പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബജറ്റിന് ശേഷം നടന്ന 'ഗതി ശക്തി'യുടെ വീക്ഷണം എന്ന വെബിനാറിലെ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 28 FEB 2022 12:04PM by PIB Thiruvananthpuram

നമസ്‌കാരം!
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിന് ഈ വര്‍ഷത്തെ ബജറ്റ് ഗതിവേഗം നിശ്ചയിക്കുകയാണ്. ''പശ്ചാത്തല സൗകര്യങ്ങളെ അടിസ്ഥാനമാക്കി''യുള്ള വികസനത്തിന്റെ ഈ ദിശ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ അസാധാരണമായി വര്‍ദ്ധിപ്പിക്കും. ഇത് രാജ്യത്ത് നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ആവശ്യമുള്ളപ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ്ര  പരമ്പരാഗതമായി, രാജ്യത്തിന്റെ ഇതുവരെയുള്ള അനുഭവം. ആവശ്യാനുസരണം അല്‍പ്പാല്‍പ്പമായാണ് ഇത് ചെയ്തിരുന്നതും. അതിന്റെ ഫലമായി കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മിലും, തദ്ദേശ സ്ഥാപനങ്ങളും, സ്വകാര്യ മേഖലകളും തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം രാജ്യത്തിന് വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, പലപ്പോഴും നമുക്ക് സംഘര്‍ഷങ്ങളും ഏകോപനമില്ലായ്മയും കണ്ടെത്താന്‍ കഴിയുന്ന റെയില്‍ അല്ലെങ്കില്‍ റോഡ് പദ്ധതികള്‍ എടുക്കുക. എവിടെയെങ്കിലും ഒരു റോഡ് നിര്‍മ്മിച്ചാല്‍ അടുത്ത ദിവസം കുടിവെള്ള പൈപ്പ് ഇടുന്നതിനായി അവിടെ കുഴിക്കുയെന്നത് പലപ്പോഴും സാധാരണയാണ്. ഒരു റോഡ് പുനര്‍നിര്‍മ്മിച്ചാല്‍ അഴുക്കുചാല്‍ (സ്വിവറേജ്) ജീവനക്കാര്‍ അവിടെ വീണ്ടും കുഴിക്കും. വിവിധ വകുപ്പുകള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. പിഎം ഗതിശക്തി (പദ്ധതി) മൂലം ഇപ്പോള്‍ എല്ലാവര്‍ക്കും പൂര്‍ണ്ണമായ വിവരങ്ങളോടെ അവരുടെ പദ്ധതികള്‍ തയ്യാറാക്കാന്‍ കഴിയും. രാജ്യത്തിന്റെ വിഭവങ്ങളുടെ പരമാവധി വിനിയോഗത്തിനും ഇത് വഴിയൊരുക്കും.
സുഹൃത്തുക്കളെ,
വലിയ തോതിലുള്ള പശ്ചാത്തല സൗകര്യ വികസനത്തിനായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ പ്രധാനമന്ത്രി ഗതിശക്തി വളരെ അനിവാര്യമാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള മൂലധനച്ചെലവ് 2013-14ല്‍ ഏകദേശം 1.75 ലക്ഷം കോടി രൂപയായിരുന്നു, ഇത് നാലിരട്ടി വര്‍ദ്ധിപ്പിച്ച് 2022-23ല്‍ 7.50 ലക്ഷം കോടി രൂപയാക്കി. ദേശീയ പാതകള്‍, റെയില്‍വേ, വ്യോമപാതകള്‍, ജലപാതകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ബന്ധിപ്പിക്കല്‍ , ഗ്യാസ് ഗ്രിഡ്, അല്ലെങ്കില്‍ പുനരുപയോഗ ഊര്‍ജം എന്നിങ്ങനെ എല്ലാ മേഖലകളിലും ഗവണ്‍മെന്റ് നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ നമ്മുടെ ഗവണ്‍മെന്റ് വളരെ വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുമുണ്ട്. പശ്ചാത്തല സൗകര്യങ്ങളുടെ ആസൂത്രണം, നടപ്പാക്കല്‍, നിരീക്ഷണം എന്നിവ വളരെ ഏകോപിതമായി മുന്നോട്ട് കൊണ്ടുപോകാനും പുതിയ ദിശയില്‍ പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി ഗതിശക്തിയിലൂടെ നമുക്ക് കഴിയും. ഇത് പദ്ധതികള്‍ക്കുള്ള സമയവും ചെലവ് അധികരിക്കുന്നതും കുറയ്ക്കും.
സുഹൃത്തുക്കളെ,
പശ്ചാത്തലസൗകര്യത്തിന് നിക്ഷേപത്തില്‍ അനേകംമടങ്ങ് ഫലം ഉണ്ടെന്നത് നിങ്ങള്‍ക്കറിയാവുന്നതാണ്. ജീവിം സുഗമമാക്കുന്നതിനോടൊപ്പം, വ്യാപരം എളുപ്പമാക്കലും ഇത് മെച്ചപ്പെടുത്തും. ഇത് എല്ലാ മേഖലകളുടെയും സാമ്പത്തിക ഉല്‍പ്പാദനക്ഷമതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. പശ്ചാത്തലസൗകര്യ വികസനത്തിന് മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത വേഗത രാജ്യം നല്‍കുമ്പോള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
സുഹൃത്തുക്കളെ,
സഹകരണ ഫെഡറലിസത്തിന്റെ തത്വം ശക്തിപ്പെടുത്തിക്കൊണ്ട്, ഞങ്ങളുടെ ഗവണ്‍മെന്റ് ഈ വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാനങ്ങളുടെ സഹായത്തിനായി ഒരു ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബഹുമാതൃകാ പശ്ചാത്തലസൗകര്യങ്ങള്‍ക്കും മറ്റ് ഉല്‍പ്പാദന ആസ്തികള്‍ക്കും ഈ തുക സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തെ അപ്രാപ്യമായ മലയോര മേഖലകളില്‍ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനായി ദേശീയ റോപ്‌വേ വികസന പരിപാടിയും ആരംഭിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സന്തുലിത വികസനത്തിനും ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ സംസ്ഥാനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് 1500 കോടി രൂപ ചെലവുവരുന്ന പി.എം-ഡിവൈന്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.ഉല്‍പ്പാദക ബന്ധിത പ്രോത്സാഹന സഹായത്തിനൊപ്പം പശ്ചാത്തലസൗകര്യ മേഖലയില്‍ ഗവണ്‍മെന്റ് നടത്തുന്ന നിക്ഷേപം വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വികസനത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. ഈ പരിശ്രമങ്ങളെല്ലാം പശ്ചാത്തലസൗകര്യ സൃഷ്ടിയുടെ ഈ പുതിയ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് പുതിയ സാമ്പത്തിക സാദ്ധ്യതകളുടെ വാതിലുകളും തുറക്കും. ഗവണ്‍മെന്റുമായി ചേര്‍ന്ന് പടിപടിയായി പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ വികസനത്തിന് അഭിമാനകരമായ സംഭാവന നല്‍കാനും രാജ്യത്തെ സ്വകാര്യ മേഖലയായ കോര്‍പ്പറേറ്റ് ലോകത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
പി.എം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനില്‍ 400-ലധികം ഡാറ്റാ ലെയറുകള്‍  ഇപ്പോള്‍ ലഭ്യമാണെന്നതും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് നിലവിലുള്ളതും ആസൂത്രണം ചെയ്തതുമായ പശ്ചാത്തല സൗകര്യങ്ങളെക്കുറിച്ചു മാത്രമല്ല, വനഭൂമി, ലഭ്യമായ വ്യവസായ ഭൂമി  തുടങ്ങിയവ സംബന്ധിച്ച  വിവരങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സ്വകാര്യമേഖല അവരുടെ ആസൂത്രണത്തിനായി ഇത് പരമാവധി ഉപയോഗിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഡി.പി.ആര്‍ (വിശദമായ പദ്ധതിരേഖ) ഘട്ടത്തില്‍ തന്നെ പ്രോജക്ട് അലൈന്‍മെന്റിനും (പദ്ധതി വിന്യാസം) വിവിധ തരത്തിലുള്ള അനുമതികകളും നേടുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ദേശീയ മാസ്റ്റര്‍ പ്ലാനില്‍ ഒരൊറ്റ വേദിയില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങളുടെ അനുവര്‍ത്തനത്തിനുള്ള ഭാരം കുറയ്ക്കുന്നതിനും ഇത് സഹായകമാകും. തങ്ങളുടെ പദ്ധതികളും സാമ്പത്തിക മേഖലകളും സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി-ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്നും ഇന്ത്യയില്‍ ലോജിസ്റ്റിക്‌സ്  ചെലവ് ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) യുടെ 13 മുതല്‍ 14 ശതമാനം വരെയാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതലാണ്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി ഗതിശക്തിക്ക് ഒരു വലിയ പങ്കുണ്ട്. രാജ്യത്തെ ലോജിസ്റ്റിക്  ചെലവ് കുറയ്ക്കുന്നതിനായി ഒരു ഏകീകൃത ലോജിസ്റ്റിക് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോം (യുലിപ്) സൃഷ്ടിക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവില്‍ വിവിധ മന്ത്രാലയങ്ങളുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ അവയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ആറ് മന്ത്രാലയങ്ങളുടെ ഇരുപത്തിനാല് ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് യുലിപ് വഴി സംയോജിപ്പിക്കുന്നത്. ഇത് ലോജിസ്റ്റിക് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ദേശീയ ഏകജാലക ലോജിസ്റ്റിക് പോര്‍ട്ടല്‍ സൃഷ്ടിക്കും. പിഎം ഗതി-ശക്തി നമ്മുടെ കയറ്റുമതിയെ സഹായിക്കുകയും നമ്മുടെ എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) കള്‍ക്ക് ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുകയും ചെയ്യും. ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളുടെയും മികച്ച ഏകോപനത്തിനായി ലോജിസ്റ്റിക് വിഭാഗവും സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതിയും  ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുമുണ്ട്. പി.എം ഗതി-ശക്തിയില്‍ സാങ്കേതികവിദ്യയുടെ വലിയ പങ്ക് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നമ്മുടെ പശ്ചാത്തലസൗകര്യ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യ കൊണ്ടുവരുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ഗവണ്‍മെന്റുകളോടും സ്വകാര്യമേഖലയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗുണനിലവാരത്തിലും ചെലവ്-കാര്യക്ഷമതയിലും സമയത്തിലും ഇത് വളരെ ഗുണകരമാകും. മനുഷ്യനഷ്ടത്തേക്കാള്‍ പശ്ചാത്തലസൗകര്യങ്ങളുടെ നാശത്തിനാണ് പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ലോകത്തെല്ലായിടത്തും കാണാവുന്നതാണ്. നിരവധി പാലങ്ങള്‍ തകര്‍ക്കുകയും, അവ പുനര്‍നിര്‍മിക്കാന്‍ 20 വര്‍ഷമെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ദുരന്തപ്രതിരോധ പശ്ചാത്തലസൗകര്യം ഇന്ന് വളരെ അനിവാര്യമായിരിക്കുകയാണ്. സാങ്കേതികവിദ്യ ഇല്ലെങ്കില്‍, ആ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട്, സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം അവിടെ ഉണ്ടാകണം. ലോജിസ്റ്റിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ലോകോത്തര അറിവും ഉപകരണങ്ങളും ഉണ്ട്. അവ പ്രയോജനപ്പെടുത്തി, രാജ്യത്ത് ലഭ്യമായ വിവരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
