പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം


''സ്റ്റാര്‍ട്ടപ്പുകളും കായികമേഖലയും ഒന്നിക്കേണ്ടതു പ്രാധാന്യമര്‍ഹിക്കുന്നു. ബംഗളൂരുവിലെ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് ഈ മനോഹരമായ നഗരത്തിന്റെ ഊര്‍ജത്തിനു കരുത്തേകും''


''മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ഗെയിംസ് സംഘടിപ്പിക്കുന്നത് നവ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെയും അഭിനിവേശത്തെയും അടയാളപ്പെടുത്തുന്നു. യുവത്വത്തിന്റെ ഈ അഭിനിവേശം ഇന്ത്യക്ക് എല്ലാ മേഖലകളിലും പുതിയ ഗതിവേഗം നല്‍കുന്നു''


''സമഗ്രമായ സമീപനവും 100 ശതമാനം അര്‍പ്പണബോധവുമാണു കായികമേഖലയിലെയും ജീവിതത്തിലെയും വിജയത്തിനാധാരം''


''വിജയത്തിന്റെ നേട്ടങ്ങള്‍ പിന്തുടരുകയും തോല്‍വിയില്‍ നിന്നു പാഠം പഠിക്കുകയും ചെയ്യുക എന്നതു കായികരംഗത്തുനിന്നു നമുക്കു ലഭിക്കുന്ന സുപ്രധാന സന്ദേശമാണ്.''


''പല സംരംഭങ്ങളും കായികരംഗത്തെ പഴമയുടെ ചങ്ങലക്കെട്ടുകളില്‍നിന്നു സ്വതന്ത്രമാക്കുന്നു''


''കായികരംഗത്തെ അംഗീകാരം രാജ്യത്തിനുള്ള അംഗീകാരവും വര്‍ധിപ്പിക്കുന്നു''

Posted On: 24 APR 2022 7:29PM by PIB Thiruvananthpuram

ഖേലോ ഇന്ത്യ സര്‍വകലാശാലാ ഗെയിംസ് ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകളര്‍പ്പിച്ചു. ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവാണു ബംഗളൂരുവില്‍ ഇന്നു ഗെയിംസ് ഉദ്ഘാടനം ചെയ്തത്. കര്‍ണാടക ഗവര്‍ണര്‍ ശ്രീ താവര്‍ ചന്ദ് ഗെലോട്ട്, ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മെ, കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍, കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ യുവത്വത്തിന്റെ ആവേശത്തിന്റെ പ്രതീകമാണു ബംഗളൂരുവെന്നും പ്രൊഫഷണലുകളുടെ അഭിമാനമാണ് ഈ നഗരമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെയും കായികമേഖലയുടെയും സംഗമമാണ് ഇവിടെ നടക്കുന്നത് എന്നതു ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ''ബംഗളൂരുവിലെ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് ഈ മനോഹരമായ നഗരത്തിന്റെ ഊര്‍ജത്തിനു കരുത്തേകും''- അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ഗെയിംസ് സംഘടിപ്പിക്കുന്നത് നവ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെയും അഭിനിവേശത്തെയും അടയാളപ്പെടുത്തുന്നു. യുവത്വത്തിന്റെ ഈ അഭിനിവേശം ഇന്ത്യക്ക് എല്ലാ മേഖലകളിലും പുതിയ ഗതിവേഗം നല്‍കുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിജയത്തിന്റെ ആദ്യമന്ത്രമെന്ന നിലയില്‍ ഒത്തൊരുമയുടെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ഈ ടീം സ്പിരിറ്റ് നമുക്കു കായികരംഗത്തുനിന്നു പഠിക്കാന്‍ കഴിയും. ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസില്‍ നിങ്ങള്‍ക്കതു നേരിട്ട് അനുഭവപ്പെടും. ഈ ഒത്തൊരുമ നമ്മുടെ ജീവിതത്തിനു പുതിയ കാഴ്ചപ്പാടു പകരും''- പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, സമഗ്രമായ സമീപനവും 100 ശതമാനം അര്‍പ്പണബോധവുമാണു കായികമേഖലയിലെയും ജീവിതത്തിലെയും വിജയത്തിനാധാരം. കായികമേഖലയില്‍ നിന്നുള്ള കരുത്തും ഗ്രഹിക്കലും നമ്മെ ജീവിതത്തില്‍ മുന്നോട്ടു നയിക്കുന്നു. ''യഥാര്‍ത്ഥത്തില്‍, ജീവിതത്തിന്റെ ശരിയായ പിന്തുണാസംവിധാനമാണു കായികരംഗം''- ശ്രീ മോദി പറഞ്ഞു. അഭിനിവേശം, വെല്ലുവിളികള്‍, തോല്‍വിയില്‍ നിന്നുള്ള പാഠം, സമഗ്രത, ഓരോ നിമിഷത്തെയും അതിജീവിക്കാനുള്ള കഴിവ് തുടങ്ങിയ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് കായികമേഖലയും ജീവിതവും തമ്മിലുള്ള സമാനതകളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ''വിജയത്തിന്റെ നേട്ടങ്ങള്‍ പിന്തുടരുകയും തോല്‍വിയില്‍ നിന്നു പാഠം പഠിക്കുകയും ചെയ്യുക എന്നതു കായികരംഗത്തുനിന്നു നമുക്കു ലഭിക്കുന്ന സുപ്രധാനസന്ദേശമാണ്.''- അദ്ദേഹം പറഞ്ഞു.

നവ ഇന്ത്യയുടെ ചെറുപ്പമാണു നിങ്ങളെന്നും 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന്റെ പതാകവാഹകരാണു നിങ്ങളെന്നും കായികതാരങ്ങളോടു പ്രധാനമന്ത്രി പറഞ്ഞു. ചെറുപ്പമാര്‍ന്ന ചിന്തകളും സമീപനവുമാണ് ഇന്നു രാജ്യത്തിന്റെ നയങ്ങള്‍ രൂപപ്പെടുത്തുന്നത്. ഇന്നത്തെ യുവാക്കള്‍ കായികക്ഷമതയെ രാജ്യത്തിന്റെ പുരോഗതിയുടെ സന്ദേശമാക്കി മാറ്റിയിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പല സംരംഭങ്ങളും കായികരംഗത്തെ പഴമയുടെ ചങ്ങലക്കെട്ടുകളില്‍നിന്നു സ്വതന്ത്രമാക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തില്‍ കായികമേഖലയ്ക്ക് ഊന്നല്‍ നല്‍കല്‍, കായികമേഖലയ്ക്ക് ആവശ്യമായ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സുതാര്യമായ സെലക്ഷന്‍ പ്രക്രിയ, കായികമേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ നടപടികള്‍ അതിവേഗം നവ ഇന്ത്യയുടെ സ്വഭാവവിശേഷമായി മാറുകയാണ്. ഇതു യുവാക്കളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നവ ഇന്ത്യയുടെ തീരുമാനങ്ങളുടെ അടിത്തറയുമാണ്. ''ഇപ്പോള്‍ രാജ്യത്ത് പുതിയ കായിക ശാസ്ത്ര കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടുകയാണ്. സമര്‍പ്പിത കായിക സര്‍വകലാശാലകള്‍ വരുന്നു. ഇതു നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നതിനും നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുമാണ്,'' പ്രധാനമന്ത്രി പറഞ്ഞു.

കായികരംഗത്തെ അംഗീകാരം രാജ്യത്തിനുള്ള അംഗീകാരം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ കായിക ശക്തിയും രാജ്യത്തിന്റെ ശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സ് സംഘവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. രാജ്യത്തിനായി എന്തെങ്കിലും ചെയ്യുമ്പോള്‍ കായികതാരങ്ങളുടെ മുഖത്തുണ്ടാകുന്ന തിളക്കത്തെ ക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഗെയിംസില്‍ പങ്കെടുക്കുമ്പോള്‍ രാജ്യത്തിനു വേണ്ടി മത്സരിക്കാന്‍ കായികതാരങ്ങളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

--ND-- 

 

 

My message at the start of Khelo India University Games being held in Bengaluru. https://t.co/fnMkV7Tkzx

— Narendra Modi (@narendramodi) April 24, 2022


(Release ID: 1819658) Visitor Counter : 130