പ്രധാനമന്ത്രിയുടെ ഓഫീസ്‌

പണ്ഡിറ്റ് ജസ്‌രാജ് കൾച്ചറൽ ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം



"സംഗീതം നമ്മുടെ ലൗകിക കടമകളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന ഒരു മാധ്യമമാണ്, മാത്രമല്ല അത് ലൗകികമായ ബന്ധനങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കുന്നു"


"ഇന്ത്യൻ പൈതൃകത്തിൽ നിന്ന് ലോകം പ്രയോജനം നേടിയിട്ടുണ്ടെന്നും ഇന്ത്യൻ സംഗീതത്തിനും മനുഷ്യ മനസ്സിന്റെ ആഴം ഇളക്കിവിടാനുള്ള കഴിവുണ്ടെന്നും യോഗാ ദിനത്തിന്റെ അനുഭവം സൂചിപ്പിക്കുന്നു"


"ലോകത്തിലെ ഓരോ വ്യക്തിക്കും ഇന്ത്യൻ സംഗീതത്തെ കുറിച്ച് അറിയാനും പഠിക്കാനും അതിന്റെ ഗുണങ്ങൾ നേടാനും അർഹതയുണ്ട്. അത് പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്"


"സാങ്കേതികവിദ്യയുടെ സ്വാധീനം വ്യാപകമായ ഇന്നത്തെ കാലഘട്ടത്തിൽ സംഗീതരംഗത്തും സാങ്കേതികവിദ്യയുടെയും ഐടിയുടെയും വിപ്ലവം ഉണ്ടാകണം"


"കാശി പോലെയുള്ള നമ്മുടെ കലാ സാംസ്കാരിക കേന്ദ്രങ്ങളെ നാം ഇന്ന് പുനരുജ്ജീവിപ്പിക്കുകയാണ്"

Posted On: 28 JAN 2022 4:36PM by PIB Thiruvananthpuram

ഇന്ത്യൻ ശാസ്ത്രീയ സംഗീതലോകത്തെ കുലപതിമാരിൽ ഒരാളായിരുന്ന  പണ്ഡിറ്റ് ജസ്‌രാജിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്  ആദരാഞ്ജലികൾ അർപ്പിച്ചു. പണ്ഡിറ്റ് ജസ്‌രാജിന്റെ സംഗീതത്തിന്റെ അനശ്വരമായ ഊർജത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുകയും മഹാനായ ആ സംഗീതജ്ഞന്റെ    മഹത്തായ പാരമ്പര്യം നിലനിർത്തിയതിന് ദുർഗ ജസ്‌രാജിനെയും പണ്ഡിറ്റ് ശരംഗ് ദേവിനെയും അഭിനന്ദിക്കുകയും ചെയ്തു. പണ്ഡിറ്റ് ജസ്‌രാജ് കൾച്ചറൽ ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യൻ സംഗീത പാരമ്പര്യത്തിലെ ഋഷിമാർ പകർന്നുനൽകിയ വിപുലമായ അറിവുകളെ പ്രധാനമന്ത്രി സ്പർശിച്ചു. പ്രാപഞ്ചിക ഊർജ്ജം അനുഭവിക്കാനുള്ള ശക്തിയും പ്രപഞ്ചത്തിന്റെ ഒഴുക്കിൽ സംഗീതം കാണാനുള്ള കഴിവുമാണ് ഇന്ത്യൻ ശാസ്ത്രീയ സംഗീത പാരമ്പര്യത്തെ അസാധാരണമാക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. "സംഗീതം നമ്മുടെ ലൗകിക കടമകളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന ഒരു മാധ്യമമാണ്, കൂടാതെ അത് ലൗകികമായ ബന്ധനങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ കലയുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യമുള്ള  പണ്ഡിറ്റ് ജസ്‌രാജ് കൾച്ചറൽ ഫൗണ്ടേഷനെ പ്രധാനമന്ത്രി പ്രശംസിച്ചു. സാങ്കേതികവിദ്യയുടെ ഈ യുഗത്തിലെ രണ്ട് പ്രധാന വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ഫൗണ്ടേഷനോട് ആവശ്യപ്പെട്ടു. ഒന്നാമതായി, ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ ഇന്ത്യൻ സംഗീതം അതിന്റെ ഐഡന്റിറ്റി സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൈതൃകത്തിൽ നിന്ന് ലോകം പ്രയോജനം നേടിയെന്നും , മനുഷ്യ മനസ്സിന്റെ ആഴങ്ങളിൽ വരെ ചലനം സൃഷ്ടിക്കാനുള്ള   ശേഷി ഇന്ത്യൻ സംഗീതത്തിനുണ്ടെന്നും യോഗ ദിനാനുഭവം സൂചിപ്പിക്കുന്നു. "ലോകത്തിലെ ഓരോ വ്യക്തിക്കും ഇന്ത്യൻ സംഗീതത്തെ കുറിച്ച് അറിയാനും പഠിക്കാനും നേട്ടങ്ങൾ അനുഭവിക്കാനും  അർഹതയുണ്ട്. അത് പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമതായി, സാങ്കേതികവിദ്യയുടെ സ്വാധീനം എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ സംഗീത മേഖലയിലും സാങ്കേതികവിദ്യയുടെയും  ഐടിയുടെയും  വിപ്ലവം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഉപകരണങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനമാക്കി സംഗീതത്തിനായി മാത്രം സമർപ്പിതരായ സ്റ്റാർട്ടപ്പുകൾക്കായി അദ്ദേഹം ആഹ്വാനം ചെയ്തു.

കാശി പോലുള്ള സംസ്കാരത്തിന്റെയും കലയുടെയും കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം ശ്രദ്ധിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിയോടുള്ള സ്‌നേഹത്തിലും ഉള്ള വിശ്വാസത്തിലൂടെ ഇന്ത്യ ലോകത്തിന് സുരക്ഷിതമായ ഭാവിയിലേക്കുള്ള വഴി കാണിച്ചുകൊടുത്തതായി പ്രധാനമന്ത്രി പറഞ്ഞു. "പൈതൃകത്തോടൊപ്പം വികസനത്തിന്റെ ഈ ഇന്ത്യൻ യാത്രയിൽ, 'സബ്ക പ്രയാസ്' ഉൾപ്പെടുത്തണം," അദ്ദേഹം ഉപസംഹരിച്ചു.

 

ND***

(Release ID: 1793297) Visitor Counter : 124