പശ്ചാത്തല സൗകര്യസൃഷ്ടിയില്‍ ആസൂത്രണം മുതല്‍ വികസന, വിനിയോഗ ഘട്ടം വരെ യഥാര്‍ത്ഥ പൊതു-സ്വകാര്യ പങ്കാളിത്തം ഈ ഗതിശക്തി ഉറപ്പാക്കും. ഈ വെബിനാറില്‍, ഗവണ്‍മെന്റ് ഏജന്‍സികളുമായി സഹകരിച്ച് സ്വകാര്യമേഖലയ്ക്ക് എങ്ങനെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും എന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഉണ്ടായിരിക്കും. വെബിനാറില്‍ നിങ്ങള്‍ ഈ എല്ലാ പ്രശ്‌നങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. പശ്ചാത്തലസൗകര്യങ്ങള്‍ക്ക് പുറമെ, ചട്ടങ്ങളിലും നയങ്ങളിലും ആവശ്യമായ മാറ്റങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങളും വളരെ പ്രധാനമാണ്. ആധുനിക പശ്ചാത്തലസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് ഇന്ത്യയുടെ അടിത്തറയെ ശക്തിപ്പെടുത്തും, പി.എം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഇക്കാര്യത്തില്‍ ഒരു പ്രധാന മാദ്ധ്യമവുമാണ്. ഈ വെബിനാര്‍ ഒരു വിജയമാകട്ടെയെന്ന് ഞാന്‍ ആശംസിക്കുകയും നിങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്കെല്ലാം പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഇന്നത്തെ വെബിനാര്‍ നമ്മുടെ ഗവണ്‍മെന്റിന്റെ പ്രസംഗങ്ങളല്ല എന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ നിങ്ങളില്‍ നിന്ന് കേള്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ നിങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും നല്ലത്. ഞങ്ങള്‍ അടുത്ത വര്‍ഷത്തെ ബജറ്റ് രൂപപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ചില നിര്‍ദ്ദേശങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയും. ആ സമയത്ത് എനിക്ക് എഴുതൂ. ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകരിച്ച ബജറ്റ് എത്ര നന്നായി നടപ്പാക്കണമെന്നതിന് ഊന്നല്‍ നല്‍കാം. ഇനിയും നമുക്ക് ഈ മാര്‍ച്ച് മാസം ബാക്കിയുണ്ട്. ഏപ്രില്‍ 1 മുതലാണ് പുതിയ ബജറ്റ് പ്രാബല്യത്തില്‍ വരിക. ഈ മാര്‍ച്ച് മാസം നമുക്ക് പരമാവധി പ്രയോജനപ്പെടുത്തുകയും ഏപ്രില്‍ 1 മുതല്‍ തന്നെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ചെയ്യാം. നമുക്ക് ഇത് ചെയ്യാന്‍ കഴിയുമോ?

മുമ്പ്, ലോകത്തിലെ മുഴുവന്‍ ജനങ്ങളും നദികള്‍ക്ക് സമീപമാണ് താമസിച്ചിരുന്നത്. നദികള്‍ക്കും കടലുകള്‍ക്കും സമീപമാണ് വലിയ നഗരങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നത്. സംവിധാനങ്ങള്‍ പരിണമിച്ചുവന്നു. ക്രമേണ, അവിടെ നിന്ന് മാറി ഹൈവേകള്‍ക്ക് സമീപം നീങ്ങി, ലോകം അഭിവൃദ്ധിപ്പെട്ടു. ഇന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ ഉള്ളിടത്തേ ലോകംത്തില്‍ അഭിവൃദ്ധിയുണ്ടാകുകയുള്ളുവെന്നാണ് കാണുന്നത്. കാലം മാറുകയാണ്. ഒറ്റപ്പെട്ട പശ്ചാത്തല സൗകര്യങ്ങള്‍ക്ക് ഇടമില്ലെന്നതാണ് ഇതിനര്‍ത്ഥം. ഇതിന് ചുറ്റും ഒരു പുതിയ ആവാസവ്യവസ്ഥ വികസിക്കുകയാണ്. ഈ ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ ഇക്കാര്യത്തിലും നമുക്കും ഏറെ പ്രയോജനം ചെയ്യും. അതിനാല്‍, നിങ്ങള്‍ ബജറ്റ് ശരിയായി നടപ്പിലാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഫയലുകള്‍ ആറ് മാസമായി നീങ്ങിക്കൊണ്ടിരിക്കുന്നതുപോലുള്ള ചില പിഴവുകള്‍ ഗവണ്‍മെന്റ് സംവിധാനത്തിലുമുണ്ട്്, അപ്പോഴേക്കും ഒരു പുതിയ ബജറ്റും ചര്‍ച്ചയിലാകും. എന്തെങ്കിലും പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ക്രിയാത്മകമായും ഉടനടിയും പ്രതികരിക്കും എന്നതാണ് നിങ്ങളോട് മുന്‍കൂട്ടി സംസാരിക്കുന്നതിന്റെ ഗുണം. അതിനാല്‍, നിങ്ങള്‍ അത്യധികമായ സംഭാവനകള്‍ നല്‍കണം. ഇതാണ് എന്റെ പ്രതീക്ഷ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! ഒത്തിരി നന്ദി!

-ND-



(Release ID: 1801879) Visitor Counter : 162