പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പരവുങ്ക് ഗ്രാമത്തിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
Posted On:
03 JUN 2022 9:39PM by PIB Thiruvananthpuram
നമസ്‌കാരം!
പരവുങ്ക് ഗ്രാമത്തിന്റെ മണ്ണില്‍ ജനിച്ച ബഹുമാനപ്പെട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജി, ബഹുമാനപ്പെട്ട ശ്രീമതി സവിത കോവിന്ദ് ജി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, വേദിയിലുള്ള എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍, ഉത്തര്‍പ്രദേശിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഇത്ര വലിയ പങ്കാളിത്തമുള്ള എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!
രാഷ്ട്രപതി എന്നോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞതിനാല്‍, ഇവിടെ വന്ന് നിങ്ങളെ കാണാന്‍ ഞാന്‍ ഉത്സുകനായിരുന്നു. ഇന്ന് ഇവിടെ വന്നതില്‍ വളരെ സന്തോഷമുണ്ട്, എനിക്ക് വളരെ ആശ്വാസം തോന്നി. രാഷ്ട്രപതിയുടെ ബാല്യകാലം കണ്ടിട്ടുള്ള ഈ ഗ്രാമം ഓരോ ഇന്ത്യാക്കാരന്റെയും അഭിമാനമാണ്.
ഇവിടെ വരുന്നതിന് മുമ്പ് ഈ ഗ്രാമത്തെക്കുറിച്ചുള്ള ഒട്ടനവധി ഓര്‍മ്മകള്‍ രാഷ്ട്രപതി എന്നോട് പങ്കുവെച്ചിരുന്നു. അഞ്ചാം ക്ലാസ് കഴിഞ്ഞ് 5-6 മൈല്‍ അകലെയുള്ള ഒരു ഗ്രാമത്തിലെ സ്‌കൂളില്‍ പ്രവേശിപ്പിച്ചപ്പോള്‍, നഗ്‌നപാദനായി സ്‌കൂളിലേക്ക് ഓടി, ഈ ഓട്ടം ആരോഗ്യത്തിന് വേണ്ടിയല്ല, മറിച്ച് ചുട്ടുപൊള്ളുന്ന പാതയില്‍ കാലില്‍ കുമിളകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. .
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി ചുട്ടുപൊള്ളുന്ന ഉച്ചസമയങ്ങളില്‍ തന്റെ സ്‌കൂളിലേക്ക് നഗ്‌നപാദനായി ഓടുന്നത് സങ്കല്‍പ്പിക്കുക. ജീവിതത്തിലെ ഇത്തരം പോരാട്ടങ്ങളും തപസ്സും ഒരു മനുഷ്യനെ നല്ല മനുഷ്യനാകാന്‍ വളരെയധികം സഹായിക്കുന്നു. ഇന്ന്, രാഷ്ട്രപതിയുടെ ഗ്രാമം സന്ദര്‍ശിച്ച ഈ അനുഭവം എനിക്ക് മറക്കാനാവാത്ത സംഭവമാണ്.
സഹോദരീ സഹോദരന്മാരേ,
രാഷ്ട്രപതിയോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പരവുങ്കില്‍ ഒരു ഇന്ത്യന്‍ ഗ്രാമത്തിന്റെ മാതൃകാപരമായ നിരവധി ചിത്രങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. പത്രി മാതാവിന്റെ അനുഗ്രഹം തേടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയും ആത്മീയ പ്രഭയ്ക്കൊപ്പം, ഈ ക്ഷേത്രം 'ഏകഭാരത്- ശ്രേഷ്ഠ ഭാരത'ത്തിന്റെ പ്രതീകമാണ്. രാജ്യസ്‌നേഹത്തോടൊപ്പം ഭക്തിയും ഉള്ള അത്തരമൊരു ക്ഷേത്രം എന്ന് പറയാം. രാജ്യസ്‌നേഹത്താല്‍ രാഷ്ട്രപതിയുടെ പിതാവിന്റെ സമരണകളെയും ഞാന്‍ നമിക്കുന്നു! അദ്ദേഹം തീര്‍ത്ഥാടനത്തിനായി വീട്ടില്‍ നിന്ന് പുറപ്പെടുകയും ദൈവത്തിന്റെ അനുഗ്രഹം വാങ്ങാന്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബദരീനാഥ്, കേദാര്‍നാഥ്, അയോധ്യ, കാശി, മഥുര തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പോയി.
