പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലുള്ള സര്യു നഹര്‍ ദേശീയ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 11 DEC 2021 6:09PM by PIB Thiruvananthpuram

ഭാരത് മാതാ കി ജയ്! ഭാരത് മാതാ കി ജയ്! ഭാരത് മാതാ കി ജയ്!

ഈ പുണ്യഭൂമിയെ ഞാന്‍ പലതവണ വന്ദിക്കുന്നു.  മിനി കാശി എന്നറിയപ്പെടുന്ന എന്നീ ആദിശക്തി മാ പടേശ്വരി, ബല്‍റാംപൂര്‍ പുണ്യഭൂമി സന്ദര്‍ശിക്കാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചു. നിങ്ങളാല്‍ ഞാന്‍ ഒരുപാട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

യുപി ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍, യുപിയിലെ ഊര്‍ജസ്വലനും കഠിനാധ്വാനിയുമായ ജനകീയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, കൗശല്‍ കിഷോര്‍ ജി, സംസ്ഥാന മന്ത്രിമാരായ മഹേന്ദ്ര സിംഗ് ജി, രമാപതി ശാസ്ത്രി ജി, മുകുത് ബിഹാരി വര്‍മ്മ ജി, ബ്രജേഷ് പഥക് ജി, അശുതോഷ് ഠണ്ടന്‍ ജി, ബല്‍ദേവ് ഒലാഖ് ജി, ശ്രീ പാല്‍തു റാം ജി, വേദിയില്‍ സന്നിഹിതരായ എന്റെ സഹ പാര്‍ലമെന്റംഗങ്ങളെ, ബഹുമാന്യരായ എംഎല്‍എമാരെ, ജില്ലാ പഞ്ചായത്ത് അംഗങ്ങളെ, എന്റെ പ്രിയ സഹോദരീസഹോദരന്മാരെ! വിപ്ലവകാരികളുടെ ഈ നാട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജാ ദേവി ബക്ഷ് സിംഗ്, രാജാ കൃഷ്ണ ദത്ത് റാം, പൃഥ്വി പാല്‍ സിംഗ് തുടങ്ങിയ ശക്തരായവര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ എല്ലാവിധ പ്രയത്‌നങ്ങളും നടത്തി. അയോധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നതായി പരാമര്‍ശിക്കുമ്പോഴെല്ലാം, ബല്‍റാംപൂര്‍ നാട്ടുരാജ്യത്തിലെ മഹാരാജ പടേശ്വരി പ്രസാദ് സിംഗിന്റെ സംഭാവന തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടും. നാനാജി ദേശ്മുഖിന്റെയും അടല്‍ ബിഹാരി വാജ്പേയിയുടെയും രൂപത്തില്‍ രണ്ട് ഭാരതരത്ന ജേതാക്കളെ നല്‍കിയ ബല്‍റാംപൂരിലെ ജനങ്ങള്‍ ശരിക്കും പ്രതിഭകളാണ്.

