പ്രധാനമന്ത്രിയുടെ ഓഫീസ്‌

അസമിലെ ദിഫുവില്‍ നടന്ന സമാധാന വികസന റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 28 APR 2022 4:16PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!  ഭാരത് മാതാ കീ ജയ്!

 കാര്‍ബി ആംഗ്-ലോങ്ങ് കൊരട്ടെ ഇംഗജിര്‍, കെ-ഡോ അന്‍-അപഹാന്ത, നെലി കാരഡോം പജീര്‍ ഇലോ


 അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി ജി, അസമിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ ജി, കര്‍ബി രാജ ശ്രീ രാംസിംഗ് റോങ്ഹാങ് ജി;  കര്‍ബി ആംഗ്ലോംഗ് സ്വയംഭരണ കൗണ്‍സിലിലെ ശ്രീ തുലിറാം റോങ്ഹാങ് ജി, അസം ഗവണ്‍മെന്റിലെ മന്ത്രിമാരായ ശ്രീ പിയൂഷ് ഹസാരിക ജി, ശ്രീ ജോഗന്‍ മോഹന്‍ ജി;  പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഹോറന്‍ സിങ് ബേ ജി, എംഎല്‍എ ശ്രീ ഭബേഷ് കലിത ജി, മറ്റെല്ലാ ജനപ്രതിനിധികളേ, കര്‍ബി ആംഗ്ലോങ്ങിലെ എന്റെ പ്രിയ സഹോദരിമാരും സഹോദരന്മാരേ,


 നിങ്ങളുമായി ഇടപഴകാന്‍ എനിക്ക് ഒരു അവസരം ലഭിച്ചിരിക്കുന്നു, നിങ്ങളുടെ സ്‌നേഹവും അടുപ്പവും ദൈവത്തിന്റെ അനുഗ്രഹമായാണ് അനുഭവപ്പെടുന്നത്. ഇന്നും നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി ദൂരെ സ്ഥലങ്ങളില്‍ നിന്ന് ഇത്രയധികം പേര്‍ ഇവിടെ വന്നിരിക്കുന്നു, അതും നിങ്ങളുടെ വര്‍ണ്ണാഭമായ  പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് വളരെ ആവേശത്തോടെ. പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ പ്രവേശന കവാടത്തില്‍ പരമ്പരാഗത ആചാരങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നിങ്ങളോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

 സഹോദരീ സഹോദരന്മാരേ,

 ഇന്ന് രാജ്യം 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം' ആഘോഷിക്കുമ്പോള്‍, ഈ മണ്ണിന്റെ മഹാനായ പുത്രന്‍ ലചിത് ബോര്‍ഫുകന്‍ ജിയുടെ 400-ാം ജന്മവാര്‍ഷികവും നാം ആഘോഷിക്കുന്നു എന്നത് എത്ര സന്തോഷകരമായ യാദൃശ്ചികതയാണ്. അദ്ദേഹത്തിന്റെ ജീവിതം രാജ്യസ്‌നേഹത്തിനും രാഷ്ട്രശക്തിക്കും പ്രചോദനമാണ്. കര്‍ബി ആംഗ്ലോങ്ങില്‍ നിന്നുകൊണ്ട്, രാജ്യത്തിന്റെ ഈ മഹത്തായ പ്രതിഭയെ ഞാന്‍ ആദരവോടെ വണങ്ങുകയും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

 സുഹൃത്തുക്കളേ,

 ബിജെപിയുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഉള്ളിടത്തെല്ലാം, അത് ' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെ പരിശ്രമങ്ങള്‍ക്കുമൊപ്പം' ആണ്;  ഈ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഈ ദൃഢനിശ്ചയം കര്‍ബി ആംഗ്ലോങ്ങിന്റെ ഈ ഭൂമിയില്‍ ഒരിക്കല്‍ കൂടി ശക്തിപ്പെടുത്തിയിരിക്കുന്നു. അസമിന്റെ ശാശ്വത സമാധാനത്തിനും ദ്രുതഗതിയിലുള്ള വികസനത്തിനുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് അതിവേഗം പുരോഗമിക്കുകയാണ്. ആ കരാര്‍ പ്രകാരം 1000 കോടി രൂപയുടെ നിരവധി പദ്ധതികളുടെ തറക്കല്ലിടല്‍ ഇന്ന് ഇവിടെ നടന്നു. ഡിഗ്രി കോളേജായാലും വെറ്ററിനറി കോളേജായാലും കാര്‍ഷിക കോളേജായാലും ഈ സ്ഥാപനങ്ങളെല്ലാം ഇവിടുത്തെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കാന്‍ പോകുന്നു.

