പ്രധാനമന്ത്രിയുടെ ഓഫീസ്‌

വഡോദരയില്‍ ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പ്രധാനമന്ത്രി പങ്കെടുത്തു

21,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 1.4 ലക്ഷം വീടുകളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു

16,000 കോടി രൂപയുടെ പദ്ധതികളിലൂടെ മേഖലയിലെ റെയില്‍വേ ബന്ധിപ്പിക്കലിന് വലിയ ഉത്തേജനം

800 കോടി രൂപ ചെലവില്‍ 'മുഖ്യമന്ത്രി മാതൃശക്തി യോജന'യ്ക്ക് സമാരംഭം കുറിച്ചു

''ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് സ്ത്രീകളുടെ ദ്രുതഗതിയിലുള്ള വികസനത്തിലും  അവരുടെ ശാക്തീകരണത്തിലും  തുല്യപ്രധാന്യമുണ്ട്''

''ഇന്ത്യ ഇന്ന് സ്ത്രീകളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പദ്ധതികള്‍ തയ്യാറാക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു''

''വഡോദര സംസ്‌കാരങ്ങളുടെ നഗരമാണ്. ഏത് വഴിയിലൂടെയായാലും ഇവിടെ വരുന്നവരെ ഈ നഗരം സംരക്ഷിക്കുന്നു''

''തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ഗുജറാത്തിലെ സ്ത്രീകളെ എല്ലാ തലത്തിലും പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ശ്രമിച്ചിക്കുന്നു''

.

Posted On: 18 JUN 2022 3:25PM by PIB Thiruvananthpuram

വഡോദരയില്‍  ഇന്ന് നടന്ന    ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 21,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഗുണഭോക്താക്കള്‍, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ന് തനിക്ക് മാതൃ വന്ദന (മാതൃ ആരാധന) ദിനമാണെന്ന് തുടക്കത്തില്‍ തന്നെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് നൂറാം വയസ്സിലേക്ക് കടന്ന അമ്മയോട് അനുഗ്രഹം തേടിയാണ് അദ്ദേഹം തന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്. അതിനുശേഷം, പാവഗഢ് കുന്നില്‍ പുനര്‍വികസിപ്പിച്ച ശ്രീ കാളികാ മാതാ ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്തു, അവിടെ അദ്ദേഹം രാജ്യത്തിനായി പ്രാര്‍ത്ഥിക്കുകയും രാജ്യത്തെ സേവിക്കാനും അമൃത് കാലില്‍ രാജ്യത്തിന്റെ പ്രതിജ്ഞകള്‍ സാക്ഷാത്കരിക്കാനുമുളള ശക്തിക്കുമായി ദേവിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ചടങ്ങില്‍ സന്നിഹിതരായ വിശാലമായ മാതൃ ശക്തിയെ അദ്ദേഹം വണങ്ങി.

ഗുജറാത്തിന്റെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനം എന്ന സങ്കല്‍പ്പത്തിന് ഈ പദ്ധതികള്‍ കരുത്ത് പകരുമെന്ന് ഇന്നത്തെ പരിപാടിയിലെ 21,000 കോടി രൂപ ചെലവുവരുന്ന പദ്ധതികളെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. മാതൃ ആരോഗ്യം, പാവപ്പെട്ടവര്‍ക്കുള്ള വീടുകള്‍, ബന്ധിപ്പിക്കല്‍, ഉന്നത വിദ്യാഭ്യാസം എന്നിവയിലെ ഈ വലിയ നിക്ഷേപം ഗുജറാത്തിന്റെ വ്യാവസായിക വികസനത്തിന് ഉത്തേജനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികളില്‍ പലതും സ്ത്രീകളുടെ ആരോഗ്യം, പോഷകാഹാരം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സ്ത്രീ ശാക്തീകരണത്തെ വികസനത്തിന്റെ ആധാരമാക്കി മാറ്റാനുള്ള ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് മാ കാളികയുടെ അനുഗ്രഹത്താല്‍ പുതിയ മുന്നേറ്റം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ''സ്ത്രീകളുടെ ദ്രുതഗതിയിലുള്ള വികസനവും ശാക്തീകരണവും, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് തുല്യമായ പ്രധാന്യമുള്ളതാണ്.