സുഹൃത്തുക്കളെ,
ഇന്ന്, രാഷ്ട്രത്തിന്റെ സ്രഷ്ടാക്കളുടെയും സംരക്ഷകരുടെയും ഈ നാട്ടില്‍ നിന്ന്, ഡിസംബര്‍ എട്ടിന് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച രാജ്യത്തെ എല്ലാ ധീര യോദ്ധാക്കള്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് ജിയുടെ വിയോഗം ഓരോ ഇന്ത്യക്കാരനും, ഓരോ രാജ്യസ്‌നേഹിക്കും തീരാനഷ്ടമാണ്. രാജ്യത്തിന്റെ സായുധ സേനയെ സ്വയം പര്യാപ്തമാക്കാന്‍ ജനറല്‍ ബിപിന്‍ റാവത്ത് ജി നടത്തിയ കഠിനാധ്വാനത്തിന് രാജ്യം സാക്ഷിയാണ്. ഒരു പട്ടാളക്കാരന്‍ പട്ടാളത്തില്‍ ഉള്ളിടത്തോളം കാലം മാത്രമല്ല സൈനികന്‍ ആയിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഒരു യോദ്ധാവിനെപ്പോലെയാണ്, അദ്ദേഹം എല്ലായ്പ്പോഴും രാജ്യത്തിന്റെ അച്ചടക്കത്തിനും ബഹുമാനത്തിനും മഹത്വത്തിനും വേണ്ടി സമര്‍പ്പിക്കുന്നു. ഗീതയില്‍ പറയുന്നു - ???? ????????? ????????? ???? ???? ????: അതായത്, ആയുധങ്ങള്‍ക്ക് ആത്മാവിനെ കീറിമുറിക്കാന്‍ കഴിയില്ല, അഗ്‌നിക്ക് അതിനെ ദഹിപ്പിക്കാനാവില്ല. ജനറല്‍ ബിപിന്‍ റാവത്ത് വരും ദിവസങ്ങളില്‍ തന്റെ ഇന്ത്യ പുതിയ ദൃഢനിശ്ചയങ്ങളുമായി മുന്നേറുന്നത് കാണും. അതിര്‍ത്തി സുരക്ഷയും അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുക, രാജ്യത്തെ സൈന്യത്തെ സ്വയം പര്യാപ്തമാക്കുക, മൂന്ന് സായുധ സേനകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കും. ഇന്ത്യ വിലപിക്കുന്നു; എന്നാല്‍ വേദനയുണ്ടെങ്കിലും നമ്മുടെ വേഗതയെയോ വികസനത്തെയോ നാം തടയുന്നില്ല. ഇന്ത്യ നിര്‍ത്തില്ല; ഇന്ത്യ നിശ്ചലമാകില്ല. നമ്മള്‍ ഇന്ത്യക്കാര്‍ ഒരുമിച്ച് കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വെല്ലുവിളികളെയും നേരിടുകയും ചെയ്യും. നാം ഇന്ത്യയെ കൂടുതല്‍ ശക്തവും സമൃദ്ധവുമാക്കും.

സുഹൃത്തുക്കളെ,
യു.പിയുടെ മകനും ഡിയോറിയയില്‍ താമസക്കാരനുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ജീവന്‍ രക്ഷിക്കാനുള്ള കഠിനശ്രമത്തിലാണ് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്റെ ജീവനുവേണ്ടി ഞാന്‍ മാ പതേശ്വരിയോട് പ്രാര്‍ത്ഥിക്കുന്നു. വരുണ്‍ സിംഗ് ജിയുടെ കുടുംബത്തിനും നമുക്ക് നഷ്ടപ്പെട്ട എല്ലാ ധീര സൈനികര്‍ക്കും ഒപ്പം രാഷ്ട്രം നിലകൊള്ളുന്നു.

