പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ധനമന്ത്രാലയത്തിന്റെയും കോർപ്പറേറ്റ്‌കാര്യ മന്ത്രാലയത്തിന്റെയും ഐതിഹാസിക വാരാഘോഷങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


വായ്പാബന്ധിത ഗവണ്‍മെന്റ് പദ്ധതികള്‍ക്കുള്ള ദേശീയ പോര്‍ട്ടലായ 'ജന്‍ സമര്‍ഥ് പോര്‍ട്ടല്‍' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


''നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്‌നങ്ങള്‍ക്കു പുതിയ ഊര്‍ജം പകരാനും പുതിയ പ്രതിജ്ഞകള്‍ക്കായി സ്വയം അര്‍പ്പിക്കാനുമുള്ള നിമിഷമാണിത്''



''വര്‍ധിച്ച പൊതുജനപങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടുകയും പാവപ്പെട്ടവരെ ശാക്തീകരിക്കുകയും ചെയ്തു''


''ഇല്ലായ്മയുടെ മാനസികാവസ്ഥയില്‍ നിന്നു പുറത്തുവന്നു വലിയ സ്വപ്നങ്ങള്‍ കാണുന്നതിലേക്കു നമ്മുടെ പൗരന്മാര്‍ എത്തിച്ചേരുന്നതിനു നാം സാക്ഷ്യം വഹിക്കുന്നു''


''ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ജനകേന്ദ്രീകൃത ഭരണമെന്ന സമീപനവുമായാണു മുന്നോട്ടു പോകുന്നത്''


''നമ്മള്‍ പരിഷ്‌കരണത്തിന്റെയും ലളിതവല്‍ക്കരണത്തിന്റെയും എളുപ്പത്തിന്റെയും കരുത്തോടെ മുന്നേറുമ്പോള്‍, നാം പുതിയ തലത്തിലുള്ള സൗകര്യങ്ങള്‍ സ്വന്തമാക്കും''



''കാര്യശേഷിയുള്ളതും മാറ്റങ്ങളുണ്ടാക്കുന്നതും ക്രിയാത്മകവും നൂതനവുമായ ആവാസവ്യവസ്ഥയെന്ന നിലയില്‍ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണു ലോകം നമ്മെ നോക്കിക്കാണുന്നത്''


''സാധാരണ ജനങ്ങളുടെ കഴിവില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു. വളര്‍ച്ചയിലെ ബൗദ്ധികപങ്കാളികളായി പൊതുജനങ്ങള്‍ക്കു ഞങ്ങള്‍ പ്രോത്സാഹനമേകി''







Posted On: 06 JUN 2022 12:09PM by PIB Thiruvananthpuram

ധനമന്ത്രാലയത്തിന്റെയും കോർപ്പറേറ്റ്‌കാര്യ മന്ത്രാലയത്തിന്റെയും ഐതിഹാസിക വാരാഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ (എകെഎഎം) ഭാഗമായാണ് 2022 ജൂണ്‍ 6 മുതല്‍ 11 വരെ വാരാഘോഷം നടത്തുന്നത്. വായ്പാബന്ധിത ഗവണ്‍മെന്റ് പദ്ധതികള്‍ക്കുള്ള ദേശീയ പോര്‍ട്ടലായ ‘ജന്‍ സമര്‍ഥ് പോര്‍ട്ടലി’നും പ്രധാനമന്ത്രി തുടക്കം കുറിച്ചു. രണ്ടു മന്ത്രാലയങ്ങളുടെയും കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഡിജിറ്റല്‍ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ₹1, ₹2, ₹5, ₹10, ₹20 എന്നിവയുടെ പ്രത്യേക ശ്രേണിയും പ്രധാനമന്ത്രി പുറത്തിറക്കി. എകെഎഎം ലോഗോയുമായി ബന്ധപ്പെട്ടതാണ് ഈ ശ്രേണിയിലുള്ള നാണയങ്ങളുടെ പ്രമേയം. കാഴ്ചവൈകല്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണു നാണയങ്ങള്‍.

 

സ്വാതന്ത്ര്യത്തിനായുള്ള ദീര്‍ഘകാലത്തെ പോരാട്ടത്തില്‍ ആരൊക്കെയാണോ പങ്കെടുത്തത്, അവരെല്ലാം ഈ പ്രസ്ഥാനത്തിന് മറ്റൊരു മാനം നല്‍കുകയും അതിന്റെ ഊര്‍ജം വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ചിലര്‍ സത്യഗ്രഹത്തിന്റെ പാത സ്വീകരിച്ചു. ചിലര്‍ ആയുധങ്ങളുടെ പാത തെരഞ്ഞെടുത്തു. ചിലരാകട്ടെ വിശ്വാസവും ആത്മീയതയും തെരഞ്ഞെടുത്തു. ചിലര്‍ സ്വാതന്ത്ര്യജ്വാല തെളിക്കാന്‍ ബൗദ്ധിക പിന്തുണയേകി. അവയെയെല്ലാം നാം ഇപ്പോള്‍ അംഗീകരിക്കുന്നു.

