പ്രധാനമന്ത്രിയുടെ ഓഫീസ്
അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍
Posted On:
30 MAR 2022 12:10PM by PIB Thiruvananthpuram
[5:49 pm, 31/03/2022] Devan Sir Whatsapp: ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ്,
ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ)) അംഗരാജ്യങ്ങളില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളേ, സഹ നേതാക്കളേ, ബിംസ്റ്റെക്കിന്റെ സെക്രട്ടറി ജനറല്‍,
നമസ്‌കാരം.
ഇന്ന്, അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ നിങ്ങളെ എല്ലാവരെയും കണ്ടുമുട്ടിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ബിംസ്റ്റെക് സ്ഥാപിതമായതിന്റെ 25-ാം വര്‍ഷമാണിത്. അതിനാല്‍ ഇന്നത്തെ ഉച്ചകോടി പ്രത്യേക പ്രാധാന്യമുള്ളതായി ഞാന്‍ കരുതുന്നു. നാഴികക്കല്ലായ ഈ ഉച്ചകോടിയുടെ ഫലങ്ങള്‍ ബിംസ്റ്റെക്കിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ അദ്ധ്യായം രചിക്കും.
ശ്രേഷ്ഠരേ,
കഴിഞ്ഞ രണ്ട് വര്‍ഷത്തെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രസിഡന്റ് രജപക്സെ ബിംസ്റ്റെക്കിന് കാര്യക്ഷമമായ നേതൃത്വം നല്‍കി. ഒന്നാമതായി, അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ വെല്ലുവിളി നിറഞ്ഞ ആഗോളസാഹചര്യത്തില്‍ നമ്മുടെ പ്രദേശം തൊട്ടുകൂടാത്തതായി തുടരുകയല്ല. നമ്മുടെ സമ്പദ് വ്യവസ്ഥകളും നമ്മുടെ ജനങ്ങളും ഇപ്പോഴും കൊവിഡ് 19 മഹാമാരിയുടെ ദൂഷ്യഫലങ്ങള്‍ അഭിമുഖീകരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യൂറോപ്പിലെ സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര ക്രമത്തിന്റെ സ്ഥിരതയെക്കുറിച്ച് ഒരു ചോദ്യചിഹ്നം ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ബിംസ്റ്റെക് പ്രാദേശിക സഹകരണം കൂടുതല്‍ സജീവമാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ പ്രാദേശിക സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടതും അനിവാര്യമായിരിക്കുന്നു.
ശ്രേഷ്ഠരേ,
ഇന്ന് നമ്മുടെ ബിംസ്റ്റെക് പ്രഖ്യാപനം അംഗീകരിക്കപ്പെടുകയാണ്. ഒരു വ്യവസ്ഥാപിത ഘടന സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളിലെ ഒരു സുപ്രധാന ഘട്ടമാണിത്. ഇതിന് ഞാന്‍ അധ്യക്ഷനോട് നന്ദി പറയുന്നു. പ്രഖ്യാപനത്തില്‍, ഓരോ 2 വര്‍ഷവും ഉച്ചകോടിയും എല്ലാ വര്‍ഷവും വിദേശകാര്യ മന്ത്രിമാരുടെ യോഗവും നടത്താന്‍ നാം തീരുമാനിച്ചു. ഈ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ ഘടനയെ എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താം എന്നതിലാണ് നമ്മള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഈ സാഹചര്യത്തിലാണ് ദര്‍ശനരേഖ തയ്യാറാക്കാന്‍ പ്രമുഖ വ്യക്തികളുടെ സംഘം രൂപീകരിക്കണമെന്ന് സെക്രട്ടറി ജനറല്‍ നിര്‍ദേശിച്ചത്. ഞാന്‍ ആ നിര്‍ദ്ദേശത്തോട് യോജിക്കുന്നു. നമ്മുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിന്, ബിംസ്റ്റെക്ക് സെക്രട്ടേറിയറ്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതും പ്രധാനമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സെക്രട്ടറി ജനറല്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കണമെന്നാണ് എന്റെ നിര്‍ദ്ദേശം. ഈ സുപ്രധാന ജോലി കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നതിനും പ്രതീക്ഷകള്‍ക്കനുസരിച്ച്, സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തന ബജറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഒരു ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം നല്‍കും.
