പ്രധാനമന്ത്രിയുടെ ഓഫീസ്
ത്രിപുരയിലെ പി.എം.എ.വൈ.-ജി ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡു വിതരണം ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
14 NOV 2021 5:00PM by PIB Thiruvananthpuram
നമസ്‌കാര്‍! ഖുലുമഖ! ജയ് മാ ത്രിപുര സുന്ദരി!
നമ്മോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നത് ത്രിപുര മുഖ്യമന്ത്രി ശ്രീ. വിപ്ലവ് ദേവ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ഗിരിരാജ് സിങ് ജി, ശ്രീ. പ്രതിമ ഭൗമിക് ജി, ത്രിപുര ഉപ മുഖ്യമന്ത്രി ശ്രീ. ജിഷ്ണു ദേവ് വര്‍മ ജി, എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍, ആവേശമുള്ളവരും കഠിനാധ്വാനം ചെയ്യുന്നവരുമായ പ്രിയപ്പെട്ട സഹോദരിമാര്‍, എന്റെ യുവ സുഹൃത്തുക്കള്‍
ത്രിപുരയില്‍ നിന്നുള്ള സുഹൃത്തുക്കളുമായി സംസാരിച്ചതിലൂടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ആരോട് സംസാരിക്കാന്‍ കഴിഞ്ഞതിലും എനിക്ക് സുഖം തോന്നി. വികസനത്തിന്റെ തിളക്കവും ഒരാളുടെ സ്വന്തം വീടിന്റെ ഈ ആത്മവിശ്വാസവും മാന്യമായ ജീവിതവും ത്രിപുരയെയും വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും വലിയ ഉയരങ്ങളിലെത്തിക്കും. വരും നാളുകളില്‍ പുതിയ സമീപനത്തോടെ ത്രിപുരയുടെ വികസനം നമുക്ക് ഊഹിക്കാം.
സുഹൃത്തുക്കളെ,
നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും വലിയ മാറ്റങ്ങളുണ്ടാകുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും വിജയം നേടുമ്പോഴോ, അത് സ്വാഭാവികമായും നമുക്ക് ഉത്സാഹവും പുതിയ ഊര്‍ജ്ജവും നല്‍കുന്നു. പക്ഷേ, നീണ്ട കാത്തിരിപ്പിനും വര്‍ഷങ്ങളുടെ ഇരുട്ടിനും ശേഷം വിജയവും പ്രതീക്ഷയുടെ ഒരു പുതിയ കിരണവും ഉയര്‍ന്നുവരുന്നുവെങ്കില്‍, കിരണത്തിന്റെ തെളിച്ചം പലമടങ്ങ് വര്‍ദ്ധിക്കുന്നു. വിപ്ലവ് ദേവ് ജിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് അവസരം ലഭിച്ചതിനാല്‍ ഈ തെളിച്ചം തുടര്‍ച്ചയായി തിളങ്ങുന്നു. ഇന്ന് നമ്മുടെ ത്രിപുരയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും അത്തരമൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു.
ഇന്ന് പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡു ത്രിപുരയുടെ സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. ആദ്യ ഗഡു ലഭിച്ച 1.5 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ ത്രിപുരയിലെ എല്ലാ ജനങ്ങളെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ ഭരണ സംസ്‌കാരവും പഴയ മനോഭാവവും മാറ്റിയതിന് മുഖ്യമന്ത്രി വിപ്ലവ് ദേവ് ജിയെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. വിപ്ലവ് ദേവ് ജി പ്രവര്‍ത്തിക്കുന്ന ത്രിപുരയില്‍ മുഴുവന്‍ അതേ യുവത്വത്തിന്റെ തീക്ഷ്ണതയും ഊര്‍ജവും ദൃശ്യമാണ്.
സുഹൃത്തുക്കളെ,
പതിറ്റാണ്ടുകളായി ത്രിപുരയില്‍ വ്യാപകമായ ഒരു സമ്പ്രദായമുണ്ടെന്നും ഇവിടെ മാറ്റം സാധ്യമല്ലെന്നും നാലഞ്ചു വര്‍ഷം മുമ്പ് വരെ ആളുകള്‍ പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ത്രിപുര ഒരു മാറ്റം വരുത്താന്‍ തീരുമാനിച്ചപ്പോള്‍, ത്രിപുരയുടെ വികസനം തടഞ്ഞ പഴയ സമീപനം പൂര്‍ണ്ണമായും മാറ്റി. ത്രിപുരയെ ദരിദ്രമാക്കുകയും ത്രിപുരയിലെ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ആ സമീപനത്തിന് ഇപ്പോള്‍ ത്രിപുരയില്‍ സ്ഥാനമില്ല.
ഇപ്പോള്‍ ഇരട്ട എന്‍ജിനോടു കൂടിയ ഗവണ്‍മെന്റ് പൂര്‍ണ ശക്തിയോടെയും ആത്മാര്‍ത്ഥതയോടെയും സംസ്ഥാനത്തിന്റെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ അഗര്‍ത്തലയും ഡല്‍ഹിയും ഒരുമിച്ച് നയങ്ങള്‍ ഉണ്ടാക്കുകയും ത്രിപുരയുടെ വികസനത്തിനായി കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ത്രിപുരയിലെ ഗ്രാമങ്ങളിലെ 50,000 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നല്ല വീടുകള്‍ നല്‍കിയിട്ടുണ്ട്. 1.60 ലക്ഷം പുതിയ വീടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. അംഗീകരിച്ച വീടുകളില്‍ ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ആദ്യ ഗഡുവും ഇന്ന് അനുവദിച്ചു. അതും ഒരേസമയം, ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍!
ത്രിപുരയുടെ ഈ സ്വഭാവവും വേഗതയും കൊറോണയ്ക്കെതിരായ നമ്മുടെ പോരാട്ടത്തിലും കാണപ്പെട്ടു. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് 100% വാക്‌സിനേഷന്‍ നല്‍കിയതിന്റെ റെക്കോര്‍ഡ് ആദ്യമായി സ്ഥാപിച്ചത് ത്രിപുരയാണ്. ഇപ്പോള്‍, 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ ജനസംഖ്യയ്ക്കും 100% വാക്‌സിനേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിന് അടുത്തെത്തിയിരിക്കുകയാണ് ത്രിപുര.
സുഹൃത്തുക്കളെ,
മുമ്പ് രാജ്യത്തിന്റെ വടക്കും പടിഞ്ഞാറു ഭാഗങ്ങളില്‍ നിന്നുള്ള നമ്മുടെ നദികള്‍ കിഴക്കോട്ട് വന്നിരുന്നു. എന്നാല്‍ ഇവിടെ എത്തുന്നതിന് മുമ്പ് വികസനത്തിന്റെ ഗംഗ നിലയ്ക്കും. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനം രാഷ്ട്രീയ ലെന്‍സിലൂടെ വീക്ഷിച്ചുള്ള കഷണങ്ങളായി കാണപ്പെട്ടു. അതുകൊണ്ടു തന്നെ നമ്മുടെ വടക്കുകിഴക്ക് അവഗണിക്കപ്പെട്ടതായി തോന്നി. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ വികസനം കാണുന്നത് 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന മനോഭാവത്തോടെയാണ്. വികസനം എന്നത് രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പര്യായമായാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്.
നേരത്തെ ഡല്‍ഹിയിലെ അടച്ചിട്ട മുറികളിലായിരുന്നു നയങ്ങള്‍ ഉണ്ടാക്കിയിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിക്കാതിരിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇത് ഒറ്റപ്പെടലിന് കാരണമാകുന്നു. അതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ രാജ്യം പുതിയൊരു ചിന്തയ്ക്കും സമീപനത്തിനും തുടക്കമിട്ടു. ഇപ്പോള്‍ നയങ്ങള്‍ ഉണ്ടാക്കുന്നത് ഡല്‍ഹിക്ക് അനുസൃതമായി മാത്രമല്ല, സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുമാണ്.
ഉദാഹരണത്തിന് പ്രധാനമന്ത്രി ആവാസ് യോജന തന്നെ എടുക്കാം. ത്രിപുരയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് നല്ല വീടുകള്‍ സംബന്ധിച്ച ചില നിയമങ്ങള്‍ തടസ്സമായി മാറുകയായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് ത്രിപുരയുടെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് ചട്ടങ്ങള്‍ മാറ്റി ആവശ്യമായ നയങ്ങള്‍ ഉണ്ടാക്കി. ഇതുവഴി ആയിരക്കണക്കിന് പുതിയ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഈ സംവേദനക്ഷമത വികസനത്തിന് വളരെ പ്രധാനമാണ്. പുതിയ വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഇവിടെയുള്ള പരിസ്ഥിതിയും ജീവിത സാഹചര്യങ്ങളും നാം പരിഗണിച്ചിരുന്നു. നാം വീടുകളുടെ വലിപ്പം കൂട്ടുകയും അവയില്‍ പുതിയ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
പ്രധാനമന്ത്രി ആവാസ് യോജനയുടെ ശക്തിയെക്കുറിച്ച് ഞാന്‍ വീണ്ടും വീണ്ടും രാജ്യത്തോട് പറയുന്നു. ത്രിപുര സുന്ദരിയാല്‍ അനുഗ്രഹിക്കപ്പെട്ട സ്ഥലത്തെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ഇത് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പഴയകാല ചിന്തകള്‍ നിമിത്തം നൂറ്റാണ്ടുകളായി സ്ത്രീകളുടെ പേരില്‍ വീടുകളോ വസ്തുവകകളോ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജനയും ഈ ചിന്താഗതി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ ഉടമസ്ഥാവകാശം പ്രധാനമായും ലഭിക്കുന്നത് നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കുമാണ്. നിയമപരമായ രേഖകളിലും അവര്‍ ഉടമകളാണ്. കൂടാതെ, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ഗ്യാസ്, വൈദ്യുതി, വെള്ളം കണക്ഷനുകള്‍ നല്‍കുന്നതിനാല്‍ നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വളരെയധികം പ്രയോജനം ലഭിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ വികസനത്തില്‍ ആത്മവിശ്വാസമുള്ള സ്ത്രീശക്തിക്ക് വലിയ സംഭാവനയുണ്ട്. ഈ സ്ത്രീശക്തിയുടെ വലിയ പ്രതീകമാണ് വനിതാ സ്വയം സഹായ സംഘങ്ങള്‍. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ നാം സ്വയം സഹായ സംഘങ്ങളിലെ സഹോദരിമാരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവര്‍ക്കുള്ള ഗ്യാരണ്ടിയില്ലാത്ത വായ്പകളും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മുമ്പ് എല്ലാ സ്വയം സഹായ സംഘങ്ങള്‍ക്കും 10 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ ഈ തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. 20 ലക്ഷം രൂപയാക്കി.
സ്ത്രീശാക്തീകരണത്തിനായി ത്രിപുര ഗവണ്‍മെന്റും പൂര്‍ണ ശക്തിയോടെ പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷങ്ങളില്‍... വിപ്ലവ് ദേവ് ജി വരുന്നതിന് മുമ്പുള്ള ഗവണ്‍മെന്റിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്... ത്രിപുരയില്‍ 4,000 വനിതാ സ്വയം സഹായ സംഘങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2018-ല്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് രൂപീകരിച്ചതിന് ശേഷം 26,000-ലധികം പുതിയ വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകള്‍ കാര്‍ഷിക, മുള, കൈത്തറി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ത്രിപുര ഗവണ്‍മെന്റ് അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും തുടര്‍ച്ചയായി അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി പുതിയ സംവിധാനങ്ങള്‍ സൃഷ്ടിച്ചതിന് ത്രിപുരയെ ഞാന്‍ അഭിനന്ദിക്കുന്നു. മുമ്പ് കമ്മീഷനും അഴിമതിയും ഇല്ലാതെ ഒന്നും നീങ്ങിയിരുന്നില്ല, എന്നാല്‍ ഇന്ന് ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഡി.ബി.ടി. വഴി നിങ്ങളുടെ അക്കൗണ്ടുകളില്‍ നേരിട്ട് എത്തുകയാണ്. നേരത്തെ, സാധാരണക്കാരന് ഓരോ ജോലിക്കും ഗവണ്‍മെന്റ് ഓഫീസുകള്‍ ചുറ്റിക്കറങ്ങേണ്ടി വന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ഗവണ്‍മെന്റ് തന്നെ നിങ്ങളുടെ അടുക്കല്‍ വരുന്നു.