സഹോദരീ സഹോദരന്മാരേ,
രാഷ്ട്രത്തിന്റെ ചൈതന്യം പ്രഥമമായി നിലനിര്‍ത്തിക്കൊണ്ട്, 21-ാം നൂറ്റാണ്ടില്‍ നമ്മെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന എല്ലാ കാര്യങ്ങളും രാജ്യം ചെയ്യുന്നു. ജലദൗര്‍ലഭ്യം ഒരിക്കലും ഒരു തടസ്സമാകരുത് എന്നതു നാടിന്റെ വികസനത്തിന് വളരെ പ്രധാനമാണ്. അതിനാല്‍, നദികളിലെ വെള്ളം കൃത്യമായി വിനിയോഗിക്കുകയും കര്‍ഷകരുടെ വയലുകളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കുകയും ചെയ്യുക എന്നത് ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനകളിലൊന്നാണ്. സരയൂ കനാല്‍ ദേശീയ പദ്ധതിയുടെ പൂര്‍ത്തീകരണം, ലക്ഷ്യം സത്യസന്ധതയാര്‍ന്നതാണെങ്കില്‍ പ്രവര്‍ത്തനവും ശക്തമാകും എന്നതിനു തെളിവാണ്. പതിറ്റാണ്ടുകളായി അതിന്റെ പൂര്‍ത്തീകരണത്തിനായി നിങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഗാഘ്ര, സരയൂ, രപ്തി, ബംഗംഗ, രോഹിണി എന്നിവയുടെ ജലശേഷി ഈ പ്രദേശത്ത് സമൃദ്ധിയുടെ പുതിയ യുഗം കൊണ്ടുവരും. ബല്‍റാംപൂരിനൊപ്പം, ബഹ്‌റൈച്ച്, ഗോണ്ട, ശ്രാവസ്തി, സിദ്ധാര്‍ത്ഥനഗര്‍, ബസ്തി, ഗോരഖ്പൂര്‍, മഹാരാജ്ഗഞ്ച്, കുശിനഗര്‍ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് കര്‍ഷക സഹോദരങ്ങളെയും സഹോദരിമാരെയും ഞാന്‍ അഭിനന്ദിക്കുന്നു. മഴക്കാലത്ത് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും. എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദാഹിക്കുന്ന ഒരാള്‍ക്ക് ആരെങ്കിലും ഒരു കപ്പ് വെള്ളം നല്‍കിയാല്‍ ആ കടവും ആ വ്യക്തിയും ജീവിതകാലം മുഴുവന്‍ മറക്കില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ വെള്ളം ലഭിക്കുമ്പോള്‍ നിങ്ങളുടെ അനുഗ്രഹം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സഹോദരീസഹോദരന്‍മാരെ,
പ്രത്യേകിച്ച്, രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ ജലസേചന സൗകര്യം. ഇത് മരണക്കിടക്കയില്‍ കിടക്കുന്ന രക്തം ആവശ്യമുള്ള ഒരാള്‍ക്ക് സമാനമാണ്. ഡോക്ടര്‍ രക്തം നല്‍കിയാല്‍ ഉടന്‍ അവന്‍ രക്ഷിക്കപ്പെടുന്നു. ഈ പ്രദേശത്തെ മുഴുവന്‍ കൃഷിയിടങ്ങള്‍ക്കും അത്തരമൊരു പുതുജീവന്‍ ലഭിക്കാന്‍ പോകുന്നു.

സുഹൃത്തുക്കളെ,
ബല്‍റാംപൂരിലെ പയറിന് രാജ്യത്ത് ആവശ്യക്കാരേറെയാണ്. പരമ്പരാഗത വിളകള്‍ക്കൊപ്പം ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന മറ്റ് വിളകളും ഇനി ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാം.

സുഹൃത്തുക്കളെ,
ദീര്‍ഘകാലം പൊതുരംഗത്ത് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ട്. മുമ്പ് എത്രയോ ഗവണ്‍മെന്റുകളും അവരുടെ പ്രവര്‍ത്തന ശൈലിയും ഞാന്‍ കണ്ടിട്ടുണ്ട്. ദീര്‍ഘകാലമായി രാജ്യത്തിന്റെ പണവും സമയവും വിഭവങ്ങളും ദുരുപയോഗം ചെയ്യുകയും അപമാനിക്കുകയും ചെയ്തതാണോ എന്നെ ഏറ്റവും വേദനിപ്പിച്ചത്? പൊതു പണമായതിനാല്‍ ഞാനെന്തിന് വിഷമിക്കണം? ഈ ധാരണ രാജ്യത്തിന്റെ സന്തുലിതവും സമഗ്രവുമായ വികസനത്തിന് ഏറ്റവും വലിയ തടസ്സമായി മാറിയിരിക്കുന്നു. ഈ ധാരണ മൂലമാണ് സരയൂ കനാല്‍ പദ്ധതി ഇത്രയും കാലം വൈകിയത്. 50 വര്‍ഷം മുമ്പാണ് ഇതിന്റെ പണി തുടങ്ങിയത്. 50 വര്‍ഷത്തിന് ശേഷമാണ് ഇത് പൂര്‍ത്തിയാകുന്നതെന്ന് ഓര്‍ക്കുക. തങ്ങള്‍ക്കു ശോഭനമായ ഭാവി ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇത് മനസ്സിലാക്കേണ്ടതുണ്ട്.

