പ്രധാനമന്ത്രിയുടെ ഓഫീസ്
യുകെ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
Posted On:
22 APR 2022 3:40PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍,
വിശിഷ്ട പ്രതിനിധികളെ,
മാധ്യമങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ സുഹൃത്തുക്കളേ,
നമസ്‌കാരം!
ഒന്നാമതായി, പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
പ്രധാനമന്ത്രി എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരിക്കാം, എന്നാല്‍ ഇന്ത്യയുടെ പഴയ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ഇന്ത്യയെ നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി ജോണ്‍സണ്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍, പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം ആ നിലയില്‍ത്തന്നെ ഒരു ചരിത്ര നിമിഷമാണ്. ഇന്നലെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് താങ്കള്‍ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചത് ഇന്ത്യ മുഴുവന്‍ കണ്ടു.
സുഹൃത്തുക്കളേ,
കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചു. ഈ ദശകത്തില്‍ ഞങ്ങളുടെ ബന്ധത്തിന് ദിശാബോധം നല്‍കുന്നതിനായി ഞങ്ങള്‍ ഒരു 'റോഡ്മാപ്പ് 2030' ആരംഭിച്ചു. ഇന്നത്തെ ഞങ്ങളുടെ സംഭാഷണത്തില്‍, ഈ റോഡ്മാപ്പിലെ പുരോഗതിയും ഞങ്ങള്‍ അവലോകനം ചെയ്യുകയും ഭാവിയിലേക്കുള്ള ചില ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) എന്ന വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ട്. ഈ വര്‍ഷാവസാനത്തോടെ എഫ്ടിഎയുടെ സമാപനത്തിനായുള്ള പൂര്‍ണ്ണ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ യുഎഇയുമായും ഓസ്ട്രേലിയയുമായും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു. അതേ വേഗതയില്‍, അതേ പ്രതിബദ്ധതയോടെ, യുകെയുമായും എഫ്ടിഎയില്‍ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പ്രതിരോധ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ഉല്‍പ്പാദനം, സാങ്കേതികവിദ്യ, രൂപകല്‍പ്പന, വികസനം തുടങ്ങിയ എല്ലാ മേഖലകളിലും 'ആത്മനിര്‍ഭര്‍ ഭാരത്' എന്നതിനുള്ള യുകെയുടെ പിന്തുണ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയില്‍ നടക്കുന്ന സമഗ്ര പരിഷ്‌കാരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണ പദ്ധതി, ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈന്‍ എന്നിവയെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയില്‍ യുകെ കമ്പനികളുടെ വര്‍ധിച്ചുവരുന്ന നിക്ഷേപത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതിനൊരു നല്ല ഉദാഹരണമാണ് ഇന്നലെ ഗുജറാത്തിലെ ഹലോളില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്.
യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ 1.6 ദശലക്ഷം ആളുകള്‍ സമൂഹത്തിനും സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകള്‍ക്കും നല്ല സംഭാവനകള്‍ നല്‍കുന്നു. അവരുടെ നേട്ടങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ ജീവനുള്ള പാലം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി ജോണ്‍സണ്‍ വ്യക്തിപരമായി ഈ ദിശയില്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. ഇതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഗ്ലാസ്ഗോയില്‍ നടന്ന സിഒപി-26-ല്‍ എടുത്ത തീരുമാനങ്ങള്‍ നിറവേറ്റാനുള്ള പ്രതിബദ്ധത ഞങ്ങള്‍ പ്രകടിപ്പിച്ചു. നമ്മുടെ കാലാവസ്ഥയും ഊര്‍ജ പങ്കാളിത്തവും കൂടുതല്‍ ആഴത്തിലാക്കാന്‍ ഇന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇന്ത്യയുടെ ദേശീയ ഹൈഡ്രജന്‍ ദൗത്യത്തില്‍ ചേരാന്‍ ഞങ്ങള്‍ യുകെയെ ക്ഷണിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ തന്ത്രപരമായ ടെക് സംഭാഷണം സ്ഥാപിക്കുന്നതിനെ ഞാന്‍ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, ഞങ്ങള്‍ തമ്മിലുള്ള ആഗോള നവീനാശയ പങ്കാളിത്തത്തിന്റെ നടപ്പാക്കല്‍ ക്രമീകരണങ്ങളുടെ സമാപനം വളരെ പ്രധാനപ്പെട്ട ഒരു സംരംഭമായി മാറും. ഇത് മറ്റ് രാജ്യങ്ങളുമായുള്ള നമ്മുടെ വികസന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിന് കീഴില്‍, 'ഇന്ത്യയില്‍ നിര്‍മിക്കുന്ന' നവീനാശയങ്ങള്‍ മൂന്നാം രാജ്യങ്ങളിലേക്ക് കൈമാറുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഇന്ത്യയും യുകെയും 100 ദശലക്ഷം ഡോളര്‍ വരെ സഹ-ധനസഹായം നല്‍കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുമുള്ള ശ്രമങ്ങള്‍ക്കും ഇവ സഹായിക്കും. പുതിയ വിപണികള്‍ പര്യവേക്ഷണം ചെയ്യുന്നതിനും അവരുടെ പുതുമകള്‍ ആഗോളമാക്കുന്നതിനും ഇത് ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇ മേഖലയ്ക്കും വളരെ ഉപയോഗപ്രദമാണെന്ന് തെളിയിക്കും.
സുഹൃത്തുക്കളേ,
പ്രാദേശിക തലത്തിലും ആഗോള തലത്തിലും നടക്കുന്ന നിരവധി സംഭവവികാസങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ക്രമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്തോ-പസഫിക് മേഖല ഉണ്ടായിരിക്കുന്നതിന് ഞങ്ങള്‍ ഊന്നല്‍ നല്‍കി. ഇന്തോ-പസഫിക് സമുദ്ര സംരംഭത്തില്‍ ചേരാനുള്ള യുകെയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു.
ഉടനടി വെടിനിര്‍ത്തലിനും ഉക്രെയ്നിലെ പ്രശ്നപരിഹാരത്തിനുമുള്ള സംഭാഷണത്തിനും നയതന്ത്രത്തിനും ഞങ്ങള്‍ ഊന്നല്‍ നല്‍കി. എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങള്‍ ആവര്‍ത്തിച്ചു.
സമാധാനപരവും സുസ്ഥിരവും സുരക്ഷിതവുമായ അഫ്ഗാനിസ്ഥാന് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും പ്രാതിനിധ്യമുള്ളതുമായ ഗവണ്‍മെന്റിനുള്ള ഞങ്ങളുടെ പിന്തുണ ഞങ്ങള്‍ ആവര്‍ത്തിച്ചു. മറ്റ് രാജ്യങ്ങളില്‍ തീവ്രവാദം വ്യാപിപ്പിക്കാന്‍ അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കാതിരിക്കേണ്ടത് അത്യാവശ്യമാണ്.
ശ്രേഷ്ഠരേ,
ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ എപ്പോഴും പ്രത്യേക ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനായി ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കുന്നു.
ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കും താങ്കളുടെ സംഘത്തിനും ഇന്ത്യയിലേക്ക് ഊഷ്മളമായ സ്വാഗതം.
വളരെ നന്ദി!
(Release ID: 1819222)
Visitor Counter : 146
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada