പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സേവ് സോയില്‍' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 05 JUN 2022 2:14PM by PIB Thiruvananthpuram

നമസ്‌കാരം.

നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോക പരിസ്ഥിതി ദിന ആശംസകള്‍. ഈ അവസരത്തില്‍ സദ്ഗുരുവിനും ഇഷ ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സംഘടന സേവ് സോയില്‍ പ്രചാരണ പരിപാടി ആരംഭിച്ചു. 27 രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ന് 75-ാം ദിവസം ഇവിടെ എത്തിയിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും ഈ 'അമൃതകാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍, ഇത്തരം ബഹുജന പ്രചാരണങ്ങള്‍ വളരെ നിര്‍ണായകമാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 8 വര്‍ഷമായി രാജ്യത്ത് നടപ്പാക്കുന്ന പദ്ധതികളിലും പരിപാടികളിലും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള അന്തര്‍ലീനമായ പ്രേരണയുണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ശുചിത്വ ഭാരത ദൗത്യമോ അമൃത് ദൗത്യത്തിനു കീഴില്‍ നഗരങ്ങളിലെ ആധുനിക മലിനജല സംസ്‌കരണ പ്ലാന്റുകളുടെ നിര്‍മ്മാണമോ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടാനുള്ള പ്രചാരണമോ, നമാമി ഗംഗയ്ക്ക് കീഴില്‍ ഗംഗാ ശുചീകരണ പ്രചാരണമോ ആകട്ടെ; സൗരോര്‍ജ്ജത്തില്‍ ഊന്നുന്ന, ഒരു സൂര്യന്‍-ഒരു ഗ്രിഡ്, അല്ലെങ്കില്‍ എത്തനോള്‍ ഉല്‍പാദനത്തിലെയും മിശ്രിതത്തിലെയും വര്‍ദ്ധനവ്; ഏതിലും പരിസ്ഥിതി സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ബഹുമുഖമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നത്തില്‍ ലോകം വലയുന്ന സമയത്താണ് ഇന്ത്യ ഈ ശ്രമങ്ങള്‍ നടത്തുന്നതെങ്കിലും, ഈ ദുരന്തത്തില്‍ ഇന്ത്യയ്ക്ക് ഒരു പങ്കുമില്ല.

ലോകത്തിലെ വലിയ രാജ്യങ്ങള്‍ ഭൂമിയുടെ കൂടുതല്‍ കൂടുതല്‍ വിഭവങ്ങള്‍ ചൂഷണം ചെയ്യുക മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ പുറന്തള്ളുന്നവരുമാണ്. കാര്‍ബണ്‍ പുറന്തള്ളലിന്റെ ആഗോള ശരാശരി ഒരാള്‍ക്ക് 4 ടണ്‍ ആണ്; അതേസമയം ഇന്ത്യയില്‍ ഇത് ഒരാള്‍ക്ക് അര ടണ്‍ മാത്രമാണ്. ഇതൊക്കെയാണെങ്കിലും, രാജ്യത്തിനകത്ത് മാത്രമല്ല, ആഗോള സമൂഹവുമായി ഇടപഴകിക്കൊണ്ട് സമഗ്രമായ സമീപനത്തോടെയാണ് ഇന്ത്യ പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യം (സിഡിആര്‍ഐ) സൃഷ്ടിക്കുന്നതിന് ഇന്ത്യ നേതൃത്വം നല്‍കി,  അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം അഥവാ ഐഎസ്എയെ കുറിച്ചും സദ്ഗുരുജി പരാമര്‍ശിച്ചിട്ടുണ്ട്. 2070-ഓടെ സമ്പൂര്‍ണ കാര്‍ബണ്‍രഹിത ലക്ഷ്യം കൈവരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയും പ്രതിജ്ഞയെടുത്തു.

