പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ നാവിക ദിനത്തിൽ പ്രധാനമന്ത്രി ഇന്ത്യയുടെ മഹത്തായ സമുദ്രചരിത്രം അനുസ്മരിച്ചു

Posted On: 05 APR 2022 10:07AM by PIB Thiruvananthpuram

ദേശീയ നാവിക ദിനത്തിൽ ഇന്ത്യയുടെ മഹത്തായ സമുദ്രചരിത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സമുദ്രമേഖലയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ 8 വർഷമായി, സാമ്പത്തിക വളർച്ചയ്ക്കും ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിനും അത്യന്താപേക്ഷിതമായ തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിലാണ് കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന്  പറഞ്ഞു. സമുദ്ര പരിസ്ഥിതി വ്യവസ്ഥയും വൈവിധ്യവും ഉറപ്പാക്കാൻ  ഗവൺമെന്റ് മതിയായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


ട്വീറ്റുകളുടെ ഒരു പരമ്പരയിൽ  പ്രധാനമന്ത്രി പറഞ്ഞു:

"ഇന്ന്, ദേശീയ മാരിടൈം ദിനത്തിൽ നാം  നമ്മുടെ മഹത്തായ സമുദ്രചരിത്രം ഓർമ്മിക്കുകയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സമുദ്രമേഖലയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. കഴിഞ്ഞ 8 വർഷമായി നമ്മുടെ സമുദ്രമേഖല പുതിയ ഉയരങ്ങൾ കീഴടക്കുകയും വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുകയും ചെയ്തു."

"കഴിഞ്ഞ 8 വർഷമായി, തുറമുഖത്തിന്റെ നേതൃത്വത്തിലുള്ള വികസനത്തിൽ കേന്ദ്ര  ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചു, അതിൽ തുറമുഖ ശേഷി വികസിപ്പിക്കുകയും നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികളിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജലപാതകൾ ഉപയോഗപ്പെടുത്തുന്നു."

"സാമ്പത്തിക പുരോഗതിക്കായി നാം സമുദ്രമേഖലയെ പ്രയോജനപ്പെടുത്തുകയും ഒരു ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുകയും ചെയ്യുമ്പോൾ, ഇന്ത്യ അഭിമാനിക്കുന്ന സമുദ്ര പരിസ്ഥിതി വ്യവസ്ഥയും വൈവിധ്യവും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ  വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നു."

****

-ND-

(Release ID: 1813511) Visitor Counter : 173