ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

---സാമ്പത്തിക സര്‍വേ--- മഹാമാരിയുടെ കാലത്ത് സാമൂഹിക സേവനങ്ങള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ ചെലവ് ഗണ്യമായി വര്‍ദ്ധിച്ചു


ഗവണ്‍മെന്റിന്റെ സാമൂഹ്യ സേവന മേഖലയിലെ വിഹിതത്തില്‍ ബി.ഇ (ബജറ്റ് എസ്റ്റിമേറ്റ്) 2021-22, 9.8% വര്‍ദ്ധനവ് കാണിക്കുന്നു


ആരോഗ്യ ചെലവിനുള്ള വിഹിതം 2021-22 ല്‍ ം 73% വും വിദ്യാഭ്യാസം 20%വും വര്‍ദ്ധിച്ചു


ജല്‍ ജീവന്‍ മിഷനു കീഴില്‍ 2022 ജനുവരി 19 വരെ 8 ലക്ഷത്തിലധികം സ്‌കൂളുകള്‍ക്ക് ടാപ്പ് ജലവിതരണം ലഭ്യമാക്കി


പ്രാഥമിക, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലെ കൊഴിഞ്ഞുപോക്ക് നിരക്കുകള്‍ 2019-20 ല്‍ കുറഞ്ഞു


26.45 കോടി കുട്ടികള്‍ 2019-20ല്‍ സ്‌കൂളില്‍ ചേര്‍ന്നു; മുന്‍ വര്‍ഷങ്ങളിലെ മൊത്തം ചേരല്‍ അനുപാതം കുറയുന്ന പ്രവണതയ്ക്ക് വിപരീതം


ഗ്രാമീണ മേഖലയിലെ കുട്ടികള്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറുന്നു 'വാര്‍ഷിക വിദ്യാഭ്യാസ നിലവാര റിപ്പോര്‍ട്ട് 2021' പറയുന്നു

Posted On: 31 JAN 2022 3:04PM by PIB Thiruvananthpuram

മഹാമാരിക്കാലത്ത് സാമൂഹികസേവനമേഖലയിലുള്ള ഗവണ്‍മെന്റിന്റെ ചെലവ് വലിയതോതില്‍ വര്‍ദ്ധിച്ചതായി 2021-22ലെ സാമ്പത്തിക സര്‍വേ പറയുന്നു. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനാണ് 2021-22 സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2020-21 നെ അപേക്ഷിച്ച് 2021-22 ല്‍ സാമൂഹിക സേവന മേഖലയ്ക്കുള്ള ചെലവ് വിഹിതത്തില്‍ 9.8% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

സാമൂഹിക മേഖലയിലെ ചെലവ്

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ മൊത്തം 71.61 ലക്ഷം കോടി രൂപ സാമൂഹിക മേഖലയ്ക്കായി (ബി.ഇ) 2021-22ല്‍ മാറ്റിവച്ചതായി സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ (2020-21) പുതുക്കിയ ചെലവിലും ബജറ്റ് വിഹിതത്തിനെക്കാള്‍ 54,000 കോടിയുടെ വര്‍ദ്ധനയുണ്ടായി. 2020-21ലെ (ആര്‍.ഇ-റിവൈസ്ഡ് എസ്റ്റിമേറ്റ്‌സ്) ജി.ഡി.പിയുടെ 8.3% എന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-21 (ബി.ഇ)ല്‍ മേഖലയ്ക്കുള്ള ഫണ്ടുകള്‍ ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) യുടെ 8.3 ശതമാനമായി. കഴിഞ്ഞ അറഞ്ചുവര്‍ഷമായി മൊത്തം ഗവണ്‍മെന്റ് ചെലവിന്റെ 25% സാമൂഹികസേവനത്തിനാണ് കണക്കാക്കുന്നത്. 2021-22 (ബി.ഇ)യില്‍ ഇത് 26.6%വുമായിരുന്നു.

ആരോഗ്യമേഖലയിലെ ചെലവ് 2019-20ലെ 2.73 ലക്ഷം കോടിയില്‍ നിന്ന് 2021-22ല്‍ (ബി.ഇ) 4.72 ലക്ഷം കോടിയായി വര്‍ദ്ധിച്ചതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു., ഏകദേശം 73%ന്റെ വര്‍ദ്ധന. വിദ്യാഭ്യാസ മേഖലയില്‍ ഇതേ കാലയളവില്‍ 20% വര്‍ദ്ധനവുണ്ടായതായും സര്‍വേ പറയുന്നു.