സുഹൃത്തുക്കളെ,
100 കോടി രൂപയില്‍ താഴെ ആയിരുന്നു ഈ പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. എന്നാല്‍ 10,000 കോടി രൂപ ചെലവഴിച്ചാണു പൂര്‍ത്തിയാക്കിയത്. 100 കോടി രൂപയില്‍ ചെയ്യേണ്ടതു ചെയ്യാന്‍ 10,000 കോടി രൂപ ആവശ്യമായിവന്നു. സഹോദരങ്ങളേ, പണം നിങ്ങളുടേതായിരുന്നില്ലേ? നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഓരോ രൂപയും ശരിയായ സമയത്ത് ശരിയായ ജോലിക്ക് ഉപയോഗിക്കേണ്ടതായിരുന്നില്ലേ? ഇത് ചെയ്യാത്തവര്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം കുറ്റവാളികളാണോ അല്ലയോ? ഇത്തരക്കാരെ ശിക്ഷിക്കുമോ ഇല്ലയോ? നിങ്ങള്‍ ചെയ്യുമെന്ന് ഉറപ്പാണ്!

എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

മുന്‍ ഗവണ്‍മെന്റുകളുടെ അവഗണനയ്ക്ക് ഈ രാജ്യം നൂറിരട്ടി വില കൊടുത്തു. 20-30 വര്‍ഷം മുമ്പ് ജലസേചനത്തിനു വെള്ളം എത്തിയിരുന്നെങ്കിാല്‍ ഈ മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ സ്വര്‍ണ്ണം വിളവെടുക്കുമായിരുന്നോ ഇല്ലയോ! അവര്‍ രാജ്യത്തിന്റെ ഖജനാവ് നിറയ്ക്കുമായിരുന്നോ ഇല്ലയോ! മക്കളുടെ വിദ്യാഭ്യാസം കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ പരിപാലിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നല്ലേ? പതിറ്റാണ്ടുകളുടെ കാലതാമസം കാരണം എന്റെ കര്‍ഷക സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

നന്നായി സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുമ്പോള്‍, താനാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് ആരെങ്കിലും അവകാശപ്പെടുമെന്ന് ചിന്തിച്ചു. ചിലര്‍ക്ക് ഈ ശീലമുണ്ട്. കുട്ടിക്കാലത്ത് റിബണ്‍ മുറിച്ച് അദ്ദേഹം ഈ പദ്ധതി പ്രഖ്യാപിച്ചുകാണും എന്നതില്‍ അദ്ഭൂതപ്പെടാനില്ല.

സുഹൃത്തുക്കള,
ചില ആളുകളുടെ മുന്‍ഗണന റിബണ്‍ മുറിക്കുന്നതിനാണ്. അതേസമയം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതിനാണ് ഞങ്ങളുടെ മുന്‍ഗണന. 2014-ല്‍ ഞാന്‍ ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍, രാജ്യത്തുടനീളം 99 വന്‍കിട ജലസേചന പദ്ധതികള്‍ പതിറ്റാണ്ടുകളായി അപൂര്‍ണമായി കിടക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. സരയൂ കനാല്‍ പദ്ധതിയില്‍ പലയിടത്തും കനാലുകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടില്ലെന്നും അവസാനം വരെ വെള്ളം കൊണ്ടുപോകാന്‍ സംവിധാനമില്ലെന്നും ഞങ്ങള്‍ കണ്ടെത്തി. സരയൂ കനാല്‍ പദ്ധതിയില്‍ അഞ്ച് പതിറ്റാണ്ട് കൊണ്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തികള്‍ അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ ചെയ്തു. സുഹൃത്തുക്കളേ, ഇതെല്ലാം ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനെയും ജോലിയുടെ വേഗതയെയും കുറിച്ചാണ്. യോഗി ജിയുടെ ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടതിന് ശേഷം നാം ബന്‍സാഗര്‍ പദ്ധതി ഉദ്ഘാടനം ചെയ്തത് നിങ്ങള്‍ക്ക് ഓര്‍ക്കാം. ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ജുന സഹായക് കനാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഈയാഴ്ച ഗോരഖ്പൂരില്‍ ഉദ്ഘാടനം ചെയ്ത വളം ഫാക്ടറിയും എയിംസും വര്‍ഷങ്ങളോളം കാത്തിരിപ്പിലായിരുന്നു. കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളവും വര്‍ഷങ്ങളോളം ഫയലുകളിലായിരുന്നു. ഈ ഡബിള്‍ എന്‍ജിന്‍ ഗവണ്‍മെന്റ് ഈ വിമാനത്താവളത്തിന്റെ പണിയും ആരംഭിച്ചു.

