വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രക്ഷേപകർക്കുള്ള ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിന് ശ്രീ അനുരാഗ് ഠാക്കൂർ തുടക്കം കുറിച്ചു
Posted On:
04 APR 2022 3:38PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഏപ്രിൽ 04, 2022
പ്രക്ഷേപണ മേഖലയിലെ ബിസിനസ് സുഗമമാക്കുന്നതിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന് ന്യൂ ഡൽഹിയിൽ ബ്രോഡ്കാസ്റ്റ് സേവാ പോർട്ടൽ ഉദ്ഘാടനം ചെയ്തു. വിവിധ ലൈസൻസുകൾ, അനുമതികൾ, രജിസ്ട്രേഷനുകൾ മുതലായവയ്ക്ക് വേണ്ടിയുള്ള അപേക്ഷകൾ എളുപ്പത്തിൽ സമർപ്പിക്കുന്നതിനും അതിന്മേൽ തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള ഒരു ഓൺലൈൻ സംവിധാനമാണ് ബ്രോഡ്കാസ്റ്റ് സേവാ പോർട്ടൽ.
പ്രക്ഷേപണ സംവിധാനം സുതാര്യമാക്കാനും കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാനും, സാങ്കേതിക വിദ്യയെ ഗവണ്മെന്റ് പ്രയോജനപ്പെടുത്തുകയാണെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. ബ്രോഡ്കാസ്റ്റ് സേവാ പോർട്ടൽ, അപേക്ഷകൾ തീർപ്പാക്കാൻ എടുക്കുന്ന സമയം കുറയ്ക്കുകയും തൽസ്ഥിതി നിരീക്ഷിക്കാൻ അപേക്ഷകരെ സഹായിക്കുകയും ചെയ്യും. ഈ പോർട്ടൽ മുഖാന്തിരം, നേരത്തെ ആവശ്യമായിരുന്ന മാനുഷിക ഇടപെടൽ കുറയുകയും അതുവഴി മന്ത്രാലയത്തിന്റെ ശേഷി വർദ്ധിക്കുകയും ചെയ്യുന്നതോടെ ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഇത് മാറും.
സമഗ്ര ഡിജിറ്റൽ സംവിധാനം അനുമതി തേടുന്നതിനും രജിസ്‌ട്രേഷന് അപേക്ഷിക്കുന്നതിനും അപേക്ഷകളുടെ തൽസ്ഥിതി നിരീക്ഷിക്കുന്നതിനും ഫീസ് കണക്കാക്കുന്നതിനും പണമൊടുക്കുന്നതിനും ബന്ധപ്പെട്ടവരെ സഹായിക്കുമെന്ന് ശ്രീ ഠാക്കൂർ കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഇന്ത്യയുടെ വിപുലമായ ശൃംഖല പ്രയോജനപ്പെടുത്തി സ്വകാര്യ ഉപഗ്രഹ ടിവി ചാനലുകൾ, ടെലിപോർട്ട് ഓപ്പറേറ്റർമാർ, മൾട്ടി-സർവീസ് ഓപ്പറേറ്റർമാർ, കമ്മ്യൂണിറ്റി റേഡിയോ, സ്വകാര്യ റേഡിയോ ചാനലുകൾ തുടങ്ങി ബന്ധപ്പെട്ട എല്ലാ പങ്കാളികൾക്കും പോർട്ടൽ സേവനങ്ങൾ നൽകും.
900-ലധികം ഉപഗ്രഹ ടിവി ചാനലുകൾ, 70 ടെലിപോർട്ട് ഓപ്പറേറ്റർമാർ, 1700 മൾട്ടി-സർവീസ് ഓപ്പറേറ്റർമാർ, 350 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ (CRS), 380 സ്വകാര്യ FM ചാനലുകൾ എന്നിവയ്ക്കും ഈ പോർട്ടൽ നേരിട്ട് പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പോർട്ടലിന്റെ സേവനങ്ങളും സവിശേഷതകളും:
- തുടക്കം മുതൽ അവസാനം വരെയുള്ള സേവനങ്ങൾ
- ഏകീകൃത പണമൊടുക്കൽ സംവിധാനം (ഭാരത് കോശ്)
- ഇ-ഓഫീസ്, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ എന്നിവയുമായി സംയോജനം
- അനലിറ്റിക്സ്, റിപ്പോർട്ടിംഗ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (MIS)
- സംയോജിത ഹെൽപ്പ്ഡെസ്ക്
- അപേക്ഷാ ഫോമുകളും തൽസ്ഥിതി നിരീക്ഷണവും
- പോർട്ടലിൽ നിന്ന് തന്നെ കത്തുകൾ/ഉത്തരവുകൾ മുതലായവ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം
- പങ്കാളികൾക്കുള്ള അറിയിപ്പുകൾ (എസ്എംഎസ്/ഇ-മെയിലുകൾ)
ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിന്റെ ഉദ്‌ഘാടന ചടങ്ങ് താഴെയുള്ള ലിങ്കിൽ ലഭ്യമാണ്:
https://youtu.be/K_Jb26hEadE
(Release ID: 1813308)
Visitor Counter : 264
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada