പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഹൽദ്വാനിയിൽ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടന, തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 30 DEC 2021 6:31PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഉത്തരാഖണ്ഡ് ഗവർണർ ഗുർമിത് സിംഗ് ജി, ചെറുപ്പക്കാരനും ഊർജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി ജി, ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ മദൻ കൗശിക് ജി, കേന്ദ്ര മന്ത്രി ശ്രീ അജയ് ഭട്ട് ജി, എന്റെ സുഹൃത്തുക്കൾ രമേഷ് പൊഖ്രിയാൽ നിഷാങ്ക് ജി, ശ്രീ ത്രിവേന്ദ്ര സിംഗ് റാവത്ത് ജി , തിരത് സിംഗ് റാവത്ത് ജിയും ശ്രീ വിജയ് ബഹുഗുണ ജിയും, ഉത്തരാഖണ്ഡ് ഗവൺമെന്റിലെ മന്ത്രിമാരായ ശ്രീ സത്പാൽ മഹാരാജ് ജി, ശ്രീ ഹരക് സിംഗ് റാവത്ത് ജി, ശ്രീ സുബോധ് ഉനിയാൽ ജി, ശ്രീ ബൻഷിധർ ഭഗത് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീമതി. മാലാ രാജ്യ ലക്ഷ്മി ജി, ശ്രീ അജയ് തംതാ ജി, മറ്റ് എംപിമാർ  എംഎൽഎമാർ  കുമയൂണിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ !

അവിടെയുള്ള എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എന്നെ ശ്രദ്ധിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങളിൽ എല്ലായിടത്തും ഇത്രയധികം ആളുകൾ! ദയവായി മുന്നോട്ട് പോകരുത്. എനിക്ക് പേടിയാകുന്നു. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. കുമയൂണിന്റെ ഈ പുണ്യഭൂമിയിൽ നിന്നുള്ള എല്ലാ സഹോദരങ്ങൾക്കും സഹോദരിമാർക്കും ആശംസകളും പേരക്കുട്ടികൾക്ക് സ്നേഹവും അനുഗ്രഹവും! ജഗേശ്വർ , ബാഗേശ്വർ , സോമേശ്വർ , രാമേശ്വർ എന്നീ ദേവാലയങ്ങളാൽ  നിറഞ്ഞ ഈ ശിവനെ ഞാൻ  അഭിവാദ്യം ചെയ്യുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും കുമയൂൺ വലിയ സംഭാവന നൽകിയിട്ടുണ്ട്. പണ്ഡിറ്റ് ബദ്രി ദത്ത് പാണ്ഡെയുടെ നേതൃത്വത്തിലാണ് , ഉത്തരായണി മേളയിൽ ‘കൂലി-ബേഗർ’ എന്ന അഭ്യാസം അവസാനിപ്പിച്ചത് .

സുഹൃത്തുക്കളെ 

ഇന്ന് എനിക്ക് കുമയൂൺ സന്ദർശിക്കാൻ അവസരം ലഭിച്ചു. അതിനാൽ, നിങ്ങളുമായുള്ള എന്റെ അഗാധമായ ബന്ധത്തിന്റെ പഴയ ഓർമ്മകൾ പുതുക്കുന്നത് സ്വാഭാവികമാണ്. ഉത്തരാഖണ്ഡിന്റെ തൊപ്പി നൽകി നിങ്ങൾ എന്നെ ആദരിച്ചതിൽ ഇതിലും വലിയ അഭിമാനം മറ്റെന്തുണ്ട്. എനിക്ക് അതൊരു ചെറിയ ബഹുമതിയല്ല. ഉത്തരാഖണ്ഡിന്റെ അഭിമാനത്തോട് എനിക്ക് അടുപ്പമുണ്ട്. ഇന്ന് 17,000  കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം ഇവിടെ നടത്തുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾ കുമയൂണിന്   മികച്ച കണക്റ്റിവിറ്റിയും മികച്ച ആരോഗ്യ സൗകര്യങ്ങളും പ്രദാനം ചെയ്യും. ഒരു നല്ല വാർത്ത കൂടി നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഹൽദ്വാനിയിലെ ജനങ്ങൾക്കായി ഞാൻ ഒരു പുതുവത്സര സമ്മാനം കൂടി കൊണ്ടുവന്നു. ഹൽദ്വാനി നഗരത്തിന്റെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 2,000 കോടി രൂപയുടെ പദ്ധതിയുമായി ഞങ്ങൾ വരുന്നു. വെള്ളം, മലിനജലം, റോഡ്, പാർക്കിംഗ്, തെരുവ് വിളക്കുകൾ മുതലായവയിൽ അഭൂതപൂർവമായ പുരോഗതി ഹൽദ്വാനി ഉടൻ കാണും.