നേരത്തെ ശമ്പളം കൃത്യസമയത്ത് കിട്ടാതെ വിഷമിച്ചിരുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ ഇപ്പോള്‍ ഏഴാം ശമ്പളക്കമ്മിഷന്റെ ആനുകൂല്യം കൈപ്പറ്റുന്നു. നേരത്തെ ഇവിടെയുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ വില്‍ക്കാന്‍ വിഷമിക്കേണ്ടിവന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ ത്രിപുരയില്‍ ആദ്യമായി കര്‍ഷകരില്‍ നിന്ന് എംഎസ്പി നിരക്കില്‍ വിള സംഭരിച്ചു. ഇതേ ത്രിപുരയാണ്, അതേ ആളുകള്‍, ഒരേ സാധ്യതകള്‍, എന്നാല്‍ സമര സംസ്‌കാരം കാരണം വ്യവസായങ്ങള്‍ ഇവിടേക്കു വരാന്‍ മുന്‍കാലങ്ങളില്‍ ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ത്രിപുരയുടെ കയറ്റുമതി ഏകദേശം അഞ്ചിരട്ടി വര്‍ദ്ധിച്ചു.
സുഹൃത്തുക്കളെ,
ത്രിപുരയിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ പ്രയോജനം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും അധഃസ്ഥിതരും പിന്നാക്കക്കാരും പ്രത്യേകിച്ച് നമ്മുടെ ആദിവാസി സമൂഹത്തിലെ സഹോദരീ സഹോദരന്മാരുമാണ്. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും സമ്പന്നവുമായ ഗോത്ര സംസ്‌കാരങ്ങളുടെ കേന്ദ്രം കൂടിയാണ് നമ്മുടെ വടക്കുകിഴക്കന്‍ മേഖല. സ്വാതന്ത്ര്യ ചരിത്രത്തില്‍, നമ്മുടെ വടക്കുകിഴക്കന്‍ ഗോത്രപോരാളികളും രാജ്യത്തെ നമ്മുടെ ഗോത്ര പോരാളികളും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ്. ഈ പാരമ്പര്യത്തെ മാനിക്കാന്‍, ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ രാജ്യം അക്ഷീണം പ്രയത്‌നിക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ രാജ്യം മറ്റൊരു വലിയ തീരുമാനമെടുത്തു. ഇനി നവംബര്‍ 15 ന് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ജനജാതിയ ഗൗരവ് ദിവസ് ആയി ആഘോഷിക്കും. അതായത് നാളെ രാജ്യമെമ്പാടും ജനജാതീയ ഗൗരവ് ദിവസ് ആയി ആഘോഷിക്കും. അത് എക്കാലവും തുടരും. നമ്മുടെ ഗോത്ര പൈതൃകത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മാത്രമല്ല, സാഹോദര്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ദിനം കൂടിയാണിത്. രാജ്യത്തിന്റെ ദൃഢ നിശ്ചയത്തിന്റെ പ്രതീകമായും ഇത് മാറും. നമ്മുടെ മുഴുവന്‍ സ്വാതന്ത്ര്യ സമരത്തിലും ആഗസ്റ്റ് 15ന് പ്രത്യേക പ്രാധാന്യമുള്ളതിനാല്‍, നമ്മുടെ ജനാധിപത്യ മൂല്യങ്ങളുടെ പാരമ്പര്യത്തില്‍ ജനുവരി 26ന് പ്രത്യേക പ്രാധാന്യമുണ്ട്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ രാമനവമി പ്രധാനമാണ്, അതുപോലെ നമ്മുടെ ജീവിതത്തില്‍ കൃഷ്ണാഷ്ടമിയും; മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്നു, ഒക്ടോബര്‍ 31ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം രാജ്യത്തിന്റെ ഐക്യത്തിന്റെ സന്ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതുപോലെ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന, രാജ്യത്തെ ഗോത്രങ്ങളോടുള്ള താല്‍പര്യത്തോടെ നവംബര്‍ 15 ജനജാതീയ ഗൗരവ് ദിവസായി ആഘോഷിക്കും.