വിദ്യാഭ്യാസം
മഹാമാരിക്ക് മുമ്പുള്ള 2019-20 വര്‍ഷത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഒഴികെ, 2018-19 നും 2019-20 നും ഇടയില്‍ അംഗീകൃത സ്‌കൂളുകളുടെയും കോളേജുകളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തുന്നു. ജല്‍ ജീവന്‍ മിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍, സമഗ്ര ശിക്ഷാ സ്‌കീം എന്നിപദ്ധതികള്‍ക്ക് കീഴില്‍ സ്‌കൂളുകളില്‍ കുടിവെള്ളത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കുന്നത് സ്‌കൂളുകളില്‍ ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിലും ആസ്തികള്‍ സൃഷ്ടിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2022 ജനുവരി 19 വരെ, ജല്‍ ജീവന്‍ മിഷന് കീഴില്‍ 8,39,443 സ്‌കൂളുകള്‍ക്ക് പൈപ്പ് വെള്ളം ലഭ്യമാക്കി. കൂടാതെ, 2012-13 മുതല്‍ 2019-20 വരെ തുടര്‍ച്ചയായി എല്ലാ തലങ്ങളിലും അദ്ധ്യാപകരുടെ ലഭ്യതയും മെച്ചപ്പെട്ടു.
2019-20 വര്‍ഷവും പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ കൊഴിഞ്ഞുപോക്ക് നിരക്കില്‍ കുറവുണ്ടായതായി സര്‍വേ നിരീക്ഷിക്കുന്നു. 2019-20 ല്‍, പ്രൈമറി തലത്തില്‍ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് 2018-19 ലെ 4.45% ല്‍ നിന്ന് 1.45% ആയി കുറഞ്ഞു. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഈ കുറവ് ഒരുപോലെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊഴിഞ്ഞുപോക്ക് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന പ്രവണതകളെ ഈ കുറവ് മാറ്റിമറിച്ചു.
2019-20 വര്‍ഷത്തില്‍ എല്ലാ തലങ്ങളിലും മൊത്തം ചേരുന്ന അനുപാതത്തിലും(ജി.ഇ.ആര്‍) ലിംഗ സമത്വത്തിലും പുരോഗതിയും ഉണ്ടായതായി സാമ്പത്തിക സര്‍വേ പറയുന്നു. 2019-20ല്‍ 26.45 കോടി കുട്ടികളാണ് സ്‌കൂളുകളില്‍ ചേര്‍ന്നത്. 2016-17 നും 2018-19 നും ഇടയില്‍ ജി.ഇ.ആറിലുണ്ടായിരുന്ന ഇടിവ് കുറയ്ക്കാന്‍ ഇത് സഹായിച്ചു. ഈ വര്‍ഷം സ്‌കൂളുകളില്‍ 42 ലക്ഷം കുട്ടികള്‍ അധികമായി ചേര്‍ന്നു, യൂണിഫൈഡ് ഡിസ്ട്രിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് (യു.ഡി.ഐ.എസ്.എഫ് )പ്രകാരം അതില്‍ 26 ലക്ഷം പേര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളിലും 16 ലക്ഷം പേര്‍ പ്രീ പ്രൈമറിയിലുമായിരുന്നു.
ഉന്നതവിദ്യാഭ്യാസത്തിന് മൊത്തം ചേര്‍ന്നവരുടെ അനുപാതം 2019-20 ല്‍ 27.1% ആയാണ് രേഖപ്പെടുത്തിയത്, ഇത് 2018-19 ലെ 26.3% ല്‍ നിന്ന് അല്‍പ്പം ഉയര്‍ന്നതാണ്. ദേശീയ അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതി, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഇ പിജിപാഠശാല, ഉന്നത് ഭാരത് അഭിയാന്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ ഉന്നതവിദ്യാഭ്യാസ പരിസ്ഥിതിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് ബഹുതല മുന്‍കൈകള്‍ സ്വീകരിച്ചതായി സാമ്പത്തിക സര്‍വേ പറയുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സാരമായ പ്രത്യാഘാതമുണ്ടാക്കിയ ഈ മഹാമാരി ഇന്ത്യയില്‍ ഉടനീളമുള്ള ലക്ഷക്കണക്കിന് സ്‌കൂളുകളെയും കോളേജുകളെയും ബാധിച്ചതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ മേഖലയില്‍ ആവര്‍ത്തിച്ചുള്ള അടച്ചിടല്‍ മൂലം ഇപ്പോള്‍ ഏറ്റവും ഒടുവിലായി ലഭ്യമായിരിക്കുന്നസമഗ്രമായ വിവരങ്ങ ത് 2019-20ലേതായതുകൊണ്ട് ഇതിലെ തത്സമയ ആഘാതം അളക്കാന്‍ പ്രയാസമാണെന്ന് സര്‍വേ നിരീക്ഷിക്കുന്നു. ഇത് 2021 ലെ വിദ്യാഭ്യാസ നിലയുടെ വാര്‍ഷിക റിപ്പോര്‍ട്ടാണ് (എസൈര്‍) പരാമര്‍ശിക്കുന്നത്, ഇത് മഹാമാരികാലത്ത് ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ് ആഘാതം വിലയിരുത്തിയിട്ടുണ്ട്.