സുഹൃത്തുക്കളേ,

 മണ്ണ് അല്ലെങ്കില്‍ ഈ ഭൂമി നമുക്ക് പഞ്ചഭൂതങ്ങളില്‍ ഒന്നാണ്. വളരെ അഭിമാനത്തോടെ നാം നെറ്റിയില്‍ മണ്ണ് പുരട്ടുന്നു. കളിക്കുന്നതിനിടയില്‍ ഈ മണ്ണില്‍ വീണാണ് നാം  വളരുന്നത്. മണ്ണിനോടുള്ള ബഹുമാനത്തിന് ഒരു കുറവുമില്ല; മണ്ണിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ ഒരു കുറവുമില്ല.  നിര്‍ഭാഗ്യവശാല്‍, മനുഷ്യരാശിയുടെ പ്രവര്‍ത്തനങ്ങള്‍ മണ്ണിന് എത്രമാത്രം നാശമുണ്ടാക്കി എന്ന വസ്തുതയ്ക്ക് സ്വീകാര്യത കുറവാണ്! ഇപ്പോള്‍ സദ്ഗുരു ജി പറഞ്ഞു, എന്താണ് പ്രശ്‌നമെന്ന് എല്ലാവര്‍ക്കും അറിയാം!

 ചെറുപ്പത്തില്‍, കോഴ്‌സിന്റെ ഭാഗമായി നമ്മെ  ഒരു പാഠം പഠിപ്പിച്ചതു ഞാന്‍ ഗുജറാത്തിയില്‍ വായിച്ചിട്ടുണ്ട്; മറ്റുള്ളവര്‍ അവരവരുടെ ഭാഷകളില്‍ വായിച്ചിരിക്കാം. കഥയനുസരിച്ച്, വഴിയില്‍ ഒരു കല്ല് കിടക്കുന്നു. കല്ല് വഴിയടച്ചതിനാല്‍ ആളുകള്‍ ദേഷ്യത്തോടെ കടന്നുപോകുകയായിരുന്നു. ഈ കല്ല് ആരാണ് ഇവിടെ കൊണ്ടുവച്ചത്, ഇത് എവിടെ നിന്ന് വന്നു എന്നൊക്കെ ചോദിക്കുമ്പോള്‍ ചിലര്‍ അതിനെ ചവിട്ടുകയായിരുന്നു. പക്ഷേ, അത് മാറ്റിവെച്ചില്ല. എന്നാല്‍ ഒരു മാന്യന്‍ അതുവഴി കടന്നുപോയി, വഴിയില്‍ നിന്ന് കല്ല് മാറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്തു. ഒരുപക്ഷേ, അദ്ദേഹം സദ്ഗുരുവിനെപ്പോലെ ഒരാളായിരുന്നു.

 യുധിഷ്ടിരന്റെയും ദുര്യോധനന്റെയും കൂടിക്കാഴ്ചയെക്കുറിച്ച് പറയുമ്പോള്‍, ദുര്യോധനനെക്കുറിച്ച് പറയുന്നു, എന്റെ കടമയെക്കുറിച്ച് എനിക്ക് ബോധമുണ്ട്, പക്ഷേ അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല;  എനിക്ക് കഴിയില്ല;  സത്യം എന്താണെന്ന് എനിക്കറിയാം, പക്ഷേ ആ വഴിയിലൂടെ നടക്കാന്‍ എനിക്ക് കഴിയുന്നില്ല.  അങ്ങനെ ഒരു പ്രവണത സമൂഹത്തില്‍ വര്‍ധിക്കുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ ഉടലെടുക്കുന്നു.  അപ്പോഴാണ് കൂട്ടായ പ്രചാരണങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടത്.