സുഹൃത്തുക്കളെ

ഈ ദശാബ്ദത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കുന്നതിന് അതിവേഗത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇത് ഉത്തരാഖണ്ഡിന്റെ ദശാബ്ദമാണെന്ന് ഞാൻ പറയുമ്പോൾ, അത് കാരണം ഇല്ലാതെയല്ല . പല കാരണങ്ങളുണ്ട്. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ കഴിവ് ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കുമെന്ന് എന്റെ ഉറച്ച വിശ്വാസമാണത്. ഈ മണ്ണിന്റെ സാധ്യതകൾ എനിക്കറിയാം സുഹൃത്തുക്കളെ. വളരുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങളും ചാർ ധാം മെഗാ പദ്ധതിയും പുതിയ റെയിൽവേ റൂട്ടുകളും ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കും. പുതിയ ജലവൈദ്യുത പദ്ധതികളും വളരുന്ന വ്യാവസായിക സാധ്യതകളും ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കും. ടൂറിസം മേഖലയുടെ വികസനവും ലോകമെമ്പാടുമുള്ള യോഗയുടെ വർദ്ധിച്ചുവരുന്ന ആകർഷണവും എല്ലാവരെയും ഉത്തരാഖണ്ഡിലേക്ക് കൊണ്ടുവരാൻ പോകുന്നു. ഹോം സ്റ്റേകൾ പോലെയുള്ള വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കും. ഈ ദശകം കാർഷിക മേഖലയിലും പ്രകൃതിദത്ത കൃഷിയിലും ഔഷധസസ്യ ഉൽപന്നങ്ങളിലും ഉല്പാദന വർദ്ധനയോടെ ഉത്തരാഖണ്ഡിന്റെ ഭാഗമാകും. ഉത്തരാഖണ്ഡിന്റെ  ദശകം മഹത്തരാമായിരിക്കും. 

ഇന്നത്തെ പദ്ധതികൾ ഈ മേഖലകളുമായും ബന്ധപ്പെട്ടിരിക്കുന്നു.   ഇന്ന്  ഈ ഹൽദ്‌വാനിയിൽ നിന്ന് കൊണ്ട്  ഉത്തരാഖണ്ഡിലെ ജനങ്ങളെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ

ഹിമാലയത്തിന്റെ ശക്തിയും ഉത്തരാഖണ്ഡിൽ നിന്ന് ഒഴുകുന്ന നദികളുടെ എണ്ണവും നമുക്കെല്ലാം അറിയാം. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഇവിടുത്തെ ജനങ്ങൾ രണ്ട് തരം ചിന്താധാരകളാണ്  കണ്ടത്. മലനിരകളെ വികസനത്തിൽ നിന്ന് മുക്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു  ചിന്താധാര. പർവതങ്ങളുടെ വികസനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ചിന്താധാര. ഒന്നാം  ചിന്താധാരയിലെ ജനങ്ങൾ എപ്പോഴും നിങ്ങൾ വികസനം നിഷേധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. മലനിരകളിലേക്ക് റോഡുകളും വൈദ്യുതിയും വെള്ളവും എത്തിക്കാൻ ആവശ്യമായ കഠിനാധ്വാനം അവർ ഒഴിവാക്കി. നൂറുകണക്കിന് ഗ്രാമങ്ങളിലെ എത്രയോ തലമുറകൾ നമ്മുടെ പ്രിയപ്പെട്ട ഉത്തരാഖണ്ഡ് ഉപേക്ഷിച്ച് നല്ല റോഡുകളും സൗകര്യങ്ങളും ഇല്ലാത്ത എവിടെയോ താമസമാക്കി. ഈ ആളുകളുടെ സത്യാവസ്ഥ ഉത്തരാഖണ്ഡിലെയും രാജ്യത്തെയും ജനങ്ങൾ മനസ്സിലാക്കിയതിൽ ഇന്ന് ഞാൻ സംതൃപ്തനാണ്. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്ന മന്ത്രവുമായി അതിവേഗം രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ നമ്മുടെ സർക്കാർ ഇന്ന് വ്യാപൃതരാണ്. ഉധം സിംഗ് നഗർ ജില്ലയിലെ എയിംസ് ഋഷികേശിന്റെ സാറ്റലൈറ്റ് സെന്ററിന്റെയും പിത്തോരഗഡിലെ ജഗ്ജീവൻ റാം സർക്കാർ മെഡിക്കൽ കോളേജിന്റെയും ശിലാസ്ഥാപനം ഇന്ന് നടന്നു. ഈ രണ്ട് ആശുപത്രികളും കുമയൂൺ, തെരായ് മേഖലയിലെ ജനങ്ങൾക്ക് വലിയ സഹായമാകും. അൽമോറ മെഡിക്കൽ കോളേജ് ഉടൻ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണ്. ഉത്തരാഖണ്ഡിലെ കണക്ടിവിറ്റിയുടെ വലിയ വെല്ലുവിളികളെ അതിജീവിക്കാൻ ഞങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് പ്രഖ്യാപിച്ച 9,000 കോടി രൂപയുടെ പദ്ധതികൾ റോഡ് നിർമാണവുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം 1200 കിലോമീറ്റർ ഗ്രാമീണ റോഡിന്റെ നിർമാണവും ആരംഭിച്ചു. ഈ റോഡുകൾക്ക് പുറമെ 151 പാലങ്ങളും നിർമിക്കും.

സഹോദരീ സഹോദരന്മാരേ,

നിങ്ങളുടെ സുഖസൗകര്യങ്ങൾ നഷ്ടപ്പെടുത്തുമെന്ന് വിശ്വസിച്ചവരാണ് മാനസരോവറിലേക്കുള്ള കവാടമായ മാനസ് ഖണ്ഡിലേക്കുള്ള  റോഡുകൾ നഷ്ടപ്പെടുത്തിയത്.  എല്ലാ കാലാവസ്ഥയിലും  ഉപയോഗിക്കാവുന്ന തനക്പൂർ-പിത്തോരാഗഡ് പാത മാത്രമല്ല, ലിപുലേഖ് വരെ ഞങ്ങൾ റോഡ് നിർമ്മിച്ചു, അത് കൂടുതൽ വികസിപ്പിക്കുകയുമാണ്.  ഇപ്പോൾ ഈ ആളുകളുടെ സത്യാവസ്ഥ ജനം അറിഞ്ഞപ്പോൾ, അവർ ഒരു പുതിയ കട തുറന്നിരിക്കുന്നു, അത് കിംവദന്തികൾ പ്രചരിപ്പിക്കാനാണ്. കിംവദന്തികൾ ഉണ്ടാക്കുക, അത് പ്രചരിപ്പിക്കുക, അതിനെക്കുറിച്ച് രാവും പകലും വിളിച്ചുപറയുക. ഈ ഉത്തരാഖണ്ഡ് വിരുദ്ധർ ഇവിടെ തനക്പൂർ-ബാഗേശ്വർ റെയിൽവേ ലൈനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം പ്രചരിപ്പിക്കുകയാണെന്ന് ഞാൻ  മനസിലാക്കുന്നു.

സുഹൃത്തുക്കളെ,

തനക്പൂർ-ബാഗേശ്വർ റെയിൽവേ ലൈനിന്റെ അന്തിമ ലൊക്കേഷൻ സർവേ ഈ പദ്ധതിയുടെ ശക്തമായ അടിത്തറയാണ്. ഈ റെയിൽ പാതയുടെ പണികൾ വേഗത്തിൽ ആരംഭിക്കുന്നതിന് വേണ്ടിയാണ് ഇത് ഏറ്റെടുക്കുന്നത്. നിങ്ങൾക്ക് ഉറപ്പുനൽകാനാണ് ഞാൻ ഇവിടെ വന്നത്. ഋഷികേശ്-കർണപ്രയാഗ് റെയിൽ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു, താമസിയാതെ തനക്പൂർ-ബാഗേശ്വർ റൂട്ടും നിർമ്മിക്കും. ഉത്തരാഖണ്ഡിലെ എന്റെ സഹോദരീ സഹോദരന്മാരേ, ഇവ വെറും അടിത്തറയുടെ കല്ലുകളല്ല, വെറും കല്ലുകളല്ല; ഇരട്ട എഞ്ചിൻ സർക്കാർ സാക്ഷാത്കരിക്കുന്ന ദൃഡനിശ്ചയങ്ങളുടെ  സ്മാരകങ്ങളാണിവ.

