പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പ്രോഗ്രാം ഗുണഭോക്താക്കളും നിക്ഷേപകരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി


''പ്രകൃതിഭംഗിയ്ക്കും വിനോദ സഞ്ചാരത്തിനുമപ്പുറം വികസനത്തിന്റെ പുതിയ മാതൃകയ്ക്കും കൂട്ടായ പരിശ്രമത്തിന്റെയും പഞ്ചായത്ത് മുതല്‍ ഭരണനിര്‍വഹണ തലം വരെ വികസനത്തിനായുള്ള ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമായി ഗോവ നില കൊള്ളുന്നു''

''ഒഡിഎഫ്, വൈദ്യുതി, പൈപ്പ് മുഖേനയുള്ള വെള്ളം, പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ പോലുള്ള എല്ലാ പ്രധാന പദ്ധതികളിലും ഗോവ 100 ശതമാനം നേട്ടം കൈവരിച്ചു''

''ടീം ഗോവയുടെ പുതിയ ടീം സ്പിരിറ്റിന്റെ ഫലമാണ് സ്വയംപൂര്‍ണം ഗോവ''

''ഗോവയിലെ അടിസ്ഥാന സൗകര്യ വികസനം കര്‍ഷകരുടെയും കന്നുകാലി കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമാകും''

''വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യമുള്ള സംസ്ഥാനങ്ങള്‍ക്ക് വാക്സിനേഷന്‍ ദൗത്യത്തില്‍ പ്രത്യേക പരിഗണന ലഭിക്കുകയുണ്ടായി; ഗോവയ്ക്ക് അത് ഏറെ പ്രയോജനകരമായി''


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പദ്ധതി ഗുണഭോക്താക്കളും നിക്ഷേപകരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി.

Posted On: 23 OCT 2021 12:47PM by PIB Thiruvananthpuram

ഗോവ ഗവണ്‍മെന്റ് അണ്ടര്‍ സെക്രട്ടറി ശ്രീമതി ഇഷ സാവന്തിനോട് സ്വയംപൂര്‍ണ മിത്രയായി പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ പടിവാതില്‍ക്കല്‍ സേവനങ്ങളും പരിഹാരങ്ങളും ലഭിക്കുന്നതായി അവര്‍ പറഞ്ഞു. സേവനത്തിനായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സേവനങ്ങള്‍ നല്‍കുന്നത് എളുപ്പമായി. സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തിന് സഹകരണാടിസ്ഥാനത്തിലുള്ള ഡാറ്റ ശേഖരണത്തിന് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായി അവര്‍ മറുപടി നല്‍കി. ഇത് ആവശ്യമായ സൗകര്യങ്ങള്‍ കണ്ടെത്തി ഏര്‍പ്പെടുത്തുന്നതിന് സഹായിച്ചു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള നടപടികളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പരിശീലനം വഴിയും സ്വയം സഹായ സംഘങ്ങള്‍ വഴിയും വനിതകള്‍ക്ക് ഉപകരണങ്ങളും പിന്തുണയും സമൂഹമാധ്യമം വഴിയുള്ള മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനുമുള്ള പരിശീലനവും നല്‍കുന്നതായി അവര്‍ മറുപടി പറഞ്ഞു. അടല്‍ ഇന്‍കുബേഷന്‍ ഗ്രൂപ്പുകളും ഇതിനായി ഉപയോഗിച്ചിരുന്നു. താന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സ്വയം സഹായ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഭക്ഷണ വിതരണം, ഭക്ഷണം തയ്യാറാക്കല്‍ പോലുള്ള കാര്യങ്ങള്‍ക്കായി പരിശീലനം വഴി മികച്ച സാഹചര്യം ഒരുക്കിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ സേവനങ്ങള്‍ക്കും മികച്ച സാധ്യതയുളളതായി അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ ഇത്തരം കാര്യങ്ങളോട് കുറച്ചു കൂടി അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

സ്വയംപൂര്‍ണ ക്യാംപെയ്ന്‍ വിവിധ മേഖലകളില്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായുള്ള പുതിയ പ്രവര്‍ത്തനങ്ങളെ സഹായിച്ചതായി മുന്‍ പ്രധാനാധ്യാപകനും സര്‍പഞ്ചുമായ ശ്രീ കോണ്‍സ്റ്റാന്‍ഷ്യോ മിറാന്‍ഡ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏകീകൃതമായ രീതിയില്‍ സംസ്ഥാന-കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കി. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിന് അദ്ദേഹത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ഗവണ്‍മെന്റ് ശ്രമിക്കുകയാണെന്ന് അറിയിച്ചു.

താനും പ്രാദേശിക ഭരണകൂടവും പ്രദേശത്തെ അവസാന വ്യക്തിയിലേക്കും എത്തിച്ചേരാനുള്ള ശ്രമം നടത്തുന്നതായി അറിയിച്ച ശ്രീ കുന്ദന്‍ ഫലാരിയോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തി. തങ്ങളുടെ പ്രദേശത്ത് സ്വനിധി പദ്ധതി വ്യാപിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. പ്രദേശത്തെ വഴിയോര കച്ചവടക്കാര്‍ ബാങ്കുകള്‍ക്ക് കൂടുതലായി വായ്പകള്‍ നല്‍കാന്‍ സഹായിക്കുന്ന, ഇടപാട് ചരിത്രം സൃഷ്ടിക്കുന്ന, ഡിജിറ്റല്‍ പണമിടപാട് കൂടുതലായി ഉപയോഗിക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിച്ചു. ഗോവന്‍ സ്വാതന്ത്ര്യത്തിന്റെ 60ാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം വീതവും മുനിസിപ്പാലിറ്റികള്‍ക്ക് ഒരു കോടി വീതവും പ്രത്യേക ഗ്രാന്‍ഡ് കേന്ദ്രം നല്‍കുന്നതായി ശ്രീ നരേന്ദ്ര മോദി അറിയിച്ചു. ധനസഹായങ്ങള്‍ നല്‍കാനുള്ള ഗവണ്‍മെന്റുകളുടെ ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഗവണ്‍മെന്റ് പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

മത്സ്യബന്ധന മേഖലയിലെ സംരംഭകനായ ശ്രീ ലൂയിസ് കാര്‍ഡോസോ ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിച്ചതിനെക്കുറിച്ചും അത് വഴി വാഹനങ്ങള്‍ വാങ്ങി സംരംഭം മെച്ചപ്പെടുത്തിയതിനെക്കുറിച്ചും വിശദീകരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായകരമാകുന്ന ക്രെഡിറ്റ് കാര്‍ഡ്, നാവിക് ആപ്പ്, ബോട്ടുകള്‍ക്കായുള്ള വായ്പകള്‍ തുടങ്ങിയവയെക്കുറിച്ച് പരാമര്‍ശിച്ചു. അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ക്ക് പകരം സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളുടെ വ്യാപനത്തിനുള്ള തന്റെ ആഗ്രഹം അദ്ദേഹം പങ്കുവച്ചു.

സ്വയംപൂര്‍ണയ്ക്ക് കീഴിലുള്ള ദിവ്യാംഗ് ജന്‍ പദ്ധതിയ്ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ച് ശ്രീ റുഖി അഹമ്മദ് രാജാസാബ് പറഞ്ഞു. ഗവണ്‍മെന്റ് ദിവ്യാംഗരുടെ അന്തസ് നിലനിര്‍ത്താനും അതിനെ എളുപ്പമാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പറഞ്ഞു. സൗകര്യങ്ങളെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയതും കഴിഞ്ഞ പാരാലിമ്പിക്സില്‍ പാരാ അത്ലറ്റുകളുടെ പ്രകടനത്തേയും അദ്ദേഹം പരാമര്‍ശിച്ചു.

സ്വയം സഹായ സംഘത്തിന്റെ നേതാവ് ശ്രീമതി നിഷിത നാംദേവ് ഗവസിനോട് സംസാരിക്കവെ, സംഘത്തിന്റെ ഉല്‍പ്പന്നങ്ങളെക്കുറിച്ചും ഉല്‍പ്പന്നങ്ങളുടെ വിപണനരീതികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു. സ്ത്രീകളുടെ അന്തസ്സും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് ഉജ്ജ്വല, സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ്, ജന്‍ധന്‍ തുടങ്ങിയ പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. സായുധ സേനയിലെ കായിക മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ അംഗീകാരങ്ങള്‍ കൊണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു.

ശ്രീ ദുര്‍ഗേഷ് എം ശിരോദ്കര്‍ എന്നയാളുമായി പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ പാല്‍ നിര്‍മാണ-വിതരണ സംബന്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. തന്റെ സംഘം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മറ്റ് കര്‍ഷകരെയും ക്ഷീര സംരംഭകരെയും ഈ സൗകര്യത്തെക്കുറിച്ച് ബോധവാന്മാരാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ജനപ്രിയമാക്കാനുള്ള ശ്രീ ശിരോദ്കറിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വിത്തില്‍ നിന്ന് വിപണിയിലേക്ക് ഒരു ആവാസവ്യവസ്ഥ നിര്‍മിക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, യൂറിയയുടെ വേപ്പ് കോട്ടിംഗ്, ഇ നാം, ശരിയായ വിത്തുകള്‍, എംഎസ്പി വാങ്ങല്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ആ ദിശയിലേക്കുള്ള ചുവടുവയ്പാണന്ന് അദ്ദേഹം പറഞ്ഞു.

ഗോവ വിനോദത്തെ സൂചിപ്പിക്കുന്നു, ഗോവ പ്രകൃതിയെ സൂചിപ്പിക്കുന്നു, ഗോവ ടൂറിസത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ഗോവ വികസനത്തിന്റെ ഒരു പുതിയ മാതൃകയെയും കൂട്ടായ ശ്രമങ്ങളുടെ പ്രതിഫലനത്തേയും പഞ്ചായത്ത് തലം മുതല്‍ ഭരണനിര്‍വഹണം വരെയുള്ള വികസനത്തിനുള്ള ഐക്യദാര്‍ഢ്യത്തെയും സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പക്കുന്നതിലുള്ള ഗോവയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി തുറസ്സായ സ്ഥലത്തെ മലവിസര്‍ ജ്ജനത്തില്‍ നിന്ന് മുക്തമാകുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് പറഞ്ഞു. ഗോവ ഈ ലക്ഷ്യം 100 ശതമാനം നേടി. ഓരോ കുടുംബത്തിനും വൈദ്യുതി കണക്ഷന്‍ നല്‍കുക എന്നതാണ് രാജ്യം നിശ്ചയിച്ച മറ്റൊരു ലക്ഷ്യം. ഗോവ ഈ ലക്ഷ്യവും പൂര്‍ണമായും കൈവരിച്ചു.  ഹര്‍ ഘര്‍ ജല്‍ അഭിയാനില്‍ 100 ശതമാനം വിജയം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ മാറി. ദരിദ്രര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന കാര്യത്തിലും ഗോവ 100 ശതമാനം വിജയം കൈവരിച്ചു.


സ്ത്രീകളുടെ സൗകര്യത്തിനും അന്തസ്സിനുമായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍  ഗോവ വിജയകരമായി നടപ്പിലാക്കുകയും അവ വിപുലീകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് ശൗച്യാലയങ്ങള്‍, ഉജ്ജ്വല ഗ്യാസ് കണക്ഷന്‍, ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഗോവ മികച്ച പ്രകടനം നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.

ഗോവയെ പുരോഗതിയുടെ പാതയിലേക്ക് നയിച്ച, അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗോവയുടെ പുരോഗതി എന്ന ലക്ഷ്യത്തിനായി ആത്മാര്‍ഥമായി ശ്രമിച്ച അദ്ദേഹം ഗോവയെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഗോവ ഇപ്പോള്‍ അഭൂതപൂര്‍വമായ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. 'ഇരട്ട എന്‍ജിന്‍' ഗവണ്‍മെന്റ് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി ഊര്‍ജസ്വലമായും നിശ്ചയദാര്‍ഢ്യത്തോടും കൂടി പ്രവര്‍ത്തിക്കുന്നു.  ടീം ഗോവയുടെ ഈ പുതിയ ടീം സ്പിരിറ്റിന്റെ ഫലമാണ് സ്വയംപൂര്‍ണ ഗോവയുടെ വിജയമെന്ന് മോദി പറഞ്ഞു.

ഗോവയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കര്‍ഷകരുടെയും കന്നുകാലി കര്‍ഷകരുടെയും നമ്മുടെ മത്സ്യത്തൊഴിലാളികളുടെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവല്‍ക്കരണത്തിനുള്ള ഗോവയുടെ ഫണ്ട് മുമ്പത്തെ അപേക്ഷിച്ച് ഈ വര്‍ഷം 5 മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളുടെ ആധുനികവല്‍ക്കരണത്തിന് വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് എല്ലാ തലത്തിലും പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സംപദ യോജനയ്ക്ക് കീഴില്‍ ഗോവയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നിരവധി സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷന്‍ ക്യാംപെയ്നെക്കുറിച്ച് സംസാരിക്കവേ ഗോവ അടക്കം വിനോദ സഞ്ചാര മേഖലയ്ക്ക് പ്രാധാന്യമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുള്ളതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഗോവയ്ക്ക് ഇതില്‍ നിന്നും മികച്ച നേട്ടമുണ്ടായി. യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ച ഗോവയിലെ ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.



(Release ID: 1765975) Visitor Counter : 173