മഹാമാരിക്കാലത്ത് 15 നും 16 നും ഇടയില്‍ പ്രായമുള്ളവരുടെ എന്റോള്‍മെന്റ് മെച്ചപ്പെടുന്നതായി എസൈര്‍ കണ്ടെത്തി, ഈ പ്രായത്തിലുള്ള എന്റോള്‍ ചെയ്യാത്ത കുട്ടികളുടെ എണ്ണം 2018-ല്‍ 12.1% ല്‍ നിന്ന് 2021-ല്‍ 6.6% ആയി കുറഞ്ഞു. എന്നിരുന്നാലും, മഹാമാരികാലത്ത് നിലവില്‍ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലാത്ത കുട്ടികള്‍ (6-14 വയസുള്ളവര്‍) 2018-ല്‍ 2.5%-ല്‍ നിന്ന് 2021-ല്‍ 4.6% ആയി വര്‍ദ്ധിച്ചതായും എസൈര്‍ റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിന് പുറത്തുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനും ഗവേഷണ പങ്കാളിത്തത്തിനും, വേണ്ട സര്‍വേ നടത്തുന്നതിനായി കോവിഡ്-19 കര്‍മ്മപദ്ധതി സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ഗവണ്‍മെന്റ് പങ്കുവച്ചു.

മഹാമാരികാലത്ത് ഗ്രാമപ്രദേശങ്ങളിലെ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്നും ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് മാറിയതായും എസൈര്‍ റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവിലുള്ള സ്വകാര്യ സ്‌കൂളുകളുടെ അടച്ചുപൂട്ടല്‍, രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട്, ഗവണ്‍മെന്റ് സ്‌കൂളുകളിലെ സൗജന്യ സൗകര്യങ്ങള്‍, ഗ്രാമങ്ങളിലേക്ക് കുടുംബങ്ങള്‍ തിരികെ കുടിയേറുന്നത് തുടങ്ങിയവയാണ് ഈ മാറ്റത്തിന് സാദ്ധ്യമായ കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2020 ജൂലൈയില്‍, കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ചു, തിരിച്ചറിയുന്നതിനുള്ള സൂചനകള്‍ ഒഴികെയുള്ള ഒരു രേഖയും ആവശ്യപ്പെടാതെ തന്നെ അവര്‍ക്ക് സ്‌കൂളുകളില്‍ സുഗമമായി പ്രവേശനം അനുവദിച്ചു.

സ്മാര്‍ട്ട് ഫോണുകളുടെ ലഭ്യത 2018-ല്‍ 36.5% ആയിരുന്നത് 2021-ല്‍ 67.6% ആയി ഉയര്‍ന്നെങ്കിലും ഉയര്‍ന്ന ഗ്രേഡ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് താഴ്ന്ന ഗ്രേഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എസൈര്‍ റിപ്പോര്‍ട്ട് പറയുന്നു. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമല്ലാത്തതും നെറ്റവര്‍ക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങളുമാണ് കുട്ടികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍. എന്നിരുന്നാലും ചേര്‍ന്ന മിക്കവാറും എല്ലാ കുട്ടികള്‍ക്കും അവരുടെ നിലവിലെ ഗ്രേഡിനുള്ള (91.9%) പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ്, സ്വകാര്യ സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ അനുപാതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്.

മഹാമാരികാലത്ത് നടത്തിയ സ്വകാര്യ പഠനങ്ങളിലൂടെ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മഹാമാരിയുടെ പ്രതികൂല ആഘാതം കുറയ്ക്കുന്നതിനും വേണ്ട നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു. പാഠപുസ്തകങ്ങള്‍ വീട്ടില്‍ വിതരണം ചെയ്യുക, ടെലിഫോണിലൂടെ അദ്ധ്യാപകര്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കുക, ടി.വി, റേഡിയോ എന്നിവയിലൂടെയുള്ള ഓണ്‍ലൈന്‍, ഡിജിറ്റല്‍ ഉള്ളടക്കം, സംവേദനാത്മക ചാറ്റ്‌ബോട്ട് ആയ താര, നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് പുറത്തിറക്കിയ ബദല്‍ അക്കാദമിക് കലണ്ടര്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം തുടങ്ങിയ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചു. പിഎം ഇ-വിദ്യ, നാഷണല്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍ ആര്‍ക്കിടെക്ചര്‍, നിപുണ്‍ ഭാരത് മിഷന്‍ തുടങ്ങിയവ, കോവിഡ്-19 മഹാമാരികാലത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള മറ്റ് പ്രധാന മുന്‍കൈകളില്‍ ഉള്‍പ്പെടുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ND

****


(Release ID: 1793926) Visitor Counter : 326