സുഹൃത്തുക്കളെ,

ഉത്തരാഖണ്ഡ് രൂപീകരിച്ച് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. 'നിങ്ങൾ ഉത്തരാഖണ്ഡിനെ കൊള്ളയടിക്കുക, പക്ഷേ എന്റെ സർക്കാരിനെ രക്ഷിക്കൂ' എന്ന് പറയുന്ന സർക്കാരുകളെ ഈ വർഷങ്ങളിൽ നിങ്ങൾ കണ്ടിട്ടുണ്ട്. ഇക്കൂട്ടർ ഉത്തരാഖണ്ഡിനെ ഇരുകൈയ്യും നീട്ടി കൊള്ളയടിച്ചു. ഉത്തരാഖണ്ഡിനെ സ്നേഹിക്കുന്നവർക്ക് ഇത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കുമയൂണിനെ സ്നേഹിക്കുന്നവൻ കുമയൂണിനെ വിട്ടു പോകുന്നില്ല. ഇതാണ് ദേവഭൂമി. ഇവിടെയുള്ളവരെ സേവിക്കുന്നത്, ഉത്തരാഖണ്ഡിനെ സേവിക്കുന്നത് ദേവീദേവന്മാരെ സേവിക്കുന്നത് പോലെയാണ്. നമ്മുടെ ഗവൺമെന്റ് പ്രവർത്തിക്കുന്നതും ഈ മനോഭാവത്തോടെയാണ്. ഇക്കാര്യത്തിൽ ഞാൻ തന്നെ പ്രതിജ്ഞാബദ്ധനാണ്. അസൗകര്യവും ഇല്ലായ്മയും ഇപ്പോൾ സൌകര്യവും യോജിപ്പുമായി മാറുകയാണ്. എല്ലാ ക്ലാസുകളിലും എല്ലാ പ്രദേശങ്ങളിലും 100 ശതമാനം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഞങ്ങൾ രാവും പകലും പ്രയത്നിക്കുകയാണ്.

സഹോദരീ സഹോദരന്മാരേ,

ഇല്ലായ്മയുടെ രാഷ്ട്രീയം ഏറ്റവുമധികം അനുഭവിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ അമ്മമാരും സഹോദരിമാരും നമ്മുടെ പെൺമക്കളുമാണ്. അടുക്കളയിലെ പുക കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് അമ്മമാരും സഹോദരിമാരുമാണ്. ശൗചാലയമില്ലാത്തതിനാൽ സഹോദരിമാരും പെൺമക്കളും ഏറെ കഷ്ടപ്പെട്ടു. മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങിയത് അമ്മമാരാണ്. കുട്ടികൾ രോഗബാധിതരാകുമ്പോൾ, ചികിത്സയ്‌ക്ക് പണമോ സൗകര്യങ്ങളോ ഇല്ലാതിരിക്കുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അമ്മമാരുടെ ഹൃദയമാണ്. ഞങ്ങളുടെ അമ്മമാർക്കും സഹോദരിമാർക്കും വെള്ളത്തിനായി ഒരുപാട് കഷ്ടപ്പാടുകളും സമയവും സഹിക്കേണ്ടിവന്നു. കഴിഞ്ഞ ഏഴ് വർഷമായി മാതൃശക്തിയുടെ ഈ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഞങ്ങൾ ശ്രമിച്ചു. ജൽ ജീവൻ മിഷന്റെ കീഴിൽ എല്ലാ വീട്ടിലേക്കും പൈപ്പ് വെള്ളം അത്തരത്തിലുള്ള ഒരു ശ്രമമാണ്. ഈ ദൗത്യത്തിന് കീഴിൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ അഞ്ച് കോടിയിലധികം കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം നൽകി. എഴുപതിലധികം പദ്ധതികളുടെ തറക്കല്ലിടലോടെ 13 ജില്ലകളിലെ സഹോദരിമാരുടെ ജീവിതം സുഗമമാകും. ഹൽദ്വാനി, ജഗ്ജിത്പൂർ എന്നിവിടങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം ലഭിക്കും.