സുഹൃത്തുക്കളെ,
വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ നിറങ്ങളും സംസ്‌കാരവും ഇല്ലാതെ സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവം പൂര്‍ണമാകില്ല. അതിനാല്‍, 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷം തികയുമ്പോള്‍, രാജ്യത്തിന്റെ വികസനത്തിനും നേതൃത്വത്തിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വലിയ സംഭാവന നല്‍കേണ്ടതുണ്ട്.
ഇന്ന് വടക്കുകിഴക്കന്‍ മേഖലയിലെ വികസനം എല്ലാ ദിശകളിലും എല്ലാ തലങ്ങളിലും ത്വരിതഗതിയിലാകുന്നു. പ്രകൃതിയും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നിരവധി സാധ്യതകളുണ്ട്, ദക്ഷിണേഷ്യയുമായി ഇന്ത്യയെ ബന്ധിപ്പിക്കാന്‍ വഴികളുണ്ട്, വലിയ ബിസിനസ്സ് അവസരങ്ങളുണ്ട്, എന്നാല്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളും മികച്ച കണക്റ്റിവിറ്റിയും ഉണ്ടാകുമ്പോള്‍ ഈ സാധ്യതകളെല്ലാം സാക്ഷാത്കരിക്കപ്പെടും.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ ദിശയില്‍ നഷ്ടപ്പെട്ടതെല്ലാം ഇന്ന് അതിവേഗം പൂര്‍ത്തിയാകുകയാണ്. ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍ റെയില്‍ കണക്റ്റിവിറ്റിയും പുതിയ റെയില്‍ പാതകളും നിര്‍മ്മിക്കപ്പെടുന്നു. അതുപോലെ, മുമ്പ് ഗതാഗതയോഗ്യമല്ലെന്ന് കരുതിയിരുന്ന സ്ഥലങ്ങളില്‍ പുതിയ ഹൈവേകളും വീതിയേറിയ റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നു. ഇവിടെ ത്രിപുരയിലും പുതിയ റെയില്‍വേ ലൈനുകള്‍ക്കും ദേശീയ പാതകള്‍ക്കുമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഈ ആധുനിക അടിസ്ഥാന സൗകര്യം ഭാവിയില്‍ വടക്കുകിഴക്കന്‍ മേഖലയുടെ പുരോഗതിയെയും സ്വത്വത്തെയും പുനഃക്രമീകരിക്കും.
വടക്കുകിഴക്കന്‍ മേഖലയിലെ ഈ ദൃഢനിശ്ചയങ്ങളും മാറ്റങ്ങളും സമീപഭാവിയില്‍ രാജ്യത്തെ ഒരു പുതിയ ഉയരത്തിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഒരു ചെറിയ സംസ്ഥാനം ഇത്രയും വലിയ കുതിച്ചുചാട്ടം നടത്തുമ്പോള്‍ അത് എനിക്ക് അളവറ്റ അഭിമാനവും സന്തോഷവും നല്‍കുന്നു. എല്ലാ ഗുണഭോക്താക്കള്‍ക്കും, ത്രിപുരയിലെ പൗരന്മാര്‍ക്കും, വടക്കുകിഴക്കന്‍ മേഖലയിലെ എന്റെ എല്ലാ പ്രിയ സഹോദരങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഒത്തിരി നന്ദി!
നിരാകരണി: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലായിരുന്നു.
(Release ID: 1772170)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada