി. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ വേഗതയെ നിർണായകഘടകമായും ദ്രുതഗതിയിലുള്ള വികസനത്തിന്റെ ഉറപ്പായും കണക്കാക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ദേശീയ ഗതിശക്തി ആസൂത്രണപദ്ധതിയിലും ദേശീയ ലോജിസ്റ്റിക്സ് നയത്തിലും വേഗതയ്ക്കായുള്ള നിർബന്ധബുദ്ധി വ്യക്തമായി കാണാവുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “നമ്മുടെ റെയിൽവേയുടെ വേഗത വർധിപ്പിക്കാനുള്ള നീക്കത്തിലും ഇതു പ്രകടമാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത വർഷം ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ ഞങ്ങൾ അതിവേഗം പ്രവർത്തിക്കുകയാണ്. വെറും 52 സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാമെന്നതാണ് ഇന്ത്യയുടെ വന്ദേ ഭാരത് ട്രെയിനിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.
 

റെയിൽവേ ശൃംഖലയിൽ വരുത്തിയ വികസനങ്ങളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ റെയിൽവേ ശൃംഖലയുടെ വലിയൊരു ഭാഗത്തെ ആളില്ലാഗേറ്റുകളിൽനിന്നു മോചിപ്പിച്ചതായി വ്യക്തമാക്കി. “കിഴക്കൻ, പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴികൾ തയ്യാറായിക്കഴിഞ്ഞാൽ, ചരക്കുട്രെയിനുകളുടെ വേഗത വർധിക്കുകയും പാസഞ്ചർ ട്രെയിനുകൾക്കുണ്ടാകുന്ന കാലതാമസം കുറയുകയും ചെയ്യും”- അദ്ദേഹം കൂട്ടിച്ചേർത്തു.

 

വേഗതയും സുപ്രധാനഘടകമായതിനാൽ രാജ്യത്തെ അടിസ്ഥാനസൗകര്യവികസനത്തെക്കുറിച്ചുള്ള ചിന്താപ്രക്രിയയിലെ മഹത്തായ മാറ്റങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “കഴിഞ്ഞ 8 വർഷമായി ഞങ്ങൾ അടിസ്ഥാനസൗകര്യങ്ങളെ ജനങ്ങളുടെ വികസനസ്വപ്നങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു”- ശ്രീ മോദി പറഞ്ഞു. “തെരഞ്ഞെടുപ്പിലെ നേട്ടങ്ങളും നഷ്ടങ്ങളുംമാത്രം മനസി‌ൽവച്ച് അടിസ്ഥാനസൗകര്യങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയിരുന്ന കാലമുണ്ടായിരുന്നു. നികുതിദായകന്റെ വരുമാനം രാഷ്ട്രീയതാൽപ്പര്യങ്ങൾക്കായി മാത്രമാണ് ഉപയോഗിച്ചത്. ഇരട്ട എൻജിൻ ഗവണ്മെന്റ് ഈ ചിന്താഗതി മാറ്റി. സുസ്ഥിരപുരോഗതിയുടെ അടിസ്ഥാനം ശക്തവും ദീർഘവീക്ഷണമുള്ളതുമായ ചിന്തകളോടെ നിർമിച്ച അടിസ്ഥാനസൗകര്യങ്ങളാണെന്നും ഈ ചിന്താഗതിയുമായി യോജിച്ചുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇന്നു നടക്കുന്നത്.”- മാറ്റങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

 

ഭൂഗർഭവും ഭൂമിയിൽനിന്ന് ഉയർന്നുനിൽക്കുന്നതുമായ മെട്രോയുടെ നിർമാണത്തെക്കുറിച്ചും അതിനുള്ള നിക്ഷേപത്തിന്റെ രീതിയെക്കുറിച്ചും സ്കൂളുകളിലെയും എൻജിനിയറിങ് മേഖലകളിലെയും വിദ്യാർഥികൾ ബോധവാന്മാരാകണമെന്ന ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ഇതു രാജ്യത്തിന്റെ പുരോഗതിയിൽ സാങ്കേതികവിദ്യയുടെ പങ്കിലുള്ള അവരുടെ വിശ്വാസം വർധിപ്പിക്കുകയും അവരിൽ ഉടമസ്ഥതാബോധം സൃഷ്ടിക്കുകയുംചെയ്യും. പൊതുസ്വത്തിനെ ഒരിക്കലും നശിപ്പിക്കാത്ത തലമുറ ഇതിലൂടെ ഉയർന്നുവരും. കാരണം അവർക്കുള്ള ഉടമസ്ഥാവകാശവും പരിശ്രമവും നിക്ഷേപവും അവർ മനസിലാക്കും.

 

‘ആസാദി കാ അമൃത് കാൽ’ വേളയിൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണത്തിനു കൂടുതൽ വേഗതയും ശക്തിയും ആവശ്യമാണെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “ഗുജറാത്തിലെ ഇരട്ട എൻജിൻ ഗവണ്മെന്റും ഇതിനായി ഗൗരവമേറിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ ഈ പ്രവർത്തനം യാഥാർഥ്യമാക്കാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി, പാർലമെന്റ് അംഗം സി ആർ പാട്ടീൽ, കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന വിക്രം ജർദോഷ്, അഹമ്മദാബാദ് മേയർ കിരിത് പർമർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം: 

വന്ദേ ഭാരത് എക്സ്പ്രസ് ഏറെ മികച്ചതും വിമാനംപോലെയുള്ളതുമായ യാത്രാനുഭവമാണു പ്രദാനം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽസംവിധാനമായ ‘കവച്’ ഉൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടെയാണ‌ിതു സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്ലാസുകളിലും ചാരിയിരിക്കാവുന്ന സീറ്റുകളാണുള്ളത്. എക്സിക്യൂട്ടീവ് കോച്ചുകളിൽ 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധിക സവിശേഷതയുമുണ്ട്. എല്ലാ കോച്ചുകളിലും യാത്രക്കാർക്കു വിവരങ്ങളും വിനോദവും പ്രദാനംചെയ്യുന്ന 32 ഇഞ്ച് സ്ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്.


അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ അപ്പാരൽ പാർക്ക് മുതൽ തൽതേജ് വരെയുള്ള 32 കിലോമീറ്റർ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയും മൊട്ടേരമുതൽ ഗ്യാസ്പുർവരെയുള്ള വടക്ക്-തെക്ക് ഇടനാഴിയും ഉൾപ്പെടുന്നു. കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയിലെ തൽതേജ്-വസ്ത്രാൽ റൂട്ടിൽ 17 സ്റ്റേഷനുകളുണ്ട്. ഈ ഇടനാഴിയിൽ നാലു സ്റ്റേഷനുകളുള്ള 6.6 കിലോമീറ്റർ ഭൂഗർഭ ഭാഗവുമുണ്ട്. ഗ്യാസ്പുരിനെ മൊട്ടേര സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ വടക്ക്-തെക്ക് ഇടനാഴിയിൽ 15 സ്റ്റേഷനുകളുണ്ട്. 12,900 കോടിയിലധികം രൂപ ചെലവിട്ടാണ് ഒന്നാംഘട്ടപദ്ധതി മുഴുവൻ നിർമിച്ചിരിക്കുന്നത്. ഭൂഗർഭ തുരങ്കങ്ങൾ, ആർച്ചുകളും പാലങ്ങളും, ഭൂമിയിൽനിന്നുയർന്നു നിൽക്കുന്നതും ഭൂമിക്കടിയിലുള്ളതുമായ സ്റ്റേഷൻ കെട്ടിടങ്ങൾ, ബാലസ്റ്റ്‌രഹിത റെയിൽ ട്രാക്കുകൾ, ഡ്രൈവറില്ലാ ട്രെയിൻ പ്രവർത്തിപ്പിക്കുന്ന കംപ്ലയന്റ് റോളിങ് സ്റ്റോക്ക് തുടങ്ങിയവ ഉൾപ്പെടുന്ന ബൃഹത്തായ അത്യാധുനിക അടിസ്ഥാനസൗകര്യപദ്ധതിയാണ് അഹമ്മദാബാദ് മെട്രോ. ഊർജ ഉപഭോഗത്തിന്റെ 30-35% ലാഭിക്കാൻ കഴിയുന്ന ഊർജക്ഷമമായ പ്രൊപ്പൽഷൻ സംവിധാനമണു മെട്രോ ട്രെയിൻ സെറ്റിൽ സജ്ജീകരിച്ചിട്ടുള്ളത്. ട്രെയിനിലുള്ള അത്യാധുനിക സസ്പെൻഷൻ സംവിധാനം യാത്രക്കാർക്കു വളരെ സുഗമമായ യാത്രാനുഭവം നൽകും. അഹമ്മദാബാദ് ഒന്നാംഘട്ട മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നഗരത്തിലെ ജനങ്ങൾക്കു ലോകോത്തര ബഹുതല സമ്പർക്കസൗകര്യങ്ങളൊരുക്കും. ഇന്ത്യൻ റെയിൽവേ, ബസ് സംവിധാനം (ബിആർടിഎസ്, ജിഎസ്ആർടിസി, സിറ്റി ബസ് സർവീസ്) എന്നിവയുമായി ബഹുതലസമ്പർക്കസൗകര്യം ഇതു നൽകുന്നുണ്ട്. റാണിപ്പ്, വഡാജ്, എഇസി സ്റ്റേഷൻ മുതലായവയിൽ ബിആർടിഎസുമായുള്ള സമ്പർക്കസൗകര്യവും ഗാന്ധിധാം, കലുപൂർ, സബർമതി സ്റ്റേഷനുകളിൽ ഇന്ത്യൻ റെയിൽവേയുമായുള്ള സമ്പർക്കസൗകര്യവും ഇതിൽ ഉൾപ്പെടുന്നു. കാലുപ്പുരിൽ, മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ സംവിധാനവുമായി മെട്രോ ലൈൻ ബന്ധിപ്പിക്കും.


വിപുലമായ ഈ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നഗരത്തിന്റെ ചലനക്ഷമത വർധിപ്പിക്കുന്നതിനും ബഹുതലസമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണു പ്രതിഫലിപ്പിക്കുന്നത്. സാധാരണക്കാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഗവൺമെന്റ് തുടർച്ചയായി ശ്രദ്ധിക്കുന്നതിനെയും ഇതു ചൂണ്ടിക്കാട്ടുന്നു.

Launching railway projects for ensuring seamless connectivity and fast tracking growth. Watch from Ahmedabad... https://t.co/Qvr6o99a5B

— Narendra Modi (@narendramodi) September 30, 2022

आज 21वीं सदी के भारत के लिए, अर्बन कनेक्टिविटी के लिए और आत्मनिर्भर होते भारत के लिए बहुत बड़ा दिन है: PM @narendramodi

— PMO India (@PMOIndia) September 30, 2022

21वीं सदी के भारत को देश के शहरों से नई गति मिलने वाली है।

बदलते हुए समय, बदलती हुई जरूरतों के साथ अपने शहरों को भी निरंतर आधुनिक बनाना जरूरी है।

शहर में transport का system आधुनिक हो, seamless कनेक्टिविटी हो, यातायात का एक साधन दूसरे को सपोर्ट करे, ये किया जाना आवश्यक है: PM

— PMO India (@PMOIndia) September 30, 2022

पुराने शहरों में सुधार और उनके विस्तार पर फोकस के साथ-साथ ऐसे नए शहरों का निर्माण भी किया जा रहा है, जो ग्लोबल बिजनेस डिमांड के अनुसार तैयार हो रहे हैं।

गिफ्ट सिटी भी इस प्रकार के प्लग एंड प्ले सुविधाओं वाले शहरों का बहुत उत्तम उदाहरण हैं: PM @narendramodi

— PMO India (@PMOIndia) September 30, 2022

अहमदाबाद और मुंबई के बीच शुरु हुई वंदे भारत ट्रेन से देश के दो बड़े शहरों के बीच सफर को आरामदायक भी बनाएगी और दूरी को भी कम करेगी: PM @narendramodi

— PMO India (@PMOIndia) September 30, 2022

शहरों के हमारे गरीब, मिडिल क्लास के साथियों को धुएं वाली बसों से मुक्ति मिले, इसके लिए इलेक्ट्रिक बसों के निर्माण और संचालन के लिए हमने FAME योजना शुरु की।

इस योजना के तहत अभी तक देश में 7 हज़ार से अधिक इलेक्ट्रिक बसों को स्वीकृति दी जा चुकी है: PM @narendramodi

— PMO India (@PMOIndia) September 30, 2022

आज का भारत स्पीड को, गति को, ज़रूरी मानता है, तेज़ विकास की गारंटी मानता है।

गति को लेकर ये आग्रह आज गतिशक्ति नेशनल मास्टर प्लान में भी दिखता है,

नेशनल लॉजिस्टिक्स पॉलिसी में भी दिखता है,

और हमारे रेलवे की गति को बढ़ाने के अभियान में भी स्पष्ट होता है: PM @narendramodi

— PMO India (@PMOIndia) September 30, 2022

ND



(Release ID: 1863767) Visitor Counter : 130