സുഹൃത്തുക്കളെ,

നാം  ഒരു ചരിത്ര സ്ഥലം സന്ദർശിക്കുമ്പോൾ, ഈ സ്ഥലം എത്രയോ വർഷങ്ങൾക്ക് മുമ്പാണ് നിർമ്മിച്ചത്, ഇത് വളരെ പഴക്കമുള്ളതാണെന്നൊക്കെ പറയാറുണ്ട്.  എന്നാൽ പതിറ്റാണ്ടുകളായി വൻകിട പദ്ധതികളുടെ കാര്യം വരുമ്പോൾ ഈ പദ്ധതി ഇത്രയും വർഷമായി മുടങ്ങിക്കിടക്കുന്നതാണ്   നാടിന്റെ അവസ്ഥ. മുമ്പ് സർക്കാരിൽ ഉണ്ടായിരുന്നവരുടെ സ്ഥിരം മുഖമുദ്രയാണിത്. ഇന്ന് ഉത്തരാഖണ്ഡിൽ പ്രവർത്തനം ആരംഭിച്ച ലഖ്വാർ പദ്ധതിയുടെ ചരിത്രമാണിത്. നിങ്ങൾ ചിന്തിക്കൂ, എന്റെ സുഹൃത്തുക്കളും ഇവിടെ ഇരിക്കുന്നവരും ഈ പദ്ധതിയെക്കുറിച്ച് നാല് പതിറ്റാണ്ടിലേറെയായി കേൾക്കുന്നു. അപ്പോഴേക്കും പ്രശ്നം എന്താണെന്ന് നിങ്ങൾ മറന്നിട്ടുണ്ടാകും. ഈ പദ്ധതി ആദ്യമായി വിഭാവനം ചെയ്തത് 1976 ലാണ്. ഇപ്പോൾ ഏകദേശം 50 വർഷം തികയുന്നു. ഇന്ന് 46 വർഷങ്ങൾക്ക് ശേഷം നമ്മുടെ സർക്കാർ അതിന് തറക്കല്ലിട്ടു. 1974ൽ വിഭാവനം ചെയ്ത പദ്ധതി 46 വർഷത്തിന് ശേഷം നടപ്പാക്കുന്നത് പാപമാണോ അല്ലയോ എന്ന് ഉത്തരാഖണ്ഡിലെ സഹോദരീസഹോദരന്മാരോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് പാപമാണോ അല്ലയോ? ഇത്തരം പാപം ചെയ്യുന്നവരെ ശിക്ഷിക്കണോ വേണ്ടയോ? ഈ കാലതാമസം നിങ്ങളെ വേദനിപ്പിച്ചോ ഇല്ലയോ? ഉത്തരാഖണ്ഡ് കഷ്ടപ്പെട്ടോ ഇല്ലയോ? രണ്ട് തലമുറകൾ കഷ്ടപ്പെട്ടോ ഇല്ലയോ? അത്തരം പാപങ്ങൾ ചെയ്യുന്നവരെ നിങ്ങൾ മറക്കുമോ, അതോ അവരുടെ വലിയ വാഗ്ദാനങ്ങളിൽ വീഴുമോ? അഞ്ച് പതിറ്റാണ്ടോളം ഫയലുകളിൽ തൂങ്ങിക്കിടക്കുന്ന ഇത്തരമൊരു പദ്ധതി ഒരു രാജ്യത്തിനും സങ്കൽപ്പിക്കാൻ കഴിയില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും വാഗ്ദാനങ്ങൾ മാത്രം! സഹോദരീ സഹോദരന്മാരേ, എന്റെ ഏഴു വർഷത്തെ റെക്കോർഡ് നോക്കൂ. ഇത്തരം പഴയ കാര്യങ്ങൾ തിരഞ്ഞുപിടിച്ച് ശരിയാക്കാനാണ് എന്റെ സമയം ചിലവഴിക്കുന്നത്. ഇപ്പോൾ ഞാൻ ജോലി ശരിയായി ചെയ്യുന്നു, നിങ്ങൾ ആ ആളുകളെ ശരിയാക്കണം. നേരത്തെ സർക്കാരിൽ ഉണ്ടായിരുന്നവർക്ക് താങ്കളെ കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിൽ ഈ പദ്ധതി നാല് പതിറ്റാണ്ട് പിന്നോട്ട് പോകുമോ? അവർ നിങ്ങളെ സ്‌നേഹിച്ചിരുന്നെങ്കിൽ ഈ പദ്ധതിയുടെ ദുരവസ്ഥ ഇതായിരിക്കുമോ? ഉത്തരാഖണ്ഡിന്റെ സാധ്യതകളെക്കുറിച്ച് മുൻ സർക്കാരുകളിലുണ്ടായിരുന്നവർ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. തൽഫലമായി, നമുക്ക്  വേണ്ടത്ര വൈദ്യുതി ലഭിച്ചില്ല, കർഷകരുടെ വയലുകളിൽ ജലസേചനം ലഭിച്ചില്ല, കൂടാതെ രാജ്യത്തെ ഭൂരിഭാഗം ഗ്രാമീണ ജനങ്ങൾക്കും ശുദ്ധമായ പൈപ്പ് വെള്ളമില്ലാതെ ജീവിക്കേണ്ടിവന്നു.

സുഹൃത്തുക്കളെ,

കഴിഞ്ഞ ഏഴു വർഷമായി ഇന്ത്യ പരിസ്ഥിതിയെ സംരക്ഷിക്കുകയും അതിന്റെ സ്വാഭാവിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് ആരംഭിച്ച പദ്ധതികൾ വൈദ്യുതി മിച്ചമുള്ള സംസ്ഥാനമെന്ന ഉത്തരാഖണ്ഡിന്റെ സ്വത്വം ശക്തിപ്പെടുത്തുക മാത്രമല്ല, കർഷകർക്ക് മതിയായ ജലസേചന സൗകര്യം പ്രദാനം ചെയ്യുകയും ചെയ്യും. നമ്മുടെ വ്യവസായശാലകൾക്കും സ്‌കൂളുകൾക്കും കോളേജുകൾക്കും ആശുപത്രികൾക്കും എല്ലാ കുടുംബങ്ങൾക്കും ഈ വൈദ്യുതി ലഭ്യമാകും.

സുഹൃത്തുക്കളെ,

ഉത്തരാഖണ്ഡിലെ ഗംഗ-യമുന നദികളുടെ  ആരോഗ്യം ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തെയും സമൃദ്ധിയെയും രാജ്യത്തെ വലിയൊരു  ജനസംഖ്യയെയും ബാധിക്കുന്നു. അതിനാൽ, ഞങ്ങൾ ഗംഗോത്രി മുതൽ ഗംഗാസാഗർ വരെയുള്ള ഒരു ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ശൗചാലയങ്ങളുടെ നിർമ്മാണം, മെച്ചപ്പെട്ട മലിനജല സംവിധാനം, ജലശുദ്ധീകരണത്തിനുള്ള ആധുനിക സൗകര്യങ്ങൾ എന്നിവയാൽ ഗംഗാജിയിലേക്ക് വീഴുന്ന വൃത്തികെട്ട അഴുക്കുചാലുകളുടെ എണ്ണം അതിവേഗം കുറയുന്നു. ഇന്നും നമാമി ഗംഗേ പദ്ധതി പ്രകാരം ഉധം സിംഗ് നഗർ, രാംനഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ സ്വീവർ ലൈൻ, സീവർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ആരും ശ്രദ്ധിക്കാതിരുന്ന നൈനിറ്റാളിലെ മനോഹരമായ തടാകത്തിന്റെ സംരക്ഷണം ഇനി ഏറ്റെടുക്കും.