 

നാമിന്നു സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, രാഷ്ട്രത്തിന്റെ വികസനത്തിനു തങ്ങളുടേതായ നിലയില്‍ സവിശേഷ സംഭാവനകള്‍ നല്‍കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്‌നങ്ങള്‍ക്കു പുതിയ ഊര്‍ജം പകരാനും പുതിയ പ്രതിജ്ഞകള്‍ക്കായി സ്വയം അര്‍പ്പിക്കാനുമുള്ള നിമിഷമാണിത്”- അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇന്ത്യ വ്യത്യസ്ത മാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ വര്‍ധിച്ച പൊതുജനപങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടുകയും പാവപ്പെട്ടവരെ ശാക്തീകരിക്കുകയും ചെയ്തു. സ്വച്ഛ് ഭാരത് അഭിയാന്‍ പാവപ്പെട്ടവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം നല്‍കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. പക്കാ വീടുകള്‍, വൈദ്യുതി, പാചകവാതകം, കുടിവെള്ളം, സൗജന്യ ചികിത്സ തുടങ്ങിയവ പാവപ്പെട്ടവരുടെ അന്തസ്സ് വര്‍ധിപ്പിക്കുകയും ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. കൊറോണക്കാലത്തെ സൗജന്യ റേഷന്‍ പദ്ധതി 80 കോടിയിലധികം ഇന്ത്യക്കാരെ വറുതിയുടെ ആശങ്കകളില്‍ നിന്നു മോചിപ്പിച്ചു. ഇല്ലായ്മയുടെ മാനസികാവസ്ഥയില്‍ നിന്നു പുറത്തുവന്നു വലിയ സ്വപ്നങ്ങള്‍ കാണുന്നതിലേക്കു നമ്മുടെ പൗരന്മാര്‍ എത്തിച്ചേരുന്നതിനു നാം സാക്ഷ്യം വഹിക്കുന്നു- അദ്ദേഹം പറഞ്ഞു.

 

പോയകാലങ്ങളില്‍ ഗവണ്‍മെന്റ്-കേന്ദ്രീകൃത ഭരണത്തിന്റെ ആഘാതം രാജ്യത്തെ ബാധിച്ചിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. എന്നാലിപ്പോള്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ജനകേന്ദ്രീകൃത ഭരണമെന്ന സമീപനവുമായാണു മുന്നോട്ടു പോകുന്നത്. നേരത്തെ, പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതിന് ഗവണ്‍മെന്റിനെ സമീപിക്കേണ്ടതു ജനങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതു ഭരണം ജനങ്ങളിലേക്കെത്തിക്കുന്നതിനാണ്. വിവിധ മന്ത്രാലയങ്ങളുടെയും വെബ്സൈറ്റുകളുടെയും നൂലാമാലകളില്‍ നിന്ന് അവരെ മോചിപ്പിക്കുക എന്നതിനാണ്. വായ്പാബന്ധിത ഗവണ്‍മെന്റ് പദ്ധതികള്‍ക്കായുള്ള ദേശീയ പോര്‍ട്ടലായ ‘ജന്‍ സമര്‍ഥ് പോര്‍ട്ടല്‍’ തുടങ്ങിയത് ഈ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പാണ്. വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, വ്യവസായികള്‍, എംഎസ്എംഇ സംരംഭകര്‍ എന്നിവരുടെ ജീവിതം മെച്ചപ്പെടുത്താനും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഈ പോര്‍ട്ടല്‍ സഹായിക്കും- പ്രധാനമന്ത്രി പറഞ്ഞു.

 

വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളും കാര്യക്ഷമമായ നിര്‍വഹണവുമുണ്ടെങ്കില്‍ ഏതൊരു പരിഷ്‌കരണവും മികച്ച ഫലം ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കളെ മനസ്സില്‍ കണ്ടാണു കഴിഞ്ഞ എട്ടു വര്‍ഷവും രാജ്യം ഓരോ പരിഷ്‌കാരവും നടപ്പാക്കിയിട്ടുള്ളതെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് അവരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കും. ''നമ്മുടെ യുവാക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള കമ്പനി എളുപ്പത്തില്‍ തുറക്കാന്‍ കഴിയും. അവര്‍ക്ക് അവരുടെ സംരംഭങ്ങള്‍ എളുപ്പത്തില്‍ ആരംഭിക്കാന്‍ കഴിയും. അവര്‍ക്ക് അവ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അതിനായി 30,000ലധികം ചട്ടങ്ങള്‍ പാലിക്കല്‍ ഒഴിവാക്കുകയും 1500ലധികം നിയമങ്ങള്‍ നിര്‍ത്തലാക്കുകയും കമ്പനി നിയമത്തിലെ നിരവധി വ്യവസ്ഥകള്‍ ഒഴിവാക്കുകയും ചെയ്തു. അതിലൂടെ, ഇന്ത്യന്‍ കമ്പനികള്‍ മുന്നോട്ടു പോകുക മാത്രമല്ല, പുതിയ ഉയരങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നുവെന്നു ഞങ്ങള്‍ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പരിഷ്‌കരണങ്ങളിലൂടെ എല്ലാം ലളിതമാക്കുന്നതിനാണു ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള നിരവധി നികുതികളുടെ സങ്കീര്‍ണതകള്‍ ജിഎസ്‌ടിയിലൂടെ ഇപ്പോള്‍ മാറ്റിയെടുത്തു. ഈ എളുപ്പമാക്കലിന്റെ ഫലം രാജ്യം കാണുന്നു. ഇപ്പോള്‍ ജിഎസ്‌ടി സമാഹരണം പ്രതിമാസം ഒരു ലക്ഷം കോടി കവിയുന്നത് സാധാരണമാണ്. ജിഇഎം പോര്‍ട്ടല്‍ ഗവണ്‍മെന്റ് സംഭരണ പ്രക്രിയ ലഘൂകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന് സാമഗ്രികള്‍ വില്‍ക്കുന്ന പ്രക്രിയയും സുഗമമാക്കി. പോര്‍ട്ടലിന്റെ വാങ്ങല്‍ തുക ഒരു ലക്ഷം കോടി കടന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. വ്യവസായം സുഗമമാക്കാന്‍ സഹായിക്കുന്ന പോര്‍ട്ടലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിക്ഷേപ അവസരങ്ങളെക്കുറിച്ച് അറിയുന്നതിനുള്ള ഇന്‍വെസ്റ്റ് ഇന്ത്യ പോര്‍ട്ടല്‍, വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഏകജാലക സംവിധാന പോര്‍ട്ടല്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഈ ശ്രേണിയില്‍ രാജ്യത്തെ യുവജനങ്ങളെയും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെയും സഹായിക്കാന്‍ പോകുകയാണ് ‘ജന്‍ സമര്‍ഥ് പോര്‍ട്ടല്‍’ എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

“ഇന്നു നമ്മള്‍ പരിഷ്‌കരണത്തിന്റെയും ലളിതമാക്കലിന്റെയും എളുപ്പത്തിന്റെയും കരുത്തോടെ മുന്നേറുമ്പോള്‍, നാം പുതിയ തലത്തിലുള്ള സൗകര്യങ്ങള്‍ സ്വന്തമാക്കുന്നു. കൂട്ടായി എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചാല്‍, ലോകത്തിനതു പുതിയ പ്രതീക്ഷയായി മാറുമെന്നു നാം കഴിഞ്ഞ 8 വര്‍ഷങ്ങളായി തെളിയിക്കുകയാണ്. ഇന്നു ലോകം നമ്മെ നോക്കുന്നതു വലിയ ഉപഭോക്തൃ വിപണി എന്ന നിലയിലല്ല. മറിച്ച്, കാര്യശേഷിയുള്ളതും മാറ്റങ്ങളുണ്ടാക്കുന്നതും ക്രിയാത്മകവും നൂതനവുമായ ആവാസവ്യവസ്ഥയെന്ന നിലയില്‍ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ്”- പ്രധാനമന്ത്രി പറഞ്ഞു.

 

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്കാകുമെന്നാണു ലോകത്തിന്റെ വലിയൊരു ഭാഗം പ്രതീക്ഷിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി സാധാരണക്കാരുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ടാണ് ഇതു സാധ്യമായത്. “വളര്‍ച്ചയിലെ ബൗദ്ധികപങ്കാളികളായി പൊതുജനങ്ങള്‍ക്കു ഞങ്ങള്‍ പ്രോത്സാഹനമേകി. നല്ല ഭരണത്തിനായി വിന്യസിച്ചിരിക്കുന്ന ഏതു സാങ്കേതികവിദ്യയും ജനങ്ങള്‍ സ്വീകരിക്കുക മാത്രമല്ല, അവര്‍ അതിനെ അഭിനന്ദിക്കുകയും ചെയ്യുമെന്നു നാം  പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്”- യുപിഐ കൈവരിച്ച നേട്ടം പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു.

center>
-ND-

(Release ID: 1831500) Visitor Counter : 198