ഗ്രാമത്തിനാകെ വേണ്ടി 'പ്രസാദം' (ദൈവത്തിന്റെ വഴിപാട്) കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലായിരുന്നില്ല അക്കാലത്ത് അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി. എന്നാല്‍ താന്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളുടെ പരിസരത്ത് നിന്ന് കുറച്ച് കല്ലുകള്‍ കൊണ്ടുവന്ന് ഒരു മരത്തിന്റെ ചുവട്ടില്‍ വയ്ക്കുന്ന അദ്ദേഹത്തിന്റെ ഭാവന വളരെ സമ്പന്നമായിരുന്നു. ഗ്രാമവാസികള്‍ മതപരമായ ഒരു വികാരം വളര്‍ത്തിയെടുക്കുകയും ആ സ്ഥലത്തെ ഒരു ക്ഷേത്രമായി ആരാധിക്കാന്‍ തുടങ്ങുകയും ചെയ്യും, കാരണം ആ കല്ല് ഒരു പ്രത്യേക സ്ഥലത്തിന്റെയോ ക്ഷേത്രത്തിന്റെയോ നദിയുടെയോ ആണ്. അതുകൊണ്ട് തന്നെ ഈ ക്ഷേത്രത്തില്‍ ഭക്തിയോടൊപ്പം ദേശഭക്തിയും ഉണ്ടെന്ന് ഞാന്‍ പറയുന്നു.
രാഷ്ട്രപതിയുടെ പിതാവ് ഈ ക്ഷേത്രത്തില്‍ ആരാധന നടത്തിയിരുന്നു. ഈ പുണ്യക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ മനസ്സില്‍ പലതരത്തിലുള്ള ചിന്തകള്‍ അലയടിക്കുന്നത് സ്വാഭാവികം. ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.
സുഹൃത്തുക്കളേ,
പരവുങ്കിന്റെ മണ്ണില്‍ നിന്ന് രാഷ്ട്രപതിക്ക് ലഭിച്ച മൂല്യങ്ങള്‍ക്ക് ഇന്ന് ലോകം സാക്ഷിയാണ്. ഒരു ഭരണഘടനാ തലവനായിരുന്നിട്ടും, രാഷ്ട്രപതി മൂല്യങ്ങള്‍ പാലിച്ചു; ഹെലിപാഡില്‍ എന്നെ സ്വീകരിക്കാനുള്ള പ്രോട്ടോക്കോള്‍ ലംഘിച്ച് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ അദ്ദേഹം അങ്ങനെ വന്നതില്‍ എനിക്ക് വളരെ ഖേദമുണ്ട്, അദ്ദേഹത്തിന്റെ സ്ഥാനം അന്തസ്സുറ്റതും പ്രഒന്നാമത്തേതുമാണ്.
അദ്ദേഹം ഇന്ന് എന്നോട് അനീതി ചെയ്തുവെന്ന് ഞാന്‍ രാഷ്ട്രപതിയോട് പറഞ്ഞു. എന്നാല്‍ താന്‍ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും എന്നാല്‍ ചിലപ്പോള്‍ മൂല്യങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നും അദ്ദേഹം സ്വതസിദ്ധമായി പറഞ്ഞു. 'ഇന്ന് താങ്കള്‍ എന്റെ ഗ്രാമത്തില്‍ വന്നിരിക്കുന്നു. അതിഥിയെ സ്വാഗതം ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നത്, രാഷ്ട്രപതി എന്ന നിലയിലല്ല. കുട്ടിക്കാലത്ത് എന്റെ ജീവിതം ആരംഭിച്ച ഗ്രാമത്തിലെ ഒരു പൗരനെന്ന നിലയില്‍ ഞാന്‍ ഇന്ന് നിങ്ങളെ സ്വാഗതം ചെയ്യുന്നു'. അതിഥി ദേവോ ഭവ (അതിഥികള്‍ ദൈവത്തിന് തുല്യരാണ്) എന്ന മഹദ് വാക്യം എങ്ങനെ ഇന്ത്യയുടെ മുഖമായി മാറിയിരിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് രാഷ്ട്രപതി ഇന്ന് അവതരിപ്പിച്ചത്; ഇന്ത്യയുടെ സ്വഭാവം. ഞാന്‍ രാഷ്ട്രപതിയെ ആദരവോടെ വണങ്ങുന്നു.