 സുഹൃത്തുക്കളേ, ഇന്ന് നടന്ന തറക്കല്ലിടല്‍ പരിപാടികള്‍ ഏതെങ്കിലും കെട്ടിടത്തിനോ കോളേജിനോ സ്ഥാപനത്തിനോ വേണ്ടിയുള്ളതല്ല. ഇവിടെ നമ്മുടെ യുവാക്കളുടെ ശോഭനമായ ഭാവിക്കാണു തറക്കല്ലിട്ടത്. ഇവിടെ ഉന്നതവിദ്യാഭ്യാസത്തിന് കൃത്യമായ സംവിധാനമുണ്ടെങ്കില്‍, പാവപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവര്‍ക്കും അവരുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയും. അതോടൊപ്പം ഇവിടെയുള്ള ഈ സ്ഥാപനങ്ങള്‍ വഴി കര്‍ഷകര്‍ക്കും കന്നുകാലി ഉടമകള്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാകും.  ഈ പദ്ധതികള്‍ കൂടാതെ, കരാറിന്റെ മറ്റ് വശങ്ങളിലും അസം സര്‍ക്കാര്‍ തുടര്‍ച്ചയായ നടപടികളാണ് സ്വീകരിക്കുന്നത്.  ആയുധങ്ങളും വെടിക്കോപ്പുകളും ഉപേക്ഷിച്ച് രാഷ്ട്രനിര്‍മ്മാണത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ ആ സുഹൃത്തുക്കളുടെ പുനരധിവാസത്തിനായി അക്ഷീണമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.

 സഹോദരീ സഹോദരന്മാരേ,

 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ'ത്തില്‍ രാജ്യം കൈക്കൊണ്ട പ്രധാന ദൃഢനിശ്ചയങ്ങളിലൊന്ന് അമൃത് സരോവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. എല്ലാ ജില്ലകളിലും കുറഞ്ഞത് 75 അമൃത സരോവരങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഇന്ന് മുന്നോട്ട് പോകുന്നത്.  കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജമ്മു കശ്മീരില്‍ നിന്ന് ഞാന്‍ ഇത് ആരംഭിച്ചത്. ഇന്ന് അസമിലും 2600-ലധികം അമൃത സരോവരങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.  ഈ തടാകങ്ങളുടെ നിര്‍മ്മാണം പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദിവാസി സമൂഹത്തിലും ഇത്തരം തടാകങ്ങളുടെ സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്.  ഇതോടെ ഗ്രാമങ്ങളില്‍ ജലസംഭരണി രൂപപ്പെടുക മാത്രമല്ല, വരുമാനമാര്‍ഗം കൂടിയാകും.  അസമിലെ ഭക്ഷണത്തിനും ഉപജീവനത്തിനുമുള്ള പ്രധാന ഉറവിടമാണ് മത്സ്യം.  ഈ അമൃത സരോവരങ്ങളില്‍ നിന്ന് മത്സ്യകൃഷിക്കും ഒരു വലിയ കൊയ്ത്തു ലഭിക്കും.

 സഹോദരീ സഹോദരന്മാരേ,

 കഴിഞ്ഞ ദശകങ്ങളില്‍ നിങ്ങളെല്ലാവരും ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയി. എന്നാല്‍ 2014 മുതല്‍ വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി കുറയുകയും ജനജീവിതം വികസിക്കുകയും ചെയ്യുന്നു. ഇന്ന്, ആരെങ്കിലും അസമിലെ ആദിവാസി മേഖലകളിലേക്ക് വരുമ്പോഴോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോഴോ, സാഹചര്യം മാറുന്നത് കാണാന്‍ ആ വ്യക്തി ഇഷ്ടപ്പെടുന്നു. അത് കര്‍ബി ആംഗ്ലോങ്ങോ മറ്റേതെങ്കിലും ആദിവാസി മേഖലയോ ആകട്ടെ, നമ്മള്‍ വികസനത്തിന്റെയും വിശ്വാസത്തിന്റെയും നയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