 കഴിഞ്ഞ എട്ട് വര്‍ഷമായി മണ്ണ് സംരക്ഷിക്കാന്‍ രാജ്യം അക്ഷീണം പ്രയത്‌നിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.  മണ്ണിനെ സംരക്ഷിക്കാന്‍, ഞങ്ങള്‍ അഞ്ച് പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു-

 ആദ്യം, എങ്ങനെ മണ്ണ് രാസ രഹിതമാക്കാം?  രണ്ടാമതായി, മണ്ണില്‍ വസിക്കുന്ന ജീവികളെ, അതായത് മണ്ണിലെ ജൈവ പദാര്‍ത്ഥത്തെ സാങ്കേതിക ഭാഷയില്‍ എന്തു പേരു വിളിക്കാം? മൂന്നാമത്, മണ്ണിന്റെ ഈര്‍പ്പം എങ്ങനെ നിലനിര്‍ത്താം? മണ്ണിന്റെ ജലലഭ്യത എങ്ങനെ വര്‍ദ്ധിപ്പിക്കാം?  നാലാമതായി, ഭൂഗര്‍ഭജലം കുറവായതിനാല്‍ മണ്ണിനുണ്ടാകുന്ന നാശം എങ്ങനെ തടയാം?  അഞ്ചാമതായി, വനവിസ്തൃതി കുറയുന്നതുമൂലം തുടര്‍ച്ചയായ മണ്ണൊലിപ്പ് എങ്ങനെ തടയാം?


സുഹൃത്തുക്കളേ,

 ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ വച്ചുകൊണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ മാറ്റം രാജ്യത്തിന്റെ കാര്‍ഷിക നയമാണ്.  മുമ്പ്, നമ്മുടെ നാട്ടിലെ കര്‍ഷകന് അവരുടെ മണ്ണിന്റെ ഇനം, അവന്റെ മണ്ണിന്റെ കുറവ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലായിരുന്നു. ഈ പ്രശ്‌നം മറികടക്കാന്‍, രാജ്യത്തെ കര്‍ഷകര്‍ക്ക് മണ്ണ് ആരോഗ്യ കാര്‍ഡുകള്‍ നല്‍കാനുള്ള വലിയ പ്രചാരണം ആരംഭിച്ചു. നമ്മള്‍ മനുഷ്യര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ നല്‍കിയാല്‍, മോദി ഗവണ്മെന്റ്  ചില നല്ല കാര്യങ്ങള്‍ ചെയ്തുവെന്ന് പത്രങ്ങളില്‍ തലക്കെട്ട് ഉണ്ടാക്കും. എന്നാല്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെ കാര്യത്തില്‍ മാധ്യമങ്ങളുടെ പ്രചാരണം വളരെ നിസ്സാരമായിരുന്നു.

 രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് 22 കോടിയിലധികം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കി. കാര്‍ഡുകള്‍ മാത്രമല്ല മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട ഒരു വലിയ ശൃംഖലയും രാജ്യത്തുടനീളം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.  സോയില്‍ ഹെല്‍ത്ത് കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ രാസവളങ്ങളും സൂക്ഷ്മ പോഷകങ്ങളും ഉപയോഗിക്കുന്നു. തല്‍ഫലമായി, കർഷകർക്ക്  അവരുടെ ഉല്‍പാദനച്ചെലവില്‍ 8 മുതല്‍ 10 ശതമാനം വരെ ലാഭിക്കുകയും വിളവില്‍ 5-6 ശതമാനം വര്‍ദ്ധനവ് കാണുകയും ചെയ്തു. അതായത്, മണ്ണ് ആരോഗ്യമുള്ളതനുസരിച്ച്, ഉല്‍പാദനവും വര്‍ദ്ധിക്കുന്നു.