രാഷ്ട്രപതി തന്റെ പൂര്‍വ്വിക വസതിയെ ഒരു 'മിലന്‍ കേന്ദ്ര' (യോഗ കേന്ദ്രം) ആയി വികസിപ്പിക്കാന്‍ അനുവദിച്ചു. ഇന്ന് അത് കൂടിയാലോചനകളുടെയും പരിശീലന കേന്ദ്രങ്ങളുടെയും രൂപത്തില്‍ സ്ത്രീ ശാക്തീകരണത്തിന് പുതിയ ശക്തി നല്‍കുന്നു. അദ്ദേഹത്തിന്റെ പ്രയത്‌നത്താല്‍, ബാബാ സാഹിബിന്റെ ആദര്‍ശങ്ങളുടെ പ്രചോദന കേന്ദ്രവും അംബേദ്കര്‍ ഭവന്റെ രൂപത്തില്‍ ഇവിടെ നിര്‍മ്മിക്കപ്പെട്ടു. പരവുങ്ക് കൂടുതല്‍ വേഗത്തില്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുമെന്നും നിങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഗ്രാമീണ വികസനത്തിന്റെ മാതൃക രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
നമ്മള്‍ എവിടെ എത്തിയാലും വന്‍ നഗരങ്ങളിലോ ലോകത്തിന്റെ ഏത് കോണിലായാലും നമ്മുടെ ഗ്രാമത്തെ ശ്വസിച്ചിട്ടുണ്ടെങ്കില്‍, നമ്മുടെ ഗ്രാമം ഒരിക്കലും നമ്മെ വിട്ടുപോകില്ല. അത് നമ്മുടെ സിരകളില്‍ വസിക്കുന്നു, എപ്പോഴും നമ്മുടെ ചിന്തകളില്‍ ഉണ്ട്. അതുകൊണ്ടാണ് ഇന്ത്യയുടെ ആത്മാവ് ഗ്രാമത്തില്‍ കുടികൊള്ളുന്നത് എന്ന് നമ്മള്‍ പറയുന്നത്; ഗ്രാമം നമ്മുടെ ആത്മാവിലാണ് കുടികൊള്ളുന്നത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍, ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍ക്ക്, നമ്മുടെ ഗ്രാമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഗ്രാമങ്ങളെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കണ്ണിയായി കണ്ടു. ആത്മീയതയും ആദര്‍ശങ്ങളും പാരമ്പര്യങ്ങളും പുരോഗതിയും ഉള്ള ഒരു ഇന്ത്യന്‍ ഗ്രാമം. സംസ്‌കാരവും സഹവര്‍ത്തിത്വവും സമത്വവും സ്നേഹവും ഉള്ള ഒരു ഇന്ത്യന്‍ ഗ്രാമം!
സ്വാതന്ത്ര്യത്തിന്റെ 'അമൃത കാല' വേളയില്‍ അത്തരം ഗ്രാമങ്ങളെ പുനഃസംഘടിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ ദൃഢനിശ്ചയത്തോടെ, ഗ്രാമങ്ങള്‍, ദരിദ്രര്‍, കൃഷി, കര്‍ഷകര്‍, പഞ്ചായത്ത് തലത്തില്‍ ജനാധിപത്യം എന്നിങ്ങനെ വിവിധ തലങ്ങളില്‍ രാജ്യം പ്രവര്‍ത്തിക്കുന്നു. ഇന്ന് ഗ്രാമങ്ങളില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നു, ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നു, വീടുകള്‍ നിര്‍മ്മിക്കുന്നു, എല്‍ഇഡി തെരുവ് വിളക്കുകള്‍ അതിവേഗം സ്ഥാപിക്കുന്നു. വികസനത്തിന്റെ എല്ലാ പാതയിലും നഗരങ്ങള്‍ക്കൊപ്പം നമ്മുടെ ഗ്രാമങ്ങളും പടിപടിയായി നടക്കണം എന്നതാണ് നവ ഇന്ത്യയുടെ ചിന്തയും ദൃഢനിശ്ചയവും.
കൃഷിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രയാസമേറിയ ജോലികള്‍ ഡ്രോണുകള്‍ നിര്‍വഹിക്കുമെന്ന് ആരെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ? എന്നാല്‍ ഇന്ന് രാജ്യം ഈ ദിശയിലേക്ക് നീങ്ങുകയാണ്. ഈ ഗ്രാമത്തിലും 300-ലധികം ആളുകള്‍ക്ക് 'ഘരൗണി' (ഭൂ രേഖകള്‍) നല്‍കിയിട്ടുണ്ടെന്ന് എനിക്കു മനസ്സിലാക്കാനായിട്ടുണ്ട്. സാങ്കേതിവിദ്യയിലൂടെ കര്‍ഷകരുടെ സൗകര്യവും വരുമാനവും എങ്ങനെ വര്‍ധിപ്പിക്കാം എന്നുറപ്പാക്കുന്ന ദിശയിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നത്.
കര്‍ഷകരേ,
നമ്മുടെ ഗ്രാമങ്ങള്‍ക്ക് അതിശക്തമായ സാധ്യതകളും തൊഴില്‍ ശക്തിയും അര്‍പ്പണബോധവുമുണ്ട്. അതിനാല്‍, ഇന്ത്യയിലെ ഗ്രാമങ്ങളുടെ ശാക്തീകരണം നമ്മുടെ ഗവണ്‍മെന്റിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണ്. ജന്‍ധന്‍ യോജന, ആവാസ് യോജന, ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള ഗ്യാസ് കണക്ഷന്‍, ഹര്‍ ഘര്‍ ജല്‍ പ്രചാരണം, അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് യോജന എന്നിവയിലൂടെ കോടിക്കണക്കിന് ഗ്രാമീണര്‍ക്ക് പ്രയോജനം ലഭിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി രാജ്യം പ്രവര്‍ത്തിച്ചതിന്റെ വേഗത അഭൂതപൂര്‍വമാണ്.
ഓരോ പദ്ധതിയുടെയും ഗുണഭോക്താക്കള്‍ക്ക് 100 ശതമാനം ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം, അതായത് ശതമാനം ശാക്തീകരണം. വിവേചനമില്ല, വ്യത്യാസമില്ല! അതാണ് സാമൂഹിക നീതി. ബാബാ സാഹിബിന്റെ സൗഹാര്‍ദത്തിന്റെയും സമത്വത്തിന്റെയും സ്വപ്നമായിരുന്നു അത്, അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നമുക്ക് ഭരണഘടന നല്‍കി. ബാബാ സാഹിബിന്റെ ആ സ്വപ്നം ഇന്ന് പൂവണിയുകയാണ്. രാജ്യം ആ വഴിക്കാണ് നീങ്ങുന്നത്.
സുഹൃത്തുക്കളേ,
ഇന്നത്തെ സന്ദര്‍ഭം ഒരു കാര്യത്തില്‍ കൂടി വളരെ ചരിത്രപരമാണ്. എല്ലാവരും ഇത് ശ്രദ്ധിക്കണം; കാരണം ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും ഗ്രാമങ്ങളുടെയും ശക്തി പ്രകടമാക്കുന്നു. ബഹുമാനപ്പെട്ട രാഷ്ട്രപതി, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ജി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി എന്നിവര്‍ വേദിയിലുണ്ട്. രാജ്യസേവനത്തിനുള്ള ഇത്രയും വലിയ ഉത്തരവാദിത്തം നിങ്ങള്‍ എന്നെയും ഏല്‍പ്പിച്ചു. ഞങ്ങള്‍ നാലുപേരും ഏതെങ്കിലും ചെറിയ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ളവരാണ്; ഈ സ്ഥാനത്ത് എത്തിയവരാണ്.
ഞാനും ഗുജറാത്തിലെ ഒരു ചെറിയ പട്ടണത്തിലാണ് ജനിച്ചത്. നമ്മുടെ ഗ്രാമത്തിന്റെ സംസ്‌കാരം, മൂല്യങ്ങള്‍, നമ്മുടെ പോരാട്ടങ്ങള്‍ എന്നിവ നമ്മെപ്പോലെ നിരവധി ആളുകളെ രൂപപ്പെടുത്തുകയും നമ്മുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി. ഇന്ത്യയിലെ ഗ്രാമത്തില്‍ ജനിച്ച ഏറ്റവും ദരിദ്രനായ വ്യക്തിക്ക് പോലും രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, അല്ലെങ്കില്‍ മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളില്‍ എത്താം.