 സുഹൃത്തുക്കളേ,

 നിങ്ങളുടെ സഹോദരനെപ്പോലെയോ മകനെപ്പോലെയോ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരു അംഗം എന്ന നിലയില്‍ നിങ്ങളുടെ പ്രശ്‌നങ്ങളും ഈ പ്രദേശത്തെ പ്രശ്‌നങ്ങളും ഞാന്‍ മനസ്സിലാക്കുന്നുവെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം.  എല്ലാ പ്രശ്‌നങ്ങളും മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.  ബുദ്ധിയെക്കാളും ഹൃദയം കൊണ്ട് നിങ്ങള്‍ എനിക്ക് വിശദീകരിച്ചു തന്നു.  ഓരോ തവണയും നിങ്ങള്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.  കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ നാമെല്ലാവരും പരിഹാരങ്ങള്‍ തേടുമ്പോള്‍, അതില്‍ ഒരു സംവേദനക്ഷമതയുണ്ട്.  നമുക്ക് വേദനയും കഷ്ടപ്പാടും അനുഭവിക്കാന്‍ കഴിയും;  നിങ്ങളുടെ സ്വപ്നങ്ങളും തീരുമാനങ്ങളും ഞങ്ങള്‍ നന്നായി മനസ്സിലാക്കുന്നു;  നിങ്ങളുടെ മഹത്തായ ഉദ്ദേശ്യങ്ങളെ മാനിക്കാന്‍ വളരെ കഠിനമായി പ്രയത്‌നിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.

 സുഹൃത്തുക്കളേ,

 ഓരോ മനുഷ്യനും, അസമിലെ ഈ വിദൂര പ്രദേശത്തെ ആളുകള്‍ക്ക് പോലും, കാടുകളില്‍ താമസിക്കുന്ന ചെറുപ്പക്കാര്‍ക്ക് പോലും മുന്നോട്ട് പോകാനുള്ള ആഗ്രഹമുണ്ട്.  ഈ വികാരവും നിങ്ങളുടെ സ്വപ്നങ്ങളും മനസിലാക്കി, ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നു.  നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലാണു ഞങ്ങള്‍ വ്യാപൃതരായിരിക്കുന്നത്; നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ ശ്രമിക്കുന്നു;  എല്ലാ തീരുമാനങ്ങളും പൂര്‍ത്തിയാക്കാന്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, നാം ഒരുമിച്ച് വിജയിക്കാന്‍ പോകുകയാണ്.

 സഹോദരീ സഹോദരന്മാരേ,

 പതിറ്റാണ്ടുകള്‍ പഴക്കമുള്ള അക്രമം, അരാജകത്വം, അവിശ്വാസം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ കണ്ടെത്തുന്നതോടെ മാഞ്ഞുപോകുന്നതെങ്ങനെയെന്ന് ഇന്ന് രാജ്യം മുഴുവന്‍ വീക്ഷിക്കുകയാണ്.  ബോംബുകളുടെയും വെടിയുണ്ടകളുടെയും ശബ്ദം ഈ പ്രദേശത്തു പ്രതിധ്വനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കരഘോഷം മാത്രം കേള്‍ക്കാം. ആളുകള്‍ ഈ സ്ഥലത്തെ അഭിനന്ദിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, കര്‍ബി ആംഗ്ലോങ്ങിലെ നിരവധി സംഘടനകള്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയില്‍ മുന്നോട്ട് പോകാനുള്ള പ്രതിജ്ഞയുമായി ഒത്തുചേര്‍ന്നു.  2020 ലെ ബോഡോ കരാര്‍ ശാശ്വത സമാധാനത്തിനുള്ള പുതിയ വാതിലുകള്‍ തുറന്നിരിക്കുന്നു.  അസമിന് പുറമെ ത്രിപുരയിലും സമാധാനത്തിന്റെ പാതയില്‍ എന്‍എല്‍എഫ്ടി ചുവടുവയ്പുകള്‍ നടത്തി.  ബ്രൂ-റിയാങ്ങുമായി ബന്ധപ്പെട്ട, രണ്ടര പതിറ്റാണ്ടായി തുടരുന്ന  പ്രശ്നത്തിനും പരിഹാരമായി. മറ്റു സ്ഥലങ്ങളിലും ശാശ്വത സമാധാനത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ അതീവ ഗൗരവത്തോടെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു.