സുഹൃത്തുക്കളെ,
നമ്മുടെ ഗവണ്‍മെന്റ് ചിരകാല സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കെന്‍-ബെത്വ ലിങ്ക് പദ്ധതി. വര്‍ഷങ്ങളായി ഈ പദ്ധതിക്കായി ആവശ്യമുയര്‍ന്നിരുന്നു. രണ്ട് മൂന്ന് ദിവസം മുമ്പ്, മന്ത്രിസഭ ഈ പദ്ധതിക്ക് അംഗീകാരം നല്‍കി, 45,000 കോടി രൂപ ഇതിനായി ചെലവഴിക്കും. ഇത്രയും വലിയ സമ്മാനമാണ് ഉത്തര്‍പ്രദേശിന് ലഭിക്കുന്നത്. ബുന്ദേല്‍ഖണ്ഡിലെ ജലക്ഷാമം പരിഹരിക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിക്കും.

സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യാനന്തരം ചെറുകിട കര്‍ഷകരെ സംരക്ഷിക്കുന്ന ഒരു ഗവണ്‍മെന്റ് ഇന്ന് രാജ്യത്തുണ്ട്. ആദ്യമായി രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് ഗവണ്‍മെന്റ് ആനുകൂല്യങ്ങളും സൗകര്യങ്ങളും നല്‍കി. വിത്ത് നല്‍കുന്നത് മുതല്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതുവരെ എല്ലാവിധത്തിലും അവരെ സഹായിക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കീഴില്‍ ആയിരക്കണക്കിന് കോടി രൂപ ഈ ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയയ്ക്കുന്നു. അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി മറ്റ് കൃഷിരീതികളിലേക്കും അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വലിയ ഭൂമി ആവശ്യമില്ലാത്ത ബദലുകളാണ് അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് മനസ്സില്‍ വെച്ചുകൊണ്ട് ദേശീയ തലത്തില്‍ മൃഗസംരക്ഷണം, തേനീച്ച വളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍ എന്നിങ്ങനെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്ന് പാലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തില്‍ മുന്നിലാണ്. എന്നാല്‍ ഇന്ന് നമ്മള്‍ തേന്‍ കയറ്റുമതി രംഗത്ത് ലോകത്ത് സ്ഥാനം നേടുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമഫലമായി, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ തേന്‍ കയറ്റുമതി ഏകദേശം ഇരട്ടിയായി വര്‍ധിക്കുകയും കര്‍ഷകര്‍ക്ക് 700 കോടി രൂപയിലധികം വരുമാനം ലഭിക്കുകയും ചെയ്തു.


