വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2020-ലെ BRAP റിപ്പോർട്ട് പുറത്തിറക്കി; അഭിലാഷയുക്ത സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം മുന്നിൽ   .

Posted On: 30 JUN 2022 1:27PM by PIB Thiruvananthpuram




ന്യൂഡൽഹി , ജൂൺ 30 ,2022

ബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതി നടപ്പിലാക്കിയത് ആധാരമാക്കി സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്ന 2020-ലെ BRAP റിപ്പോർട്ട് പുറത്തിറക്കി . ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, കർണാടക, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതി (Business Reforms Action Plan)  നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മികച്ച നേട്ടം കൈവരിച്ച (Top Achievers)  സംസ്ഥാനങ്ങൾ. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവ നേട്ടം കൈവരിച്ച (Achievers) സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മുന്നിലെത്തി. അസം, ഛത്തീസ്ഗഡ്, ഗോവ, ജാർഖണ്ഡ്, കേരളം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവ അഭിലാഷയുക്ത (Aspirers) സംസ്ഥാനങ്ങളുടെ വിഭാഗത്തിലും ആൻഡമാൻ നിക്കോബാർ, ബിഹാർ, ചണ്ഡിഗഡ്, ദാമൻ & ദിയു, ദാദ്ര & നഗർ ഹവേലി,ഡൽഹി, ജമ്മു & കശ്മീർ, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, പുതുച്ചേരി, ത്രിപുര എന്നിവ വളർന്നു വരുന്ന ബിസിനസ് ആവാസവ്യവസ്ഥ (Emerging Business Ecosystems) വിഭാഗത്തിലും മുന്നിലെത്തി.

ബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതി (BRAP 2020) നടപ്പിലാക്കുന്നത് ആധാരമാക്കി സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്ന BRAP റിപ്പോർട്ടിന്റെ അഞ്ചാമത്തെ പതിപ്പ്, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമനാണ് പ്രകാശനം ചെയ്തത്.വാണിജ്യ-വ്യവസായ ഭക്ഷ്യ പൊതുവിതരണ ടെക്‌സ്‌റ്റൈൽസ് മന്ത്രി ശ്രീ പീയൂഷ് ഗോയൽ, DPIIT സെക്രട്ടറി ശ്രീ അനുരാഗ് ജെയിൻ, സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉന്നത  ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

1991 മുതൽ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനസ്വഭാവം കാര്യമായ പരിവർത്തനത്തിന്  വിധേയമായതായി,  വിലയിരുത്തൽ റിപ്പോർട്ട് പുറത്തിറക്കിയ ശേഷം ശ്രീമതി സീതാരാമൻ പറഞ്ഞു. “ഇപ്പോൾ നടക്കുന്ന പരിഷ്‌കാരങ്ങൾ പ്രതിക്രിയാപരമാണ്. 1991-ലെ പരിഷ്കാരങ്ങൾ പോലെ നിബന്ധിതമല്ല.  സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും, മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും പ്രോത്സാഹനം കൊണ്ടു വരാൻ ഗവൺമെന്റിനായിട്ടുണ്ട്. പരിഷ്ക്കരണങ്ങളുടെ പ്രോത്സാഹനം ഗവൺമെന്റിന് മാത്രമായി  കഴിയുന്നതല്ല മറിച്ച്, വ്യവസായത്തിനും അവിടെ വലിയ പങ്ക് നിർവ്വഹിക്കാനുണ്ട്,' ധനമന്ത്രി പറഞ്ഞു. ബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതിയ്ക്ക് കീഴിൽ നടപ്പിലാക്കുന്ന വിലയിരുത്തൽ ചട്ടക്കൂടിൽ കൊണ്ടുവന്ന കാലികമായ മാറ്റങ്ങളെ ധനമന്ത്രി അഭിനന്ദിച്ചു.

ബഹുഭാഷാ രൂപത്തിലും 100% പ്രതികരണങ്ങളും  തെളിവുകൾ അടിസ്ഥാനമാക്കിയുള്ളവയും എന്ന നിലയിലേക്ക് മൂല്യനിർണ്ണയം വികസിച്ചതായി ചടങ്ങിൽ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങൾ മികച്ച രീതികൾ പരസ്പരം പഠിക്കുന്ന  ഒരു സംസ്കാരം വളർത്തിയെടുക്കുകയും ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും ഇന്ത്യയെ ലോകമെമ്പാടുമുള്ള ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനമായി ഉയർത്തുകയും ചെയ്യുക  എന്ന ഏകീകൃത ലക്ഷ്യത്തോടെയാണ്  ബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതി നടപ്പിലാക്കിയതെന്ന്   അദ്ദേഹം പറഞ്ഞു.

“2014-ൽ, ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഊന്നൽ നൽകിയപ്പോൾ, അദ്ദേഹത്തിന്റെ പ്രധാന പ്രേരണകളിലൊന്ന്, നമ്മുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനായുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ, സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ  ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളെയും ഭാഗഭാക്കാക്കണം എന്നതാണ്. ആവാസവ്യവസ്ഥയിലെ വ്യത്യാസവും പരിവർത്തനവും ജീവിതം സുഗമമാക്കുമെന്നും ”ശ്രീ ഗോയൽ പറഞ്ഞു.

“2014-ൽ ആരംഭിച്ച പ്രക്രിയ മുന്നോട്ട് പോയതോടെ ഫലം ദൃശ്യമാകാൻ തുടങ്ങി. ഏതാനും മേഖലകളിലും കുറച്ച് നഗരങ്ങളിലും കുറച്ച് ബിസിനസ് സംരംഭങ്ങളിലും മാത്രമായി ഒതുങ്ങി നിന്ന  ബിസിനസ്സ് സുഗമമാക്കൽ പ്രക്രിയ പരിമിതികൾ മറികടന്ന്, മത്സരാധിഷ്ഠിത ഫെഡറലിസത്തിന്റെയും സഹകരണത്തിന്റെയും സത്ത ഉൾക്കൊണ്ട് രാജ്യത്തുടനീളം പ്രതിഫലിക്കുന്നതായി" വാണിജ്യ, വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾ തമ്മിലുള്ള വ്യത്യാസം വളരെ നേർത്തയതിനാൽ അവയെ റാങ്ക് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുന്നതാണ് ഉചിതമെന്നും  DPIIT സെക്രട്ടറി ശ്രീ അനുരാഗ് ജെയിൻ പറഞ്ഞു.

 
BRAP 2020-ൽ 301 പരിഷ്കരണ ബിന്ദുക്കൾ ഉൾപ്പെടുന്നു.വിവരങ്ങളുടെ ലഭ്യത , ഏകജാലക സംവിധാനം, തൊഴിൽ, പരിസ്ഥിതി, മേഖലാ പരിഷ്കാരങ്ങൾ, ഒരു സാധാരണ ബിസിനസ് പ്രക്രിയയിലുടനീളം  വ്യാപിച്ചുകിടക്കുന്ന മറ്റ് പരിഷ്കാരങ്ങൾ എന്നിങ്ങനെ  15 ബിസിനസ് നിയന്ത്രണ മേഖലകൾ പരിഷ്കരണ ബിന്ദുക്കളിൽ ഉൾപ്പെടുന്നു.

BRAP 2020-ൽ ആദ്യമായി മേഖലാ പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ വ്യാപാര ലൈസൻസ്, ആരോഗ്യ സംരക്ഷണം, ലീഗൽ മെട്രോളജി, സിനിമാ ഹാളുകൾ, ഹോസ്പിറ്റാലിറ്റി, ഫയർ NOC, ടെലികോം, സിനിമാ ഷൂട്ടിംഗ്, വിനോദ സഞ്ചാരം എന്നിങ്ങനെ 9 മേഖലകളിലായി 72 പരിഷ്‌കാരങ്ങൾ വിഭാവനം ചെയ്യുന്നു.

വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്  (DPIIT), 2014 മുതൽ, രാജ്യത്തുടനീളം ഒരു നിക്ഷേപ-സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ബിസിനസ് പരിഷ്‌കാരങ്ങൾക്കായിബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതി (BRAP) റിപ്പോർട്ട് പുറത്തിറക്കി വരുന്നു. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ മൂല്യനിർണ്ണയത്തിന്റെ 4 പതിപ്പുകൾ ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. 2020 ലെ മൂല്യനിർണ്ണയ പതിപ്പാണ് ഏറ്റവും പുതിയത്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ബിസിനസ് സ്ഥാപനങ്ങളിൽ  നിന്ന് പ്രതികരണങ്ങൾ സ്വീകരിക്കുന്ന ഒരു ഫീഡ്‌ബാക്ക് അധിഷ്ഠിത സംവിധാനം DPIIT ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്നത് അതത് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ യഥാർത്ഥ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ്.

 ബിസിനസ് സൗഹൃദ പദ്ധതിയുടെ (Ease of Doing Business program) സ്ഥാപന വത്കൃത സംവിധാനമാണ് DPIIT. ബിസിനസ്സ് നിയന്ത്രണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി DPIIT സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുംഭരണകൂടങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും തടസ്സങ്ങൾ മറികടക്കുന്നതിനുള്ള  യോജിച്ച സമീപനം സ്വീകരിക്കുകയും ചെയ്യുന്നു.
 
IE/SKY

(Release ID: 1838209) Visitor Counter : 277