എന്നാല്‍ സഹോദരീ സഹോദരന്മാരേ,
ഇന്ന് നമ്മള്‍ ജനാധിപത്യത്തിന്റെ ശക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, സ്വജനപക്ഷപാതം പോലുള്ള വെല്ലുവിളികളെക്കുറിച്ചും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. സ്വജനപക്ഷപാതമാണ് രാഷ്ട്രീയത്തില്‍ മാത്രമല്ല, എല്ലാ മേഖലയിലും കഴിവുള്ളവരെ തളച്ചിടുന്നതും മുന്നോട്ട് പോകുന്നതില്‍ നിന്ന് അവരെ തടയുന്നതും.
എന്നിരുന്നാലും സുഹൃത്തുക്കളെ,
സ്വജനപക്ഷപാതത്തിനെതിരെ ഞാന്‍ സംസാരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണെന്ന് കരുതുന്ന ചിലര്‍ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയാണ് സംസാരിക്കുന്നത് എന്ന തരത്തില്‍ പ്രചരണം നടത്തുന്നു. സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള എന്റെ നിര്‍വചനത്തിന് യോജിച്ചവര്‍ എന്നോട് ദേഷ്യപ്പെടുന്നതായി ഞാന്‍ കാണുന്നു, അവര്‍ വളരെ ദേഷ്യത്തിലാണ്. അത്തരം കുടുംബങ്ങള്‍ എനിക്കെതിരെ വിശാലമായി ഒന്നിക്കുന്നു. സ്വജനപക്ഷപാതത്തിനെതിരായ മോദിയുടെ വാക്കുകള്‍ എന്തുകൊണ്ടാണ് രാജ്യത്തെ യുവാക്കള്‍ ഇത്ര ഗൗരവമായി എടുക്കുന്നതെന്നും അവര്‍ രോഷാകുലരാണ്.
സുഹൃത്തുക്കളേ,
എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് എനിക്ക് ഇവരോട് പറയാന്‍ ആഗ്രഹമുണ്ട്. എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ ഏതെങ്കിലും വ്യക്തിയോടോ വ്യക്തിപരമായ വിരോധമില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നും ജനാധിപത്യത്തിന് വേണ്ടി അര്‍പ്പിതമായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. സ്വജനപക്ഷപാതത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന കക്ഷികള്‍ ഈ രോഗത്തില്‍ നിന്ന് സ്വയം മോചിതരാകണമെന്നും സ്വയം സുഖപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ ഇന്ത്യയുടെ ജനാധിപത്യം തഴച്ചുവളരുകയുള്ളൂ, രാജ്യത്തെ യുവജനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വരാന്‍ പരമാവധി അവസരം ലഭിക്കും.
ശരി, രാജവംശ പാര്‍ട്ടികളില്‍ നിന്ന് ഞാന്‍ വളരെയധികം പ്രതീക്ഷിക്കുന്നു. അതുകൊണ്ട് സ്വജനപക്ഷപാതം പോലുള്ള തിന്മകള്‍ രാജ്യത്ത് വളരാന്‍ അനുവദിക്കാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഗ്രാമങ്ങളിലെ പാവപ്പെട്ട മക്കളും പെണ്‍മക്കളും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആകുന്നതിന് രാജവംശ പാര്‍ട്ടികളെ നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.
സുഹൃത്തുക്കളേ
രാഷ്ട്രപതിയുടെ ഗ്രാമത്തില്‍ നിന്ന് എനിക്ക് ഒരു സമ്മാനം ആവശ്യപ്പെടാനുണ്ട്. നമ്മുടെ ഗ്രാമത്തില്‍ ഒന്നും കൊണ്ടുവരാതെ വന്നിട്ട് ഞങ്ങളോട് എന്തെങ്കിലും ചോദിക്കുന്ന എന്തൊരു പ്രധാനമന്ത്രിയാണെന്ന് നിങ്ങള്‍ക്ക് തോന്നും. നിങ്ങളെനിക്ക് അതു തരുമോ? പല ഗ്രാമങ്ങളില്‍ നിന്നും വന്നവര്‍ എനിക്കും തരുമോ? നോക്കൂ, നിങ്ങള്‍ നിങ്ങളുടെ ഗ്രാമത്തെ വളരെയധികം വികസിപ്പിച്ചിരിക്കുന്നു.
ഇപ്പോള്‍ രാജ്യം അതിന്റെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നു, നിങ്ങളുടെ പരിശ്രമം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 'അമൃതകാല' വേളയില്‍, രാജ്യത്തെ എല്ലാ ജില്ലകളിലും 75 അമൃത സരോവരങ്ങള്‍ (കുളങ്ങള്‍) നിര്‍മ്മിക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. പരവുങ്കിലും രണ്ട് അമൃത സരോവരങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് യോഗി ജി ഞങ്ങളോട് പറഞ്ഞു. അമൃത സരോവരത്തിന്റെ നിര്‍മ്മാണത്തില്‍ നിങ്ങള്‍ സഹായിക്കണം, 'കര്‍സേവ' (ശാരീരിക അധ്വാനത്തിന്റെ സ്വമേധയാ ഉള്ള സംഭാവന) നടത്തുകയും അതിന്റെ മഹത്വം നിലനിര്‍ത്തുകയും വേണം.
ഞാന്‍ നിങ്ങളോട് ഒരു കാര്യം കൂടി ആവശ്യപ്പെടുന്നു. ഈ ആവശ്യം നിങ്ങള്‍ നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്, അതാണ് പ്രകൃതി കൃഷി. പരവുങ്ക് ഗ്രാമത്തില്‍ കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ പ്രകൃതിദത്ത കൃഷി സ്വീകരിച്ചാല്‍ അത് രാജ്യത്തിന് തന്നെ വലിയ മാതൃകയാകും.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വിജയത്തിന് ഒരേയൊരു വഴിയേ ഉള്ളൂ - 'സബ്ക പ്രയാസ്' (എല്ലാവരുടെയും പരിശ്രമം). എല്ലാവരുടെയും പ്രയത്നത്താല്‍ സ്വാശ്രിത ഇന്ത്യ എന്ന സ്വപ്നവും സാക്ഷാത്കരിക്കപ്പെടും. സ്വാശ്രിത ഇന്ത്യ എന്നാല്‍ സ്വയം ആശ്രയിക്കുന്ന ഗ്രാമങ്ങള്‍, സ്വാശ്രിത യുവജനങ്ങള്‍. നമ്മുടെ ഗ്രാമങ്ങളുടെ വികസനം വേഗത്തിലായാല്‍ രാജ്യത്തിന്റെ വികസനത്തിനു ഗതിവേഗം കൂടും. നമ്മുടെ ഗ്രാമങ്ങള്‍ വികസിക്കുമ്പോള്‍ നാടും വികസിക്കും.
ഗ്രാമങ്ങളുടെ മണ്ണില്‍ എത്രമാത്രം ശക്തിയുണ്ടെന്ന് ആദരണീയനായ കോവിന്ദ് ജിയുടെ രൂപത്തില്‍ രാഷ്ട്രപതിയെ രാജ്യത്തിന് നല്‍കിയ പരവുങ്ക് തെളിയിച്ചു. ഈ മികവും ശേഷിയും നമ്മള്‍ നന്നായി ഉപയോഗിക്കണം. നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം.
ഈ ദൃഢനിശ്ചയത്തോടെ, അദ്ദേഹത്തോടൊപ്പം ഇവിടെ വരാന്‍ എനിക്ക് അവസരം നല്‍കിയ ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഗ്രാമത്തില്‍ ഞാന്‍ പോകുന്നിടത്തെല്ലാം ആവേശത്തോടെയും പുഷ്പങ്ങള്‍ വര്‍ഷിച്ചും സ്‌നേഹത്തോടെയും എന്നെ അഭിവാദ്യം ചെയ്തതിന് നിങ്ങളെ എല്ലാവരെയും ഞാന്‍ ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു. ഈ സ്‌നേഹത്തില്‍ ഞാന്‍ മതിമറന്നു, ഈ സ്‌നേഹം ഒരിക്കലും മറക്കില്ല. നിങ്ങളുടെ ആതിഥ്യം ഞാന്‍ ഒരിക്കലും മറക്കില്ല. ഗ്രാമത്തില്‍ ചിലവഴിച്ച കാലത്ത് എന്റെ കുട്ടിക്കാലം പുനര്‍ജനിച്ചു. എല്ലാവരേയും ഹൃദയപൂര്‍വ്വം അഭിനന്ദിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
വളരെയധികം നന്ദി.
-ND-
(Release ID: 1831211)
Visitor Counter : 154
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada