ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പൊതു സംഭരണത്തിലും പദ്ധതി നിർവ്വഹണത്തിലും പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ധനകാര്യ സെക്രട്ടറി ഡോ ടി വി സോമനാഥൻ പുറത്തിറക്കി

Posted On: 29 OCT 2021 5:17PM by PIB Thiruvananthpuram

പൊതു സംഭരണവും പദ്ധതി നിർവ്വഹണവും വേഗത്തിലും കാര്യക്ഷമമായും സുതാര്യമായും നടപ്പിലാക്കുന്നതിനുള്ള നവീനമായ ചട്ടങ്ങൾ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നു


ന്യൂഡൽഹി, ഒക്ടോബർ 29, 2021


പൊതു സംഭരണത്തിലും (Public Procurement) പദ്ധതി നിർവ്വഹണത്തിലും (Project Management) പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ധനകാര്യ സെക്രട്ടറി & സെക്രട്ടറി, ധനവിനിയോഗം ഡോ. ടി വി സോമനാഥൻ ഇന്ന് പുറത്തിറക്കി. ഈ വർഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞ പ്രകാരം നിലവിലുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും തുടർച്ചയായ അവലോകനത്തിന്റെ ഭാഗമായാണ് ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ രൂപീകരണവും പ്രകാശനവും. ഒരു പ്രത്യേക പ്രചാരണമെന്ന നിലയിൽ 2021 ഒക്ടോബർ 2 മുതൽ 31 വരെ ഇത് സംബന്ധിച്ച നടപടികൾ കാബിനറ്റ് സെക്രട്ടറി നിരീക്ഷിച്ചുവരുന്നു.

പൊതു സംഭരണത്തിന്റെയും പദ്ധതി നിർവ്വഹണത്തിന്റെയും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി വിശദമായ കൂടിയാലോചന പ്രക്രിയയ്ക്ക് ശേഷം കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (CVC) കീഴിലാണ് മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് തയ്യാറാക്കിയത്. മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ അഭിപ്രായങ്ങൾ അഭ്യർത്ഥിക്കുകയും വിശദമായി പരിഗണിക്കുകയും ചെയ്തതിന് ശേഷം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പിനെ (DoE) ചുമതലപ്പെടുത്തി.

പൊതുതാത്പര്യം മുൻനിർത്തി പദ്ധതികൾ വേഗത്തിലും കാര്യക്ഷമമായും സുതാര്യമായും നടപ്പിലാക്കുന്നതിനും, വേഗത്തിലും കാര്യക്ഷമമായും തീരുമാനമെടുക്കാൻ നിർവ്വഹണ ഏജൻസികളെ പ്രാപ്തരാക്കുന്നതിനുമുള്ള നൂതന നിയമങ്ങൾ ഇന്ത്യയിലെ പൊതു സംഭരണ മേഖലയിൽ ഉൾപ്പെടുത്താൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രമിക്കുന്നു. പണമൊടുക്കലുകൾക്ക് കർശനമായ കാലാവധി നിർദ്ദേശിക്കുന്നതും മെച്ചപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു. അഡ്‌ഹോക്ക് പേയ്‌മെന്റുകൾ സമയബന്ധിതമായി കൈമാറുന്നത് (സമാഹരിച്ച ബില്ലുകളുടെ 70% അല്ലെങ്കിൽ അതിൽ കൂടുതൽ) കരാറുകാരുടെയും, പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (MSMEs) പണലഭ്യത മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സർക്കാരിന്റെ ഡിജിറ്റൽ മുൻഗണനയുടെ ഭാഗമായി, ജോലികളുടെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് മെഷർമെന്റ് ബുക്കുകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സംവിധാനം, മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്ന മറ്റ് ഐടി അധിഷ്ഠിത പരിഹാരങ്ങൾക്കൊപ്പം, കാര്യക്ഷമമായ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനും, കരാറുകാർക്ക് വേഗത്തിൽ പണമടയ്ക്കാനും, തർക്കങ്ങൾ കുറയ്ക്കാനും സഹായിക്കും.

കരാറുകാരെ തിരഞ്ഞെടുക്കുന്നതിനും ഇതര രീതികൾ അനുവദിച്ചിട്ടുണ്ട്. ഇത് പദ്ധതികളുടെ നിർവ്വഹണത്തിൽ വേഗതയും കാര്യക്ഷമതയും മെച്ചപ്പെടുത്തും. ഉചിതമായ സന്ദർഭങ്ങളിൽ, പരമ്പരാഗത L1 സംവിധാനത്തിന് പകരമായി ക്വാളിറ്റി കം കോസ്റ്റ് ബേസ്ഡ് സെലക്ഷൻ (QCBS) മുഖേന, പ്രൊപ്പോസലിന്റെ ഗുണനിലവാര മാനദണ്ഡമനുസരിച്ച് സുതാര്യവും ന്യായവുമായ രീതിയിൽ മൂല്യനിർണ്ണയ വേളയിൽ വെയിറ്റേജ് നൽകാവുന്നതാണ്.

സർക്കാർ പദ്ധതികൾ സമയബന്ധിതമായി, അംഗീകൃത തുകയിൽ, ഗുണനിലവാരത്തോടെ പൂർത്തിയാക്കുകയെന്നത് എല്ലായ്പ്പോഴും വെല്ലുവിളിയാണ്. സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത വർദ്ധിക്കുന്നതിനാൽ, നികുതിദായകന്റെ പണത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതിനും, പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിനും, അനാവശ്യമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും സൂക്ഷ്മമായ പരിശോധന അനിവാര്യമാണ്.

സെൻട്രൽ വിജിലൻസ് കമ്മീഷനും (CVC), കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (CAG) നാഷണൽ ഇൻസ്റ്റിറ്റ്യുഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യയും (NITI) ആയോഗും പൊതു സംഭരണത്തിനും പദ്ധതി നിർവ്വഹണത്തിനുമുള്ള നടപടിക്രമങ്ങളുടെയും നിയമങ്ങളുടെയും വിശദമായ വിശകലനം നടത്തുകയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ പൊതു സംഭരണത്തിലെ വെല്ലുവിളികളെ നേരിടാൻ തന്ത്രങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

 

 

പൊതു സംഭരണത്തെയും പദ്ധതി നിർവ്വഹണത്തെയും കുറിച്ചുള്ള പൊതു നിർദ്ദേശങ്ങൾക്കായി ക്ലിക്ക് ചെയ്യുക 

https://doe.gov.in/divisions/general-instructions-procurement-and-project-management


RRTN/SKY

***************


(Release ID: 1767550) Visitor Counter : 218