സഹോദരീ സഹോദരന്മാരേ,
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു ഉപാധി കൂടിയാണ് ജൈവ ഇന്ധനം. ഗള്‍ഫ് എണ്ണയില്‍ നിന്നു നാം ഇപ്പോള്‍ വിളകളില്‍ നിന്നുള്ള ജൈവ ഇന്ധനത്തിലേക്ക് മാറുകയാണ്. യു.പിയില്‍ നിരവധി ജൈവ ഇന്ധന ഫാക്ടറികള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. ബദൗണിലും ഗോരഖ്പൂരിലും വലിയ ജൈവ ഇന്ധന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അടുത്തുള്ള ഗോണ്ടയില്‍ ഒരു വലിയ എത്തനോള്‍ പ്ലാന്റും വരുന്നു. ഇത് ഈ മേഖലയിലെ നിരവധി കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. കരിമ്പില്‍ നിന്ന് എത്തനോള്‍ നിര്‍മ്മിക്കാനുള്ള പ്രചാരണത്തിലും യു.പിയാണ് മുന്നില്‍. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ യു.പിയില്‍ നിന്ന് 12,000 കോടി രൂപയുടെ എത്തനോള്‍ വാങ്ങി. യോഗി ജിയുടെ ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടതു മുതല്‍ കരിമ്പിന്റെ വില വര്‍ധിച്ചു. 2017ന് മുമ്പ് കുടിശ്ശിക കിട്ടാന്‍ കരിമ്പ് കര്‍ഷകര്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് ഇരുപതിലധികം പഞ്ചസാര മില്ലുകള്‍ അടച്ചുപൂട്ടി, യോഗി ജിയുടെ ഗവണ്‍മെന്റ് അതേ എണ്ണം പഞ്ചസാര മില്ലുകള്‍ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു. ബല്‍റാംപൂരില്‍ നിന്ന് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് ഇന്ന് ഒരു പ്രത്യേക ക്ഷണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രമല്ല, രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ എന്റെ ക്ഷണം സ്വീകരിച്ച് എന്നോടൊപ്പം ചേരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ക്ഷണം എന്തിനുവേണ്ടിയാണ്? ഡിസംബര്‍ 16ന്, അഞ്ച് ദിവസത്തിന് ശേഷം, പ്രകൃതി കൃഷിയെക്കുറിച്ചുള്ള ഒരു വലിയ പരിപാടി ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള നമ്മുടെ പത്മ അവാര്‍ഡ് ജേതാവ് സുഭാഷ് ജി സീറോ ബജറ്റ് ഫാമിംഗ് എന്ന ആശയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതൊരു പ്രകൃതിദത്ത കൃഷി പദ്ധതിയാണ്. ഇതുവഴി നമ്മുടെ ഭൂമിയും ജലവും സംരക്ഷിക്കപ്പെടുന്നു. മാത്രമല്ല ഗുണംകൂടിയ വിളവു ലഭിക്കുന്നു. കൂടാതെ കൂടുതല്‍ അളവു വിള ലഭിക്കുന്നു. ഡിസംബര്‍ 16ന് ടിവിയിലൂടെയോ കൃഷി വിജ്ഞാന കേന്ദ്രത്തിലൂടെയോ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യമെമ്പാടുമുള്ള എന്റെ എല്ലാ കര്‍ഷക സുഹൃത്തുക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ കൃഷിയിടങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയുന്നതും നിങ്ങള്‍ക്ക് വളരെ പ്രയോജനകരവുമായ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
നിങ്ങളുടെ എല്ലാ ആവശ്യങ്ങളും മനസ്സില്‍ വെച്ചുകൊണ്ട്, നിങ്ങളുടെ ജീവിതം എളുപ്പമാക്കാന്‍ ഞങ്ങള്‍ രാവും പകലും പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മിക്കുന്ന പാവപ്പെട്ടവര്‍ക്കുള്ള നല്ല വീടുകല്‍ ഇതിന്റെ സൂചന നിങ്ങള്‍ക്കു പകര്‍ന്നുനല്‍കും. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള വീടുകളില്‍ 'ഇസ്സത് ഘര്‍' അഥവാ ടോയ്ലറ്റുകള്‍, ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള ഗ്യാസ്, സൗഭാഗ്യ യോജന പ്രകാരം വൈദ്യുതി കണക്ഷന്‍, ഉജാല സ്‌കീമിന് കീഴില്‍ എല്‍ഇഡി ബള്‍ബുകള്‍, ഹര്‍ ഘര്‍ ജല്‍ യോജന പ്രകാരം വാട്ടര്‍ കണക്ഷന്‍ എന്നിവയുണ്ട്. ഇവിടുത്തെ തരു ഗോത്രത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കുമ്പോള്‍, അത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു, അവരുടെ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ലഭിക്കുന്നു.

സുഹൃത്തുക്കളെ,
എന്റെ അമ്മമാരും സഹോദരിമാരും ഞാന്‍ പറയുന്ന കാര്യം മനസ്സിലാക്കണം. ഇത് അവരുടെ കുടുംബത്തില്‍ പറയണമെന്ന് എന്റെ സഹോദരന്മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വീടായാലും കടയായാലും കാറായാലും കൃഷിയിടമായാലും നമ്മുടെ നാട്ടില്‍ പണ്ടേയുള്ള ആചാരമനുസരിച്ച് അതു പുരുഷ അംഗത്തിന്റെ പേരിലായിരിക്കും. സ്ത്രീകള്‍ക്ക് ഒന്നുമില്ല. ഈ വേദന എനിക്കറിയാം, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി ഞങ്ങള്‍ എന്താണ് ചെയ്തത്? പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന മിക്ക വീടുകളുടെയും ഉടമസ്ഥാവകാശം ഞങ്ങള്‍ ഞങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നല്‍കിയിട്ടുണ്ട്. തല്‍ഫലമായി, സ്വന്തം പേരില്‍ ഒരു വസ്തുവെങ്കിലും ഉള്ള അത്തരം സഹോദരിമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രമഫലമായി യു.പിയിലെ 30 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്ല വീടുകള്‍ ലഭിച്ചു. ഭാവിയില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് രണ്ടു ലക്ഷം കോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ട്. ഇതുവരെ നല്ല വീട് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് തീര്‍ച്ചയായും അത് ഉടന്‍ ലഭിക്കും.

സുഹൃത്തുക്കളെ,
ഗവണ്‍മെന്റ് ജനങ്ങളുടെ ആവശ്യങ്ങളോടു പെട്ടെന്നു പ്രതികരിക്കുകയും പാവപ്പെട്ടവരെ ശ്രദ്ധിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ വ്യത്യാസം ദൃശ്യമാകും. നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിക്കെതിരെയാണ് രാജ്യം ഇപ്പോള്‍ പോരാടുന്നത്. കൊറോണ വന്നാല്‍ എന്ത് സംഭവിക്കും, എങ്ങനെ സംഭവിക്കും എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. കൊറോണ കാരണം എല്ലാവരും ഏതെങ്കിലും തരത്തില്‍ കഷ്ടപ്പെട്ടു.

എന്നാല്‍ സുഹൃത്തുക്കളേ, ഈ കൊറോണ കാലത്ത് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചത് പാവപ്പെട്ടവരാരും പട്ടിണി കിടക്കാതിരിക്കാനാണ്. അതിനാല്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴിലുള്ള സൗജന്യ റേഷന്‍ ഹോളി കഴിഞ്ഞുള്ള നാളുകളിലേക്കും നീട്ടിയിരിക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷനായി 2.60 ലക്ഷം കോടിയിലധികം രൂപയാണ് ഗവണ്‍മെന്റ് ചെലവഴിക്കുന്നത്.