 യൂറിയയിൽ  100% വേപ്പെണ്ണ പുരട്ടിയതും  മണ്ണിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. സൂക്ഷ്മ ജലസേചനത്തിന്റെ പ്രോത്സാഹനവും അടല്‍ ഭൂജല്‍ യോജനയും കാരണം രാജ്യത്തെ പല സംസ്ഥാനങ്ങളിലും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. ഉദാഹരണത്തിന്, 2 വയസ്സുള്ള ഒരു കുട്ടിക്ക് പോഷകാഹാരക്കുറവ്, അസുഖം, അവന്റെ ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിൽ  അവന്   ഭാരക്കുറവുണ്ട്, ഉയരം കൂടുന്നില്ല. എന്നാല്‍ പാലും മറ്റും ആരോഗ്യത്തിന് നല്ലതാണെന്ന് ആരോ അമ്മയോട് നിര്‍ദ്ദേശിക്കുന്നു.  നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട്, അമ്മ കുട്ടിക്കു ദിവസവും 10 ലിറ്റര്‍ പാല്‍ കൊടുക്കുന്നു;  അവന്റെ ആരോഗ്യം സുഖമായിരിക്കുമോ?  വിവേകമുള്ള ഒരു അമ്മ തന്റെ മകന് ചെറിയ അളവില്‍ പാല്‍ ദിവസത്തില്‍ രണ്ടുതവണയോ, ഒരു സ്പൂണ്‍ പാല്‍ വീതം അഞ്ച് തവണയോ ഏഴ് തവണയോ നല്‍കുകയാണെങ്കില്‍, ക്രമേണ അവന്റെ ആരോഗ്യം മെച്ചപ്പെടുന്നത്  ആളുകള്‍ക്കു കാണാന്‍ കഴിയും.

 വിളകളുടെ കാര്യത്തിലും അങ്ങനെ തന്നെ. വെള്ളത്തിലിട്ട് നനച്ചാല്‍ നല്ല വിളവ് ലഭിക്കുമെന്നല്ല. പകരം, തുള്ളികള്‍, അതായത് ഓരോ തുള്ളി കൂടുതല്‍ വിളകള്‍ക്കും വെള്ളം നല്‍കിയാല്‍, അത് കൂടുതല്‍ മെച്ചപ്പെടും.  നിരക്ഷരയായ ഒരമ്മ പോലും തന്റെ കുഞ്ഞിന് പത്തുലിറ്റര്‍ പാല് കൊടുക്കില്ല, എന്നാല്‍ ചിലപ്പോള്‍ വിദ്യാസമ്പന്നരായ നമ്മള്‍ പാടം മുഴുവന്‍ വെള്ളം നിറയ്ക്കും.  എന്തായാലും ഇക്കാര്യങ്ങളില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കണം.

 ക്യാച്ച് ദ റെയിന്‍ ( മഴവെള്ള സംഭരണം) പോലുള്ള പ്രചരണ പരിപാടികളിലൂടെ രാജ്യത്തെ ജനങ്ങളെ ജലസംരക്ഷണവുമായി ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ 13 പ്രധാന നദികള്‍ സംരക്ഷിക്കുന്നതിനുള്ള പ്രചാരണവും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭത്തിന് കീഴില്‍, ജലമലിനീകരണം കുറയ്ക്കുന്നതിനൊപ്പം, നദികളുടെ തീരത്ത് വനങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനവും നടക്കുന്നു. ഇത് ഇന്ത്യയുടെ വനവിസ്തൃതി 7400 ചതുരശ്ര കിലോമീറ്ററിലധികം വര്‍ദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വനവിസ്തൃതി 20,000 ചതുരശ്ര കിലോമീറ്ററിലധികം വര്‍ദ്ധിപ്പിച്ചു, വനവിസ്തൃതി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ സംരംഭം സഹായിക്കും.

സുഹൃത്തുക്കളേ,

 ഇന്ത്യ ഇന്ന് പിന്തുടരുന്ന ജൈവവൈവിധ്യവും വന്യജീവിയുമായി ബന്ധപ്പെട്ട നയങ്ങളും വന്യജീവികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് കടുവ, സിംഹം, പുള്ളിപ്പുലി, ആന എന്നിവയുടെ എണ്ണം കൂടിവരികയാണ്.

 സുഹൃത്തുക്കളേ,


 രാജ്യത്ത് ആദ്യമായി, നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും വൃത്തിയുള്ളതാക്കുക, ഇന്ധനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, മണ്ണിന്റെ ആരോഗ്യം ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കുക തുടങ്ങിയ പ്രചാരണ പരിപാടികള്‍ ഞങ്ങള്‍ ഒരുമിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ഗോബര്‍ധൻ  പദ്ധതിയും അത്തരത്തിലുള്ള ഒന്നാണ്. ഞാന്‍ ഗോബര്‍ധനിനെക്കുറിച്ച് പറയുമ്പോള്‍, ചില മതേതര ആളുകള്‍ അതിനെ ചോദ്യം ചെയ്യാന്‍ തുടങ്ങും.  അവര്‍ അസ്വസ്ഥരാകും.

 ഗോബര്‍ധന്‍ പദ്ധതി പ്രകാരം ചാണകവും മറ്റ് കാര്‍ഷിക മാലിന്യങ്ങളും ബയോഗ്യാസ് പ്ലാന്റുകള്‍ വഴി ഊര്‍ജമാക്കി മാറ്റുകയാണ്. നിങ്ങള്‍ എപ്പോഴെങ്കിലും കാശി-വിശ്വനാഥിലേക്ക് പോകുകയാണെങ്കില്‍, ദയവായി കുറച്ച് കിലോമീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കുന്ന ഗോബര്‍ദന്‍ പ്ലാന്റുകള്‍ പോയി കാണുക. ഈ ചെടികളില്‍ നിന്ന് ഉണ്ടാക്കുന്ന ജൈവവളമാണ് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ 7-8 വര്‍ഷത്തിനുള്ളില്‍, 1600-ലധികം പുതിയ ഇനം വിത്തുകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്, അതിനാല്‍ മണ്ണില്‍ അധിക സമ്മര്‍ദ്ദം ചെലുത്താതെ തന്നെ നമുക്ക് ഉല്‍പ്പാദിപ്പിക്കാനാകും.

സുഹൃത്തുക്കളേ,


 ഇന്നത്തെ നമ്മുടെ വെല്ലുവിളികള്‍ക്ക് പ്രകൃതിദത്ത കൃഷി വലിയൊരു പരിഹാരമാണ്. ഈ വര്‍ഷത്തെ ബജറ്റില്‍, ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കാനും പ്രകൃതി കൃഷിയുടെ ഒരു വലിയ ഇടനാഴി സ്ഥാപിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. വ്യാവസായിക ഇടനാഴി, പ്രതിരോധ ഇടനാഴി എന്നൊക്കെയാണ് നമ്മുടെ നാട്ടില്‍ ഇതുവരെ കേട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ പ്രകൃതി കൃഷിയുടെ ഒരു പുതിയ ഇടനാഴി, അതായത് , ഗംഗയുടെ തീരത്ത് കാർഷിക ഇടനാഴി  ആരംഭിച്ചിരിക്കുന്നു. ഇതോടെ നമ്മുടെ വയലുകള്‍ രാസവസ്തു വിമുക്തമാകുമെന്ന് മാത്രമല്ല, നമാമി ഗംഗേ പ്രചാരണ പരിപാടിക്കും പുതിയ ഉണര്‍വ് കൈവരും. 2030-ഓടെ 26 ദശലക്ഷം ഹെക്ടര്‍ തരിശുഭൂമി പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യയും പ്രവര്‍ത്തിക്കുന്നത്.

സുഹൃത്തുക്കളേ,

 പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി, ഇന്ന് ഇന്ത്യ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും പരിസ്ഥിതി അനുകൂല സാങ്കേതികവിദ്യയ്ക്കും നിരന്തരം ഊന്നല്‍ നല്‍കുന്നു. മലിനീകരണം കുറയ്ക്കാന്‍ ഞങ്ങള്‍ ബിഎസ്-5 മാനദണ്ഡം സ്വീകരിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം; പകരം, ഞങ്ങള്‍ ബിഎസ്-4 ല്‍ നിന്ന് ബിഎസ്-6 ലേക്ക് നേരിട്ട് കുതിച്ചു.  രാജ്യത്തുടനീളം എല്‍ഇഡി ബള്‍ബുകള്‍ ലഭ്യമാക്കുന്നതിനായി ഞങ്ങള്‍ ആരംഭിച്ച ഉജാല പദ്ധതി കാരണം, പ്രതിവര്‍ഷം 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുന്നു. എല്ലാവരും സഹകരിച്ചാല്‍, എല്ലാവരുടെയും പ്രയത്നങ്ങള്‍ക്ക് വമ്പിച്ച ഫലങ്ങള്‍ കൈവരിക്കാനാകും.

 ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യ ശ്രമിക്കുന്നു.  പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, ഞങ്ങള്‍ വളരെ വലിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുകയാണ്. നമ്മുടെ സ്ഥാപിത വൈദ്യുതി ഉല്‍പ്പാദന ശേഷിയുടെ 40% ഫോസില്‍-ഇന്ധന അധിഷ്ഠിത സ്രോതസ്സുകളില്‍ നിന്ന് കൈവരിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. നിശ്ചയിച്ചിരുന്നതിനേക്കാള്‍ 9 വര്‍ഷം മുമ്പാണ് ഇന്ത്യ ഈ ലക്ഷ്യം നേടിയത്. ഇന്ന് നമ്മുടെ സൗരോര്‍ജ്ജ ശേഷി ഏകദേശം 18 മടങ്ങ് വര്‍ദ്ധിച്ചു. ഹൈഡ്രജന്‍ ദൗത്യവും ചലനാത്മക നയവും പരിസ്ഥിതി സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ്.  പഴയ വാഹനങ്ങള്‍ക്ക് പൊളിച്ചു വില്‍ക്കല്‍ നയം ഞങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.  ഈ സ്‌ക്രാപ്പ് നയം ഒരു വലിയ മാറ്റം ആയിരിക്കും.

സുഹൃത്തുക്കളേ,

 ഈ ശ്രമങ്ങള്‍ക്കിടയിലാണ് പരിസ്ഥിതി ദിനത്തില്‍ ഇന്ത്യ മറ്റൊരു നേട്ടം കൈവരിച്ചത്.  ഭാഗ്യവശാല്‍ ഇന്ന് ഞാന്‍ സുവാര്‍ത്ത പങ്കിടാന്‍ അനുയോജ്യമായ ഒരു വേദി കണ്ടെത്തി. പരമ്പരാഗതമായി, തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന ഒരാളെ നിങ്ങള്‍ സ്പര്‍ശിച്ചാല്‍, നിങ്ങള്‍ക്കും പകുതി പുണ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഇന്ന് ഞാന്‍ ഈ സന്തോഷവാര്‍ത്ത രാജ്യവുമായി പങ്കിടുമ്പോള്‍, ലോകമെമ്പാടുമുള്ള ആളുകളും ഇത് ആസ്വദിക്കും. അതെ, ചിലര്‍ക്ക് ആനന്ദം തേടാന്‍ മാത്രമേ കഴിയൂ. പെട്രോളില്‍ 10 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം ഇന്ത്യ ഇന്ന് കൈവരിച്ചു.

നിശ്ചയിച്ചിരുന്നതിനേക്കാള്‍ 5 മാസം മുമ്പ് ഇന്ത്യ ഈ ലക്ഷ്യത്തിലെത്തി എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും അഭിമാനിക്കാം. 2014ല്‍ ഇന്ത്യയില്‍ 1.5 ശതമാനം എത്തനോള്‍ മാത്രമാണ് പെട്രോളില്‍ കലര്‍ത്തിയിരുന്നത് എന്നതില്‍ നിന്ന് ഈ നേട്ടത്തിന്റെ മഹത്വം നിങ്ങള്‍ക്ക് ഊഹിക്കാം.

 ഈ ലക്ഷ്യം നേടിയതിലൂടെ ഇന്ത്യക്ക് നേരിട്ടുള്ള മൂന്ന് നേട്ടങ്ങള്‍ ലഭിച്ചു.  ഒന്ന്, ഏകദേശം 27 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞു.  രണ്ടാമതായി, ഇന്ത്യ 41,000 കോടിയിലധികം വിദേശനാണ്യം ലാഭിച്ചു.  മൂന്നാമത്തെ പ്രധാന നേട്ടം, എത്തനോള്‍ മിശ്രിതം വര്‍ധിപ്പിച്ചതുവഴി രാജ്യത്തെ കര്‍ഷകര്‍ 8 വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപയിലധികം സമ്പാദിച്ചു എന്നതാണ്.  ഈ നേട്ടത്തിന് രാജ്യത്തെ ജനങ്ങളെയും രാജ്യത്തെ കര്‍ഷകരെയും രാജ്യത്തെ എണ്ണക്കമ്പനികളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

 രാജ്യം ഇന്ന് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി-ദേശീയ ഗതി ശക്തി കര്‍മ പദ്ധതിയും പരിസ്ഥിതി സംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കും.  ഗതി-ശക്തി മൂലം രാജ്യത്തെ ചരക്കു ഗതാഗത സംവിധാനം ആധുനികവും ഗതാഗത സംവിധാനം ശക്തവുമാകും. ഇത് മലിനീകരണം കുറയ്ക്കാന്‍ ഏറെ സഹായിക്കും.  രാജ്യത്തെ ബഹുമാതൃകാ കണക്റ്റിവിറ്റിയും നൂറിലധികം പുതിയ ജലപാതകളുടെ പ്രവര്‍ത്തനവും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളിയെ നേരിടുന്നതിനും ഇന്ത്യയെ സഹായിക്കും.

സുഹൃത്തുക്കളേ,

 ഇന്ത്യയുടെ ഈ ശ്രമങ്ങളുടെ മറ്റൊരു വശമുണ്ട്, അത് അപൂര്‍വ്വമായാണു ചര്‍ച്ച ചെയ്യപ്പെടുന്നത്. അതാണ് ഹരിത തൊഴിലുകളുടെ വിഷയം.  പാരിസ്ഥിതിക താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യ തീരുമാനങ്ങള്‍ എടുക്കുകയും അവ വേഗത്തില്‍ നടപ്പിലാക്കുകയും ചെയ്യുന്ന രീതിയും ധാരാളം ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇതും ചിന്തിക്കേണ്ട വിഷയമാണ്.

സുഹൃത്തുക്കളേ,

 പരിസ്ഥിതിയെ സംരക്ഷിക്കാനും ഭൂമിയെ സംരക്ഷിക്കാനും മണ്ണിനെ സംരക്ഷിക്കാനും പൊതുബോധം വര്‍ധിച്ചാല്‍ ഫലം ഇതിലും മികച്ചതായിരിക്കും. രാജ്യത്തോടും രാജ്യത്തെ എല്ലാ ഗവണ്‍മെന്റുകളോടും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും എല്ലാ സന്നദ്ധ സംഘടനകളോടും എന്റെ അഭ്യര്‍ത്ഥന സ്‌കൂള്‍-കോളേജുകള്‍, എന്‍എസ്എസ്, എന്‍സിസി എന്നിവയെ അവരുടെ ശ്രമങ്ങളില്‍ ബന്ധിപ്പിക്കണമെന്നാണ്.

 ' സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ'ത്തില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു അഭ്യര്‍ത്ഥന കൂടി നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് 15-നകം രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് 75 അമൃത സരോവരങ്ങളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അമ്പതിനായിരത്തിലധികം അമൃത സരോവരങ്ങള്‍ വരും തലമുറകള്‍ക്ക് ജലസുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഈ അമൃത സരോവരങ്ങള്‍ ചുറ്റുമുള്ള മണ്ണിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും ജലനിരപ്പ് താഴുന്നത് തടയുകയും ജൈവവൈവിധ്യം മെച്ചപ്പെടുത്തുകയും ചെയ്യും.  ഒരു പൗരനെന്ന നിലയില്‍, ഈ ബൃഹത്തായ ദൃഢനിശ്ചയത്തില്‍ നമ്മുടെ ഓരോരുത്തരുടെയും പങ്കാളിത്തം എങ്ങനെ വര്‍ദ്ധിക്കുമെന്ന് നാമെല്ലാവരും ചിന്തിക്കണം.

സുഹൃത്തുക്കളേ,

 സമഗ്രമായ സമീപനത്തിലൂടെയും എല്ലാവരുടെയും പരിശ്രമത്തിലൂടെയും മാത്രമേ ദ്രുതഗതിയിലുള്ള വികസനത്തോടുകൂടിയ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ.  അതില്‍ നമ്മുടെ ജീവിതശൈലിയുടെ പങ്ക് എന്താണ്?  നമ്മള്‍ അത് എങ്ങനെ മാറ്റണം? ഇന്ന് രാത്രി ഒരു പരിപാടിയില്‍ ഞാന്‍ ഈ കാര്യങ്ങള്‍ സംസാരിക്കാന്‍ പോകുന്നു. അതിനെക്കുറിച്ച് ഞാന്‍ വിശദമായി സംസാരിക്കാന്‍ പോകുന്നു, കാരണം ആ പരിപാടി ഒരു അന്താരാഷ്ട്ര വേദിയിലാണ്. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി അതായത് സമര്‍പ്പിത ദൗത്യ ജീവിതം ഈ നൂറ്റാണ്ടിന്റെ ചിത്രമായിരിക്കും. ഈ നൂറ്റാണ്ടില്‍ ഭൂമിയുടെ വിധി മാറ്റാനുള്ള ഒരു ദൗത്യത്തിന്റെ തുടക്കം പി-3, അതായത് ഗ്രഹപക്ഷ ജനകീയ മുന്നേറ്റം (പ്രോ-പ്ലാനറ്റ്-പീപ്പിള്‍ മൂവ്മെന്റ)് ആയിരിക്കും. പരിസ്ഥിതിക്കു വേണ്ടിയുള്ള ജീവിത രീതിയുടെ (ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ്) പ്രവര്‍ത്തിക്കാനുള്ള ആഗോള ക്ഷണം ഇന്ന് വൈകുന്നേരം സമാരംഭിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ബോധമുള്ള ഓരോ വ്യക്തിയും അതില്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം ദേഹം പുതച്ച് എസി ഓണാക്കുന്നതുപോലെയുള്ള കപട സാഹചര്യമാകും. അതേ സമയം നമ്മള്‍ സെമിനാറുകളില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ദീര്‍ഘമായ പ്രസംഗങ്ങള്‍ നടത്തും!

സുഹൃത്തുക്കളേ,

 നിങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും വലിയ സേവനമാണ് ചെയ്യുന്നത്.  സദ്ഗുരുജി ബൈക്കില്‍ നടത്തുന്ന ദീര്‍ഘവും ദുഷ്‌കരവുമായ ഈ യാത്രയില്‍ നിങ്ങള്‍ക്ക് വലിയ വിജയം നേരുന്നു. കുട്ടിക്കാലം മുതലേ അതിനോട് ചായ്വ് തോന്നിയിട്ടുണ്ടെങ്കിലും, അത് ശരിക്കും മടുപ്പിക്കുന്ന ഒരു ജോലിയാണ്.  യാത്രകള്‍ സംഘടിപ്പിക്കുമ്പോഴെല്ലാം ഞാന്‍ എന്റെ പാര്‍ട്ടിയോട് പറയുമായിരുന്നു, ഒരു യാത്ര സംഘടിപ്പിക്കുക എന്നതിനര്‍ത്ഥം പ്രായം അഞ്ചോ പത്തോ വര്‍ഷം കുറയ്ക്കുക എന്നാണ്. കാരണം അതിന് വളരെയധികം പരിശ്രമം ആവശ്യമാണ്. സദ്ഗുരു ജി യാത്ര ചെയ്യുകയും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്തിന് മണ്ണിനോടുള്ള സ്‌നേഹം വളരുകയും അതേ സമയം ഇന്ത്യയുടെ മണ്ണിന്റെ ശക്തിയെക്കുറിച്ച് അറിയുകയും ചെയ്തിരിക്കണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

 നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍.

 നന്ദി! 

--ND--



(Release ID: 1831865) Visitor Counter : 168