 സുഹൃത്തുക്കളേ,

 അക്രമവും അശാന്തിയും ഏറ്റവും കൂടുതല്‍ ബാധിച്ചവര്‍;  ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചവര്‍; ഒരിക്കലും കണ്ണുനീര്‍ വറ്റാത്ത നമ്മുടെ അമ്മമാരും സഹോദരിമാരും കുട്ടികളുമാണ്. ഇന്ന്, ആയുധങ്ങള്‍ ഉപേക്ഷിച്ച് കാടുകളില്‍ നിന്ന് കുടുംബങ്ങളിലേക്ക് മടങ്ങിയ യുവാക്കളെ കാണുമ്പോള്‍, അമ്മമാരുടെ കണ്ണുകളില്‍ സന്തോഷവും തിളക്കവും നിറയുന്നത് എനിക്ക് കാണാന്‍ കഴിയും. അവരുടെ കണ്ണുകളില്‍ നിന്ന് സന്തോഷത്തിന്റെ കണ്ണുനീര്‍ ഒഴുകുന്നത് ഞാന്‍ കാണുന്നു. അമ്മമാര്‍ക്ക് സമാധാനവും സംതൃപ്തിയും അനുഭവപ്പെടുന്നു. അപ്പോഴാണ് എനിക്ക് ഒരുപാട് അനുഗ്രഹമായി തോന്നുന്നത്. ഇന്നിവിടെ അമ്മമാരും സഹോദരിമാരും വന്‍തോതില്‍ എത്തിയിട്ടുണ്ട്. ഇവിടെ വന്ന് അനുഗ്രഹം ചൊരിയുന്ന അമ്മമാരും സഹോദരിമാരും സമാധാന ശ്രമങ്ങള്‍ക്ക് പുത്തന്‍ ശക്തിയും ഉന്മേഷവും നല്‍കുന്നു.  ഈ പ്രദേശത്തെ ജനങ്ങളുടെയും അവരുടെ മക്കളുടെയും പെണ്‍മക്കളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്ററുകളുടെ ഇരട്ട എഞ്ചിന്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ അര്‍പ്പണബോധത്തോടെയും സേവന മനോഭാവത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്.

 സഹോദരീ സഹോദരന്മാരേ,

 അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗവണ്‍മെന്റിന്റെയും സമൂഹത്തിന്റെയും കൂട്ടായ പ്രയത്നത്താല്‍ സമാധാനം തിരിച്ചുവരുമ്പോള്‍ പഴയ നിയമങ്ങളും പരിഷ്‌കരിക്കപ്പെടുന്നു.  വളരെക്കാലമായി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സംസ്ഥാനങ്ങളിലും സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) നിലവിലുണ്ട്. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍, സ്ഥിരമായ സമാധാനവും മെച്ചപ്പെട്ട ക്രമസമാധാന നിലയും തിരിച്ചെത്തിയതിനാല്‍ വടക്ക് കിഴക്കിന്റെ പല മേഖലകളില്‍ നിന്നും ഞങ്ങള്‍ അഫ്‌സ്പ നീക്കം ചെയ്തു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അക്രമസംഭവങ്ങളില്‍ 75 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. അഫ്സ്പ ആദ്യം ത്രിപുരയില്‍ നിന്നും പിന്നീട് മേഘാലയയില്‍ നിന്നും പിന്‍വലിച്ചതിന്റെ കാരണം ഇതാണ്. അസമില്‍ ഇത് 3 പതിറ്റാണ്ടായി നടപ്പാക്കി വരികയായിരുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെടാത്തതിനാല്‍, മുന്‍ ഗവണ്‍മെന്റുകള്‍ അത് വീണ്ടും വീണ്ടും തള്ളിവിട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, സാഹചര്യം കൈകാര്യം ചെയ്ത രീതി മാറിയപ്പോള്‍ ഇന്ന് അസമിലെ 23 ജില്ലകളില്‍ നിന്ന് അഫ്‌സ്പ നീക്കം ചെയ്തിരിക്കുന്നു. മറ്റ് മേഖലകളിലും, സ്ഥിതിഗതികള്‍ വേഗത്തില്‍ സാധാരണ നിലയിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അതിലൂടെ അഫ്‌സ്പ അവിടെനിന്നും നീക്കം ചെയ്യാനാകും. നാഗാലാന്‍ഡിലും മണിപ്പൂരിലും ഞങ്ങള്‍ ഈ ദിശയില്‍ അതിവേഗം മുന്നേറുകയാണ്.

