ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

12 മുതൽ 14 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി നാളെ മുതൽ കോവിഡ് 19 പ്രതിരോധകുത്തിവയ്‌പ്പ് ആരംഭിക്കും

Posted On: 15 MAR 2022 1:28PM by PIB Thiruvananthpuram

2022 മാർച്ച് 16 ന്, ദേശീയ വാക്‌സിനേഷൻ ദിനത്തിൽ, 12 മുതൽ 14 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി, എല്ലാ സർക്കാർ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലും, നാളെ മുതൽ സൗജന്യ കോവിഡ് 19 പ്രതിരോധകുത്തിവയ്‌പ്പ് ആരംഭിക്കും. ഹൈദരാബാദിലെ 'ബയോളജിക്കൽ ഇ.' നിർമ്മിക്കുന്ന കോർബെവാക്‌സ് ആയിരിക്കും നൽകുക. ഓൺലൈൻ രജിസ്ട്രേഷൻ മുഖേനയോ (2022 മാർച്ച് 16-ന് രാവിലെ 9 മണി മുതൽ) കേന്ദങ്ങളിൽ തത്സമയം എത്തിയോ കുത്തിവയ്പ്പ് സ്വീകരിക്കാം. ഇന്ന് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കി.

കൂടാതെ, 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നാളെ മുതൽ മുൻകരുതൽ ഡോസിന് അർഹതയുണ്ട്. ഈ പ്രായത്തിലുള്ളവർക്കുള്ള അനുബന്ധരോഗമുണ്ടായിരിക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്തു. കരുതൽ ഡോസ് (മുമ്പത്തെ രണ്ട് ഡോസുകൾ പോലെ) രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷം (36 ആഴ്ചകൾ) നൽകാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.

12 മുതൽ 14 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് പ്രതിരോധകുത്തിവയ്‌പ്പ് നൽകുന്നതിനായി പ്രത്യേക  വാക്‌സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് കുട്ടികൾക്ക് മാത്രമായി വാക്‌സിനേഷൻ സെഷനുകൾ സംഘടിപ്പിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

 Co-WIN പോർട്ടലിൽ കൃത്യമായ ജനനത്തീയതി രേഖപ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ, ആദ്യദിനങ്ങളിൽ (12 വയസ്സ്) പ്രായം സ്ഥിരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം വാക്സിനേറ്റർ / വെരിഫയർ - മാരിൽ നിക്ഷിപ്തമായിരിക്കും. ജനനത്തീയതി രേഖപ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പ്രവർത്തനക്ഷമമായാൽ, വ്യവസ്ഥാപിതമായി, ശുപാർശ ചെയ്യപ്പെടുന്ന പ്രായപരിധിയിലല്ലാത്ത ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ അനുവദിക്കില്ല.

അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും കുത്തിവയ്പ്പ് ഉറപ്പാക്കാൻ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ പതിവായി അവലോകന യോഗങ്ങൾ നടത്താൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

വെർച്വലായി നടന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ആരോഗ്യ സെക്രട്ടറി, NHM  മിഷൻ ഡയറക്ടർമാർ, സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

***



(Release ID: 1806172) Visitor Counter : 253