സഹോദരീ സഹോദരന്മാരേ,
മുന്‍ ഗവണ്‍മെന്റുകള്‍ മാഫിയകളെ സംരക്ഷിച്ചുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി അറിയാം. ഇന്ന് യോഗി ജിയുടെ ഗവണ്‍മെന്റ് മാഫിയയെ തുടച്ചുനീക്കുന്ന തിരക്കിലാണ്. അതുകൊണ്ടാണ് യുപിയിലെ ജനങ്ങള്‍ വ്യത്യാസം വ്യക്തമാണ് എന്നു പറയുന്നത്. നേരത്തെ ഗവണ്‍മെന്റില്‍ ഉണ്ടായിരുന്നവര്‍ ബാഹുബലിയെ പ്രോത്സാഹിപ്പിക്കും. ഇന്ന് യോഗി ജിയുടെ ഗവണ്‍മെന്റ് ദരിദ്രര്‍, താഴെത്തട്ടിലുള്ളവര്‍, പിന്നാക്കക്കാര്‍, ആദിവാസികള്‍ എന്നിവരെ ശാക്തീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് യുപിയിലെ ജനങ്ങള്‍ വ്യത്യാസം പ്രകടമാണ് എന്നും പറയുന്നത്. നേരത്തെ ഗവണ്‍മെന്റില്‍ ഉണ്ടായിരുന്നവര്‍ അനധികൃതമായി ഭൂമി കൈയടക്കും. ഇന്ന് ഇത്തരം മാഫിയക്കാര്‍ക്ക് പിഴ ചുമത്തുകയും ഒതുക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് യുപിയിലെ ജനങ്ങള്‍ വ്യത്യാസം പ്രകടമാണ് എന്നു പറയുന്നത്. നേരത്തെ യുപിയിലെ പെണ്‍മക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് 100 തവണ ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ന് ഒരു കുറ്റവാളി ഒരു തെറ്റ് ചെയ്യുന്നതിന് മുമ്പ് 100 തവണ ചിന്തിക്കുന്നു. അതുകൊണ്ടാണ് യുപിയിലെ ജനങ്ങള്‍ വ്യത്യാസം പ്രകടമാണ് എന്നു പറയുന്നത്. നേരത്തെ പെണ്‍മക്കള്‍ വീട്ടില്‍ കിടക്കാന്‍ നിര്‍ബന്ധിതരായിരുന്നു, ഇപ്പോള്‍ യുപിയിലെ ക്രിമിനലുകള്‍ ജയിലിലാണ്. അതുകൊണ്ടാണ് അവര്‍ വ്യത്യാസം പ്രകടമാണ് എന്നു പറയുന്നത്.

സുഹൃത്തുക്കളെ,
യുപിയിലെ ജനങ്ങളെ വളരെയധികം സഹായിക്കാന്‍ പോകുന്ന മറ്റൊരു പദ്ധതിയെക്കുറിച്ച് ഇന്ന് ഞാന്‍ തീര്‍ച്ചയായും പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. അത് സ്വമിത്വ യോജനയാണ്. സ്വമിത്വ പദ്ധതി പ്രകാരം ഗ്രാമങ്ങളിലെ വസ്തുവകകള്‍ മാപ്പ് ചെയ്ത് വീടുകളുടെയും കൃഷിയിടങ്ങളുടെയും ഉടമസ്ഥാവകാശ രേഖകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഈ പദ്ധതി ഉടന്‍ തന്നെ യുപിയിലെ എല്ലാ ഗ്രാമങ്ങളിലും വ്യാപിക്കും. ഇത് നിയമവിരുദ്ധമായി സ്ഥലം കയ്യടക്കിവെക്കുന്ന ഭയത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ബാങ്കുകളില്‍ നിന്ന് വായ്പ തേടുന്നത് എളുപ്പമാക്കുകയും ചെയ്യും. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് അവരുടെ സംരംഭത്തിന് ബാങ്കില്‍ നിന്ന് പണം കണ്ടെത്തുന്നതില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല.

സുഹൃത്തുക്കളെ,
നമ്മള്‍ ഒരുമിച്ച് ഉത്തര്‍പ്രദേശിനെ പുതിയ ഉയരങ്ങളിലെത്തിക്കുകയും അതിന് ഒരു പുതിയ വ്യക്തിത്വം നല്‍കുകയും വേണം. ഉത്തര്‍പ്രദേശിനെ പതിറ്റാണ്ടുകള്‍ പിന്നോട്ട് തള്ളിയ ജനങ്ങള്‍ക്കെതിരെ നിങ്ങള്‍ ജാഗ്രത പാലിക്കണം. സഹോദരീ സഹോദരന്മാരേ, സരയൂ കനാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കപ്പെടുന്നതിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി പൂര്‍ണ്ണ ശക്തിയോടെ എന്നോടൊപ്പം പറയൂ: ഭാരത് മാതാ കീ - ജയ്! ഭാരത് മാതാ കി - ജയ്! ഭാരത് മാതാ കി - ജയ്!

ഏറെ നന്ദി!

നിരാകരണി: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.


(Release ID: 1780755) Visitor Counter : 165