ഇന്ത്യ ഇന്ന് സ്ത്രീകളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു'' , സമ്മേളനത്തില്‍ പരിചിതമായ പല മുഖങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കായി എല്ലാ മേഖലകളിലും അവസരങ്ങള്‍ തുറന്നിട്ടിട്ടുണ്ടെന്നും അവരുടെ ജീവിതചക്രത്തിന്റെ ഓരോ ഘട്ടവും മനസ്സില്‍ വച്ചുകൊണ്ട് സ്ത്രീ ശാക്തീകരണത്തിനായുള്ള പദ്ധതികള്‍ ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ''അമ്മയെപ്പോലെ സംസ്‌കാരങ്ങള്‍ നല്‍കുന്ന നഗരമായതിനാല്‍ മാതൃ ശക്തിയുടെ ആഘോഷത്തിന് അനുയോജ്യമായ നഗരമാണ് വഡോദര. സംസ്‌കാരങ്ങളുടെ നഗരമാണ് വഡോദര. ഏത് വഴിയിലൂടെയായാലും ഇവിടെ വരുന്നവരെ ഈ നഗരം എല്ലാ വിധത്തിലും പരിപാലിക്കുകയും സന്തോഷത്തിലും ദുഃഖത്തിലും അവരെ പിന്തുണയ്ക്കുകയും മുന്നോട്ട് പോകാനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു''. ഈ നഗരം സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദ്, വിനോബ ഭാവെ, ബാബാസാഹേബ് അംബേദ്ക്കര്‍ തുടങ്ങിയ വ്യക്തികളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ വ്യക്തിപരമായ യാത്രയില്‍ നഗരം വഹിച്ച പങ്കും ശ്രീ മോദി അനുസ്മരിച്ചു. 2014ല്‍ തനിക്ക് വഡോദരയുടെയും കാശി വിശ്വനാഥന്റെയും അനുഗ്രഹം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മാതാവിന്റെയും സ്ത്രീകളുടെയും ആരോഗ്യത്തിന്റെ പ്രാധാന്യം അദ്ദേഹം ആവര്‍ത്തിച്ചു. അമ്മയുടെ ആരോഗ്യം അവർക്ക് മാത്രമല്ല, മുഴുവന്‍ കുടുംബത്തിനും, പ്രത്യേകിച്ച് കുട്ടിക്കും പ്രധാനപെട്ടതാണ് . ''രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് എനിക്ക് സേവിക്കാന്‍ അവസരം നല്‍കിയപ്പോള്‍ പോഷകാഹാരക്കുറവ് ഇവിടെ വലിയ വെല്ലുവിളിയായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഈ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി, അതിന്റെ ഫലവത്തായ ഫലങ്ങള്‍ ഇന്ന് കാണുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോത്രവര്‍ഗ്ഗ മേഖലകളിലെ അരിവാള്‍ കോശ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സെപ്തംബര്‍ മാസം പോഷന്‍ മാഹ്-പോഷകാഹാര മാസമായി ആഘോഷിക്കാനുള്ള തീരുമാനം ഗുജറാത്തിലെ സ്ത്രീകളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോഷകാഹാരത്തിന് പുറമെ, ശുചിത്വ  ഭാരത്, ഉജ്ജ്വല തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീകള്‍ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാനും ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

''ഗുജറാത്തിലെ സ്ത്രീകളെ എല്ലാ തലത്തിലും പ്രോത്സാഹിപ്പിക്കുന്നതിന് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളുടെ പരിപാലന കഴിവ് മനസ്സിലാക്കി, ഗ്രാമവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളില്‍ സഹോദരിമാര്‍ക്ക് നേതൃത്വപരമായ റോളുകള്‍ നല്‍കിയിട്ടുണ്ട്'', പ്രധാനമന്ത്രി തുടര്‍ന്നു. കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് കേന്ദ്ര പങ്ക് ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. ജന്‍ധന്‍ അക്കൗണ്ടുകള്‍, മുദ്ര യോജന, സ്വരോജ്ഗാര്‍ യോജന എന്നിവ ഈ ലക്ഷ്യത്തിനായി സംഭാവന ചെയ്യുന്നുണ്ട്. നഗരങ്ങളിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ക്ഷേമത്തിനായുള്ള നടപടികളുടെ പട്ടികയും ശ്രീ മോദി അവതരിപ്പിച്ചു. നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതിനകം 7.5 ലക്ഷം വീടുകള്‍ ലഭിച്ചു. 4.5 ലക്ഷം ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിന് സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യായമായ വാടകയ്ക്കുള്ള പദ്ധതികളും സ്വാനിധി യോജനയും ഗ്രാമത്തിലെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സഹായിക്കുന്നുണ്ട്, പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ക്ഷേമനടപടികള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വ്യാവസായിക, പശ്ചാത്തല സൗകര്യ വികസനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ ടൂറിസം വികസനത്തിനുള്ള നടപടികള്‍ വഡോദരയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവഗഡ്, കെവാഡിയ എന്നിവ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിച്ചു കഴിഞ്ഞു. റെയില്‍വേ വ്യോമയാന പശ്ചാത്തല സൗകര്യങ്ങളിലും വഡോദര വന്‍ പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്. അതുപോലെ, കേന്ദ്രസര്‍വകലാശാല, റെയില്‍ സര്‍വകലാശാല, ബിര്‍സ മുണ്ട ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്‌ക്കൊപ്പം വിദ്യാഭ്യാസ മേഖലയിലും പുത്തന്‍ ഊര്‍ജം കൊണ്ടുവരികയാണ്, പ്രധാനമന്ത്രി പറഞ്ഞു.

പരിപാടികളുടെ വിശദാംശങ്ങള്‍:

16,000 കോടി രൂപ ചെലവുവരുന്ന വിവിധ റെയില്‍വേ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മറ്റുള്ളവയ്‌ക്കൊപ്പം സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ 357 കിലോമീറ്റര്‍ നീളമുള്ള പുതിയ പാലന്‍പൂര്‍ - മദാര്‍ വിഭാഗം രാജ്യത്തിന് സമര്‍പ്പിച്ചത്, 166 കിലോമീറ്റര്‍ നീളമുള്ള അഹമ്മദാബാദ്-ബോട്ടാഡ് വിഭാഗത്തിന്റെ ഗേജ് പരിവര്‍ത്തനം; 81 കിലോമീറ്റര്‍ നീളമുള്ള പാലന്‍പൂര്‍ - മിത വിഭാഗത്തിന്റെ വൈദ്യുതീകരണം, എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ മേഖലയിലെ മറ്റ് മുന്‍കൈകള്‍ക്ക് തറക്കല്ലിട്ടതിനൊപ്പം സൂറത്ത്, ഉദ്‌ന, സോമനാഥ്, സബര്‍മതി സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതികള്‍ ലോജിസ്റ്റിക് ചെലവ് കുറയ്ക്കാനും മേഖലയിലെ വ്യവസായ-കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാനും സഹായിക്കും. അവ മേഖലയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നഗരമേഖലകളില്‍ 1,800 കോടി രൂപയുടെ ചെലവുവരുന്നതും ഗ്രാമീണമേഖലയില്‍ 1,530 കോടിയിലധികം രൂപ ചെലവുവരുന്നതുമായ വീടുകളും ഉള്‍പ്പെടെ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ മൊത്തം 1.38 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും. ഇതിനുപുറമെ, 310 കോടിയിലധികം രൂപ ചെലവുവരുന്ന 3000 വീടുകളുടെ ഖത് മുഹൂര്‍ത്തവും നടന്നും.

പരിപാടിയില്‍, ഖേഡ, ആനന്ദ്, വഡോദര, ഛോട്ടാ ഉദയ്പൂര്‍, പഞ്ച്മഹല്‍ എന്നിവിടങ്ങളില്‍ ഈ മേഖലകളിലെ ജീവിതം കുടുതല്‍ സുഗമമാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള 680 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഗുജറാത്തിലെ ദഭോയ് താലൂക്കിലെ കുന്ദേല ഗ്രാമത്തില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. വഡോദര നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാലയുടെ നിര്‍മ്മാണം ഏകദേശം 425 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുകയും ഇതിലൂടെ 2500-ലധികം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും.

മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'മുഖ്യമന്ത്രി മാതൃശക്തി യോജനയ്ക്കും' പ്രധാനമന്ത്രി സമാരംഭം കുറിച്ചു, 800 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും എല്ലാ മാസവും അങ്കണവാടികളില്‍ നിന്ന് 2 കിലോ വെള്ളക്കടല, ഒരു കിലോ തുവരപ്പരിപ്പ്, ഒരു കിലോ ഭക്ഷ്യ എണ്ണ എന്നിവ സൗജന്യമായി നല്‍കും. സംസ്ഥാനത്തെ എല്ലാ ഗോത്രവിഭാഗ ഗുണഭോക്താക്കള്‍ക്കുമായി വിപുലീകരിച്ച പോഷന്‍ സുധാ യോജന പദ്ധതിയിലെ 120 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്തു. ഗോത്രവര്‍ഗ്ഗ ജില്ലകളിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അയണ്‍, കാല്‍സ്യം ഗുളികകള്‍ നല്‍കുകയും പോഷകാഹാരത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഈ ചുവട്‌വയ്പ്പ്.

--ND--

 

 



(Release ID: 1835080) Visitor Counter : 116