സുഹൃത്തുക്കളെ,

വിനോദസഞ്ചാരികൾക്കുള്ള സൗകര്യമില്ലെങ്കിൽ വിനോദസഞ്ചാരത്തിന് എവിടെയും തഴച്ചുവളരാനാവില്ല. നേരത്തെ ഭരണം നടത്തിയവർ ഈ ദിശയിൽ ചിന്തിച്ചിട്ടുപോലുമില്ല. പുതിയതായി നിർമിക്കുന്ന  റോഡുകൾ, വീതികൂട്ടുന്ന റോഡുകൾ,പുതിയതായി നിർമിക്കുന്ന  റെയിൽവേ റൂട്ടുകൾ എന്നിവയും ഉത്തരാഖണ്ഡിൽ പുതിയ വിനോദസഞ്ചാരികളെ ആകർഷിക്കും. ഉത്തരാഖണ്ഡിലെ പ്രധാന സ്ഥലങ്ങളിലെ റോപ്പ്‌വേകൾ പുതിയ വിനോദസഞ്ചാരികളെ കൊണ്ടുവരാനും സഹായിക്കും. വർദ്ധിച്ചുവരുന്ന മൊബൈൽ കണക്റ്റിവിറ്റിയും ചിലയിടങ്ങളിൽ സ്ഥാപിക്കുന്ന പുതിയ ടവറുകളും വിനോദസഞ്ചാരികളെ ആകർഷിക്കും. ഉത്തരാഖണ്ഡിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ സൗകര്യങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. പിന്നെ ആർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുക? നമ്മുടെ മലനിരകളിലെ യുവാക്കളായ ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് പരമാവധി പ്രയോജനം ലഭിക്കും. കേദാർനാഥ്ജിയിൽ പുതിയ സൗകര്യങ്ങൾ ആരംഭിച്ചതിന് ശേഷം ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിച്ചു എന്നതിന് ഉത്തരാഖണ്ഡിലെ ജനങ്ങൾ സാക്ഷിയാണ്. എല്ലാ റെക്കോർഡുകളും തകർത്തു. അതുപോലെ, കാശി വിശ്വനാഥധാമത്തിന്റെ നിർമ്മാണത്തെത്തുടർന്ന് രാജ്യത്ത് ഭക്തരുടെ എണ്ണത്തിൽ അതിവേഗം വർധനവുണ്ടാകുന്നു. കുമയൂണിലെ ജഗേശ്വർ ധാം, ബാഗേശ്വർ തുടങ്ങിയ പുണ്യസ്ഥലങ്ങൾ ഇവിടെയുണ്ട്. അവരുടെ വികസനം ഈ മേഖലയിൽ വികസനത്തിന് പുതിയ സാധ്യതകൾ സൃഷ്ടിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പും നൈനിറ്റാളിലെ ദേവസ്താലിൽ കേന്ദ്ര സർക്കാർ സ്ഥാപിച്ചു. ഇത് സ്വദേശത്തും വിദേശത്തുമുള്ള ശാസ്ത്രജ്ഞർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല, ഈ സ്ഥലത്തിന് ഒരു പുതിയ സ്വത്വം  സൃഷ്ടിച്ചു.

സുഹൃത്തുക്കളെ,

ഡബിൾ എൻജിൻ സർക്കാർ വികസന പദ്ധതികൾക്കായി ചെലവഴിക്കുന്ന പണം അഭൂതപൂർവമാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള പുതിയ റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പുതിയ റെയിൽ പാതകൾ എന്നിവയുടെ നിർമ്മാണത്തോടെ പ്രാദേശിക വ്യവസായങ്ങൾക്കും നമ്മുടെ ഉത്തരാഖണ്ഡ് സംരംഭകർക്കും പുതിയ സാധ്യതകൾ ഉയർന്നുവരുന്നു. സിമന്റ് വിതരണം ചെയ്യുന്ന ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു വ്യാപാരിയോ ഇരുമ്പും ബലാസ്റ്റും വിൽക്കുന്ന  ഒരു വ്യവസായിയോ അവയുടെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കുന്ന ഒരു എഞ്ചിനീയറോ ഉണ്ടായിരിക്കും. ഈ വികസന പദ്ധതികൾ ഇവിടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സ്വന്തമായി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉത്തരാഖണ്ഡിലെ യുവാക്കൾക്കൊപ്പമാണ് ഇരട്ട എൻജിൻ സർക്കാർ പൂർണ ശക്തിയോടെ നിൽക്കുന്നത്. മുദ്ര യോജനയ്ക്ക് കീഴിൽ, ബാങ്ക് ഗ്യാരന്റി ഇല്ലാതെ യുവാക്കൾക്ക് താങ്ങാനാവുന്ന വായ്പകൾ നൽകുന്നു. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കളെ കിസാൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സഹായിക്കുന്നു. ചെറുകിട കടകൾ നടത്തുന്ന സഹോദരങ്ങൾക്കാണ് സ്വനിധി യോജനയുടെ കീഴിൽ സഹായം ലഭിക്കുന്നത്. ഉത്തരാഖണ്ഡിലെ ദരിദ്രർക്കും ഇടത്തരം യുവാക്കൾക്കും ഞങ്ങളുടെ സർക്കാർ ബാങ്കുകളുടെ വാതിലുകൾ തുറന്നിരിക്കുന്നു. തടസ്സങ്ങളൊന്നും വരാതെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ആയുഷിനും സുഗന്ധദ്രവ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും ഉത്തരാഖണ്ഡിൽ നിരവധി സാധ്യതകളുണ്ട്. രാജ്യത്തും വിദേശത്തും ഇതിന് വലിയ വിപണിയുണ്ട്. കാശിപുരയിലെ അരോമ പാർക്ക് ഉത്തരാഖണ്ഡിനെ ശക്തിപ്പെടുത്തുകയും കർഷകർക്ക് പിന്തുണ നൽകുകയും നൂറുകണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുകയും ചെയ്യും. അതുപോലെ തന്നെ പ്ലാസ്റ്റിക് വ്യവസായ പാർക്കും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സഹോദരീ സഹോദരന്മാരേ,

