മന്ത്രിസഭ

ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) തമ്മില്‍ വ്യവസായ മേഖലയിലും നൂതന സാങ്കേതികവിദ്യകളിലുമുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 JUN 2022 5:03PM by PIB Thiruvananthpuram

വ്യവസായം, നൂതന സാങ്കേതിക മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ച് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) തമ്മില്‍ ഉഭയകക്ഷി ധാരണാപത്രം  ഒപ്പിടാനുള്ള നിര്‍ദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി.

 വളരുന്ന ഇന്ത്യ-യുഎഇ സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ രണ്ടുരാജ്യങ്ങളും തമ്മിലുള്ള ദ്രുതഗതിയിലുള്ള വൈവിധ്യമാര്‍ന്നതും ആഴമേറിയതുമായ ഉഭയകക്ഷി ബന്ധത്തിന്റെ സുസ്ഥിരതയും ശക്തിയും പ്രദാനം ചെയ്യുന്നു. 1970കളില്‍ പ്രതിവര്‍ഷം 180 മില്യണ്‍ യുഎസ് ഡോളര്‍ (1373 കോടി രൂപ) മൂല്യമുണ്ടായിരുന്ന ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം 60 ബില്യണ്‍ യുഎസ് ഡോളറായി (4.57 ലക്ഷം കോടി രൂപ) വര്‍ധിച്ചു. ചൈനയ്ക്കും യുഎസിനും പിന്നാലെ 2019-20 വര്‍ഷത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി യുഎഇ മാറി. കൂടാതെ, 2019-2020 വര്‍ഷത്തേക്ക് 29 ബില്യണ്‍ യുഎസ് ഡോളര്‍ (2.21 ലക്ഷം കോടി രൂപ) കയറ്റുമതി മൂല്യമുള്ള യുഎഇയാണ് (യുഎസ് കഴിഞ്ഞാല്‍) ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രം. 18 ബില്യണ്‍ യുഎസ് ഡോളര്‍ (1.37 ലക്ഷം കോടി രൂപ) നിക്ഷേപമുള്ള യുഎഇ ഇന്ത്യയിലെ എട്ടാമത്തെ വലിയ നിക്ഷേപകരാണ്. യുഎഇയിലെ ഇന്ത്യന്‍ നിക്ഷേപം ഏകദേശം 85 ബില്യണ്‍ യുഎസ് ഡോളറാണ് (6.48 ലക്ഷം കോടി രൂപ).


ഇന്ത്യയും യുഎഇയും 18/02/2022ന് ഉഭയകക്ഷി 'സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി'യില്‍ (സിഇപിഎ) ഒപ്പുവച്ചിരുന്നു. ഈ കരാറിന് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 60 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് (4.57 ലക്ഷം കോടി രൂപ) 100 ബില്യണ്‍ യുഎസ് ഡോളറായി (7.63 ലക്ഷം കോടി രൂപ) വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്. 

താഴെപ്പറയുന്ന മേഖലകളില്‍ പരസ്പരം പ്രയോജനപ്പെടുന്നതിന്റെ അടിസ്ഥാനത്തിലുള്ള സഹകരണമാണു ധാരണാപത്രം വിഭാവനം ചെയ്യുന്നത്:

 

എ. വ്യവസായങ്ങളുടെ വിതരണശൃംഖല ശക്തിപ്പെടുത്തല്‍

ബി. പുനരുപയോഗിക്കാവുന്നതും ഊര്‍ജ കാര്യക്ഷമതയും

സി. ആരോഗ്യവും ജീവിത ശാസ്ത്രവും

ഡി. ബഹിരാകാശ സംവിധാനങ്ങള്‍

ഇ. നിര്‍മ്മിത ബുദ്ധി

എഫ്. വ്യവസായം 4.0 പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യകള്‍

ജി. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, മെട്രോളജി, യോജിച്ച വിലയിരുത്തല്‍, അക്രഡിറ്റേഷന്‍, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍.

 

നിക്ഷേപം, സാങ്കേതിക കൈമാറ്റം, വ്യവസായങ്ങളിലെ പ്രധാന സാങ്കേതിക വിദ്യകളുടെ വിന്യാസം എന്നിവയിലൂടെ ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ധാരണാപത്രം ലക്ഷ്യമിടുന്നു. ഇത് സമ്പദ്‌വ്യവസ്ഥയിലുടനീളം തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യതയുമുണ്ട്.

 

ധാരണാപത്രം നടപ്പിലാക്കുന്നതു പരസ്പര സഹകരണത്തിന്റെ എല്ലാ മേഖലകളിലും, പ്രത്യേകിച്ചു പുനരുപയോഗ ഊര്‍ജം, നിര്‍മിതബുദ്ധി, വ്യവസായം പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യകള്‍, ആരോഗ്യം, ജീവിത ശാസ്ത്രം തുടങ്ങിയ മേഖലകളില്‍, ഗവേഷണവും നവീകരണവും വര്‍ധിപ്പിക്കുന്നതിനു കാരണമാകും. ഇത് ഈ മേഖലകളുടെ വളര്‍ച്ചയ്ക്കും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും കാരണമാകും.

 

ധാരണാപത്രത്തില്‍ ഒപ്പിടുന്നത്, ഇന്ത്യയെ സ്വയംപര്യാപ്ത രാഷ്ട്രമാക്കി മാറ്റുന്നതിനു പ്രധാനമന്ത്രി നല്‍കിയ ആഹ്വാനമായ 'ആത്മനിര്‍ഭര്‍ ഭാരതി'ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനും കാരണമാകും.

-ND-(Release ID: 1832234) Visitor Counter : 186