ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2021-22 കാലയളവിൽ ഗോതമ്പ്, നെല്ല് സംഭരണത്തിനായി 163 ലക്ഷം കർഷകർക്ക് 2.37 ലക്ഷം കോടി രൂപ താങ്ങുവിലയായി നേരിട്ടു നൽകും

Posted On: 01 FEB 2022 1:04PM by PIB Thiruvananthpuram

 


 
ന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
 
2021-22 റാബി കാലയളവിലെ ഗോതമ്പ് സംഭരണം, 2021-22 ഖാരിഫ് കാലയളവിലെ പ്രതീക്ഷിത നെല്ല് സംഭരണം എന്നിവ 1208 ലക്ഷം മെട്രിക് ടൺ പിന്നിടുമെന്ന് 2022-23 കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കവേ കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് അറിയിച്ചു. 163 ലക്ഷം കർഷകരിൽ നിന്നും സംഭരിക്കുന്ന ഈ ഭക്ഷ്യ ധാന്യങ്ങൾക്ക് താങ്ങുവിലയായി 2.37 ലക്ഷം കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

 



കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങൾ താഴെ പറയുന്നു:

* പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ തുടക്കംകുറിക്കുന്ന പുതിയ പദ്ധതിക്ക് കീഴിൽ കർഷകർക്ക് ഡിജിറ്റൽ - ഹൈടെക്ക് സേവനങ്ങൾ ലഭ്യമാക്കും. കാർഷിക സാങ്കേതിക മേഖലയിലെ സ്വകാര്യ സംരംഭങ്ങൾ, കാർഷിക മൂല്യ ശൃംഖലയിലെ തല്പരകക്ഷികൾ എന്നിവർക്കൊപ്പം പൊതുമേഖല ഗവേഷണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരിക്കും.

* കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പ് വ്യവസ്ഥയെപ്പറ്റി പരാമർശിക്കവേ, കോ-ഇൻവെസ്റ്റ്മെന്റ് മാതൃകയിൽ രൂപീകരിച്ച പ്രത്യേക ധനസഹായം നബാർഡ് വഴി ലഭ്യമാക്കുമെന്ന് ശ്രീമതി നിർമ്മല സീതാരാമൻ അറിയിച്ചു. കാർഷിക മൂല്യ ശൃംഖലയിൽ ഗണ്യമായ പ്രയോജനം ചെയ്യുന്ന കാർഷിക-ഗ്രാമീണ സംരംഭങ്ങൾക്കായുള്ള സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനാണ് ഈ നിധി.

* 44,605 കോടി രൂപ പ്രതീക്ഷിത ചിലവിൽ നടപ്പാക്കുന്ന കെൻ-ബെത്വ സംയോജന പദ്ധതി, 9.08 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ ജലസേചന സൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിടുന്നു. 103 MW ജലവൈദ്യുതി, 27 MW സൗരോർജം എന്നിവയ്ക്ക് പുറമേ, 62 ലക്ഷം ജനങ്ങൾക്ക് ശുദ്ധജലവും ഇത് നൽകും. ദാമൻഗംഗ-പിഞ്ചൽ, പർ-തപി-നർമദ, ഗോദാവരി-കൃഷ്ണ, കൃഷ്ണ-പെന്നാർ, പെന്നാർ-കാവേരി എന്നീ അഞ്ച് നദി സംയോജന പദ്ധതികളുടെ വിശദ പദ്ധതി രേഖകളുടെ കരടിന് അന്തിമരൂപം നൽകി കഴിഞ്ഞു. 

* വിള നിർണയം, ഭൂരേഖകളുടെ ഡിജിറ്റൽവത്ക്കരണം, വളം-കീട നാശിനി തളിക്കൽ എന്നിവയ്ക്കായി കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
 
* രാജ്യത്തുടനീളം രാസവസ്തു രഹിത ജൈവകൃഷിക്ക് പ്രോത്സാഹനം നൽകും. ആദ്യഘട്ടത്തിൽ ഗംഗാ നദിക്ക് സമീപത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കൃഷിഭൂമിയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും
 
* ചെറു ധാന്യ ഉത്പന്നങ്ങൾക്ക് ഉള്ള പിന്തുണ - വിളവെടുപ്പിന് ശേഷമുള്ള മൂല്യവർധന, തദ്ദേശീയ ഉപഭോഗം വർദ്ധിപ്പിക്കൽ, ദേശീയ-അന്തർദേശീയ തലങ്ങളിൽ ചെറുധാന്യ ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് എന്നിവയ്ക്ക്  ബജറ്റിൽ പ്രത്യേക സഹായം
 
* ഇറക്കുമതിയിലുള്ള ആശ്രയം കുറച്ചു കൊണ്ട് എണ്ണ കുരുക്കളുടെ തദ്ദേശീയ ഉത്പാദനം വർധിപ്പിക്കുന്നതിന് ഉതകുന്ന ഒരു സമഗ്രപദ്ധതിയുടെ നടപ്പാക്കൽ ധനമന്ത്രി പ്രഖ്യാപിച്ചു
 
* സംസ്ഥാന ഭരണകൂടങ്ങളുടെ പങ്കാളിത്തത്തോടുകൂടി ഒരു സമഗ്ര പാക്കേജ് ലഭ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുവഴി തങ്ങൾക്ക് ഇണങ്ങുന്ന തരം പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാനും, മികച്ച ഉത്പാദന-വിളവെടുപ്പ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും കർഷകർക്ക് വഴിയൊരുങ്ങും. 

* ജൈവകൃഷി, ചിലവ് രഹിത കൃഷി, പ്രകൃതി സൗഹൃദ കൃഷി, ആധുനിക കൃഷി, മൂല്യവർധന-മാനേജ്‌മന്റ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഉയർത്തുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി കാർഷിക സർവകലാശാലകളുടെ സിലബസുകളിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. 

 
RRTN/SKY
 
****

(Release ID: 1794469) Visitor Counter : 318