ശ്രേഷ്ഠരേ,
നമ്മുടെ പരസ്പര വ്യാപാരം മെച്ചപ്പെടുത്തുന്നതിന്, ബിംസ്റ്റെക് എഫ്ടിഎ ( സ്വതന്ത്ര വ്യാപാര കരാര്‍) യുടെ നിര്‍ദ്ദേശത്തില്‍ വേഗത്തില്‍ പുരോഗതി കൈവരിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ രാജ്യങ്ങളിലെ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള വിനിമയം വര്‍ധിപ്പിക്കണം. അതോടൊപ്പം, വ്യാപാരം സുഗമമാക്കുന്നതു മേഖലയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ സ്വീകരിക്കാനും ശ്രമിക്കണം. ബിംസ്റ്റെക്ക് രാജ്യങ്ങള്‍ക്കുള്ളിലെ വ്യാപാരവും സാമ്പത്തിക ഏകീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കും. ഈ സാഹചര്യത്തില്‍, അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങളെക്കുറിച് ഗവേഷണം നടത്തുന്നതിനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ എഡിബിയുമായി ചേർന്ന് ഉദ്യോഗസ്ഥരുടെ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പരിപാടി ആരംഭിക്കാന്‍ പോകുന്നു. എല്ലാ രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ പരിപാടിയില്‍ പതിവായി പങ്കെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ശ്രേഷ്ഠരേ,
മികച്ച സംയോജനം, മികച്ച വ്യാപാരം, ജനങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ബന്ധം എന്നിവയുടെ മുഖ്യഘടകം മികച്ച കണക്റ്റിവിറ്റിയാണ്. നാം അതിനു കൊടുക്കുന്ന ഊന്നല്‍ ഏതായാലും കുറവാണ്. ഗതാഗത കണക്റ്റിവിറ്റിക്കായുള്ള ബിംസ്റ്റെക്കിന്റെ കര്‍മ പദ്ധതി ഇന്ന് നാം അംഗീകരിച്ചു; ഇത് തയ്യാറാക്കിയതിന് എഡിബിയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ കര്‍മ പദ്ധതി നേരത്തേ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കണം.
അതോടൊപ്പം, കണക്റ്റിവിറ്റി രംഗത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളിലും നാം മുന്നോട്ട് പോകേണ്ടതുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ 'തീരമേഖലാ കപ്പല്‍ഗതാഗതത്തിന് അനുകൂല സാഹചര്യം സ്ഥാപിക്കുന്നതിന്, ഒരു നിയമ ചട്ടക്കൂട് ഉടന്‍ വികസിപ്പിക്കണം. ചര്‍ച്ചകള്‍ക്കപ്പുറം ഇലക്ട്രിസിറ്റി ഗ്രിഡ് ഇന്റര്‍കണക്ടിവിറ്റി എടുത്ത് നിര്‍വഹണ ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതുപോലെ, റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിയമ ചട്ടക്കൂട് സ്ഥാപിക്കുന്നതും പ്രധാനമാണ്.
ശ്രേഷ്ഠരേ,
നമ്മുടെ പ്രദേശം എപ്പോഴും പ്രകൃതി ദുരന്തങ്ങള്‍ക്ക് വിധേയമാണ്. കാലാവസ്ഥയുമായി ബന്ധ്‌പ്പെട്ട ബിസ്റ്റെക് കേന്ദ്രം ദുരന്തനിവാരണത്തില്‍, പ്രത്യേകിച്ച് ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സഹകരണത്തിനുള്ള ഒരു പ്രധാന സ്ഥാപനമാണ്, ഇത് കൂടുതല്‍ സജീവമാക്കുന്നതിന് നിങ്ങളുടെ സഹകരണം ഞാന്‍ ആഗ്രഹിക്കുന്നു. ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മൂന്ന് ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്.
ഇന്ത്യ അടുത്തിടെ മൂന്നാമത് ബിംസ്റ്റെക് ദുരന്തനിവാരണ മാനേജ്മെന്റ് പരിശീലനം, 'പാനെക്സ് 21' നടത്തിയിരുന്നു. ദുരന്തസമയത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള നമ്മുടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സ്ഥാപന സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഇത്തരം ശ്രമങ്ങള്‍ പതിവായി നടത്തണം.
ശ്രേഷ്ഠരേ,
ഗുണനിലവാരമുള്ള വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നത് നമ്മുടെ ദേശീയ നയങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. നളന്ദ അന്തര്‍ദേശീയ സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന ബിംസെറ്റെക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനായി നാം പ്രവര്‍ത്തിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിനെ മുന്‍നിര്‍ത്തി സമുദ്ര ശാസ്ത്രത്തില്‍ സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു. എല്ലാ ബിംസ്റ്റെക് രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം കാര്‍ഷിക മേഖലയാണ്. മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രാദേശിക മൂല്യ ശൃംഖല സൃഷ്ടിക്കാന്‍ നമുക്ക് നല്ല കഴിവുണ്ട്. ഇതിനായി സമഗ്രമായ ഒരു പഠനം നടത്താനുള്ള ചുമതല ഇന്ത്യയുടെ 'റിസ്' എന്ന ഒരു സ്ഥാപനത്തെ നാം ഏല്‍പ്പിച്ചു.
ശ്രേഷ്ഠരേ,
സുരക്ഷയില്ലാതെ നമ്മുടെ പ്രദേശത്തിന്റെ അഭിവൃദ്ധിയോ വികസനമോ ഉറപ്പാക്കുക അസാധ്യമാണ്. കാഠ്മണ്ഡുവില്‍ നടന്ന നാലാമത് ഉച്ചകോടിയില്‍, തീവ്രവാദം, രാജ്യാന്തര കുറ്റകൃത്യങ്ങള്‍, പാരമ്പര്യേതര ഭീഷണികള്‍ എന്നിവയ്ക്കെതിരായ പ്രാദേശിക നിയമ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. നമ്മുടെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും നാം ആവശ്യപ്പെട്ടു. തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള നമ്മുടെ കണ്‍വെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സജീവമായതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്നത്തെ ഉച്ചകോടിയില്‍, കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ പരസ്പര നിയമ സഹായ ഉടമ്പടിയിലും ഒപ്പുവെക്കുന്നു. നമ്മുടെ നിയമസംവിധാനങ്ങള്‍ക്കിടയില്‍ മികച്ച ഏകോപനം ഉണ്ടാകുന്നതിന് സമാനമായ കാര്യങ്ങളില്‍ നാം വേഗത്തില്‍ നീങ്ങുകയും വേണം.
ഇന്ന്, നമ്മുടെ നയതന്ത്ര പരിശീലന സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിനായി ഒരു കരാര്‍ ഒപ്പിടുന്നു. നമ്മുടെ നിയമങ്ങള്‍ നടപ്ാക്കുന്നതിലെ പരിശീലന സ്ഥാപനങ്ങള്‍ തമ്മില്‍ ഇതേ കരാര്‍ ചെയ്യാം. ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ അതിന്റെ മേഖലയിലെ അതുല്യവും ലോകോത്തരവുമായ സ്ഥാപനമാണ്. ബിംസ്റ്റെക് രാജ്യങ്ങളിലെ പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ശേഷി കെട്ടിപ്പടുക്കല്‍ യൂണിറ്റും നമുക്ക് ക്രമീകരിക്കാം.
ശ്രേഷ്ഠരേ,
ഇന്ന്, നമ്മുടെ പ്രദേശം ആരോഗ്യ-സാമ്പത്തിക സുരക്ഷയുടെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍, നമ്മള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യവും സഹകരണവും കാലഘട്ടത്തിന്റെ ആവശ്യമാണ്. ബംഗാള്‍ ഉള്‍ക്കടലിനെ ബന്ധത്തിന്റെ പാലവും സമൃദ്ധിയുടെ പാലവും സുരക്ഷയുടെ പാലവുമാക്കാനുള്ള സമയമാണിത്. 1997-ല്‍ നാം ഒരുമിച്ച് നടക്കാന്‍ തീരുമാനിച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നവോന്മേഷത്തോടെയും ഊര്‍ജത്തോടെയും വീണ്ടും സ്വയം സമര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങള്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
ബിംസ്‌റ്റെക്കിന്റെ അടുത്ത അധ്യക്ഷന്‍ എന്ന നിലയില്‍, തായ്ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍-ഒ-ചയെ ഞാന്‍ സ്വാഗതം ചെയ്യുകയും എന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.
എല്ലാവര്‍ക്കും വളരെ നന്ദി!
-ND-
..............
(Release ID: 1812016)
Visitor Counter : 130