 സുഹൃത്തുക്കളേ,

 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു;  സംസ്ഥാനങ്ങള്‍ തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളും രമ്യമായി പരിഹരിക്കപ്പെടുകയാണ്. ഹിമന്ത ജിയെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മറ്റ് മുഖ്യമന്ത്രിമാരെയും ഞാന്‍ ഇന്ന് അഭിനന്ദിക്കുകയാണ്. അവരുടെ പ്രയത്നത്താല്‍ വടക്കുകിഴക്ക് ഇപ്പോള്‍ രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്' എന്ന ആശയവുമായി അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഇന്ന് തേടുകയാണ്.  അസമും മേഘാലയയും തമ്മിലുള്ള കരാര്‍ മറ്റ് പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇത് മുഴുവന്‍ പ്രദേശത്തിന്റെയും വികസന അഭിലാഷങ്ങള്‍ക്ക് ആക്കം കൂട്ടും.

 സഹോദരീ സഹോദരന്മാരേ,

 ബോഡോ കരാറായാലും കര്‍ബി ആംഗ്ലോംഗ് കരാറായാലും പ്രാദേശിക സ്വയംഭരണത്തിന് ഞങ്ങള്‍ വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 7-8 വര്‍ഷമായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.  അത് കര്‍ബി ആംഗ്ലോംഗ് സ്വയംഭരണ കൗണ്‍സിലായാലും മറ്റ് പ്രാദേശിക സ്ഥാപനങ്ങളായാലും അവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്.  കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ എല്ലാ ഗ്രാമങ്ങളിലും അതിവേഗം എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തവും ഈ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിറവേറ്റപ്പെടും. പൊതു സൗകര്യം, പൊതു ക്ഷേമം, പൊതു പങ്കാളിത്തം എന്നിവയാണ് നമുക്കെല്ലാം മുന്‍ഗണന.

 സഹോദരീ സഹോദരന്മാരേ,

 രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനത്തിന്റെ വികസനം, സംസ്ഥാനത്തിന്റെ വികസനത്തിന് ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും വികസനം അനിവാര്യമാണ്. പ്രാദേശിക ആവശ്യങ്ങള്‍ക്കും പ്രാദേശിക സാഹചര്യങ്ങള്‍ക്കും അനുസൃതമായി വികസന പദ്ധതികള്‍ തയ്യാറാക്കുകയും പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഗ്രാമങ്ങളുടെ യഥാര്‍ത്ഥ വികസനം സാധ്യമാകൂ.  അതിനാല്‍, കേന്ദ്രത്തിന്റെ പദ്ധതികളില്‍ ഞങ്ങള്‍ വര്‍ഷങ്ങളായി പ്രാദേശിക ആവശ്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു.  ഉദാഹരണത്തിന്, മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പാവപ്പെട്ടവര്‍ക്കുള്ള ഭവനവുമായി ബന്ധപ്പെട്ട പദ്ധതികള്‍; അവരുടെ രൂപകല്‍പ്പന മുതല്‍ അതിനാവശ്യമായ വസ്തുക്കള്‍ വരെ ഡല്‍ഹിയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കര്‍ബി ആംഗ്ലോങ് പോലെയുള്ള ആദിവാസി മേഖലകള്‍ക്ക് വ്യത്യസ്തമായ പാരമ്പര്യമുണ്ട്, വീടുകള്‍ പണിയുന്നതുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു സംസ്‌കാരം;  വസ്തുക്കളുടെ ലഭ്യത സ്ഥലത്ത് വ്യത്യാസപ്പെട്ടിരിക്കുന്നു.  അതിനാല്‍, പ്രധാനമന്ത്രി ആവാസ് യോജനയില്‍ വലിയ മാറ്റം വരുത്തി.  ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നേരിട്ട് എത്തുന്നത്.  ഇതിനുശേഷം, ഗുണഭോക്താക്കള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് സ്വന്തമായി വീട് നിര്‍മ്മിക്കുന്നു.  അപ്പോള്‍ ഗുണഭോക്താവിന് ലോകത്തോട് പറയാന്‍ കഴിയും 'നോക്കൂ, ഇത് എന്റെ വീടാണ്, ഞാന്‍ നിര്‍മ്മിച്ചതാണ്'.  ഈ പ്രധാനമന്ത്രി ആവാസ് യോജന ഒരു പണമോ സര്‍ക്കാരിന്റെയോ ആനുകൂല്യമല്ല.  ഞങ്ങള്‍ക്ക്, പ്രധാനമന്ത്രി ആവാസ് യോജന എന്നത് ഒരു പാവപ്പെട്ടവന്റെ സ്വന്തം സ്വപ്ന ഭവനം അവന്റെ സ്വന്തം ആഗ്രഹപ്രകാരം നിര്‍മ്മിക്കാനുള്ള പദ്ധതിയാണ്. ഗ്രാമത്തിന്റെ വികസനത്തില്‍ ഗ്രാമത്തിലെ ജനങ്ങളുടെ കൂടുതല്‍ പങ്കാളിത്തത്തിന്റെ ഈ മനോഭാവം ഹര്‍ ഘറിലും ഉണ്ട്.  ജല്‍ യോജന.  എല്ലാ വീടുകളിലും എത്തുന്ന വെള്ളം ഗ്രാമത്തിലെ ജലകമ്മിറ്റികള്‍ കൈകാര്യം ചെയ്യണം, അതില്‍ കൂടുതലും അമ്മമാരും സഹോദരിമാരും അടങ്ങുന്ന കമ്മിറ്റികളായിരിക്കണം.  കാരണം നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പോലെ ആര്‍ക്കും വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയില്ല.  സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും ഇത് മനസ്സിലാകില്ല.  അതുകൊണ്ടാണ് അമ്മമാരെയും സഹോദരിമാരെയും കേന്ദ്രീകരിച്ച് ജലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ശക്തിപ്പെടുത്തിയത്.  ഈ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഗ്രാമത്തിലെ 2 ശതമാനത്തില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇവിടെ പൈപ്പ് വെള്ളം ലഭ്യമായിരുന്നത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ ഏകദേശം 40 ശതമാനം കുടുംബങ്ങള്‍ക്കും പൈപ്പ് വെള്ളം ലഭ്യമാണ്. അസമിലെ എല്ലാ വീടുകളിലും പൈപ്പ് വഴി വെള്ളം ഉടന്‍ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 സഹോദരീ സഹോദരന്മാരേ,

 ആദിവാസി സമൂഹത്തിന്റെ സംസ്‌കാരം, ഇവിടുത്തെ ഭാഷ, ഭക്ഷണം, കല, കരകൗശല വസ്തുക്കള്‍ തുടങ്ങി എല്ലാം ഇവിടുത്തെ പൈതൃകം മാത്രമല്ല എന്റെ ഇന്ത്യയുടെ പൈതൃകം കൂടിയാണ്.  ഓരോ ഇന്ത്യക്കാരും നിങ്ങളുടെ ഈ പൈതൃകത്തില്‍ അഭിമാനിക്കുന്നു. അസമിലെ എല്ലാ ജില്ലകളും, ഓരോ പ്രദേശവും, എല്ലാ ഗോത്രങ്ങളും ഈ പൈതൃകത്തില്‍ വളരെ സമ്പന്നമാണ്.  ഇവിടെ സാംസ്‌കാരിക പൈതൃകം ഇന്ത്യയെ ബന്ധിപ്പിക്കുകയും 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.  അതിനാല്‍, ഗോത്രവര്‍ഗ കല-സംസ്‌കാരവും കലയും കരകൗശലവും സംരക്ഷിക്കാനും അവ ഭാവിതലമുറയ്ക്ക് കൈമാറാനുള്ള സംവിധാനം വികസിപ്പിക്കാനും കേന്ദ്രഗവണ്‍മെന്റ് പരിശ്രമിക്കുന്നു. ഇന്ന്, രാജ്യത്തുടനീളം നിര്‍മ്മിക്കപ്പെടുന്ന ആദിവാസി മ്യൂസിയങ്ങള്‍, ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയങ്ങള്‍ എന്നിവയും ഇതേ ആശയത്തിന് അനുസൃതമാണ്. ആദിവാസി പ്രതിഭകളെയും ആദിവാസി സമൂഹത്തിന്റെ പ്രാദേശിക ഉല്‍പന്നങ്ങളെയും കേന്ദ്ര ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നു. കൈത്തറി പരുത്തി തുണി, മുള, തടി, ലോഹ പാത്രങ്ങള്‍, കര്‍ബി ആംഗ്ലോംഗ് ഉള്‍പ്പെടെ അസമിലെമ്പാടുമുള്ള മറ്റ് പുരാവസ്തുക്കളുടെ അതിശയകരമായ പാരമ്പര്യമുണ്ട്.  ഈ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.  ഈ ഉല്‍പന്നങ്ങള്‍ എല്ലാ വീടുകളിലും രാജ്യത്തിന്റെയും ലോകത്തെയും പ്രധാന വിപണികളിലേക്കും എത്തുന്നതിന് ആവശ്യമായ എല്ലാ വേദികളും സര്‍ക്കാര്‍ സജ്ജീകരിക്കുന്നു. ഞാന്‍ എവിടെപ്പോയാലും, വിദൂര വനങ്ങളില്‍ താമസിക്കുന്ന എന്റെ സഹോദരീസഹോദരന്മാരെക്കുറിച്ച്, കലയും കരകൗശലവുമായി ബന്ധപ്പെട്ട എന്റെ സഹോദരീസഹോദരന്മാരെക്കുറിച്ചു ഞാന്‍ സംസാരിക്കാറുണ്ട്. നിങ്ങളുടെ ജോലി ഇന്ത്യന്‍ വീടുകളില്‍ ഇടം കണ്ടെത്തുകയും ലോകമെമ്പാടും ആദരവ് നേടുകയും വേണം എന്നതിനാല്‍ ഞാന്‍ എല്ലായിടത്തും ' പ്രാദേശികമാി നിര്‍മിച്ചതു പ്രാദേശികമായി വാങ്ങുക' എന്നതിനേക്കുറിച്ചു സംസാരിക്കുന്നു.

 സുഹൃത്തുക്കളേ,

 ഈ ' സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത്' കര്‍ബി ആംഗ്ലോങ്ങും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ ഭാവിയിലേക്ക് നീങ്ങുകയാണ്.  ഇനി ഇവിടെ നിന്ന് നമ്മള്‍ തിരിഞ്ഞു നോക്കേണ്ടതില്ല.  കഴിഞ്ഞ ദശകങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയാതിരുന്ന വികസനം വരും വര്‍ഷങ്ങളില്‍ ഒരുമിച്ച് നികത്തണം. അസമിന്റെ വികസനത്തിനായുള്ള പരിശ്രമത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും നിങ്ങളോടൊപ്പം നില്‍ക്കുന്നു. ഇത്രയും വലിയ കൂട്ടമായി ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, നിങ്ങളുടെ പ്രദേശം വികസിപ്പിച്ചുകൊണ്ട് നിങ്ങളുടെ ഈ സ്‌നേഹം ഞാന്‍ താല്‍പ്പര്യത്തോടെ തിരികെ നല്‍കും. ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു.

 കാര്‍ഡോം!  നന്ദി !

 ഭാരത് മാതാ കീ ജയ്!

 ഭാരത് മാതാ കീ ജയ്!

 ഭാരത് മാതാ കീ ജയ്!

വളരെയധികം നന്ദി!  കാര്‍ഡോം!

-ND-



(Release ID: 1821413) Visitor Counter : 77