ഡൽഹിയിലെയും ഡെറാഡൂണിലെയും സർക്കാരുകൾ അധികാരത്തിനു പിന്നാലെയല്ല; മറിച്ച്   സേവനത്തിനായി സമർപ്പിക്കപ്പെട്ടവയാണ്. . മുൻ സർക്കാരുകൾ അതിർത്തി സംസ്ഥാനമായിട്ടും ഈ പ്രദേശത്തെ അവഗണിച്ചതെങ്ങനെയെന്ന് രാജ്യസുരക്ഷയ്ക്കുവേണ്ടി മക്കളെ സമർപ്പിച്ച കുമയൂണിലെ ധീരരായ അമ്മമാർക്ക് മറക്കാനാവില്ല. കണക്ടിവിറ്റി മുതൽ ദേശീയ സുരക്ഷ വരെയുള്ള എല്ലാ വശങ്ങളും അവഗണിക്കപ്പെട്ടു. അവർ നമ്മുടെ സൈന്യത്തെയും സൈനികരെയും വർഷങ്ങളോളം കാത്തിരിക്കുക മാത്രമാണ് ചെയ്തത്. വൺ റാങ്ക് വൺ പെൻഷനുവേണ്ടിയുള്ള കാത്തിരിപ്പ്, ആധുനിക ആയുധങ്ങൾക്കായുള്ള കാത്തിരിപ്പ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പോലുള്ള ആവശ്യമായ സംരക്ഷണ കവചങ്ങൾക്കായുള്ള കാത്തിരിപ്പ്, തീവ്രവാദികൾക്കുള്ള ശക്തമായ മറുപടിക്കായുള്ള കാത്തിരിപ്പ്! സൈന്യത്തെയും നമ്മുടെ ധീര സൈനികരെയും അപമാനിക്കുന്നതിൽ ഇക്കൂട്ടർ എന്നും മുൻപന്തിയിലായിരുന്നു. കുമയൂൺ റെജിമെന്റ് സൈന്യത്തിന് നൽകിയ ഉത്തരാഖണ്ഡിലെ ധീരരായ ജനങ്ങൾക്ക് ഇത് ഒരിക്കലും മറക്കാൻ കഴിയില്ല.

സുഹൃത്തുക്കളെ,

ദ്രുതഗതിയിലുള്ള വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങൾ; നിങ്ങളുടെ ഇഷ്ടമാണ് ഞങ്ങളുടെ പ്രചോദനം, നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇരട്ട എഞ്ചിൻ സർക്കാരിലുള്ള നിങ്ങളുടെ അനുഗ്രഹം ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കും. ഒരിക്കൽ കൂടി, നിങ്ങളെയും ഉത്തരാഖണ്ഡിലെയും വികസന പദ്ധതികൾക്ക് ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദനങ്ങൾ. 2022 വർഷം അടുത്തുവരികയാണ്. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേരുന്നു, ഒപ്പം ഘുഗുതിയ ത്യാർ ഉത്സവത്തിനും ഞാൻ ആശംസിക്കുന്നു.

ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഒത്തിരി നന്ദി.

ND MRD

****



(Release ID: 1787373) Visitor Counter : 155