പ്രധാനമന്ത്രിയുടെ ഓഫീസ്‌

സൂറത്തിലെ തിരംഗ യാത്രയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 10 AUG 2022 7:23PM by PIB Thiruvananthpuram

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിന്റെ ഹൃദ്യമായ അമൃത മഹോത്സവ ആശംസകള്‍
ഏതാനും ദിവസങ്ങള്‍ക്കുള്ളി രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നടും. നാം എല്ലാവരും ചരിത്രപ്രധാനമായ ആ സ്വാതന്ത്ര്യദിനത്തിനായി ആകംക്ഷാപൂര്‍വം തയാറെടുക്കുകയാണ്. ഇന്ത്യയുടെ ഓരോ കോണുകളിലും ഈ ത്രിവര്‍ണം ദൃശ്യമാണ്. ഉത്സാഹം അലയടിക്കാത്ത ഒരു മൂലയും ഗുജറാത്തില്‍ ഇല്ല. സൂറത്ത് അതിനെ ശ്രേഷ്ഠമാക്കുകയും ചെയ്തിരിക്കുന്നു. ഒരു കണക്കില്‍ സുറത് തിരംഗ യാത്ര  ഇന്ത്യയുടെ ചെറിയ പതിപ്പിന്റെ ആവിഷ്‌കാരമാണ്. സൂറത്തില്‍ ജീവിക്കാത്ത ആളുകള്‍ ഇല്ലാത്ത സ്ഥലം ഇന്ത്യയില്‍ ഒരിടത്തും കാണില്ല. അതുകൊണ്ടു തന്നെ ഇന്ത്യ മുഴുവന്‍ സൂറത്തിന്റെ മണ്ണില്‍ നടക്കുന്ന ഈ തിരംഗ യാത്രയില്‍ പങ്കെടുക്കുന്നുമുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗവും ഇതില്‍ പങ്കെടുക്കുന്നു എന്നതും വളരെ സന്തോഷകരമായ കാര്യമാണ്. എല്ലാറ്റിനെയും സമന്വയിപ്പിക്കാവനുളള തിവര്‍ണ പതാകയുടെ കഴിവ് സൂറത്തില്‍ കാണാന്‍ സാധിക്കും. കച്ചവടം, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിലെ വിജയം കൊണ്ട് സൂറത്തിന് ലോകത്തില്‍ തനതായ ഒരു വ്യക്തിത്വം ഉണ്ട്. ഇന്ന് ഈ തിരംഗയാത്ര കൂടി നടക്കുന്നതോടെ സൂറത് ലോകത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും.
സുഹൃത്തുക്കളെ,
 രാജ്യത്തിന്റെ സംസ്‌കാരം വ്യക്തിത്വം എന്നിവയുമായി ബന്ധമുള്ള  നിശ്ചല ദൃശ്യത്തോടൊപ്പം ഇന്ത്യാമാതാവിന്റെയും ഒരു നിശ്ചല ദൃശ്യം ഈ തിരംഗ യാത്രയില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. ഇതില്‍ നമ്മുടെ പെണ്‍മക്കളുടെ ധീരമായ പ്രകടനവും യുവാക്കളുടെ പങ്കാളിത്തവും പ്രത്യേകതരത്തില്‍ വിസ്മയിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ ആവേശവും സൂറത്തിലെ ജനങ്ങള്‍ ഈ തിരംഗ യാത്രയില്‍ സജീവമാക്കി അവതരിപ്പിച്ചിരിക്കുന്നു. തുണി കച്ചവടക്കാര്‍, വ്യാപാരി, കൈത്തറി കലാകാരന്‍, തയ്യല്‍ക്കാരന്‍, ചിത്രത്തുന്നല്‍കാരന്‍, ഗതാഗതം, രത്‌നം, ആഭരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂറത്തിലെ തുണി വ്യവസായത്തെ ജനങ്ങള്‍ ഇവിടെ ആഘോഷമാക്കിയിരിക്കുന്നു.  ഈ പ്രത്യേക തിരംഗ യാത്രയുടെ പേരിലും, ഹര്‍ ഘര്‍ തിരംഗ പ്രചാരണ പരിപാടിയല്‍ ഇത്രയധികം പൊതുജന പങ്കാളിത്തം ഉറപ്പാക്കിയതിന്റെ പേരിലും  ഞാന്‍ നിങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ച്്്  ഈ സംരംഭം തുടങ്ങിവച്ച സന്‍വര്‍പ്രസാദ് ബുധിയാ ജിയെയും ഇതുമായി സഹകരിച്ച സഹത് സേവാ ഹി ലക്ഷ്യ ഗ്രൂപ്പിലെ എല്ലാ വളന്റിയര്‍മാരെയും.  പാര്‍ലമെന്റിലെ എന്റ് സഹപ്രവര്‍ത്തകനായ സിആര്‍ പട്ടേല്‍ജിയുടെ പിന്തുണ ഈ പരിപാടിയെ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തി.
സുഹൃത്തുക്കളെ,
നമ്മുടെ ദേശീയ പതാക തന്നെ രാജ്യത്തെ തുണി വ്യവസായത്തിന്റെയും ഖാദിയുടെയും സ്വാശ്രയത്തിന്റെയും പ്രതീകമാണ്. ഇക്കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ അടിത്തറയിട്ടത് സൂറത്താണ്. സൂറത്തിലെ തുണി വ്യവസായം, ഇന്ത്യയുടെ വ്യവസായത്തിന്റെയും നൈപുണ്യത്തിന്റെയും പുരോഗതിയുടെയും ആത്മാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ തിരംഗ യാത്രയും അതില്‍ തന്നെ ആ അഭിമാനത്തെയും പ്രചോദനത്തെയും ഉള്‍ക്കൊള്ളുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ശ്രേഷ്ഠ സംഭാവന നല്‍കിക്കൊണ്ട്  ഗുജറാത്ത് സുവര്‍ണ അധ്യായം തന്നെ എഴുതി ചേര്‍ത്തു.  ബാപ്പുവില്‍ തുടങ്ങുന്നു ഗുജറാത്തിന്റെ സ്വാതന്ത്ര്യ സമരം. സ്വാതന്ത്ര്യത്തിനു ശേഷം ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പത്തിന് അടിത്തറ പാകിയ ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ പട്ടേല്‍ പോലെയുള്ള ധീരരെ സംഭാവന ചെയ്തത് ഗുജറാത്താണ്. ഭദ്രോളി പ്രസ്ഥാനത്തില്‍ നിന്നും ദണ്ഡി യാത്രയിലും നിന്ന്്് പ്രസരിച്ച സന്ദേശം രാജ്യമെമ്പാടും ഒന്നായി.  ഗുജറാത്തിന്റെ ഈ മഹത്തായ ഭൂതകാലത്തിന്റെ അവിഭാജ്യ ഘടകവും അതിന്റെ പൈതൃകവുമാണ് നമ്മുടെ സൂറത്്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ത്രിവര്‍ണ പതാക വെറും മൂന്നു നിറങ്ങള്‍ മാത്രമല്ല.  നമ്മുടെ മഹത്തായ ഭൂതകാലത്തിന്റെ പ്രതിഫലനമാണ് അത്. നമ്മുടെ വര്‍ത്തമാന കാലത്തിന്റെ മനസാക്ഷിയുടെ വിശുദ്ധിയാണ്, നമ്മുടെ ഭാവിയുടെ സ്വപ്‌നങ്ങളാണ്. നമ്മുടെ ത്രിവര്‍ണ പതാക ഇന്ത്യയുടെ ഐക്യത്തിന്റെ അഖണ്ഡതയുടെ വൈവിധ്യത്തിന്റെ പ്രതീകമാണ്. ഈ ത്രിവര്‍ണ പതാകയിലാണ് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍  രാജ്യത്തിന്റെ ഭാവിയെ സ്വപ്‌നം കണ്ടത്. അത് താഴാന്‍ അവര്‍ അനുവദിച്ചില്ല.  ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ ഇന്ത്യയിലേയ്ക്കുള്ള പ്രയാണം നാം ആരംഭിക്കുന്നു. അപ്പോള്‍ ത്രിവര്‍ണ പതാക ഒരിക്കല്‍ കൂടി ഇന്ത്യന്‍ മനസിന്റെയും മനസാക്ഷിയുടെയും പ്രതീകമാകുന്നു. രാജ്യമെമ്പാടും നടക്കുന്ന ഹര്‍ ഖര്‍ തിരംഗ പ്രചാരണ പരിപാടിയിലും തിരംഗ യാത്രയിലും പ്രതിഫലിക്കുന്നത് ദേശഭക്തിയും ശക്തിയുമാണ് എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എല്ലാ ജാതിയിലും മതത്തിലും വര്‍ഗ്ഗത്തിലുമുള്ള ജനങ്ങള്‍ ഒന്നിച്ചു വന്ന് ഐക്യത്തിന്റെയും ഒരുമയുടെയും ചിന്തയോടെ ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. രാജ്യം മുഴുവന്‍ പുതിയ സ്വപ്‌നങ്ങളും പ്രതിജ്ഞകളുമായി  അണി ചേരും. ഇതാണ് ഇന്ത്യയുടെ സത്യസന്ധനായ പൗരന്റെ വ്യക്തിത്വം. ഇതാണ് ഭാരതാംബയുടെ മക്കളുടെ പ്രത്യേകത. പുരുഷന്മാരും സ്ത്രീകളും ചെറുപ്പക്കാരും മുതിര്‍ന്നവരും ഈ പ്രചാരണപരിപാടിയില്‍ പിന്തുണ നല്‍കുകയും അവരുടെ ധര്‍മം നിര്‍വഹിക്കുകയുമാണ്. അനേകം പാവപ്പെട്ടവര്‍ക്ക് നെത്തുകാര്‍, കൈത്തറി തൊഴിലാളികള്‍ക്ക് ഹര്‍ ഖര്‍ തിരംഗ പ്രചാരണ പരിപാടി വഴി അധിക വരുമാനം ലഭിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ നമ്മുടെ പ്രതിജ്ഞകള്‍ക്ക് ഇത്തരം സംഭവങ്ങള്‍ പുതിയ ഊര്‍ജ്ജം നല്‍കും. ഈ പ്രചാരണ പരിപാടിയിലെ പൊതു ജന പങ്കാളിത്വം പുതിയ ഇന്ത്യയുടെ അടിത്തറയെ ശക്തമാക്കും. ഈ വിശ്വാസത്തോടെ ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും, രാജ്യ്‌ത്തെ മുവുവന്‍ പ്രത്യേകിച്ച് ഗുജറാത്തിലെയും എന്റെ സൂറത്തിലെയും ജനങ്ങള്‍ക്ക് നന്മകള്‍ നേരുന്നു. സൂറത്ത് ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ പിന്നോട്ടില്ല. അതാണ് സൂറത്തിന്റെ പ്രത്യേകത.  സൂറത്ത് പുരോഗമിക്കുകയും ഉയരങ്ങളിലെത്തുകയും ചെയ്യുന്നത് എന്റെ സൂറത്തിലെ ജനങ്ങളുടെ ഈ മനോഭാവം കൊണ്ടാണ്. ഇതാണ് സൂറത്തിലെ എന്റെ സഹോദരന്മാരും സഹോദരിമാരും. ഇന്ന് തിരംഗയാത്രയുടെ അമ്പരപ്പിക്കുന്ന കാഴ്ച്ച രാജ്യത്തിനാകമാനം പ്രചോദനമാകട്ടെ.
എല്ലാ നന്മകളും ആശംസിക്കുന്നു
നന്ദി.

-ND-



(Release ID: 1852767) Visitor Counter : 168