ധനകാര്യ മന്ത്രാലയം
2021-22 സാമ്പത്തിക സർവ്വേയുടെ പ്രധാന കണ്ടെത്തലുകൾ
Posted On:
31 JAN 2022 3:14PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ജനുവരി 31, 2022
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2021-22ലെ സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തിക സർവ്വേയിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
സാമ്പത്തിക സ്ഥിതി:
* ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2020-21ൽ 7.3 ശതമാനം ചുരുങ്ങിയതിനു ശേഷം 2021-22 ൽ 9.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കുന്നു (ആദ്യ മുൻകൂർ എസ്റ്റിമേറ്റ്സ് പ്രകാരം).
* 2022-23 സാമ്പത്തിക വർഷം മൊത്ത ആഭ്യന്ത ഉത്പാദനത്തിൽ (GDP) 8-8.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
* 2022-23 ലെ യഥാർത്ഥ മൊത്ത ആഭ്യന്ത ഉത്പാദന വളർച്ച യഥാക്രമം 8.7 ശതമാനവും 7.5 ശതമാനവും ആയിരിക്കുമെന്ന ലോകബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും ഏറ്റവും പുതിയ പ്രവചനങ്ങളുമായി ഒത്തുപോകുന്ന കണക്കാണിത്.
* IMF-ന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രവചനങ്ങൾ അനുസരിച്ച്, ഇന്ത്യയുടെ യഥാർത്ഥ GDP 2021-22 ലും, 2022-23 ലും 9 ശതമാനവും; 2023-2024ൽ 7.1 ശതമാനനവും വളരുമെന്ന് കണക്കാക്കുന്നു. വരുന്ന 3 വർഷവും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയാകും.
* കൃഷിയും അനുബന്ധ മേഖലകളും 3.9 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു; 2021-22ൽ വ്യവസായ മേഖല 11.8 ശതമാനവും, സേവന മേഖല 8.2 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു.
* 2021-22ൽ ഉപഭോഗം 7.0 ശതമാനവും, മൊത്ത സ്ഥിര മൂലധന രൂപീകരണം (GFCF) 15 ശതമാനവും, കയറ്റുമതി 16.5 ശതമാനവും, ഇറക്കുമതി 29.4 ശതമാനവും വർദ്ധിക്കുമെന്ന് കണക്കാക്കുന്നു.
സാമ്പത്തിക രംഗം:
* 2021-22 ബജറ്റ് എസ്റ്റിമേറ്റുകളിൽ (2020-21 സാമ്പത്തിക വർഷത്തെ പ്രൊവിഷണൽ ആക്ചുൽസ് പ്രകാരം) പ്രതീക്ഷിക്കുന്ന 9.6 ശതമാനം വളർച്ചയിൽ നിന്ന് കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള വരുമാനം (2021 ഏപ്രിൽ മുതൽ നവംബർ വരെ) 67.2 ശതമാനം (YoY) വർദ്ധിച്ചു.
* മൊത്ത നികുതി വരുമാനം 2021 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 50 ശതമാനത്തിലധികം വളർച്ച (YoY) രേഖപ്പെടുത്തുന്നു. 2019-2020-ൽ മഹാമാരിക്ക് മുമ്പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോൾ ശക്തമായ പ്രകടനം.
* 2021 ഏപ്രിൽ-നവംബർ കാലയളവിൽ, അടിസ്ഥാന സൗകര്യത്തിനു പ്രാധാന്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മൂലധന ചെലവ് (Capex) 13.5 ശതമാനം (YoY) ഉയർന്നു.
* സുസ്ഥിരമായ നികുതി പിരിവും ലക്ഷ്യവേധിയായ ധനവ്യയ നയവും 2021 ഏപ്രിൽ മുതൽ നവംബർ വരെയുള്ള ധനക്കമ്മി ബജറ്റ് എസ്റ്റിമേറ്റിന്റെ 46.2 ശതമാനത്തിൽ ഒതുക്കി.
* കൊവിഡ്-19 മഹാമാരിക്കാലത്തെ വർധിച്ച കടമെടുപ്പിലൂടെ, കേന്ദ്ര ഗവൺമെന്റിന്റെ കടം 2019-20 ലെ GDP യുടെ 49.1 ശതമാനത്തിൽ നിന്ന് 2020-21ൽ GDP യുടെ 59.3 ശതമാനമായി ഉയർന്നു. എന്നാൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവോടെ ഇത് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ബാഹ്യ മേഖലകൾ:
* നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ശക്തമായി കുതിച്ചുയരുകയും കോവിഡിന് മുമ്പുള്ള നില മറികടക്കുകയും ചെയ്തു.
* വിനോദ സഞ്ചാര വരുമാനം കുറഞ്ഞിട്ടും, വരവും ചെലവും മഹാമാരി പൂർവ്വഘട്ടം മറികടന്നതോടെ അറ്റ സേവനങ്ങളിൽ ഗണ്യമായ നേട്ടം ഉണ്ടായി.
* വിദേശ നിക്ഷേപത്തിന്റെ തുടർച്ചയായ ഒഴുക്ക്, അറ്റ ബാഹ്യ വാണിജ്യ വായ്പകളിലെ പുനരുജ്ജീവനം, ഉയർന്ന ബാങ്കിംഗ് മൂലധനം, അധിക സ്പെഷ്യൽ ഡ്രോയിങ് റൈറ്റ്സ് വിഹിതം (SDR) എന്നിവ കാരണം 2021-22 ആദ്യ പകുതിയിൽ അറ്റ മൂലധന പ്രവാഹം 65.6 ബില്യൺ യുഎസ് ഡോളറായി.
* ഇന്ത്യയുടെ വിദേശ കടം 2021 സെപ്റ്റംബർ അവസാനത്തോടെ 593.1 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 556.8 ബില്യൺ യുഎസ് ഡോളറായിരുന്നു. വലിയ വാണിജ്യ വായ്പകളോടൊപ്പം IMF ൽ നിന്നുള്ള അധിക SDR വിഹിതവും ഇതിലുൾപ്പെടുന്നു.
* വിദേശനാണ്യ കരുതൽ ശേഖരം 2021-22 ആദ്യ പകുതിയിൽ 600 ബില്യൺ യുഎസ് ഡോളർ കടക്കുകയും, 2021 ഡിസംബർ 31 ന് 633.6 ബില്യൺ ഡോളറിലെത്തുകയും ചെയ്തു.
* 2021 നവംബർ അവസാനത്തോടെ, ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്ക് പിന്നിൽ, ലോകത്തെ നാലാമത്തെ വലിയ വിദേശനാണ്യ കരുതൽ ശേഖര ഉടമയായി ഇന്ത്യ മാറി.
ധന മാനേജ്മെന്റും സാമ്പത്തിക മദ്ധ്യവർത്തിത്വവും:
സമ്പദ് മേഖലയുടെ പണലഭ്യത മെച്ചമായി തുടരുന്നു.
* 2021-22ൽ റിപ്പോ നിരക്ക് 4 ശതമാനമായി നിലനിർത്തി.
* കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നതിനായി ജി-സെക് അക്വിസിഷൻ പ്രോഗ്രാം, സ്പെഷ്യൽ ലോംഗ്-ടേം റിപ്പോ ഓപ്പറേഷൻസ് തുടങ്ങിയ നടപടികൾ RBI സ്വീകരിച്ചു.
* 2021 ഏപ്രിലിലെ 5.3 ശതമാനത്തിൽ നിന്ന് 2021 ഡിസംബർ 31-ന് 9.2 ശതമാനമായി ഉയർന്ന്, 2021-22-ൽ (YoY) ബാങ്ക് വായ്പാ വളർച്ച ക്രമേണ ത്വരിതഗതി പ്രാപിച്ചു.
* ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ (SCBs) മൊത്ത നിഷ്ക്രിയ അഡ്വാൻസ് അനുപാതം 2017-18 ലെ 11.2 ശതമാനത്തിൽ നിന്ന് 2021 സെപ്റ്റംബർ അവസാനത്തോടെ 6.9 ശതമാനമായി കുറഞ്ഞു.
* ഇതേ കാലയളവിൽ അറ്റ നിഷ്ക്രിയ അഡ്വാൻസ് അനുപാതം 6 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായി കുറഞ്ഞു.
* SCB-കളുടെ മൂലധനവും നഷ്ട സാധ്യതയുള്ള ആസ്തി അനുപാതവും 2013-14 ലെ 13 ശതമാനത്തിൽ നിന്ന് 2021 സെപ്തംബർ അവസാനത്തോടെ 16.54 ശതമാനമായി വർദ്ധിച്ചു.
* 2021 സെപ്റ്റംബറിൽ അവസാനിക്കുന്ന കാലയളവിൽ പൊതുമേഖലാ ബാങ്കുകളുടെ ആസ്തികളിൽ നിന്നുള്ള വരുമാനവും ഓഹരി വരുമാനവും ഉയർച്ച കാണിക്കുന്നു.
* 2021 ഏപ്രിൽ-നവംബർ മാസങ്ങളിൽ, 75 ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് (IPO) ഇഷ്യുകളിലൂടെ 89,066 കോടി രൂപ സമാഹരിച്ചു. ഇത് കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയർന്ന തുകയാണ്.
* സെൻസെക്സും നിഫ്റ്റിയും 2021 ഒക്ടോബർ 18ന് യഥാക്രമം 61,766, 18,477 എന്നീ നിലകളിലെത്തി.
വിലക്കയറ്റവും പണപ്പെരുപ്പവും:
2020-21 കാലയളവിലെ 6.6 ശതമാനത്തിൽ നിന്ന് 2021-22ൽ (ഏപ്രിൽ-ഡിസംബർ) ശരാശരി ഹെഡ്ലൈൻ ഉപഭോക്തൃ വില സൂചിക (CPI)-സംയോജിത പണപ്പെരുപ്പം 5.2 ശതമാനമായി കുറഞ്ഞു.
* ഭക്ഷ്യവിലക്കയറ്റം 2021-22ൽ (ഏപ്രിൽ മുതൽ ഡിസംബർ വരെ) ശരാശരി 2.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 9.1 ശതമാനമായിരുന്നു.
* കേന്ദ്ര നികുതി കുറച്ചതും ഒട്ടുമിക്ക സംസ്ഥാനങ്ങളും മൂല്യവർധിത നികുതി വെട്ടിക്കുറച്ചതും, പെട്രോൾ, ഡീസൽ വില കുറയാൻ കാരണമായി.
മൊത്തവില സൂചികയെ (WPI) അടിസ്ഥാനമാക്കിയുള്ള മൊത്ത പണപ്പെരുപ്പം 2021-22 കാലയളവിൽ (ഏപ്രിൽ മുതൽ ഡിസംബർ വരെ) 12.5 ശതമാനമായി ഉയർന്നു.
* CPI-C - WPI പണപ്പെരുപ്പം തമ്മിലുള്ള വ്യത്യാസം 2020 മെയ് മാസത്തിൽ 9.6 ശതമാനമായി ഉയർന്നു. എന്നിരുന്നാലും, ചില്ലറ പണപ്പെരുപ്പം 2021 ഡിസംബറിൽ മൊത്ത പണപ്പെരുപ്പത്തേക്കാൾ 8.0 ശതമാനം താഴ്ന്നതോടെ ഈ സ്ഥിതിയിൽ മാറ്റമുണ്ടായി.
* WPI -യിലെ അടിസ്ഥാന പ്രഭാവം (base effect) ക്രമേണ കുറയുന്നതോടെ, CPI-C, WPI എന്നിവയിലെ വ്യത്യാസവും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
സുസ്ഥിര വികസനവും കാലാവസ്ഥാ വ്യതിയാനവും:
* NITI ആയോഗിന്റെ SDG ഇന്ത്യ സൂചികയിലും ഡാഷ്ബോർഡിലും ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ 2018-19-ൽ 57-ഉം, 2019-20-ൽ 60-ഉം ആയിരുന്നത്, 2020-21-ൽ 66 ആയി മെച്ചപ്പെട്ടു.
* 2019-20ൽ 10 ആയിരുന്ന മുൻനിര സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം (സ്കോർ 65-99) 2020-21- ൽ 22 ആയി ഉയർന്നു.
* 2020-ലെ കണക്ക് പ്രകാരം, 2010 മുതൽ 2020 വരെയുള്ള കാലയളവിൽ വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിൽ ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
* 2020-ൽ, ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 24% വനഭൂമിയാണ്. ഇത് ലോകത്തിലെ മൊത്തം വനമേഖലയുടെ 2% വരും.
* 2021 ഓഗസ്റ്റിൽ, പ്ലാസ്റ്റിക് മാലിന്യ മാനേജ്മെന്റ് ഭേദഗതി ചട്ടങ്ങൾ, 2021 വിജ്ഞാപനം ചെയ്തു. 2022-ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
കൃഷിയും ഭക്ഷ്യ പരിപാലനവും:
* കാർഷിക മേഖല കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉജ്ജ്വലമായ വളർച്ച കൈവരിച്ചു, രാജ്യത്തിന്റെ മൊത്ത മൂല്യ വർദ്ധനയിൽ (GVA) യിൽ 18.8% എന്ന ഗണ്യമായ (2021-22) വളർച്ച, കാർഷിക മേഖല രേഖപ്പെടുത്തി. 2020-21 ൽ 3.6% ഉം, 2021-22 ൽ 3.9% ഉം വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
* വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞ താങ്ങുവില (MSP) നയം സഹായകമായി.
* 2014 ലെ റിപ്പോർട്ടിനെ അപേക്ഷിച്ച് ഏറ്റവും പുതിയ SAS റിപ്പോർട്ടിൽ വിള ഉത്പാദനത്തിൽ നിന്നുള്ള അറ്റ വരവ് 22.6% വർദ്ധിച്ചു.
* 2019-20 അവസാനിച്ച അഞ്ച് വർഷങ്ങളിൽ കന്നുകാലി മേഖല, 8.15% വാർഷിക വളർച്ച (CAGR) കൈവരിച്ചു. കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനത്തിന്റെ 15% വരുന്ന സ്ഥിരമായ വരുമാന സ്രോതസ്സാണിത്.
* ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ മാനേജ്മെന്റ് പദ്ധതികളിലൊന്നാണ് ഇന്ത്യയുടേത്.
വ്യവസായവും അടിസ്ഥാന സൗകര്യങ്ങളും:
* 2020 ഏപ്രിൽ-നവംബർ മാസങ്ങളിലെ (-) 15.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, 2021 ഏപ്രിൽ-നവംബർ കാലയളവിൽ വ്യാവസായിക ഉത്പാദന സൂചിക (IIP) 17.4 ശതമാനം (YoY) വളർച്ച രേഖപ്പെടുത്തി.
* ഇന്ത്യൻ റെയിൽവേയുടെ മൂലധനച്ചെലവ് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. 2009-14ൽ 45,980 കോടി രൂപയായിരുന്നു. 2020-21ൽ ഇത് 1,55,181 കോടി രൂപയായി ഉയർന്നു. 2021-22ൽ 2,15,058 കോടി രൂപയായി ഉയർത്തി.
* പ്രതിദിന റോഡ് നിർമ്മാണം 2019-20 ലെ 28 കിലോമീറ്ററിൽ നിന്ന് 2020-21 ൽ 36.5 കിലോമീറ്ററായി വർദ്ധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 30.4 ശതമാനം വർദ്ധന.
* വൻകിട കോർപ്പറേറ്റുകളുടെ അറ്റാദായ - വിൽപന അനുപാതം 2021-22 ജൂലൈ-സെപ്റ്റംബർ പാദത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 10.6 ശതമാനത്തിലെത്തി (RBI പഠനം).
സേവനങ്ങൾ:
* 2021-22 ജൂലൈ-സെപ്റ്റംബർ പാദത്തിൽ സേവനങ്ങളുടെ മൊത്ത മൂല്യ വർദ്ധന (GVA) മഹാമാരിക്ക് മുമ്പുള്ള നില മറികടന്നു; എന്നിരുന്നാലും, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളുടെ GVA ഇപ്പോഴും മഹാമാരിക്ക് മുമ്പുള്ള നില കൈവരിച്ചിട്ടില്ല.
* സേവന മേഖലയുടെ മൊത്ത മൂല്യ വർദ്ധന (GVA) 2021-22 ൽ 8.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
* 2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ, റെയിൽ ചരക്കുഗതാഗതം മഹാമാരിക്ക് മുമ്പുള്ള നില മറികടന്നു. വിമാന ചരക്ക് ഗതാഗതവും തുറമുഖ ഗതാഗതവും മഹാമാരിക്ക് മുമ്പുള്ള നിലയിലെത്തി. ആഭ്യന്തര വിമാന, റെയിൽ യാത്രക്കാരുടെ തിരക്ക് ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
* 2021-22 ന്റെ ആദ്യ പകുതിയിൽ, സേവന മേഖലയ്ക്ക് 16.7 ബില്യൺ യുഎസ് ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ലഭിച്ചു - ഇന്ത്യയിലേക്കുള്ള മൊത്തം FDI-യുടെ ഏകദേശം 54 ശതമാനവും സേവന മേഖലയ്ക്കാണ്.
* IT-BPM സേവനങ്ങളിൽ നിന്നുള്ള വരുമാനം 2020-21ൽ 194 ബില്യൺ യുഎസ് ഡോളറിലെത്തി. ഇതേ കാലയളവിൽ 1.38 ലക്ഷം ജീവനക്കാർ പുതുതായി ചേർന്നു.
* സേവന കയറ്റുമതി 2020-21 ജനുവരി-മാർച്ച് പാദത്തിൽ മഹാമാരിക്ക് മുമ്പുള്ള നിലയെ മറികടക്കുകയും, 2021-22 ആദ്യ പകുതിയിൽ 21.6 ശതമാനം വളർച്ച നേടുകയും ചെയ്തു –
സോഫ്റ്റ്വെയർ, ഐടി സേവന കയറ്റുമതിക്കുള്ള ആഗോള ആവശ്യം ശക്തിപ്പെട്ടു.
* യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ത്യ മാറി. 2016-17ൽ 733 ആയിരുന്ന അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2021-22ൽ 14,000 ആയി ഉയർന്നു.
* 44 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 2021-ൽ യൂണികോൺ പദവി നേടി. മൊത്തം യൂണികോണുകളുടെ എണ്ണം 83 ആയി. അവയിൽ മിക്കതും സേവന മേഖലയിലാണ്.
സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും തൊഴിലും:
* 2021 മാർച്ച് വരെയുള്ള ത്രൈമാസിക PFLS വിവരങ്ങൾ അനുസരിച്ച്, നഗരമേഖലയിലെ തൊഴിൽ സ്ഥിതി ഏതാണ്ട് മഹാമാരിക്ക് മുമ്പുള്ള നില വീണ്ടെടുത്തു.
* കേന്ദ്രവും സംസ്ഥാനങ്ങളും സാമൂഹിക സേവനങ്ങൾക്കുള്ള (ആരോഗ്യം, വിദ്യാഭ്യാസം, മറ്റുള്ളവ) ചെലവിന്റെ GDP അനുപാതം 2014-15 ലെ 6.2 ശതമാനത്തിൽ നിന്ന് 2021-22 -ൽ 8.6 ശതമാനമായി (BE) വർധിപ്പിച്ചു.
* ദേശീയ കുടുംബാരോഗ്യ സർവേ-5 പ്രകാരം:
- മൊത്തം ജനന നിരക്ക് (TFR) 2015-16ൽ 2.2 ആയിരുന്നത് 2019-21ൽ 2 ആയി കുറഞ്ഞു.
- ശിശുമരണ നിരക്ക് (IMR), അഞ്ച് വയസ്സിന് താഴെയുള്ള മരണനിരക്ക്, ആശുപത്രി ജനനങ്ങൾ എന്നിവ 2015-16 വർഷത്തേക്കാൾ 2019-21 ൽ മെച്ചപ്പെട്ടു.
* ജൽ ജീവൻ ദൗത്യത്തിന്റെ കീഴിൽ 83 ജില്ലകൾ ‘ഹർ ഘർ ജൽ’ ജില്ലകളായി മാറി.
(Release ID: 1794007)
Visitor Counter : 4176
Read this release in:
Urdu
,
Kannada
,
English
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu